Dec 14, 2012

മരുക്കാറ്റു പറയുന്നത്

(പ്രൊഫെസ്സർ സാജൻ വർഗീസ്‌ മെമ്മോറിയൽ പുരസ്കാരം - 
ആലപ്പുഴ ബിഷപ്‌ മൂർ കോളേജ് അലുംനി - 2004)
മുന്നിലൊരു റാന്തൽ മുനിഞ്ഞു കത്തിക്കൊണ്ടിരിക്കുന്നു. അതിൻറെ മഞ്ഞവെളിച്ചത്തിലേക്ക് നീങ്ങിയിരുന്നു കൊണ്ട് അബൂശാമ അയാളുടെ പഴയ തകരപ്പെട്ടി തുറന്നു. ചില വസ്ത്രങ്ങളും, ഒരു കുടുംബ ആൽബവും, അത്തറിന്റെ കുപ്പികളും, ആലിയായുടെ കത്തുകളും മാത്രമേ അതിലുള്ളൂ. ഇടക്കെപ്പോഴെങ്കിലും അത് തുറന്നു നോക്കാറുണ്ട്. ഗൃഹാതുരത്വമുള്ള ചിത്രങ്ങൾ, കത്തുകൾ! അന്നേരം ഓർമ്മകൾ ജലകണികകളായി കണ്ണുകളില്‍ വന്നു നിറയും.

പച്ചക്കറിപ്പാടത്ത് താൽക്കാലികമായി കെട്ടിയുണ്ടാക്കിയ റെന്റിലാണ് അയാളുള്ളത്. ടാർപോളിൻ ഉപയോഗിച്ചുണ്ടാക്കിയ ടെന്റിനുള്ളിൽ മിസരി എന്നറിയപ്പെടുന്ന ഒരു ഈജിപ്തുകാരനും, സ്വന്തം നാട്ടുകാരനായ ഖാദിരിയുമാണ് അയാൾക്ക്‌ കൂട്ടിനുള്ളത്. വിസ്താരം കുറഞ്ഞതും, നല്ല ഉറപ്പില്ലാത്തതുമായ ആ കൂടാരത്തിന്റെ നടുക്ക് കർട്ടനിട്ടു തിരിച്ചിട്ടുണ്ട്. തൊട്ടപ്പുറത്തായി അടുക്കളയും. 

ഉള്ളിൽ വേർപാടിന്റെ വിങ്ങലുകളോടെ അബൂശാമ ആ പഴയ ആൽബം മറിച്ചു കൊണ്ടിരുന്നു. താനും ഉമ്മയും. താനും ആലിയായും. താനും കുട്ടികളും. മിസരി അടുക്കളയിൽ പാചകത്തിലാണ്. അടുക്കളയിൽ നിന്ന് വേവുന്ന മാടിന്റെ ഗന്ധം ടെന്ടിനുള്ളിൽ മരുക്കാറ്റിനൊപ്പം നിന്ന് തിരിയുന്നു.  ഓണ്‍ ചെയ്തു വെച്ച ട്രാൻസിസ്ട്ടറിൽ നിന്ന് പുറത്തേക്കൊഴുകുന്ന ഏതോ അറബി പാട്ടിനൊപ്പം മിസരിയും ഒരു കാള പൂട്ടുകാരന്റെ ശബ്ദത്തില്‍ പാട്ട് പാടിക്കൊണ്ടിരുന്നു. ഖാദിരി ആരെയോ കാണുവാനായി പുറത്തെക്കിറങ്ങിയിട്ടു നേരം ഒട്ടായല്ലോ എന്ന് അബൂശാമ വെറുതെ ഓർമ്മിച്ചു.
 " ശാമാ "
മിസരിയുടെ പെട്ടെന്നുള്ള വിളിയില്‍ അബൂശാമ ഞെട്ടിയുണര്‍ന്നു. ഒന്നും മിണ്ടാതെ കാതു കൂര്‍പ്പിച്ചിരുന്നു. മിസരി ഇച്ചിരി നീട്ടി വിളിച്ചു പറഞ്ഞു.
" ശാമാ , കത്ത് വായിക്കുകയാരിക്കും അല്ലെ? പുതിയതെന്തെങ്കിലുമുണ്ടോ ഒന്ന് കരഞ്ഞു തീര്‍ക്കാന്‍?"

