Oct 23, 2013

കാറ്റു പറഞ്ഞ പൊള്ള്2013 ലെ - ഇ-മഷി വാർഷികപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്


കാറ്റ് പറഞ്ഞു തുടങ്ങിയ കഥ

ഒത്തിരിയൊത്തിരി മുമ്പൊരിക്കൽ; കാലങ്ങളും തീരങ്ങളും കടലും കടന്നു പോയ കാറ്റ് മണലു പഴുക്കുന്ന മരുഭൂമിയിലെത്തിച്ചേർന്നു. കുന്തിരിക്കവും , അറാക്ക് മരങ്ങളും വേരുകളാഴ്ത്തിയ അതേ മരുത്താഴ്വാരത്തിലൊന്നിൽ ശ്മശാനം കാവൽക്കാരനായിരുന്നു പരുക്കനും കഠിന ഹൃദയനുമായിരുന്ന അബ്ദാർ. അതിവിശാലമായ മരുശ്മശാനത്തിൽ ചുറ്റുമതിലിനോട് ചേർന്നുള്ള കോണിലെ മരച്ചായ്പ്പിൽ അബ്ദാർ ജീവിതം നീക്കി. അയാൾക്ക് കൂട്ടായി മീസാങ്കല്ലുകളും ചുടുകാടിനുമുകളിലെ ഒറ്റപ്പെട്ട കുറ്റിച്ചെടികളുമുണ്ടായിരുന്നു. മണല് തൂളിച്ചു കാറ്റ് കടന്നു ചെല്ലുമ്പോൾ ചായ്പിനു പുറത്തു വെയിലും മഴയും ക്ഷതമേൽപ്പിച്ച മരക്കസേരയിൽ ഖബറുകൾ നോക്കി ഇരിക്കുകയായിരുന്നു അബ്ദാർ.
ഹൌ ! എന്തൊരു നാശം പിടിച്ച കാറ്റാണിത്. നാശം .... നശിക്കാനായിട്ട് !

അബ്ദാറിന്റെ പരുക്കൻ ശബ്ദത്തിലുള്ള ശാപം കേട്ട കാറ്റ് അവിടെത്തന്നെ നിന്നു. നീണ്ട താടി രോമങ്ങളിലും നീളൻ വസ്ത്രത്തിലും ചെറുതായി തലോടിക്കൊണ്ട് അബ്ദാറിനെ വട്ടം ചുറ്റി . വസ്ത്രത്തിലെയും , ദേഹത്തെയും പൊടിമണൽ തട്ടി മാറ്റുന്നതിനിടെ അയാളുടെ കത്തുന്ന കഴുകൻ കണ്ണുകൾ കാറ്റിനെ ചൂഴ്ന്നു.

-- അബ്ദാർ.

കാറ്റ് വിളിച്ചു . ചിരിച്ചു . തലപ്പാവൂരി അടുത്തുള്ള മേശയിൽ വെച്ച് അബ്ദാർ ഖബറുകൾക്കിടയിലേക്ക്   മിഴികൾ പായിച്ചു. മീസാങ്കല്ലുകൾക്കിടയിൽ തുണ്ടു വെളിച്ചങ്ങൾ മിന്നി. ശ്മശാനത്തിന്റെ ഒരു ഭാഗത്ത് വളരെയകലെ നിന്നായി നഗരത്തിന്റെ ഇരമ്പം കേൾക്കാം. പൊട്ടു പോലെ മുനിഞ്ഞു കത്തുന്ന വിളക്കുകൾ കാണാം. മതിലിന്നു മറുഭാഗത്ത് മരുഭൂമി തളർന്നു കിടന്നു.

-- അബ്ദാർ.

