Apr 13, 2013

മരപ്പാവകൾ

സ്വർഗ്ഗങ്ങളുടെയും , ദുനിയാവുകളുടെയും രക്ഷിതാവായ  ഉടയതമ്പുരാനേ. സർവ്വസ്തുതിയും നിനക്കാകുന്നു. വ്യസനമേറിയ ഈ യാത്രക്ക് എന്നെ പ്രാപതനാക്കിയവൻ എത്ര പരിശുദ്ധൻ. ഞാൻ സ്വയം അതിനു പ്രാപ്തനായിരുന്നില്ല. നിശ്ചയം; എല്ലാവരുടെയും മടക്കവും അവനിലേക്ക്‌ തന്നെയാകുന്നു . സലാം അലൈക്കും.

 ഉമ്മിയുടെയും ദാദയുടെയും കൈകൾ മുത്തി പടിയിറങ്ങുമ്പോൾ ജാലക വാതിലിനു പിന്നിൽ നിറകണ്ണുകൾ അമർത്തിത്തുടച്ചു കരച്ചിലടക്കാൻ മേൽത്തട്ടം കടിച്ചു പിടിച്ചു നിൽക്കുന്ന മുന്നിയുടെ ചിത്രമാണ് മനസ്സിൽ.

മൈദൂർ ഓർമ്മയിൽ നിന്നുണർന്നു അകലേക്ക് അലസമായി നോക്കി ഇരുന്നു. മൈദൂറിന്റെ ചിന്തകൾ പോലെ  മുകിലുകൾ തിങ്ങിക്കൂടിയ ആകാശത്തിനു കീഴിൽ നീണ്ടു നിവർന്ന് മറീന.  പാശബന്ധിതമായി  സ്പീഡ് ബോട്ടുകളും ഉല്ലാസ ബോട്ടുകളുമെല്ലാം വിനോദ സഞ്ചാരികളെക്കാത്ത് ജലനിരപ്പിനു മുകളിൽ ഉലഞ്ഞു കിടന്നു . 

മൈദൂറിന്റെ ചിന്തക പുറകോട്ടോടിക്കൊണ്ടിരുന്നു. തരിച്ചു വന്നിട്ട് ദിവസങ്ങളായി. എത്ര നിനച്ചാലും ഈ മണ്ണിനോട് താദാത്മ്യപ്പെടാൻ മനസ്സ് മടി കാണിക്കുന്നതെന്തേ എന്ന് തിട്ടമാവുന്നില്ല. ബോട്ട് ജെട്ടി വിട്ട് മൈദൂർ  തിരിച്ചു നടക്കാനൊരുങ്ങുമ്പോൾ ഓരങ്ങളിലെ ഓപ്പണ്‍ റസ്റ്റോറണ്ടുകളിൽ വർണ്ണ വിളക്കുകൾ തെളിയിച്ചു. മറീനയിലെ ആകാശ ഗോപുരങ്ങളെ വർണ്ണപൂരിതമാക്കി താഴ്ന്നു പതിച്ച അരുണരേണുക്കളിൽ വിളക്കുകൾക്ക് നിറം നഷ്ടപ്പെട്ടു. കാഴ്ചകൾ സുഭഗമായി നീളുന്ന വർണ്ണചിത്രമാണ് മറീന. നടവഴി വിട്ട് കായലിനു കുറുകെയുയർത്തിയ  പാലത്തിലൂടെ മൈദൂർ നടന്നു . ഓർമ്മകളുടെ നനഞ്ഞ മണ്ണ് തുരന്ന് ഉരുവം കൊള്ളുന്ന അസ്വസ്ഥ ചിന്തകളെ മൂടി വെക്കാനായി പിറ്റേന്ന് ചെയ്തു തീർക്കേണ്ട ജോലികളെക്കുറിച്ചു ചിന്തിച്ചു കൊണ്ട് മേൽപ്പാലം വിട്ട് മേട്രോസ്റ്റെഷനിലേക്ക് നടന്നു. 