തുടർന്നു കേട്ടത് ഉച്ചത്തിൽ നിറുത്താതയുള്ള ചിരിയാണ്. അബൂശാമക്ക് ശരിക്കും ദേഷ്യം വന്നു. അയാൾ എല്ലാം പൂട്ടിക്കെട്ടി ടെന്റിനു പുറത്തു പീOത്തിൽ വന്നിരുന്നു.

മുന്നില്‍ നിരനിരയായി ടെന്റുകളാണുള്ളത്. ദൂരം കൂടുന്തോറും ചെറുതായിക്കാണപ്പെടുന്ന  ടെന്റുകള്‍ അതിപ്രാചീനമായ ഒരു നഗരത്തെ ഓർമ്മിപ്പിച്ചു. നേരിയ വെളിച്ചം മാത്രമുള്ള ടെന്റുകളില്‍ നിന്ന് പുറത്തേക്കൊഴുകുന്ന പ്രകാശ കിരണങ്ങള്‍ മരുഭൂമിയുടെ അന്ധകാരത്തില്‍ അലിഞ്ഞില്ലാതാവുന്നു. മരുഭൂമിക്കു മേൽ ഇരുണ്ടു നിൽക്കുന്ന മാനം നോക്കി അബൂശാമ എന്തെല്ലാമോ ഓർത്ത്‌ കൊണ്ടിരുന്നു. 

പച്ചക്കറിപ്പാടങ്ങളിലെ അധ്വാനം മടുത്തു തുടങ്ങിയിട്ട് കാലമേറെയായി. പൊള്ളുന്ന ചൂടിൽ ദേഹം അനുസരണക്കേട്‌ കാണിച്ചും തുടങ്ങിയിരിക്കുന്നു. നരച്ചു തുടങ്ങിയ താടിരോമങ്ങൾ ജീവിത സായാഹ്നത്തെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നുണ്ട്.  

മൂന്നോ നാലോ ആഴ്ചകളാണ് ഒരു തോട്ടത്തില്‍ ചിലവഴിക്കുന്ന പരമാവധി സമയം. അത് കഴിഞ്ഞാല്‍  പെട്ടിയും സാമാനങ്ങളും ഒട്ടകപ്പുറത്ത് കെട്ടി വെച്ച് അടുത്ത തോട്ടത്തിലേക്ക്. ഉലഞ്ഞുലഞ്ഞുള്ളോരു ദീര്‍ഘയാത്ര. ഖഫീലിന്റെ ഓരോരോ കൃഷിയിടങ്ങളില്‍ നിന്നും മറ്റൊന്നിലെക്കുള്ള പ്രയാണം മാത്രമായിത്തീരുകയാണ് ജീവിതം. കണ്ടു മുട്ടുകയും പിരിയുകയും ചെയ്യുന്ന സത്രങ്ങള്‍ മാത്രമാണ് ഓരോ ഇടങ്ങളും അയാള്‍ക്ക്‌. അകാരണമായി മനസ്സു വിങ്ങുന്നു. ഏറെനേരം അങ്ങനെയിരുന്നു. ഇടയ്ക്കു തന്റെ സുഹൃത്ത് ശംസിനെക്കുറിച്ചോര്‍ത്തു. മറ്റൊരറബിയുടെ  ആടുകളെ മേക്കുന്ന ശംസ് ഇതേ തോട്ടത്തിനടുത്താണുള്ളത്.  ഇതുവരെ അവനെയൊന്നു കാണാന്‍ ശ്രമിച്ചില്ലല്ലോ എന്നതിൽ അയാള്‍ക്ക്‌ കുണ്ഠിതം തോന്നി. ഇവിടെ നിന്ന് പുറപ്പെടുന്നതിനു മുമ്പായി തന്നെ അവനെ കാണണമെന്ന് അയാൾ മനസ്സില്‍ തീരുമാനിച്ചുറപ്പിച്ചു. 