കാറ്റിന്റെ വിളികൾക്ക് പ്രത്യുത്തരം നൽകാതെ അബ്ദാർ ഖബറുകൾക്കിടയിലൂടെ നടന്നു. മീസ്സാങ്കല്ലുകൾക്കരികെ വാടിയ ചെടിച്ചില്ല കുത്തി നാട്ടിയ  നനഞ്ഞ മണ്ണുമൂടിക്കിടന്ന, പുതിയ കുടീരം നോക്കി അയാൾ ഒട്ടു നിന്നു. പിന്നീടെന്തോ ചിന്തിച്ചുറച്ച പോലെ ചായ്പ് ലക്ഷ്യമാക്കി അതിവേഗം തിരിഞ്ഞു നടന്നുമണൽ- മുനമ്പുകൾക്കപ്പുറമുള്ള ഈന്തപ്പനത്തോട്ടങ്ങളിൽ ചടുല പ്രദക്ഷിണം ചെയ്തു കാറ്റ് തിരിച്ചത്തുമ്പോൾ അബ്ദാർ ശവകുടീരത്തിനുള്ളിലെ മണ്ണ് ഏതാണ്ട് നീക്കിക്കഴിഞ്ഞിരുന്നു.

-- അബ്ദാർ .... അബ്ദാർ .

കാറ്റയാളെ ശക്തമായി തട്ടി വിളിച്ചു. അത് ഗൗനിക്കാതെ മൂടുകല്ലുകൾ മാറ്റി അയാൾ ഖബറു തുറന്നു. കാറ്റ് ഒരന്വേഷണകുതുകിയെപ്പോലെ അയാൾക്കൊപ്പം നിന്നു. ഖബറിനുള്ളിലെ വെള്ളത്തുണി പുതപ്പിച്ച കിടക്കുന്ന ജഢം ഉത്കണ്ഠയോടെ നോക്കി നിന്നു. അബ്ദാർ ഖബറിനുള്ളിൽ നിന്ന് ശവശരീരം പുറത്തെടുത്ത് ആറിത്തുടങ്ങിയ മണലിൽ വെച്ചു. മരുഭൂമി നിശ്ശബ്ദമായിരുന്നു. ആകാശവിതാനങ്ങൾ താരശൂന്യമായിരുന്നു. അബ്ദാർ ശവശരീരത്തെ പുതപ്പിച്ച തുണിയഴിച്ചപ്പോൾ അവിടമാകെ ഊദിന്റെയും കുന്തിരിക്കത്തിന്റെയും കൂടിക്കലർന്ന ഗന്ധം വ്യാപരിച്ചു. നഗ്നമായി കിടന്ന ത്തിലേക്ക് കാറ്റ് സൂക്ഷിച്ചു നോക്കി. അബ്ദാർ ധൃതിയിൽ തന്റെവസ്ത്രങ്ങളൂരിയെറിഞ്ഞു. മത്തുപിടിച്ചവനെപ്പോലെ നിലത്തു മലർന്നു കിടക്കുന്ന യുവതിയുടെ മൃതശരീരത്തിലേക്ക് തന്റെ ബലിഷ്ഠകായമമർത്തി. ചലനവും, കിതപ്പുമുൾക്കൊള്ളാനാവാതെ വ്യസനത്തോടെ ചീറിയകന്ന കാറ്റ് മണലുചുഴറ്റിയെറിഞ്ഞു ഈന്തപ്പനകളിൽ ശീൽക്കാരമേൽപ്പിച്ചു.  

സ്ത്രീകളുടെ ശവക്കുഴികൾ മാന്തുകയും മൂടപ്പെടുകയും ചെയ്യുന്നത് കണ്ടു  കാറ്റ് സങ്കടം തൂകുമ്പോഴൊക്കെ ശ്മശാനത്തിലെ മണൽത്തരികൾ മൌനം പൂണ്ടു. ചെടികളും, മീസ്സാങ്കല്ലുകളും മണൽത്തരികളുടെ മൌനം ശരി വച്ച് നിശ്ചലമായി നില കൊണ്ടു.