" ഹേയ് - ഹല്ലോ "
മൈദൂർ തിരിഞ്ഞു നിന്നു . 
'ഹലോ '
" അല്ഗുബൈബായിലേക്ക്  എവിടെ നിന്നാണ്  മെട്രോ കയറേണ്ടത് ? "
മധ്യവയസ്കയും , ചെറുപ്പക്കാരിയും , രണ്ടു യുവാക്കളുമടങ്ങുന്ന സംഘത്തിലെ ഒരാളാണ് അത് ചോദിച്ചത് . 
" എന്നോടൊപ്പം വന്നോളൂ. ഞാനും അങ്ങോട്ട്‌ തന്നെയാണ് " മൈദൂർ പറഞ്ഞു .    
യുവാക്കളിലൊരാളുമായി സംവദിച്ചു കൊണ്ട് മൈദൂർ മുന്നോട്ട് നീങ്ങി. സംസാരത്തിനിടക്കാണ് യുവാവിന്റെ കയ്യിലെ ടാഗ് മൈദൂർ ശ്രദ്ധിക്കുന്നത്. ഫുട്ബോളിനോട് അതിയായ ആരാധന ഉള്ളില സൂക്ഷിച്ചിരുന്ന മൈദൂർ നിയന്ത്രണമില്ലാതെയാണ്  ചോദിച്ചത് . 
"നിങ്ങൾ നെതർലാണ്ടിൽ നിന്നാണോ ?"
അപ്രതീക്ഷിത ചോദ്യം കേട്ട യുവാവ് പുരികമുയർത്തി വെള്ളാരം കണ്ണുകൾ വിടർത്തി  മഞ്ഞപ്പല്ല് കാട്ടിച്ചിരിച്ചു മൈദൂറിനെ നോക്കി . 
" അതെ , തീർച്ചയായും . ചോദിക്കാൻ കാരണം ?"
അയാളുടെ കയ്യിലെ ടാഗ് തൊട്ടു കാണിച്ചു വിജയിയെപ്പോലെ വിടർത്തി  മന്ദഹസിച്ചു കൊണ്ട്  യുവാവിനു നേരെ മൈദൂർ കൈകൾ നീട്ടി . 
" ഞാൻ , മൈദൂർ .. ഒമർ മൈദൂർ "
തിരിച്ച് ഹാർദ്ധവമായി കൈകൾ ചേർത്തു പിടിച്ച് യുവാവ് പറഞ്ഞു . 
" ഞാൻ റുഡോൾഫ്" 
മെട്രോ സ്റ്റെഷനിലെ ഭംഗി കൂടിയ ഗ്രാനൈറ്റ് തറയിൽ നിന്ന് ചലനനിരതമായ എസ്കലേറ്റരിലേക്ക് കടക്കുന്നതിനിടയിൽ മൈദൂർ സംഘത്തിലെ ഓരോരുത്തരെയായി ഹസ്തദാനം ചെയ്തു . 

പ്ലാറ്റ് ഫോമിൽ ട്രെയിൻ വന്നു നിന്നു. അഞ്ചുപേർക്കിരിക്കാവുന്ന രീതിയിൽ രൂപകല്പ്പന ചെയ്ത പാർശ്വഭാഗത്തെ  സീറ്റിൽ റുഡോൾഫിനൊപ്പം മൈദൂറുമിരുന്നു. സംഭാഷണങ്ങൾക്കിടയിൽ മൈദൂർ കൂടെയുള്ള യുവാവിനെ ശ്രദ്ധിച്ചു. നിറയെ കീശകളുള്ള ബർമുഡയും , പരുത്തിയിൽ നെയ്തെടുത്ത അയഞ്ഞ കുപ്പയവുമായിരുന്നു അയാൾ ധരിച്ചിരുന്നത്. തവിട്ടു നിറത്തിലുള്ള തോൽസഞ്ചി അയാളുടെ ചുമലിൽ അലസമായി തൂങ്ങിക്കിടന്നു. അയാൾ താഴെ കാറ്റിനെക്കാൾ വേഗത്തിൽ മിന്നിമറയുന്ന വാഹനങ്ങളെ ഒരു നിരീക്ഷകന്റെ ഭാവഹാവാദികളോടെ നോക്കിക്കാകണുകയായിരുന്നു. മൈദൂറിനെ ഉണർത്തിക്കൊണ്ട് റുഡോൾഫിന്റെ ചോദ്യമുയർന്നു . 
"ക്ഷമിക്കണം താങ്കൾ എവിടെ നിന്നാണെന്നു ഇത് വരെ പറഞ്ഞില്ല ?"
" ഹിന്ദുസ്ഥാനി.  ഇന്ത്യാക്കാരനാണ് ഞാൻ " 
മൈദൂർ അല്പം അഭിമാനത്തോടെയതു പറഞ്ഞപ്പോൾ സ്റ്റെഫാൻ തന്നെ സൂക്ഷിച്ചു നോക്കുന്നത് മൈദുർ കണ്ടു. 


" മൈദൂർ. ഇത് സ്റ്റെഫാൻ , എന്റെ ഭാര്യാ സഹോദരനാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ  ഈ യാത്ര തന്നെ സ്റ്റെഫാനു വേണ്ടിയാണ് "  
മൈദൂറിനു ഒന്നും മനസ്സിലായില്ല . റുഡോൾഫ് തുടർന്നു .