അന്നത്തെ പകലിന്റെ ചൂടിനെ തണുപ്പിക്കാനായി രാത്രിയുടെ ഇരുണ്ട യാമങ്ങളിലേക്ക് മരുക്കാറ്റ് തൂവൽ വീശിയെത്തി. കാറ്റിന്റെ സാമീപ്യമറിഞ്ഞ ഈന്തപ്പനകള്‍ ശീല്ക്കാരങ്ങളുയര്‍ത്തി. അബൂശാമക്ക് മേനി തണുത്തു തുടങ്ങിയിരുന്നു. നേരിയ തണുപ്പിന്റെ ആലസ്യത്തില്‍, ക്ഷീണത്തില്‍ അയാള്‍ പതിയെപ്പതിയെ മയക്കത്തിലേക്ക് വീണു.

കുറെ നേരം മയങ്ങിക്കാണണം അതി വേഗത്തിൽ കനത്തു കേട്ട ചവിട്ടടികളിൽ അബൂശാമ മയക്കം വിട്ടുണർന്നു. ഒന്നും മനസ്സിലാകാഞ്ഞു പകച്ചു. അടുക്കളയില്‍ നിന്ന് മിസരിയും പുറത്തെത്തിയിരുന്നു. അവര്‍ മുഖത്തോടു മുഖം നോക്കി. മിസരി അബൂശാമയുടെ ചുമലില്‍ പിടിച്ചു.

" ശാമാ ...എന്തോ സംഭവിച്ചത് പോലെ തോന്നുന്നു. ഏതായാലും  നീയിവിടെത്തന്നെ  നില്‍ക്ക്. ഞാനൊന്ന് നോക്കിയിട്ട് വരാം "

ആളുകള്‍ക്ക് പുറകെ അതിവേഗം മിസരിയും ഓടിയകന്നു. അബൂശാമ ഒറ്റക്കായി. അകന്നു പോയ കോലാഹലങ്ങളില്‍ നിന്ന് മൌനം വേറിട്ട്‌ വന്ന് അയാള്‍ക്ക് കൂട്ടു നിന്നു. മണലിനു മുകളില്‍ മരുക്കാറ്റു ഒഴുകിക്കളിച്ചു കൊണ്ടേയിരിക്കുന്നു. കാറ്റ് ശക്തമാവുമ്പോൾ ടെന്റുകള്‍ ഉലയുന്നു. ടെന്ടുകളോട് ചേര്‍ത്തു കെട്ടിയിട്ടിരുന്ന ഒട്ടകങ്ങള്‍ നിറുത്താതെ കരഞ്ഞു ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കുന്നു. അല്ലലേറിയ മനസ്സോടെ അബൂശാമ ഇരുള്‍ നോക്കി നിന്നു. അൽപസമയത്തിനു ശേഷം മിസരി ഓടിക്കിതച്ചു വന്നു. വന്നപാടെ ബോട്ടിലില്‍ നിന്ന് വെള്ളമെടുത്തു കുടിച്ചു. അബൂശാമക്ക് മുഖം കൊടുക്കാതെ വസ്ത്രം മാറി പുറത്തേക്കോടുന്നതിനിടയിൽ  പറഞ്ഞു.

" ശാമാ നമ്മുടെ ഖാദിരിയെ പാമ്പ് കടിച്ചു. ഭാജിയുടെ പിക്കപ്പ് കാബിനിൽ ടൌണിലേക്ക് കൊണ്ട് പോവുകയാണ്. ഞാനും കൂടി പോയിട്ട് വരാം. ടൌണിലെത്തണമെങ്കിൽ മണിക്കൂറുകൾ വേണം താനും  "

