Jun 8, 2013

ദൈവം മരിച്ച നാൾ

ഇ - മഷി വെബ് മാഗസിൻ  ( പത്താം പതിപ്പ് / ജൂണ്‍ - 2013)


അശാന്തമായ ജീവിതയാത്രകളെ കുറിച്ച് ചിന്തിച്ചു കൊണ്ടാണ് റോഡു മുറിച്ചു കടന്നത്. പുറകിൽ നിന്നാരോ ആഞ്ഞു തൊഴിച്ചെന്ന പോലെ ഞാൻ വായുവിലേക്കുയർന്നു. അതോ ഭീമാകാരനായ ഒരു കാലൻകോഴി എന്നെ കൊത്തിപ്പറക്കുകയായിരുന്നോ? ഒരപ്പൂപ്പൻ താടി കണക്കെ കനം കുറഞ്ഞ് അന്തരീക്ഷത്തിലൂടെ ഉലയുന്നതിനിടയിൽ കാഴ്ചകളൊന്നും വേർതിരിച്ചെടുക്കാനായതുമില്ല. റോഡരികിൽ അഴുകിക്കിടന്ന ഏതോ ശവശരീരം കൊത്തി വലിക്കുന്ന കാക്കകൾ ഇലക്ട്രിക് കമ്പികളിലും, കൈവരികളിലും , കലുങ്കിലുമെല്ലാം ചെന്നിരുന്നു ബഹളം കൂട്ടി . പിന്നെപ്പിന്നെ ഞാനീ പുൽത്തകിടിയിൽ വന്നു വീണു.

മുന്നിൽക്കാണുന്ന റോഡു സന്ധിക്കുന്ന  പഴയ പാലം കടന്നാണ് ഞാൻ വന്നത്. പാലത്തിനു താഴെ പൊള്ളുന്ന മണൽത്തരികളെച്ചേർത്തു പിടിച്ച് നീണ്ടു വളഞ്ഞ പുഴ ശയനം കൊണ്ടു. പുഴ മണൽത്തട്ടുകൾക്കിടക്ക് ചെറിയ ചെറിയ നീരൊഴുക്കുകൾ. റോഡു വിജനമായിരുന്നു. വീതിക്കുറവുള്ള  റോഡിലൂടെ ഗതാഗതം വിരളവുമാണ്. മേടത്തിലെ 
മഴപോലെ അപ്രതീക്ഷിതമായി കടന്നു വരുന്ന വാഹനങ്ങളുടെ ഘനസ്പർശങ്ങളിൽ ദീനമായി ഞരങ്ങുന്ന പാലം. തൊട്ടു മുന്നിലായി നീങ്ങുന്ന നാടോടികളായ അച്ചനിലും അയാളുടെ ചുമലിൽ  ഇരിക്കുന്ന മകനിലുമായിരുന്നു എന്റെ ശ്രദ്ധ. 
"എന്താണച്ചാ അക്കാണണത് ?" മകൻ ചോദിക്കുന്നു.
"അത് വണ്ടികള് മണലൂറ്റണതാണ്"
"അതല്ല അപ്പറത്ത്"
"അതോ ... അതാണ്‌ കടവ്"
" കടവോ .. കടവിലെന്താ ത്യോണില്ല്യാത്തൂ"
"വെള്ളല്ല്യാണ്ടെന്തിനാണ്ടാ തോണി?"
"അതെന്താ പോഴേല് വെള്ളംല്ല്യാത്തെ?"
"മഴല്ല്യാണ്ടെങ്ങനേണ്ടാ വെള്ളംണ്ടാവാ" 
"എന്താച്ചാ മഴല്ല്യാത്തെ?"
"മരല്ല്യാത്തോണ്ട്"
"എന്നട്ട്, മ്മളവടെ കണ്ട കെണറില് വെള്ളണ്ടല്ലോ"
"ഞ്യൊന്നു മുണ്ടാണ്ടിരിക്ക്ൻണ്ടാ "
ഒടുങ്ങിത്തീരുന്ന യാഥാർത്യങ്ങളിൽ അയാൾക്ക് ഉത്തരം മുട്ടി. അയുക്തമായ ഉത്തരങ്ങൾക്കു കാത്തു നിൽക്കാതെ കുട്ടി മൂകനാവുകയും ചെയ്തു.
1
പുൽത്തകിടിയിൽ വീണു കിടന്ന എനിക്ക് തൊട്ടടുത്തായി ഒരലർച്ചയോടെ വാഹനം ബ്രേക്കിട്ടു. അതിനുള്ളിൽ നിന്ന് അപ്പോഴും പെരുമഴയായി പുറത്തേക്കൊഴുകിയ സംഗീതം എന്നെ വല്ലാതെ ആലോസരപ്പെടുത്തി. കാറിന്റെ എ. സി . യുടെ ശീതവും, പുകയും തങ്ങി നിന്ന പാർശ്വഭാഗ വിൻഡോകളിലൊന്ന്‌ താഴേക്കൂർന്നിറങ്ങി. ഉള്ളിലെ തണുപ്പിൽ നിന്ന് ഒരു യുവാവും യുവതിയും എന്നെ നിസ്സാരമായി നോക്കുന്നത് ഒരു മിന്നായം പോലെ ഞാൻ കണ്ടു. അൽപനേരം മാത്രം. അനങ്ങാൻ വയ്യാത്ത പരുവത്തിൽ എന്നെയവിടെയുപേക്ഷിച്ച് വാഹനം പാഞ്ഞു പോയി.