" ലൈഡൻ യൂനിവെർസിറ്റിയിൽ ചരിത്ര വിദ്യാർത്ഥികൾ ആയിരിക്കെയാണ് സ്റ്റെഫാൻ ആബെല്ലായെ വിവാഹം ചെയ്യുന്നത് . തികച്ചും പ്രണയം തന്നെയായിരുന്നു അവർ തമ്മിൽ . അവിടെ അത് സ്വാഭാവികവുമാണ് . ഒരേ താല്പര്യങ്ങൾ ഒരേ ഇഷ്ടങ്ങൾ ഒരേ പോലെയുള്ള ചിന്തകൾ !" 
അയാൾ കഥ പറഞ്ഞു തുടങ്ങുമ്പോൾ മൈദൂറിന് മുന്നിയെ ഓർമ്മ വന്നു . 

വളർന്നു  നിൽക്കുന്ന ചോളവയലിലൂടെ അവനു  പിടി കൊടുക്കാതെ  ഓടുകയാണ് മുന്നി. തടങ്ങൾക്കിടയിൽ തളർന്നിരുന്ന മുന്നിയോടൊട്ടി അവനുമിരുന്നു . അവളുടെ കിതപ്പിന്റെ ശബ്ദം മേടക്കാറ്റിനേക്കാൾ ഉയർന്നു ചെവിയിൽ പതിച്ചു. ഉഷ്ണത്തിൽ , കിതപ്പിനിടയിൽ പെട്ടെന്ന് അവനവളുടെ പിൻകഴുത്തിൽ അമർത്തിച്ചുംബിച്ചു. ഇക്കിളിയോടെ ശക്തിയിൽ മുന്നിയൊന്നു ഇളകിയുലഞ്ഞു. ചോളവയലിൽ ധാന്യമണികൾ കൊത്തിച്ചികയുകയായിരുന്ന കരികിൽ കിളികൾ കൂട്ടത്തോടെ ശബ്ദമുണ്ടാക്കിക്കൊണ്ട്‌ ആകാശത്തേക്ക് പറന്നു പൊങ്ങി. വക്കു കൂർത്ത ഇലകളിലുരസി മുന്നിയുടെ കൈത്തണ്ടകളിൽ ചുവപ്പ് പൊടിഞ്ഞിരുന്നു. പുറത്തു കടക്കുമ്പോൾ കത്തുന്ന കണ്ണുകളോടെ നെടുവരമ്പിൽ ദാദിമാ നില്പ്പുണ്ടായിരുന്നു. 
" ഇബിലീസുകൾ " 

" കഴിഞ്ഞ വസന്ത കാലത്താണെന്ന് തോന്നുന്നു. അതെ, വസന്ത കാലത്തു തന്നെ. അപ്പോൾ ആംസ്റ്റർഡാമിൽ  ഫ്ലവർഷോ തുടങ്ങിയിരുന്നു. കേട്ടിട്ടുണ്ടോ ? വളരെ പ്രശസ്തമാണത് ". 
'അതെ ' യെന്ന അർത്ഥത്തിൽ മൈദൂർ വെറുതെ തലയാട്ടി . 
" മിസ്റ്റർ മൈദൂർ , ക്യു-കെൻഹൊഫിലെയും , ഫ്ലോരിയാഡിലെയും പുഷ്പവൈവിധ്യങ്ങൾ ഒരിക്കലെങ്കിലും നിങ്ങൾ കാണണം. എല്ലാ വർഷങ്ങളിലും ഞങ്ങളത് സന്ദർശിക്കാറുണ്ട് . പക്ഷെ അപ്രാവശ്യത്തെ യാത്ര ഇന്ത്യയിലേക്ക്‌ തന്നെ വേണമെന്ന് ആബെല്ലായാണ് നിർബന്ധം പിടിച്ചത് ". 

ശരിയാണ്. മുന്നിയുടെ നിർബന്ധമായിരുന്നു ഡൽഹി കാണണമെന്ന്. അതും ഹോളിയുള്ളപ്പോൾ തന്നെ . അങ്ങനെയാണ് ഞങ്ങൾ പോയതും . വർണ്ണാലംകൃതമായ തെരുവുകളിൽ മുന്നിയോടൊപ്പം നിൽക്കുമ്പോൾ പുതുലോകം പൂകിയ അനുഭൂതിയായിരുന്നു. വർണ്ണപ്പൊടികൾ  വാരിയെറിഞ്ഞും, പാട്ടുപാടിയും നൃത്തം ചെയ്തും തെരുവിൽ തിങ്ങി നിറഞ്ഞ മനുഷ്യർക്കിടയിൽ വർണ്ണങ്ങളിൽ കുളിച്ച് താനും മുന്നിയും. താനും മുന്നിയും മാത്രം !