അന്നും ആരെയും ഭയക്കാതെ അബ്ദാർ തൂമ്പയുമായി നീങ്ങുമ്പോൾ  കള്ളിമുൾച്ചെടികൾക്ക് മുകളിൽ കാറ്റ് ചടഞ്ഞിരിക്കുന്നുണ്ടായിരുന്നു. ശ്രമകരമായി അയാൾ മൂടുകല്ല് അടർത്തി മാറ്റി. പെട്ടെന്ന് ഖബറിനുള്ളിൽ നിന്ന് സുഗന്ധവും ഇളം മഞ്ഞ പ്രകാശവും പുറത്തേക്ക് പരന്നൊഴുകി. ഞെട്ടിത്തരിച്ച അബ്ദാർ ചാടി പുറത്തു കടക്കുമ്പോൾ ശവകുടീരത്തിനുള്ളിൽ നിന്ന് മന്ത്രധ്വനി മുഴങ്ങി. അശ്രാവ്യമായ ശബ്ദത്തിൽ വെട്ടുകിളികൾ കരഞ്ഞു വിളിച്ചു.

അയാൾ പരിഭ്രാന്തനായി കാരവൻ ലക്ഷ്യമാക്കി പിന്തിരിഞ്ഞോടി. അകത്തു കടന്നു വാതിൽ വലിച്ചടച്ചു. പാതിയടഞ്ഞ ജാലകത്തിലൂടെ അകത്തു കടന്നപ്പോൾ കാറ്റ് കണ്ടത്  പഴകിപ്പൊടിപിടിച്ച വേദഗ്രന്ഥം നെഞ്ചിൽ ചേർത്തു പിടിച്ചു കണ്ണുകളടച്ചു വിറയ്ക്കുന്ന അബ്ദാറിനെയാണ് . ജന്നല്പാളികളിലൂടെ പാളി നോക്കുമ്പോൾ ഇരുളിൽ നിന്ന് ജപധ്വനികളോടെ ഒരു കൂട്ടം ധവളവസ്ത്ര ധാരിണികൾ ചായ്പ് ലക്ഷ്യമാക്കി നടന്നു വരുന്നത് അബ്ദാർ കണ്ടു. അതിന്റെയാരവങ്ങൾ ആകാശത്തട്ടുകളിൽ പ്രതിധ്വനിച്ചു. സമനില കൈവിട്ട അയാൾ വാതിൽ തുറന്ന് മണലിലൂടെ എങ്ങോട്ടെന്നില്ലാതെ ഓടി മറഞ്ഞു.

അന്ന് മണലിൽ അതിശക്തമായി കാറ്റൂതി. പിറ്റേന്ന് പ്രഭാതമായപ്പോൾ മരുഭൂമിയിലെ മണൽക്കൂനകൾക്ക്  സ്ഥാനഭ്രംശം സംഭവിച്ചിരുന്നു. പഴയ കുന്നുകൾ നഷ്ടപ്പെടുകയും പുതിയ പുതിയ മുനമ്പുകൾ രൂപപ്പെടുകയും ചെയ്തിരുന്നു. ഉയർന്നു നിന്നിരുന്ന മണൽക്കൂമ്പാരങ്ങൾ പലതും സമതലങ്ങളായി മാറിക്കഴിഞ്ഞിരുന്നു. കള്ളിമുൾചെടികളും കടപുഴകിയ ഈന്തപ്പനകളും മണലിന്നടിയിൽ നിദ്ര പൂണ്ടിരുന്നു. അവിടം തരിശു ഭൂമിയായി. പതിയെ തീരം വിട്ടു കാറ്റ് യാത്ര തുടർന്നു.  

കാറ്റ് തുടർന്ന  കഥ
എന്നാറെ, മരുഭൂ വിട്ട് പാറിയകന്ന കാറ്റ്കു കുന്നുകളും, മേടുകളും, പാടങ്ങളും, നദികളും  അരുവികളുമുള്ള എങ്ങും പച്ചപ്പ്നിറഞ്ഞ മനോഹരമായ തീരത്തിലൂടെ യാത്ര തുടർന്നു. അവിടെ കടലോരം ചേർന്നൊരു പട്ടണത്തിലാണ്  കാറ്റ് യാത്രയവസാനിപ്പിച്ചത്.