എന്തു കൊണ്ടോ, അവളെയും അവളോടൊപ്പമുള്ള ഞങ്ങളുടെ കുഞ്ഞുങ്ങളെയും അപ്പോൾ ഞാനോർത്തു പോയി. മുളങ്കൂട്ടങ്ങളും, കാട്ടുവള്ളികളും ഇഴപിരിഞ്ഞു കിടക്കുന്ന, ഒറ്റപ്പെട്ടു നിൽക്കുന്നൊരു സ്ഥലത്താണ് താമസം. സാമൂഹികദ്രോഹികളും, കാട്ടു ജന്തുക്കളും, ഭ്രാന്തൻ പട്ടികളും യഥേഷ്ടം വിഹരിക്കുന്നയിടമാണ്. പേടിക്കേണ്ട കാര്യം തന്നെ. നേരത്തെ തന്നെ ഞാനെത്താറുമുള്ളതാണ്ഇന്നിപ്പോ, അവളും മക്കളും ആലാതികളുടെ നടുപ്പറമ്പിലായിരിക്കും.

2
മെമ്പർ ഗംഗാധരേട്ടൻ ദൂരെ നിന്ന് നടന്നു വരുന്നത് ഞാൻ കാണുന്നുണ്ട്. ഗംഗാധരേട്ടൻ ഹൗസിംഗ് കോളനി അസോസിയേഷൻ പ്രസിഡണ്ട് കൂടിയാണ്. കഞ്ഞിപ്പശയുടെ വാറ്റു കുടിച്ച് എഴുന്നു നിൽക്കുന്ന മുണ്ടും ജൂബായും, കൈയിലും, കഴുത്തിലുമുള്ള സ്വർണ്ണച്ചെയിനുകളും, വില കൂടിയ വാച്ചുമാണ് അദ്ദേഹത്തിന്റെ അടയാളങ്ങൾ. ഒരോരുത്തർക്കും ഓരോരോ അടയാളങ്ങളുണ്ട്. പീലിപ്പോസേട്ടന് കട്ടിയുള്ള പുരികവും ദേഹം മുഴുവൻ രോമങ്ങളുമാണെങ്കിൽ, അമ്മത് ഹാജിക്ക് മുറിയൻ തുണിയും വെള്ളത്താടിയുമാണ്. ടോണിക്കുട്ടിക്ക് അയഞ്ഞ കുപ്പായവും, ഇറുകിയ ജീൻസുമാണെങ്കിൽ ദേവകിക്ക് വലിയ മുലകളും ചന്തിയുമാണ് അടയാളങ്ങൾ. അരവിന്ദനാകട്ടെ കാട്ടു കുറുക്കന്റെ കണ്ണുകളും, ദൃഡമായ ദേഹവുമായിരുന്നു. വസ്ത്രങ്ങളിൽ, നിറങ്ങളിൽ, രൂപങ്ങളിൽ ഒക്കെ പ്രതിഫലിച്ചു നിൽക്കുന്ന അടയാളങ്ങൾ !
പരോപകാരിയും, പൊതു പ്രവർത്തകനുമായ ഗംഗാധരേട്ടനോട് ബഹുമാനമാണെല്ലാർക്കും. മാർക്സിന്റെ കമ്മ്യൂണിസവും, സ്റ്റാലിന്റെ റഷ്യയെയും, ചീനയെയുമൊക്കെ കുറിച്ച് ഘോര ഘോരം പ്രസംഗിക്കുന്നയാളാണ്. എന്നെക്കുറിച്ചും പറഞ്ഞിട്ടുണ്ടൊരിക്കൽ. 