ട്രെയിനിൽ നിന്ന് നിനച്ചിരിക്കാതെ  പൊട്ടിച്ചിരിയുയർന്നു. മൈദൂറൊന്നു ഞെട്ടി. ചിരിയുയർന്ന ഭാഗത്ത് ജാളൃത  മറക്കാനായി പരസ്പരം നോക്കിനിൽക്കുന്ന ആഫ്രിക്കനും, തെക്കൻ എഷ്യക്കാരിയുമായ രണ്ടു വിദ്യാർത്ഥിനികൾ. നേർത്ത പിങ്ക് ടോപ്പിനുള്ളിൽ ആഫ്രിക്കക്കാരിയുടെ എണ്ണക്കറുപ്പുള്ള ദേഹം നയനസുതാര്യമായിരുന്നു . ഒന്ന് രണ്ടു നിമിഷത്തോളം അവരെ ശ്രദ്ധിച്ച് റുഡോൾഫ് തുടർന്നു . 

" ഓരോരോ  തീരുമാനങ്ങൾക്ക് പിന്നിലും വ്യക്തമായ ഓരോരോ അടിസ്ഥാന ചിന്തയുണ്ടായിരിക്കും അല്ലെ മൈദൂർ ? പലപ്പോഴും നമ്മളത് അന്വേഷിക്കാറില്ലെന്നു മാത്രം . സ്റ്റെഫാനെയും ആബെല്ലായെയും സംബന്ധിച്ച് ചരിത്രത്തോടും , പൌരാണീകതയോടും , പൈതൃകങ്ങളോടുമുള്ള അഭിനിവേശം തന്നെയാണ് പ്രേരക ഹേതുവും. നൂറ്റാണ്ടുകളുടെ പഴക്കമുള്ള സംസ്കാരം, പൈതൃകം , ശില്പകലാവൈവിധ്യങ്ങൾ , വിഭിന്ന മത വിഭാഗങ്ങൾ , ആചാരാനുഷ്ടാനങ്ങൾ , എല്ലാത്തിലുമുപരി ദൈവമനുഗ്രഹിച്ച് നല്കിയ ഭൂമിശാസ്ത്രവ്യവസ്ഥ . ഇന്ത്യയേക്കാൾ മറ്റൊന്ന് അപ്പോൾ അവർക്കു മുന്നിൽ  ഉണ്ടായിരുന്നില്ല . നല്ല തയ്യാറെടുപ്പുകളോടെയാണ് ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ അവർ ഇറങ്ങിയത് "

റുഡോൾഫ് പറഞ്ഞു കൊണ്ടിരിക്കെ ഒരു ഹുങ്കാരത്തോടെ മേൽപ്പാലത്തിലൂടെ അമർന്നിഴഞ്ഞു പാഞ്ഞിരുന്ന ട്രെയിൻ ഇലക്ട്രിക് ട്യൂബുകൾ തിരിതെളിയിച്ചു വച്ച തുരങ്കത്തിലേക്ക് നൂഴ്ന്നിറങ്ങിക്കൊണ്ടിരുന്നു. 

മുമ്പൊരിക്കൽ ഇന്ദിരാഗാന്ധി റ്റെർമിനലിനു മുന്നിലൂടെ മൈദൂറും മുന്നിയും റിക്ഷയിൽ സഞ്ചരിച്ചിട്ടുണ്ട്. അന്നത്തെ യാത്രയുടെ അവസാനം കുത്തബ് മീനാർ ആയിരുന്നു. കാർമേഘങ്ങളെ പുൽകാനുഴറുന്ന മിനാറിന്റെ ചെങ്കുത്തായ മിനാരം ചൂണ്ടി മുന്നിയോടു പറഞ്ഞു . 
" ലോകത്തിലെ ഏറ്റവും വലിയ മിനാരമാണിത് !"
" നൊണ " 
അവളതു വിശ്വസിക്കുന്നില്ലെന്ന് തോന്നി . 
" സത്യം. പടച്ചോനാണെ സത്യം "
മുന്നിയുടെ പരൽനേത്രങ്ങളിൽ നക്ഷത്രക്കുഞ്ഞുങ്ങൾ പൂത്തുലഞ്ഞു . അവക്കിടയിൽ ചലിക്കുന്ന മേഘങ്ങൾക്കിടയിൽ നിന്ന് താഴെ വീഴാൻ വെമ്പുന്ന മിനാരം തെളിഞ്ഞു . 
" വലുതെന്നു പറഞ്ഞാലെത്ര ? "
" എഴാനാകശത്തോളം " താൻ പറഞ്ഞു . 
ഉള്ളിൽ ഉല്ലാസത്തിന്റെ പൂക്കാലം നെയ്ത് ഉയരങ്ങളെ നോക്കി നിന്ന മുന്നിയുടെ കാതോടു ചേർത്ത് മിനാരം ചൂണ്ടിപ്പറഞ്ഞു . 
" ദാ  കണ്ടോ അതിനു മുകളിലൂടെയാണ്‌ മലിക്കുകളും , ഹൂറിമാരും സ്വർഗ്ഗത്തീന്നു താഴോട്ടിറങ്ങി വരുന്നത്. ആകാശക്കിളിവാതിലുകൾ തുറന്ന് അവരിപ്പൊ നമ്മെ നോക്കിയിരിക്കയാവും . മലിക്കുകൾ ഹൂറിമാരോട് പറയും അതാ ഭൂമീല് നിങ്ങളെക്കാൾ മൊഞ്ചുള്ള ഹൂറിയെന്ന് " .