അബൂശാമ വിങ്ങുന്ന ഹൃദയത്തോടെ  ഖാദിരിയെക്കുറിച്ചോര്‍ത്തു. തന്റെ അയല്‍വാസിയാണ്. തന്നോടൊന്നിച്ചു മരുക്കപ്പലിൽ യാത്ര തുടങ്ങിയ ഒരേയൊരു സഹയാത്രികന്‍. തെളിഞ്ഞ ഭാവത്തോടെ മാത്രം കാണപ്പെടുന്ന ഖാദിരി എല്ലാവർക്കും എപ്പോഴും ഒരു അത്ഭുതമാണ്. മറ്റുള്ളവരെല്ലാം മരുഭൂമിയെക്കുറിച്ചും, ചൂടിന്റെ കാഠിന്യത്തെക്കുറിച്ചുമൊക്കെ വേവലാതിപ്പെടുമ്പോൾ അതെല്ലാം തൻറെ ജീവിതനിയോഗങ്ങളാണെന്ന മട്ടില്‍ പരിഭവങ്ങളില്ലാതെ ജീവിക്കുന്ന ചുരുക്കം പേരിലൊരാള്‍.
ഖാദിരിയെക്കുറിച്ചാലോചിക്കുന്തോറും അസ്വസ്ഥത കൂടി വരുന്നു.‍ അബൂശാമ കറുപ്പിന്റെ വിരിപ്പിട്ട ആകാശത്തു അങ്ങിങ്ങായി കാണപ്പെട്ട നക്ഷത്രങ്ങളിലേക്ക് നോക്കിയിരുന്നു . എന്ത് കൊണ്ടോ അപ്പോളയാൾക്കു തന്റെ മകളെ ഓര്‍മ്മ വന്നു.

" ഈ പോന്നു മോളെ വിട്ടിട്ടു ഉപ്പ എങ്ങോട്ടാണ് പോവണത്?"
മടിയിലൊട്ടി നിന്ന് മകള്‍ ചിണുങ്ങുന്നു
" ദാ  അതിന്നപ്പുറത്തിന്നപ്പുറത്തെക്ക് "
അയാള്‍ ആകാശങ്ങളിലേക്കും നക്ഷത്രങ്ങളിലേക്കും വിരല്‍ ചൂണ്ടിപ്പറഞ്ഞു
" ഇനീം അങ്ങോട്ടു തന്നെ പോക്വാ ?"
അബൂശാമയുടെ ചുണ്ടുകള്‍ ഇറുകിപ്പിടിച്ചു. കുഞ്ഞു കവിളത്തു അയാൾ അമർത്തിച്ചുംബിച്ചു. കുഞ്ഞു കൈകള്‍ മുഖത്തു തടവി മകൾ ആവർത്തിക്കുന്നു
" ഇനി ഉപ്പ പോയാ എന്നാ വര്വാ?"
 " ബല്ല്യ പെരുന്നാളിന് കണ്ണേ "
" അപ്പോ.....അപ്പൊ  കുഞ്ഞുമോള്ക്കെന്താ കൊണ്ടര്വാ ?"

അബൂശാമക്ക് ഉത്തരം മുട്ടി. കണ്ണുകള്‍ നിറഞ്ഞു. വര്‍ണ്ണങ്ങള്‍ നരച്ച അയാളുടെ കണ്ണുകളിലേക്കു മരുഭൂമിയിലെ പച്ചക്കറിപ്പാടങ്ങളുടെ കടും നിറങ്ങള്‍ കടന്നു വന്നു . പാടങ്ങള്‍ക്കു മേല്‍ തൂണുകളില്ലാത്തയാകാശത്ത് അനന്തകോടി താരങ്ങള്‍. താരകങ്ങളിലെ പ്രകാശം കൂടിക്കൂടി വരുന്നു.  മിന്നിയും മങ്ങിയും പ്രകാശം ചൊരിയുന്ന നക്ഷത്രങ്ങളിലൊന്നില്‍ അയാള്‍ ഖാദിരിയെക്കണ്ടു. 
പിറ്റേന്ന് പുലര്‍ന്നത് ഖാദിരിയുടെ  മരണ വാര്‍ത്തയുമായാണ്. 