അതേ പട്ടണത്തിൽ പ്രസിദ്ധനായ ഒരു പണ്ഡിതനുണ്ടായിരുന്നു. കാറ്റ് വരുമ്പോൾ പണ്ഡിതൻ പട്ടുവസ്ത്രങ്ങളണിഞ്ഞു പച്ച വില്ലീസു വിരിച്ച തളത്തിൽ വെള്ളി പൂശിയ ഇരിപ്പിടത്തിൽ അനുയായികൾക്കും  ശിഷ്യന്മാർക്കുമൊപ്പം വിശ്രമത്തിലിരിക്കയായിരുന്നു. ശിഷ്യഗണങ്ങൾ മുന്നിൽ ഓച്ഛനിച്ചു നിന്നുഅനുയായികളിൽ പലരും അദ്ദേഹത്തിന്റെ കൈമുത്തുവാൻ ധൃതി കൂട്ടിക്കൊണ്ടിരുന്നു. ഉച്ച വെയിലിൽ മരങ്ങളെയുലച്ചു തെന്നിത്തെന്നി പണ്ഡിതനിരിക്കുന്ന മുറിയിൽ കാറ്റ് തങ്ങി നിന്നു.       

-- ദൈവദൂതന്മാർ പട്ടു വസ്ത്രങ്ങളണിഞ്ഞവരായിരുന്നില്ല!

പട്ടുടയാടകൾ നോക്കി കാറ്റത് പറയുമ്പോൾ പണ്ഡിതൻ കോപാകുലനായി. അയാൾ കാറ്റിന്റെ വാക്കുകൾ കേട്ടില്ലെന്നു നടിച്ചു. ശാന്തത കൈവരുത്തി പുഞ്ചിരിയോടെ ശിഷ്യർക്കു നേരെ തിരിഞ്ഞു.

-- ശിഷ്യരെ, പ്രാർത്ഥനാ വേദിയുടെ ഒരുക്കങ്ങൾ പൂർത്തിയാക്കിയില്ലയോ?

-- അതെ , ബഹുവന്ദ്യരേ, എല്ലാം പൂർത്തിയായി. വായ്ത്താരി പോലെയൊരു മുഴക്കമായിരുന്നു മറുപടി.

-- എല്ലാ ജനങ്ങളെയും വിവരമറിയിച്ചുവോ? ഇനി പൂർത്തീകരിക്കാനൊന്നും ബാക്കിയുണ്ടാവരുത്. ഓരോന്നും വീണ്ടും വീണ്ടും പരിശോധിച്ച് ഉറപ്പു വരുത്തുവിൻ.

-- ശരി ബഹുമാന്യരെ, അങ്ങനെയാവട്ടെ.

വായ്ത്താരിയകന്നു പോയി. പണ്ഡിതൻ പട്ടു മെത്തയിൽ ചാരിക്കിടന്നു. മുന്നിൽ ചില്ലുചഷകങ്ങളിൽ മധുര പാനീയങ്ങൾ നിറഞ്ഞു. മധുര ഫലങ്ങൾ നിരന്നു. പൊരുന്ന ചൂടിനു മുകളിൽ തെന്നിത്തള്ളി വന്ന് കാറ്റ് വീണ്ടും പറഞ്ഞു.

-- ദൈവ ദൂതന്മാർ അലങ്കാരപ്രിയരോ ആർഭാടമുള്ളവരോ അല്ലായിരുന്നു!

അപ്പോൾ പുറത്തെ മരങ്ങൾ ശിഖരങ്ങളിളക്കിച്ചിരിച്ചുഇലകളും തളിരുകളും ചിരിച്ചു കൊണ്ടേയിരുന്നു. കാറ്റിനെ ഗൗനിക്കാതെ തന്റെ ഏറ്റവുമടുത്ത ശിഷ്യരുമൊത്തു പ്രാർഥനാമുറിയിൽ കടന്നു പണ്ഡിതൻ കതകടച്ചു. അടഞ്ഞ വാതിലിലും, ജന്നലുകളിലും തട്ടിത്തിരിഞ്ഞ കാറ്റ് കടൽക്കരയിലൂടെ ഒഴുകിയകന്നു.