കുപ്പിവളകൾ കിലുങ്ങിപ്പൊട്ടുന്ന മാതിരി  മുന്നി ചിരിച്ചു. അവളുടെ കവിൾത്തടങ്ങളിലപ്പോൾ ചെന്താമര വിടർന്നു. മിനാറിന്റെ പന്ത്രണ്ടു മട്ടകോണുകളിൽ നിന്നും , ചാപങ്ങളിൽ നിന്നും അദൃശ്യ പ്രഭകൾ താഴേക്കിറങ്ങി വന്ന്  അവരിരുവരെയും വലയം ചെയ്യുന്നതായി മൈദൂറിനു തോന്നി.   മുന്നിയെ ദേഹത്തോടമർത്തി ഉത്തുംഗമായ വെണ്ണക്കൽ ശൃംഗങ്ങളിലേക്ക് മുഖമുയർത്തി മൈദൂർ പ്രാർത്ഥിച്ചു . 
'ആലമുൽ ഗൊയ്ബായ തമ്പുരാനേ. മലിക്കുൽ മൌത്ത് അടുക്കുവോളം, ദേഹത്ത് റൂഹുള്ള കാലത്തോളം ഞങ്ങളെ ഇണകളാക്കി പൊരുത്തപ്പെടേണമേ'
 " സുബ്ഹാനല്ലാഹ് " 
തടിച്ച മുത്തുകളുള്ള ജപമാലയിൽ ദിക്റുകൾ തിട്ടപ്പെടുത്തിക്കൊണ്ടിരുന്ന ഒരു വയസ്സനറബിയുടെ ശബ്ദമാണ്  മൈദൂറിന്റെ സ്വപ്നങ്ങൾക്ക് വിരാമമിട്ടത്. മൈദൂർ റുഡോൾഫിനോട് പറഞ്ഞു.

" ശരിയാണ്. ദൽഹി പൗരാണീക നഗരമാണ്. പുരാതന രാജവംശങ്ങളുടെ ശേഷിപ്പുകളുള്ള നഗരം. പുരാതന രീതിയിലുള്ള 'ഡിങ്കി'  ചന്തകൾ ഇന്നും പ്രശസ്തമാണ്. പക്ഷെ തമാശ അതല്ല. തലസ്ഥാന നഗരി മുഴുവനായി ഞാനിതു വരെ കണ്ടിട്ടില്ല . ഹ ഹ " 

മൈദൂർ ഉയർന്നു  ചിരിച്ചപ്പോൾ റുഡോൾഫ് ഒന്ന് മന്ദഹസിക്കുക മാത്രം ചെയ്തു. 
" അതെ അവരും ആദ്യമായാണ്‌. ഏതോ ട്രാൻസ്പോർട്ട് ഏജൻസിയിൽ നിന്ന് ഡ്രൈവടക്കം ഹയർ ചെയ്ത കാറുമായാണ് സ്റ്റെഫാനും ആബെല്ലായും യാത്ര തുടങ്ങിയത്. ജസ്വന്ത് എന്ന് പേരുള്ള ഒരു സർദാർ ആയിരുന്നു ഡ്രൈവർ.