ഖാദിരി. അനുവാദമൊന്നും ചോദിക്കാതെ അവർക്കിടയിലേക്ക്‌ കടന്നു വരികയും അവരിലൊരാളായി നില കൊള്ളുകയും മുന്നറിയിപ്പില്ലാതെ തിരിച്ചു പോവുകയും ചെയ്തു . ചോദ്യങ്ങൾക്കോ ഉത്തരങ്ങൾക്കോ ഇട നൽകാതെ. എല്ലാം നിങ്ങൾ അവരവർ കണ്ടെത്തിക്കൊള്ളണമെന്ന നിലപാടിൽ അയാൾ യാത്രയായി.അന്ന് അബൂശാമ വളരെ നിശ്ശബ്ദനായി കാണപ്പെട്ടു. മിസരിയുടെ ശാസനകള്‍ക്കോ തലോടലുകള്‍ക്കോ അയാളെ തിരുത്താനായില്ല. അന്നത്തെ ദിവസം അയാള്‍ പണിക്ക് പോവുകയുമുണ്ടായില്ല . വൈകുന്നേരം മിസരി വരുമ്പോഴും അയാള്‍ മൌന ശയനത്തില്‍ തന്നെയായിരുന്നു. അവർക്കിടയിൽ വാക്കുകളും മരിച്ച പോലെ.

പക്ഷെ മിസരി വിടാനുള്ള ഭാവമില്ലായിരുന്നു. അന്നുണ്ടായ മരുക്കാറ്റിന്റെ ഭീതിയെ കുറിച്ച് പറഞ്ഞു കൊണ്ട് അയാൾ സംസാരത്തിനു തുടക്കമിട്ടു. ഇടയ്ക്കു മരുഭൂമിയിലെ ചൂടിനെ ശപിച്ചു. അസഹ്യമാവുന്ന ചൂടില്‍ ജോലി തുടരേണ്ടി വരുന്നതിൽ  അയാള്‍ അമർഷം പൂണ്ടു. പ്രായമേറുന്ന ശരീരത്തിലേക്ക് പൊടുന്നനെ പാഞ്ഞു കയറുന്ന അസുഖങ്ങളിൽ ആശങ്ക കൊണ്ടു. അൽപനേരം മൌനത്തിലാണ്ട് വീണ്ടും പരിഭവങ്ങൾ തുടർന്നു. തുച്ഛമായ വരുമാനത്തിനു മരുഭൂമിയിൽ വിയർപ്പൊഴുക്കാൻ  തുടങ്ങിയ കാലയളവുകളെ അയാൾ വിഷമത്തോടെ ഓർമ്മിപ്പിച്ചു. കൂട്ടിവെച്ചതെല്ലാം വിറ്റു പെറുക്കിയും , കടം വാങ്ങിയും ജീവിതമാര്‍ഗ്ഗമെന്ന നിലയില്‍ ഈജിപ്തിൽ അയാൾ വാങ്ങിയ റുമ്മാന്‍ തോട്ടങ്ങളില്‍ വേണ്ടത്ര ഫലം കായ്ക്കുന്നില്ല എന്നതില്‍ അയാള്‍ ദുഖിച്ചു. ആവശ്യങ്ങൾ മാത്രം കാണിച്ചു നാട്ടിൽ നിന്ന് നിരന്തരമായി ലഭിക്കുന്ന കത്തുകളിൽ അയാൾ സങ്കടപ്പെട്ടു. അത്താഴം കഴിച്ചു തീരുന്നത് വരെ മിസരിയുടെ ആവലാതികളും തുടര്‍ന്ന് കൊണ്ടേയിരുന്നു.

അബൂശാമക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല. ആവശ്യത്തിനു വെള്ളവും, വളവും, പരിചരണങ്ങളും ലഭിക്കുന്ന പച്ചക്കറിത്തോട്ടങ്ങള്‍ക്ക് ഒരു പക്ഷെ ആവലാതി കാണില്ലായിരിക്കാമെന്ന് അബൂശാമ ചിന്തിച്ചു. 

സംഭാഷണങ്ങളേതുമില്ലാതെ വീണ്ടും സമയം നീങ്ങി. മരുക്കാറ്റു മാത്രം ആരോടും അനുവാദം ചോദിക്കാതെ അവരുടെ ടെന്റിനകത്തു കടക്കുകയും പുറത്തിറങ്ങുകയും ചെയ്തു കൊണ്ടിരിക്കുന്നു.