പിറ്റേന്ന്;  
വർണ്ണവിളക്കുകൾ അലങ്കരിച്ച, മനോഹരമായ കില്ലകൾ തൂക്കിയ വേദിയിൽ പണ്ഡിതൻ പ്രാർത്ഥന നടത്തുകയായിരുന്നു. അന്തരീക്ഷം ഭക്തി സാന്ദ്രമായിരുന്നു. പ്രാർത്ഥനാ നിരതരായ ആബാലവൃദ്ധം ജനങ്ങൾക്കിടയിലൂടെ ചിത്തഭ്രമം ബാധിച്ച ഒരു മധ്യവയസ്കയെ പണ്ഡിതശിഷ്യന്മാർ വലിച്ചിഴച്ചു കൊണ്ട് വരുന്നത് കൌതുകത്തോടെ കാറ്റ് നോക്കി നിന്നു. അവർ വികലമായി ചേഷ്ടകൾ കാണിക്കുകയും ചുറ്റും നോക്കി ആക്രോശിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അവരുടെ ഭാവഹാദികൾ വല്ലാതെ ഭയപ്പെടുത്തുന്നുവെന്നു ജനങ്ങളുടെ മുഖങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. കനം കുറഞ്ഞ തുടലുകളിൽ അവരുടെ കൈകൾ ബന്ധിക്കപ്പെട്ടിരുന്നു. അനുയായികൾ അവരെ പണ്ഡിതന് മുന്നിലെത്തിച്ചു. ശ്രമകരമായി വേദിയിൽ പിടിച്ചൊതുക്കി. പണ്ഡിതൻ സാവധാനം എഴുന്നേറ്റു വന്ന് സ്ത്രീയുടെ അടുത്തിരുന്നു. അവരെ സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നു. പിന്നീട് കണ്ണുകളടച്ച്ശിരസ്സുയർത്തി അവരുടെ നെറുകയിൽ കൈകൾ ചേർത്ത് ജനങ്ങളോടാജ്ഞാപിച്ചു.

-- പ്രിയജനങ്ങളേ, ഞാനിതാ ഇവർക്കു വേണ്ടി പ്രാർത്ഥന തുടങ്ങുകയാണ്. നിങ്ങളും എന്നോടൊപ്പം ഇവർക്കു വേണ്ടി പ്രാർഥിക്കുക. ഞാൻ പറയുന്നതെന്തോ അതു പോലെത്തന്നെ നിങ്ങളും ചെയ്യുവീൻ ഉടയവൻ അനുഗ്രഹിക്കുമാറാകട്ടെ!

-- ബഹുമാന്യരെ അങ്ങനെയാവട്ടെ. അങ്ങനെയാവട്ടെ. ജനങ്ങൾ ഒന്നടങ്കം പറഞ്ഞു.

അത്ഭുതമെന്നേ പറയേണ്ടൂ പ്രാർത്ഥനാധ്വനികൾ അന്തരീക്ഷത്തിൽ അലയടിച്ചുയരവേ ഭ്രാന്തിയായ സ്ത്രീയിൽ  ഭാവമാറ്റങ്ങൾ കണ്ടു തുടങ്ങി. പയ്യെപ്പയ്യെ അവർ ശാന്തയായി. തളർന്നു, ആലസ്യത്തോടെ അവർ പതുപതുത്ത നില വിരിയിലേക്ക് വീണു. ഒരു ദീര്ഘനിശ്വാസത്തോടെ പണ്ഡിതൻ പറഞ്ഞു.