നിരത്തുകൾ ഉണർന്നു തുടങ്ങിനു മുന്നേ അവർ യാത്രയാരംഭിച്ചു. തട്ടുകടകൾക്കും, പൂക്കടകൾക്കും, മുന്നി അല്പാല്പം തിരക്കുണ്ട്‌. ഓട്ടോറിക്ഷാകളും , അപരിഷ്കൃതമെന്നു തോന്നിക്കുന്ന സൈക്കിൾ റിക്ഷാകളും കൂടെ ചില വിദേശികളെയും അങ്ങിങ്ങായി കാണപ്പെട്ടു. തിരക്കേറിയാൽ ഇടുങ്ങിയ ഗലികളിലൂടെയുള്ള യാത്ര ദുഷ്കരമാവുമെന്ന ഓർമ്മപ്പെടുത്തലോടെ ജീവൻ വെച്ച് തുടങ്ങുന്ന ജൗളിക്കടകളെയും , കരകൗശലസ്ഥാപനങ്ങളെയും , സുഗന്ധദ്രവ്യക്കടകളെയും പിന്നിലാക്കി ജസ്വന്ത് കാർ മുന്നോട്ട് പായിച്ചു. ഒരു സ്വപ്നത്തുടർച്ചയിലെന്ന പോലെ ആബെല്ല ഓരോന്നും നോക്കിക്കണ്ടു . പലപ്പോഴും അവയൊക്കെ കുറിച്ച് വെക്കുകയും, ക്യാമറയിൽ പകർത്തുകയും ചെയ്തുകൊണ്ടിരുന്നു. 

ശിശിരം വിട പറഞ്ഞു പോയത് കൊണ്ടുണ്ടായ വിരഹത്തിന്റെ ചൂടേറ്റുവാങ്ങി ഭൂമി പഴുക്കാൻ തുടങ്ങിയിരുന്നു . തനിക്കു ചിരപരിചിതമായ വഴികളിലൂടെയാണ് ജസ്വന്ത് പോയിക്കൊണ്ടിരുന്നത്. പ്രാധാന്യമുള്ളയിടങ്ങളിൽ അയാളത് പ്രത്യേകം ഓർമ്മിപ്പിച്ചു. സഫ്ദർജങ്ങ് ടോമ്പും , ഇന്ത്യാഗേറ്റും , ലോധി ഉദ്യാനവും , കൽക്കിക്ഷേത്രവും കണ്ടു  കഴിഞ്ഞു ജസ്വന്ത് അവരെ നയിച്ചത് ബഹായ് ലോട്ടസ് റ്റെമ്പിളിലേക്കാണ്. 
 " ക്ഷേത്രം  ബഹായ്ക്കാരുടെതാണെങ്കിലും നാനാജാതി ആളുകളും ഇവിടത്തെ സന്ദർശകരാണ്‌. വിളക്കുകൾ പൂർണ്ണ മായി തെളിഞ്ഞു കഴിയണം അതിന്റെ പ്രൌഡി കാണാൻ. അപ്പോഴാണ്‌ കുംഭങ്ങളുടെ പൂർണ്ണതയും ദൈവീകതയും പ്രകടമാവുക ". ജസ്വന്ത് പറഞ്ഞു.


ഉദ്യാനത്തിലെ നടപ്പാതയിലൂടെ സ്റ്റെഫാനും ആബെല്ലയും ദേവാലയത്തിലേക്ക് കടക്കുമ്പോൾ സന്ധ്യ വീണിരുന്നു. നിയോണ്‍ വിളക്കുകളുടെ പ്രകാശം ഏറ്റു  വാങ്ങിക്കൊണ്ട് പത്മദലങ്ങൾ ഗാംഭീര്യത്തോടെ ഉയർന്നു നിന്നു. അവയെ കണ്‍നിറച്ചു കണ്ട്  രണ്ട് ഇണക്കുരുവികളായി മന്ത്രങ്ങളുടെ മുഖരിതധ്വനിയെയും, ജനസഞ്ചയത്തെയും, മാറിയകന്നു തീർത്ഥക്കുളങ്ങൾക്കൊന്നിനരികിൽ അവർ നിന്നു. 

" ഇവിടെ നിന്നോടൊപ്പം നിൽക്കുമ്പോൾ എവിടെയൊക്കെയോ മറന്നുവെച്ചവ എനിക്ക് തിരികെക്കിട്ടുന്ന പോലെ സ്റ്റെഫാൻ. നമ്മൾ എന്തെന്ന അറിവുകളുടെ പൊരുളറിയാൻ ദൈവങ്ങൾ പ്രത്യക്ഷപ്പെടും വരെ നമുക്കിവിടെ നിശ്ചലമായി നില്ക്കണം ". 
പ്രേമപൂർവ്വം  സ്റ്റെഫാൻ അവളെ  നോക്കി . കനം  കുറഞ്ഞ പ്പൂപ്പൻ താടികൾ പോലെ അന്തരീക്ഷത്തിൽ സ്ഫുരിക്കുന്ന ജപധാരകളിലേക്ക് അവർ പറന്നു പൊങ്ങി.
"ഞാൻ വളരെ ഭാഗ്യവതിയാണ് സ്റ്റെഫാൻ. ഒരുപാടൊരുപാട്. നിന്റെയീ കരവലയങ്ങൾക്കുള്ളിൽ നൂറ്റാണ്ടുകളോളം കുടി കൊള്ളണമെനിക്കു"