 ഇത്തിരി മുമ്പാണത്. ഹൌസിംഗ് അസോസിയേഷന്റെ വാർഷികമേളയുടെ അന്ന്. വലിയ ജനസഞ്ചയമുണ്ടായിരുന്നു. എല്ലാവർക്കും  പുറകിലായി  പപ്പുമേസ്ത്രിയുടെ  ചേനയും, ചേമ്പും, വാഴകളും നിറഞ്ഞ തൊടികയിൽ നീർമാതളച്ചെടിക്കടുത്താണ് ഞാൻ നിന്നിരുന്നത്. രാമപ്പട്ടേരിയുടെ തോട്ടത്തിലെ അടയ്ക്കാമരത്തിൽ സ്ഥാപിച്ച മൈക്കിലൂടെ ഞാനും കേട്ടു. എന്റെ സാഹസത്തിന്റെയും സമർപ്പണത്തിന്റെയും കഥ. കോളനികേൾക്കെ, കവലകേൾക്കെ, ഗംഗാധരേട്ടനതു പറയുമ്പോൾ അന്നത്തെ ആ രംഗം എനിക്കോർമ്മ വന്നു. 

ഇരുളിലെ നിഴൽത്തലപ്പുകളിൽ നിന്ന് കിതപ്പിന്റെ വന്യമായൊരു ശബ്ദമാണ് ഞാൻ കേട്ടത്. ഉണങ്ങിയ ഇലകളും, മണ്ണും, ചരൽക്കല്ലുകളും കാലടികളിൽ ഞെരിഞ്ഞമരുന്നു.
"ആരാത്?" ഞാൻ ചോദിച്ചു.
"ടപ് ...ടപ്"
"ആരാന്നാണ് ചോദിച്ചത്?"
കാലടികൾ മുന്നോട്ടു നീങ്ങുന്നത്‌ പോലെ തോന്നി. നിനച്ചിരിക്കാതെ രൂപങ്ങൾ എന്റെ നേർക്ക്‌ കുതിച്ചു. ഊക്കോടെ ഞാനൊന്നുയർന്നു. ഇരുളിൽ, ഉൾക്കണ്ണിന്റെ പരിചയങ്ങളിൽ കായങ്ങൾ മുറുകി. അന്നത്തെ മൽപ്പിടുത്തത്തിൽ എന്റെ നെറ്റിയിലും,വലതു കൈയിലും ആയുധം കൊണ്ട് മാരകമായി മുറിവു പറ്റിയിരുന്നു. അവർ ഒന്നിൽ കൂടുതൽ പേരുണ്ടായിരുന്നിട്ടും ഒരാളെ ഞാൻ കീഴ്പ്പെടുത്തുക തന്നെ ചെയ്തു. അതാണപ്പോൾ ഗംഗാധരേട്ടൻ അനുസ്മരിച്ചത്‌. 
"ന്റെ തമ്പ്രാക്കളേയ്"
നീർമാതളത്തെ ഒന്നുലച്ചു പാഞ്ഞ ചെറുകാറ്റ് എന്നെ തഴുകി. കാറ്റിന്റെ കരസ്പർശങ്ങളിൽ ആടിയുലഞ്ഞ മാവിൻ ചില്ലകളിലൊന്നിൽ നിന്ന് മുഴുത്തു ചുവന്നൊരു മാമ്പഴം താഴെ വീഴുന്നത് ഞാൻ കണ്ടു . ചപ്പിലകൾക്കിടയിൽ നിന്ന് കരിയിലക്കോഴികൾ മെലിഞ്ഞ കാലുകൾ ചിക്കി ഓടിയകന്നു. 