-- പ്രിയ ജനങ്ങളേ, ദൈവം ഇവരെയനുഗ്രഹിച്ചിരിക്കുന്നു. നൂറ്റിയൊന്ന് പിശാചുക്കൾ കുടിയേറിപ്പാർത്ത വീടായിരുന്നു ഇവരുടെ ദേഹം. എന്നാലിതാ നമ്മുടെ പ്രാർത്ഥനയുടെ ഫലമായി അത്ഭുതകരമായി ഇവർക്ക് മോക്ഷം ലഭിച്ചിരിക്കുന്നു. ഇവർ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നു. ഈയത്ഭുതം നിങ്ങൾ നേരിൽ കണ്ടുവല്ലോ. ദൈവത്തെ വാഴ്ത്തുവിൻ. ദൈവത്തെ വാഴ്ത്തുവിൻ. അവന്റെ വചനങ്ങൾ പാടിപ്പുകഴ്ത്തുവിൻ!

-- അതെയതെ, ഞങ്ങൾ കണ്ടിരിക്കുന്നു. സത്യം ഞങ്ങൾ കണ്ടിരിക്കുന്നു. പിശാചുക്കൾ വിട്ടു പോയിരിക്കുന്നു!!

ജനങ്ങൾ അദ്ഭുതാദരങ്ങളോടെ അതൊക്കെ നോക്കിക്കണ്ടു. നിശയുടെ ഇരുണ്ട വാതായനങ്ങൾക്കപ്പുറത്ത് മരങ്ങളും, കിളികളും, മണ്ണും, ജലവും ഉറക്കം പൂണ്ടു തുടങ്ങിയിരുന്നുവപ്പോൾ.

രണ്ടാമത്തെ ദിവസമാകട്ടെ കുരുടനും, അംഗ വൈകല്യമുള്ളവനുമായ ഒരു യുവാവുമായാണ് ശിഷ്യന്മാർ പ്രാർഥനാവേദിയിൽ പണ്ഡിതനു മുന്നിൽ വന്നു നിന്നത്. കുരുടനെ വേദിയിൽ നിറുത്തി ആളുകൾ കേൾക്കത്തക്കവണ്ണം ശിഷ്യന്മാർ പറഞ്ഞു

-- ബഹുമാന്യരേ, അങ്ങയുടെ ശ്രേഷ്ടത ഞങ്ങളെല്ലാം നേരിൽ കണ്ടു കഴിഞ്ഞു. അവിടുത്തെ ദിവ്യത്വം അപാരം തന്നെയാണ്. ഇതാ കണ്ണ് കാണാനോ ആയാസ രഹിതനായി ചാലിക്കുവാനോ കഴിയാത്ത ഒരു മനുഷ്യൻ. കഷ്ടപ്പെടുന്ന  പാവപ്പെട്ടവനെക്കൂടി അങ്ങ് സുഖപ്പെടുത്തിയാലും. സുഖപ്പെടുത്തിയാലും.

 പണ്ഡിതൻ ഗൌരവം പൂണ്ടു. അന്ധനെ വേദിയിൽ ഉയർന്ന ഒരു പീഠത്തിൽ ഇരുത്തിയ ശേഷം വെളുത്ത തുണി കൊണ്ട് പുതപ്പിക്കാൻ ശിഷരോട് കൽപ്പിച്ചു. മുൻപുള്ള ദിവസങ്ങളിൽ ചെയ്തിരുന്നതു പോലെയെല്ലാം  ആവർത്തിച്ച ശേഷം ജനങ്ങളോടൊത്തു  പ്രാര്ത്ഥനയാരംഭിച്ചു. പോകെപ്പോകെ പീഠത്തിലിരുന്നിരുന്ന  കുരുടൻ വേദിയിൽ നിലവിരിയിൽ മൂർഛിച്ചു വീണു. ജനങ്ങൾ നിശ്ശബ്ദരായി. എല്ലാ കണ്ണുകളും ആകാംക്ഷയോടെ ഒരേ ലക്ഷ്യത്തിൽ തറഞ്ഞു നിന്നു.  

-- അത്ഭുതം - അത്ഭുതം !!