തമസ്സിന്റെ വിദൂര ഗർത്തങ്ങളിലെങ്ങോ ശിലകളായി നിലകൊള്ളുന്ന സ്റ്റെഫാനെയും ആബെല്ലായെയും കുടിയിരുത്തിയ മനസ്സ് വിട്ട് സമയകാലങ്ങളിലേക്ക് ഒമർ മൈദൂർ വീണ്ടുമുണർന്നു. മണി ആറാവുന്നതേയുള്ളൂ. റുഡോൾഫ് തല കുനിച്ചിരുന്നു എന്തോ ആലോചനയിലായിരുന്നു. അൽഗുബൈബായിലെക്കു ഒന്ന് രണ്ടു സ്റ്റോപ്പുകൾ കൂടിയേ ഉള്ളൂ എന്നയാളെ ഓർമ്മിപ്പിച്ചു. 

മൂന്നാമത്തെ ദിവസം അവസാനിക്കാറാവുമ്പോഴാണ്‌ ഡൽഹിയോട് വിട പറഞ്ഞ് ശില്പചാതുരിയുടെ മൂർത്തീമദ്ഭാവങ്ങളിലൊന്നായ പിങ്ക് സിറ്റിയിലേക്ക് അവർ യാത്രയായത്. കുറഞ്ഞ സമയം കൊണ്ട് ജസ്വന്ത് അവരിലൊരാളായി മാറിക്കഴിഞ്ഞിരുന്നു. വാഹനമോടിക്കുന്നതിനിടയിൽ സ്റ്റിയറിംഗ് വീലിൽ താളം പിടിച്ചു അയാളേതോ പഞ്ചാബിഗാനം മൂളിക്കൊണ്ടിരുന്നു. അതിന്റെ അർത്ഥമെന്തെന്ന സ്റ്റെഫാന്റെ  ചോദ്യത്തിന് നാടിന്റെ ചരിത്രമുൾക്കൊള്ളുന്ന വരികളാണെന്ന് ജസ്വന്ത് ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു. അത് കേട്ട് സ്റ്റെഫാനും കൂടെപ്പാടാനൊരു ശ്രമം നടത്തി . വികലമായി ശബ്ദമുയർന്നപ്പോൾ അവരിരുവരും പൊട്ടിച്ചിരിച്ചു .

" ജസ്വന്ത് , ഈ ചരിത്രത്തിന്റെ ചില ഭാഗങ്ങൾ എഴുതിച്ചേർക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം. ആബെല്ലായും സ്റ്റെഫാനും കൂടി ഈ മണ്ണിന്റെ പുരാവൃത്തങ്ങളിൽ ഉൾപ്പെടട്ടെ. നാം കണ്ട ശിലാലിഖിതങ്ങൾ പോലെ ഞങ്ങളും നിങ്ങളുടെ ചരിത്രത്തിൽ. എന്ത് പറയുന്നു ജസ്വന്ത്?"

 " തീർച്ചയായും തീർച്ചയായും"

ജസ്വന്ത് കൂടുതൽ ഉല്ലാത്തോടെ ഇരുഭാഗത്തും നീണ്ടു കിടക്കുന്ന വയലേലകൾക്കു നടുവിലെ വളഞ്ഞു പുളഞ്ഞു പോകുന്ന പാതയിൽ കനത്തു തുടങ്ങുന്ന ഇരുളിലൂടെ വാഹനം അനായാസം പായിച്ചു കൊണ്ടിരുന്നു. തുറന്നിട്ട വിൻഡോയിലൂടെ അകത്തു കടക്കുന്ന കാറ്റിന്റെ തലോടലിൽ ആബെല്ലയും സ്റെഫാനും മയക്കത്തിലേക്ക് വീണു. വാഹനം വലിയൊരു വളവു തിരിഞ്ഞു ജനങ്ങൾ തിങ്ങിയ ഒരു കവലയിലേക്കു കടന്നു. ഒട്ടും നിനച്ചിരിക്കാതെയാണ് യാത്രയുടെ എല്ലാ സന്തോഷങ്ങളെയും കരിച്ചു കൊണ്ട് കനത്ത തീക്കാറ്റു വീശിയത്. ഒരടി മുന്നോട്ടു പോവാനാവാതെ മുൾക്കമ്പികൾക്കിടയിൽ കുടുങ്ങിയത് പോലെ വണ്ടി നിന്നു. മുന്നിൽ കത്തിക്കൊണ്ടിരിക്കുന്ന വാഹനങ്ങളും, കടകളും! തീജ്വാലകൾക്കിടയിലൂടെ കൈകളിൽ പന്തങ്ങളും വിവധ വിധത്തിലുള്ള ആയുധങ്ങളുമായി പരക്കം പായുന്ന ജനങ്ങൾ. ആക്രോശങ്ങളും നിലവിളികളും മാത്രം നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷം. പേടിപ്പെടുത്തുന്ന അക്കാഴ്ചകൾ നോക്കിക്കാണ്‍കെ അക്രമികളിൽ നിന്നൊരു കൂട്ടം അവരുടെ കാറിനു നേരെയും പാഞ്ഞടുത്തു. ആബെല്ലയും സ്റെഫാനും ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. വാഹനത്തിൽ നിന്നു ഇറങ്ങിയോടുകയെന്നത് മാത്രമേ അവർക്ക് അപ്പോൾ ചെയ്യാനുണ്ടായിരുന്നുള്ളൂ. പ്രാണഭയത്താൽ നിലവിളിച്ചു കൊണ്ടവർ ഇരുളിലേക്കോടി. എവിടെ നിന്നോ പൊട്ടിവീണ നാലഞ്ചു പേർ ജസ്വന്തിനെ വളഞ്ഞു. അയാളിൽ നിന്ന് ഉച്ചസ്ഥായിയിലൊരു നിലവിളി ഉയർന്നു.
  