 " ശാമാ നാളെ വെള്ളിയാഴ്ച്ചയാണല്ലോ അല്ലേ? ഞാനേതായാലും ഭാജിയുടെ കൂടെ ടൌണ്‍ വരെ ഒന്ന് പോകുന്നുണ്ട് ചില  സാധനങ്ങള്‍ വാങ്ങിക്കുവാനുണ്ട്. മാത്രവുമല്ല കത്തുകളുണ്ടോ എന്നും കൂടി നോക്കാമല്ലോ!"
അബൂശാമ പ്രതിവചിച്ചില്ല.
" ശാമാ നീയെന്താണൊന്നും പറയാത്തത്. നിനക്കൊന്നും വേണ്ടേ? ഏ! വേണമെങ്കില്‍ പറയാന്‍ മറക്കണ്ടാ"

അബൂശാമ വെറുതെ തലയാട്ടിക്കാണിച്ചു. കൂടുതല്‍ സംഭാഷണങ്ങള്‍ക്ക് ഇട കൊടുക്കാതെ അകത്തേക്ക് നടന്നു. കട്ടി കൂടിയ രോമപ്പുതപ്പിനുള്ളിൽ  അഭയം പ്രാപിച്ചു. അരണ്ട വെളിച്ചത്തിലെ  കൃത്രിമത്തണുപ്പില്‍, ടെന്റിലുരസുന്ന മരുക്കാറ്റിന്റെ മൂളലില്‍  അയാള്‍ നിദ്രയിലേക്കാണ്ടു പോയി.

പിറ്റേ ദിവസം വളരെ ഇരുട്ടിയത്തിനു ശേഷമാണ് മിസരി ടൌണില്‍ നിന്നെത്തിയത്. അയാള്‍ ഉന്മേഷവാനും, വാചാലനുമായിരുന്നു. അബൂശാമയോട് അയാൾ ഓരോന്നായി പറഞ്ഞു കൊണ്ടേയിരുന്നു. അന്നു കണ്ട തെരുവുകളെ കുറിച്ച്.  ആഡംബരക്കാരായ അറബികളെക്കുറിച്ചു. സുന്ദരികളായ അറബിപ്പെണ്ണുങ്ങളെക്കുറിച്ചു. മാനം മുട്ടുന്ന കെട്ടിടങ്ങളെക്കുറിച്ചു. ആളുകള്‍ തിങ്ങി നിറയുന്ന ഗലികളെക്കുറിച്ച്. ഗലികളിലെ വേശ്യകളെക്കുറിച്ചു. മിസരി പറഞ്ഞു കൊണ്ടേയിരുന്നു. അബൂശാമ കേട്ട് കൊണ്ടുമിരുന്നു. വര്‍ത്തമാനങ്ങള്‍ നീണ്ടു പോകുന്നതിനിടക്ക് മിസരി ഷോപ്പറില്‍ നിന്ന് തപ്പിത്തിരഞ്ഞു ചില കത്തുകള്‍ പുറത്തെടുത്തു. പിന്നീട് ഓരോരോ വിലാസങ്ങളും  ഉറക്കെ വായിക്കാന്‍ തുടങ്ങി. കൂട്ടത്തില്‍ നിന്ന് ശ്രദ്ധാപൂര്‍വ്വം ഒരെണ്ണമെടുത്ത് അബൂശാമയുടെ കയ്യില്‍ വെച്ചു. ചെറു ചിരിയോടെ അബൂശാമയുടെ കണ്ണുകളില്‍ സൂക്ഷിച്ചു  നോക്കിക്കൊണ്ട് പറഞ്ഞു.

" ദാ, നിന്റെ ആലിയായുടെ കത്ത്" 

അബൂശാമ ആലിയായുടെ വടിവില്ലാത്ത കൈപ്പടയിലെഴുതിയ വിലാസം നോക്കിയിരുന്നു. ആഴികള്‍ക്കപ്പുറത്തു നിന്ന് പച്ചപ്പ്‌ നിറഞ്ഞ തൻറെ നാട്ടിൽ നിന്ന്. കുന്നുകളും, പാടങ്ങളും, പുഴകളുമുള്ള സ്വന്തം നാട്! അവിടെ താനോർമ്മിക്കുന്ന തന്നെയോർമ്മിക്കുന്ന രക്തബന്ധങ്ങള്‍. വറുതിയെ ജീവിതമാക്കിയ കൂടപ്പിറപ്പുകൾ. കനത്ത കാലവർഷം ബാക്കിയാക്കിയ ഒഴുക്കു ചേറു പോലെ ചില ജീവിതങ്ങള്‍. ഓര്‍ത്തപ്പോള്‍ കണ്ണു നനഞ്ഞു. മറ്റുള്ളവരുടെ കത്തുകള്‍  കൊടുക്കുവാനായി മിസരി പുറത്തേക്കിറങ്ങി.  പോകുമ്പോള്‍ ഒരു കളിയാക്കലോടെ അബൂശാമയോടായി വിളിച്ചു പറഞ്ഞു.