ഇരുട്ടിൽ കത്തിനിന്നിരുന്ന വർണ്ണവിളക്കുകൾക്കൊപ്പം കാറ്റുമതിനു സാക്ഷ്യം വഹിച്ചു. പണ്ഡിതന്റെ ദിവ്യശക്തിയുടെ ഫലമായി വൈകല്യം മാറി കാഴ്ചശക്തി തിരിച്ചു കിട്ടിയ യുവാവ് വേദിയിൽ എഴുന്നേറ്റ് നിൽക്കുന്നു. അത്ഭുതപരതന്ത്രരായ ജനങ്ങൾ പണക്കിഴികളും, വെള്ളിനാണയങ്ങളും, സ്വർണ്ണക്കൂമ്പാരവുമായി പണ്ഡിതനെ മൂടി. ആൾക്കൂട്ടത്തിന് മുകളിലൂടെ ഒഴുകി വന്ന കാറ്റ് വീണ്ടും പറഞ്ഞു

-- ദൈവദൂതന്മാർ ധനമോഹികളോ അത്യാഗ്രഹികളോ ആയിരുന്നില്ല!

 ക്രുദ്ധനായ പണ്ഡിതൻ കാറ്റിനെ ആട്ടിയോടിക്കാനായി വിഫലശ്രമം നടത്തി നോക്കി. പരാജയമെന്ന് കണ്ടു അസ്വസ്ഥനായി. അതേ സമയത്താണ് ആളുകൾക്കിടയിൽ നിന്ന് സർവ്വാംഗം വൃത്തിഹീനമായ, മുഷിഞ്ഞു നാറുന്ന വസ്ത്രങ്ങളണിഞ്ഞ  ഒരു വികൃത രൂപം അലറിക്കരഞ്ഞു കൊണ്ട് മുന്നോട്ടു വന്നത്.

-- എന്നെ രക്ഷിക്കണേ ... അഭിവന്ദ്യരേ .... ബഹുമാന്യരേ ...... എന്നെ രക്ഷിക്കേണമേ.

വളരെ പരിക്ഷീണിതനായിക്കണ്ട  മനുഷ്യൻ പണ്ഡിതന് നേരെ നടന്നു വന്നു. അയാളുടെ ആഗമനത്തിൽ പണ്ഡിതൻ പരിഭ്രമിച്ചു.  പണ്ഡിതന്റെ ഭാവം മാറി. എന്തെങ്കിലും ചെയ്തെ മതിയാകൂ. ആകാംക്ഷയോടെ നിൽക്കുന്ന ആളുകൾ കേൾക്കെ പണ്ഡിതൻ മനുഷ്യന് നേരെ തിരിഞ്ഞു.

-- ഹും - നമ്മെ പരീക്ഷിക്കുന്നോ. പരിഹാസത്തിന്റെ ഫലമെന്തായിരിക്കുമെന്നു നിനക്കറിയാമോ?
ദൈവത്തെക്കരുതി നാമിപ്പോൾ നിന്നെ ഒന്നും ചെയ്യുന്നില്ല. പോ ... ദൂരെയെങ്ങാനും പോയി രക്ഷപ്പെട്...പോ..'

എന്ത് പണ്ഡിതനെ പരിഹസിക്കുകയോ? അതിനു വേണ്ടി വന്നവനാണോ ഇവൻ?'

അനുയായികൾ അയാളുടെ വാക്കുകൾ ശ്രവിക്കാൻ പോലും കൂട്ടാക്കാതെ  അയാളെ വേദിക്ക് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ട് പോയി. അയാളുടെ ശബ്ദം ജനങ്ങൾക്കിടയിൽ ഒടുങ്ങിയമർന്നു.

അന്ന്, കടലിലെ തിരകൾ വാനോളമുയർന്നു. തരുക്കളും, അരുവികളും പാടങ്ങളും കലുങ്കുകളും ഒന്നിച്ച് ഒരേ ദിശയിലേക്ക് ഒഴുകി നീങ്ങി. കുന്നുകൾക്കും മേടുകൾക്കും മീതെ സമുദ്രം ഊറിച്ചിരിച്ചു.   

ചിത്രങ്ങള്‍: റിയാസ് അലി. ടി.