3
ഓർമ്മകളുടെ നിറബാഹുല്യത്തിൽ നിന്ന് ഗംഗാധരേട്ടൻ മുന്നിലൂടെ അകന്നു നീങ്ങിപ്പോയി. റോഡു ശമിക്കുന്ന വളവു വരെ എന്റെ കണ്ണുകൾ അദ്ദേഹത്തെ പിന്തുടർന്നു. അദ്ദേഹമെന്നെ നോക്കിയത് പോലുമില്ലെന്നത് എന്നെ വേദനിപ്പിക്കുന്നുണ്ട്‌. ഇരുട്ടിന്റെ പുറ്റുകളിൽ നിന്ന് കറുത്ത പാളികൾ പിച്ചവെച്ച് ചിന്തകളെ മൂടിക്കളയുകയാണ്. ' കണ്ടാലടുത്തു വരുമെന്ന ചിന്ത വെറുതെയായി. ഹൗസിംഗ് കോളനിയിലെ നന്ദിയുള്ള ഒരു പരിചാരകനായി ദിനേന ജോലിയിൽ വ്യാപൃതനായ എന്നെ ഞാൻ ഒന്നോർത്ത് നോക്കി.
ഒക്കത്തൊരു കിടാവും കയ്യിലൊരു മഞ്ഞനിറമുള്ള പ്ലാസ്റ്റിക് സഞ്ചിമായി മുഷിഞ്ഞ വസ്ത്രങ്ങളണിഞ്ഞ നാടോടി സ്ത്രീ എന്റെ മുന്നിലൂടെ  നടന്നകന്നു. കിടാവ് എന്തോ ഒരു ഭക്ഷണശകലം എന്റെ നേർക്കെറിഞ്ഞു. ഞാനത് നോക്കിയില്ല. 

ശാന്തമല്ലാത്ത ഒരാധി നാഡീ ഞരമ്പുകൾക്കിടയിലൂടെ അതിന്റെ പ്രഭവസ്ഥാനം തേടിയലയുന്നു. മുമ്പെങ്ങും തോന്നിയിട്ടില്ലാത്ത തരത്തിൽ. ശങ്കകൾ കാനൽ വീണു മണ്ണിൽ രൂപപ്പെടുന്ന ചെറുകുഴികളായി പിന്നീട്  ഗർത്തങ്ങളായി വളർന്നു കൊണ്ടിരിക്കുന്നു. ശ്രദ്ധിക്കുക പോലും ചെയ്യാതെ ഗംഗാധരേട്ടൻ പോയതു കൊണ്ടാണോ? അല്ല. ആവില്ല. അല്ലെങ്കിൽ അതിനു പുറകെ ബൈക്കിൽ പാഞ്ഞു പോയ റഷീദും, വിലയേറിയ കാറിലിരുന്നു എന്നെ ഒന്ന് നോക്കുക മാത്രം ചെയ്ത ടൈറ്റസ്സും കുടുംബവും, മറ്റു പലരും  പോയപ്പോഴും അങ്ങനെ തോന്നേണ്ടതല്ലേ ? അതുകൊണ്ടാവില്ല! 

4
മുന്നിലെ വളവു തിരിയുന്നിടത്ത് സ്കൂൾ ബസ്സു വന്നു നിൽക്കുന്നത് കാണുന്നുണ്ട്. റോസും, മോളിയും, ബെറ്റിയും, മുന്നയും അപ്പുക്കുട്ടനുമെല്ലാം സ്കൂൾ ബാഗുകളും, ചോറ്റുപാത്രങ്ങളും താങ്ങി ആയാസകരമായി അവരവരുടെ വീടുകളിലേക്കു നീങ്ങുന്നു. അവരെന്നെ കണ്ടിട്ടില്ല. എനിക്കുറപ്പാണത്. കണ്ടാലുടനെയെത്തും. ജന്മാന്തരങ്ങളെ കടന്നൊരു ബന്ധം ഞങ്ങൾക്കിടയിലുണ്ടെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. അവർക്കൊപ്പം ഒരു കുട്ടിയായി മാറുന്ന സന്ദർഭങ്ങളിലാണത്. 
"ഡാ അപ്പൂ , ആനത്തുമ്പി. പിടിയെടാ"
"ശ് ... ശ്.... ഒച്ചേണ്ടാക്കല്ലേ"
"ബെറ്റീ .. കിട്ടിയെടീ .. കിട്ടിപ്പോയി"
"ദേ അതിന്റെ കണ്ണ് നോക്ക്യേടാ"
"ശ്ശോ - പാവം! ഡാ . കല്ലെടുപ്പിക്കാണ്ട് അതിനെ വിട്ടേ" കൂട്ടത്തിൽ മുതിർന്ന മോളിയാണ്.
"വേണ്ട"
"ങാ .... മരിച്ചു കഴിഞ്ഞാ ദൈവം നിന്നെക്കൊണ്ടു തീക്കല്ലെടുപ്പിക്കും നോക്കിക്കോ!"
"ഉവ്വാ .. മരിച്ചു കഴിഞ്ഞട്ടല്ലേ ... ആയിക്കോട്ടെ"
"മരിച്ചു കഴിഞ്ഞാ ദൈവം മ്മളെ തുമ്പിയാക്കി ഭൂമീക്കയക്കും. എന്നട്ട് കുട്ട്യോള് മ്മളെ പിടിച്ചു കല്ലെടുപ്പിക്കും ല്ലേ?" റോസിന്റെ കളങ്കമില്ലാത്ത കുഞ്ഞുവാക്ക്.
"ആയിക്കൊട്ടേന്നു" അപ്പു വിടുന്നില്ല.
"ഡ ! വിടെടാ അതിനെ"
"ഓടിക്കോ"
ഇപ്പോഴും ഒന്നുച്ചത്തിൽ അവരെ കൂവി വിളിക്കണമെന്നെനിക്കുണ്ട്. കഴിയുന്നില്ല, എന്റെ പകലുകളുടെ തിരി തെളിയുന്നത് യഥാർത്ഥത്തിൽ അവരൊന്നിച്ചാണ്. സ്കൂൾ ബസ്സുകളിൽ ഓരോരുത്തരെയും കൃത്യമായി കയറ്റി വിടുന്നത് തൊട്ടാണ് ജോലിയാരംഭിക്കുന്നത്. അതു വളരെ ജാഗ്രതയോടെയും, കണിശതയോടെയും ചെയ്യേണ്ടതാണെന്ന് എനിക്കറിയാം. അതിനു ശേഷം മാത്രമേ മറ്റു മറ്റു ദിനചര്യകളിലേക്ക് ഞാൻ നീങ്ങാറുള്ളൂ. 