 " ശാമാ ഞാനിതു കൊടുത്തിട്ട് വരാം .. ആരുമില്ലെന്ന് കരുതി കരയരുത് കേട്ടോ"  

തുടര്‍ന്ന്‍ അകന്നകന്നു പോകുന്ന പൊട്ടിച്ചിരി പക്ഷെ അബൂശാമ ശ്രദ്ധിച്ചില്ല. അയാള്‍ വെറുതെയൊന്നു വിളറിച്ചിരിച്ചു. ഉള്ളില്‍ അലയടിച്ചുയരുന്ന ജിജ്ഞാസയുടെ തിരമാലകളോടായി പറഞ്ഞു. 'എന്തിനിത്ര ധൃതി. ഇനിയും സമയമുണ്ടല്ലോ!' 
കത്ത് അപ്പോള്‍ വായിക്കേണ്ട എന്നാണയാള്‍ തീരുമാനിച്ചത്. പതിവില്ലാത്തതാണത്. അത് തലയണക്കീഴിൽ തിരുകി വെച്ച് അബൂശാമ ഉറങ്ങാന്‍ കിടന്നു. ഉറങ്ങിയ ഇരുട്ടിന്റെ നിശ്ശബ്ദതയില്‍ മരുക്കാറ്റിന്റെ ചൂളങ്ങള്‍ക്ക് ചെവി കൊടുത്ത് കണ്ണുമടച്ചു കിടന്നു.

അടുത്ത ദിവസം ജോലി തുടരുമ്പോള്‍ അബൂശാമ ഉന്മേഷവാനായിരുന്നു. ആലിയയുടെ കത്ത് കാല്‍ക്കുപ്പായത്തിന്റെ കീശയില്‍ തിരുകി മണലിന്റെ ആഴങ്ങളിലേക്ക് മണ്‍വെട്ടി എറിഞ്ഞു  കൊണ്ടിരുന്നു. ഇടയ്ക്കിടയ്ക്ക് മിസരിയുടെ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ മാത്രം ചെറുതായി മന്ദഹസിച്ചു. 

സൂര്യന് ചൂട് കൂടി വരികയാണ്. കാലുറകളില്‍ വിയര്‍പ്പിന്റെ നനവ്‌ പടരുന്നു. പെട്ടെന്ന് എല്ലാവരെയും  അമ്പരപ്പിച്ചു കൊണ്ട്  കഠിനമായ മരുക്കാറ്റിന്റെ ആരവം കേട്ടു. മണലിനെ ചുഴറ്റിഎറിഞ്ഞു അതിവേഗം അടുത്തു കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റു അബൂശാമ കണ്ടു.  ആകാശത്തോളം ഉയരത്തില്‍ മറ്റൊരു കാഴ്ച്ചകള്‍ക്കുമിടം കൊടുക്കാതെ അലറിയടുക്കുന്ന മരുക്കാറ്റ് . ജോലിക്കാര്‍ പരിഭ്രാന്തരായി. അവര്‍ പ്രാര്‍ത്ഥനകളോടെ ഈന്തപ്പനകള്‍ക്കു ചുവട്ടില്‍ പൊടിമണലില്‍ അള്ളിക്കിടന്നു. 