" എന്നിട്ട്?"

"വാർത്തകളിൽ നിന്നു അറിയാൻ കഴിഞ്ഞത്. അന്നത്തെ കലാപത്തിൽ മരിച്ചവർ ആയിരങ്ങളാണെന്നാണ്. ഇതാ നോക്കൂ ഇതാണ് സ്റെഫാണ് കിട്ടിയ സമ്മാനം"

തുടർന്ന് റുഡോൾഫ് സ്റ്റെഫാനെ അടുത്തു വിളിച്ചു. അയാളുടെ നീളൻ കുപ്പയത്തിനുള്ളിലെ കൈകളി ഇടതു ഭാഗത്തുള്ളത് കൃത്രിമക്കൈയാണെന്ന് അപ്പോഴാണ്‌ മൈദൂർ അറിഞ്ഞത്. 

"ഇന്ത്യ ഈസ്‌ എ നൈസ് കണ്‍ട്രി"  
അങ്ങനെ പറഞ്ഞു കൊണ്ട് നിറകണ്ണുകളോടെ സ്റെഫാൻ ചിരിച്ചു. കത്തി കൊണ്ട് ആരോ മുറിവേൽപ്പിച്ച പോലെ വേദനയോടെ മൈദൂർ ഇരുന്നു.

"ആബെല്ല?"

അറിയില്ല എന്ന രീതിയിൽ കൈയും തലയുമിളക്കി കൊണ്ട് റുഡോൾഫ് മിണ്ടാതിരുന്നു. മടുപ്പിക്കുന്ന മൌനം അവർക്കിടയിലേക്ക് നുഴഞ്ഞുകയറിയത് വളരെപ്പെട്ടെന്നാണ്.  'അൽഗുബൈബ'. ശബ്ദത്തോടൊപ്പം സ്ക്രീനിൽ പേരു തെളിഞ്ഞു. ഓൾഡ്‌ സൂഖിലൂടെ പുറത്തേക്ക് നടക്കുമ്പോഴും ആരും പരസ്പരം മിണ്ടുകയുണ്ടായില്ല. അബ്രയിൽ ഉല്ലാസ സവാരിക്കായുള്ള നൗകയിലൊന്നിലേക്കു അവർ നാലുപേരും കയറിയിരിക്കുന്നത് വരെ മൈദൂർ അവിടത്തന്നെ നിന്നു. ചുഴികളെത്തള്ളി ബോട്ട്  അകന്നു പോയി.  
മൈദൂർ കെട്ടിടങ്ങൾക്കിടയിലൂടെ നടന്നു . കെട്ടിടങ്ങൾക്കിടയിൽ പള്ളിമിനാരങ്ങളിൽ നിന്ന് ബാങ്ക് വിളി ഉയരുന്നു. "പ്രാർത്ഥനയിലേക്ക് വരുവീൻ. രക്ഷയിലേക്കു വരുവീൻ"
" ജിന്നുകളെയും , ഇൻസുകളെയും , ചരാചരങ്ങളെയും പോലെ മിനാരങ്ങളെയും പടച്ച തമ്പുരാനേ. പിശാചുക്കളോടെതിരിടാൻ  ഇന്നുവരെ ജനിച്ചു മരിച്ച പരകോടി മനുഷ്യരെപ്പോലെ  ഒമർ മൈദൂറും അശക്തനാണ്" 
മൈദൂർ പ്രാർത്ഥനക്കായി മസ്ജിദിന്റെ പടവുകൾ കയറി.