5
ഹൌസിംഗ് കോളനിയിലെ ഓരോരോ വീടുകളും ഓരോരോ വഴികളും നിത്യവും തുറന്നു നോക്കുന്ന ഒരു പുസ്തകത്തിന്റെ താളുകൾ പോലെ സുപരിചിതമാണിപ്പോൾ. കോളനിയിലെ ഓരോ മനുഷ്യരും ഒരു ബന്ധുവിനോടെന്ന പോലെ പെരുമാറുന്നു എന്നേ 
തോന്നിയിട്ടുള്ളൂ. അമ്മദുഹാജിയും, പീലിപ്പോസേട്ടനും, അന്നാമ്മച്ചേടത്തിയും, കിരണും, ഫസലുമെല്ലാം അങ്ങനെ തന്നെ. പക്ഷെ, അരവിന്ദന്റെയുള്ളിൽ കെടാതെ ബാക്കി നിന്ന പകയുടെ കനലുകൾ ആ കുറുക്കൻ കണ്ണുകളിലൂടെ എനിക്ക് നേരെ വീഴുന്നത് പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട്. അതിനൊരു കാരണമുണ്ട്.

മഴ കനത്ത അന്നത്തെ ആ ദിവസം. ഭൂമിയുമാകാശവും പെരുമഴയിൽ തണുത്തുറഞ്ഞു. മതിലിനും മരങ്ങൾക്കും മറപറ്റി വരുന്ന  എന്നോട് വഴിയിൽ വെച്ച് പീലിപ്പോസേട്ടൻ പറഞ്ഞു. 
" എടോ ഞങ്ങളിത്തിരി ദൂരം പോകുവാ, അന്നാമ്മയെയോന്നാശൂത്രീ കാണിക്കണം. വീട്ടിലേക്കു നിന്റെയൊരു കണ്ണ് വേണം" 
അതെ' എന്ന് തലയാട്ടിക്കാണിച്ചു കെട്ടി നിൽക്കുന്ന വെള്ളത്തിൽ കുനുകുനെ തുള്ളികൾ വീഴ്ത്തുന്ന മഴപ്പാറലിലൂടെ ഞാൻ മുന്നോട്ടു നീങ്ങി. കോളനിക്കങ്ങേയറ്റത്തു ബോഗണ്‍ വില്ലകളാൽ മൂടപ്പെട്ടു കിടക്കുന്ന പീലിപ്പോസേട്ടന്റെ വീട് ലക്ഷ്യമാക്കി ഞാൻ നടന്നു. വാതിലുകളും ജന്നലുകലുമെല്ലാമടച്ച് ഭദ്രമാക്കിയ നിലയിലായിരുന്നു വീട്. മുന്നിലെ പാഷൻ ഫ്രൂട്ട് വള്ളികൾ പടർന്നു കയറിയ ചുറ്റുമതിലിനോട് ചേർന്ന് കെട്ടിയുയർത്തിയ കാർപോർച്ചിലെ ചൂരൽകസേരയിൽ ഞാനലസമായി ചാരിക്കിടന്നു. ചെറുതുള്ളികളും, തണുത്ത കാറ്റും ദേഹത്ത് കുളിര് കൊരിയെരിഞ്ഞു കൊണ്ടിരുന്നു. കരിങ്കാറുകൾ നിറഞ്ഞ വാനം എന്നെ ഭയപ്പെടുത്താനായി ഇടയ്ക്കിടെ കൊള്ളിയാനുകൾ എറിഞ്ഞു. 
"ക്ടിം"
പെട്ടെന്നൊരു ശബ്ദത്തോടെ ചായ്പിനോട് ചേർന്ന് ജന്നല്പാളി പതിയെത്തുറന്നു. കണ്ണും കാതും അങ്ങോട്ട്‌ തന്നെ കൂർപ്പിച്ചു വെച്ചു . അനക്കങ്ങളും പതിഞ്ഞ സംസാരങ്ങളും വളരെത്താഴ്ന്ന സ്ഥായിയിൽ എനിക്ക് ശ്രവിക്കാൻ കഴിയുന്നുണ്ട്. എന്റെയുള്ളിൽ നിന്ന് പോർവിളി മുഴങ്ങിക്കഴിഞ്ഞു. വീടിനുള്ളിൽ നിഴലുകൾ അനങ്ങുന്നു.