" തൂഫാന്‍ ... തൂഫാന്‍ ...തൂഫാന്‍"

ആരൊക്കെയോ അലറി വിളിക്കുന്നു. ആകാശം മുട്ടി ആക്രോശം മുഴക്കി മരുക്കാറ്റ് താണ്ഡവമാടി.  'യാഅല്ലാഹ്' കണ്ണുകള്‍ ഇറുകെയടച്ചു  ഈന്തപ്പനയിൽ അള്ളിപ്പിടിച്ചു പ്രാർഥനയോടെ അബൂശാമ കിടന്നു. ഉഴുതുമറിഞ്ഞ മണൽ അയാളെ മൂടാൻ തുടങ്ങി.  അല്പനേരം നീണ്ടു നിന്ന ഭീകരാന്തരീക്ഷത്തിനൊടുവിൽ  ‍മരുക്കാറ്റ് അകന്നു പോയി.  
ദേഹത്തു നിന്നും  വസ്ത്രങ്ങളില്‍ നിന്നും ശ്രമകരമായി പൊടി തട്ടി മാറ്റി അയാൾ മിസരിയെ തിരഞ്ഞു. ഭാഗ്യം ഒന്നും സംഭവിച്ചിട്ടില്ല. അയാൾ ഒരു ഈന്തപ്പനക്കു ചുവട്ടിലിരുന്നു. കാൽക്കുപ്പായത്തിന്റെ കീശയിൽ നിന്ന് കത്ത് പുറത്തെടുത്തു. കയ്യിലിരുന്നു മുഷിഞ്ഞ കത്തിൻറെ വരികളിലൂടെ യാത്ര തുടങ്ങി.

' സലാം അലൈക്കും, സുഖമെന്ന് കരുതുന്നു. അതിനായി ഉടയവനോട് ദുആ ചെയ്യുന്നു. ഇവിടെ എല്ലാവരും വിഷമത്തിലാണ്. കഴിഞ്ഞയാഴ്ച ഉമ്മ മരണപ്പെട്ട വിവരത്തിനു കമ്പിയടിച്ചിരുന്നു. തിരിച്ചിതുവരേയും നിങ്ങളിൽ നിന്ന് മറുപടി ഒന്നും ലഭിച്ചില്ല! എന്താണ് പറ്റിയ...........'


അബൂശാമ ഉലഞ്ഞു. തുടർന്നു വായിക്കാൻ അയാൾക്കാവതുണ്ടായില്ല. പ്രജ്ഞയറ്റ് ദൂരത്തോളം പരന്നു കിടക്കുന്ന മരുഭൂമിയിലേക്ക് കുറെ നേരം നോക്കി നിന്നു. അങ്ങു ദൂരെ മണലിലൂടെ ഉലഞ്ഞുലഞ്ഞു പോകുന്ന ഖാഫിലകള്‍. വെയിലില്‍ പൊള്ളി നില്‍ക്കുന്ന മണലില്‍ നിന്നും ചുടുകാറ്റ് ഉയര്‍ന്നു പൊങ്ങുന്നു. ഈന്തപ്പനകളെ തട്ടിയുണര്‍ത്തുന്ന ചുടുകാറ്റില്‍ പനമ്പട്ടകളില്‍ നിന്നുയരുന്ന  ശബ്ദവീചികൾ പുരാതനങ്ങളായ പള്ളികളിൽ നിന്ന് പടച്ച തമ്പുരാൻറെയും മുത്തു നബിയുടെയും തിരുവചനങ്ങള്‍ വിളിച്ചോതുന്ന ബാങ്കായി പരിണമിച്ചു കൊണ്ടിരുന്നു. ഒരിത്തിരി ദാഹജലം കിട്ടിയെങ്കിലെന്ന് അയാള്‍ ആശിച്ചു. മുന്നിൽ ആകാശത്തോട് ചേര്‍ന്നലിയുന്ന മരുഭൂമി. അസ്ത്രപ്രജ്ഞനായി അയാള്‍ അതിവേഗം മുന്നോട്ടു നടക്കാന്‍ തുടങ്ങി. അടുക്കുന്തോറും അകന്നു  ശമിക്കുന്ന മരീചികകള്‍. 
" ശാമാ ... ശാമാ ... അബൂശാമാ .."
പിന്നില്‍ നിന്നും മിസരി അലറി വിളിക്കുന്നത് അയാള്‍ കേട്ടതേയില്ല . മണലില്‍ തിളങ്ങുന്ന നിലക്കാത്ത മരീചികയിലൂടെ അയാൾ മുന്നോട്ടു നടന്നു.