' ഈശ്വരാ, ആളില്ലാത്ത തക്കം നോക്കി ആരോ അകത്തു കയറിയിട്ടുണ്ട്. അതും പട്ടാപ്പകൽ! ഉടനെ എന്തെങ്കിലും ചെയ്തേ മതിയാവൂ. അകത്തു ഒന്നിലധികം ആളുകളുണ്ടെന്നാണ്തോന്നുന്നത്. കയ്യിൽ ആയുധങ്ങളും കണ്ടേക്കാം. ഒറ്റയ്ക്ക് നേരിടുന്നതത്ര പന്തിയല്ലെന്ന് ആരോ ഉണർത്തിക്കൊണ്ടിരിക്കുന്നു. വെട്ടിയും, കത്രിച്ചും ഭംഗിയാക്കി നിറുത്തിയ കുറ്റിച്ചെടികൾക്കിടയിലൂടെ പതുങ്ങി ഗേറ്റിനടുത്തെക്ക് നടന്നു. ടെറസ്സിനു മുകളിലും, തെങ്ങോലകളിലും, പറമ്പിലെ പൊടി മണ്ണിലും ഛന്നം പിന്നം പെയ്യുന്ന ചാറ്റൽ മഴ വകവെക്കാതെ ആളുകൾ കേൾക്കെ ഞാനുറക്കെ വിളിച്ചു കൂവി.
"പീലിപ്പോസേട്ടന്റെ വീട്ടില് കള്ളൻ .... കള്ളൻ"
വീടിനു മുന്നിൽ ജനങ്ങൾ നിറഞ്ഞു കൂടിയത് വളരെപ്പെട്ടെന്നാണ്. ആൾക്കൂട്ടത്തിൽ നിന്ന് ഞാൻ പുറംതള്ളപ്പെട്ടു. 
"പോലീസിനെ വിളിക്ക് , പെട്ടെന്ന് പോലീസിനെ വിളിക്ക് .."
എല്ലാവരെയും നിശ്ശബ്ദരാക്കിക്കൊണ്ട്  മുൻവശത്തെ വാതിൽ  മലർക്കെ തുറന്നു. 
" ടെസ്സ !"
പീലിപ്പോസേട്ടന്റെ ഡിഗ്രിക്ക് പഠിക്കുന്ന ഒരേയൊരു മോള്. 'ഇവളിന്നു കൊളേജീപ്പോയില്ലേ?' കറുപ്പിൽ പിങ്ക് പൂക്കളുള്ള ഗൌണിനു മുകളിൽ പൂമ്പാറ്റകളുടെ ചിത്രം തുന്നിയ ഷാൾ അമർത്തിപ്പിടിച്ചു കൊണ്ട് ടെസ്സ ചാരുപടിക്കടുത്തേക്ക് നീങ്ങി നിന്നു. എല്ലാവരെയും നോക്കി പുഞ്ചിരിയോടെയും, എന്നാൽ ആശ്ചര്യത്തോടെയും ചോദിച്ചു. 
"എന്താണ് . എന്ത് പറ്റി?"
ആളുകൾ പരസ്പരം നോക്കി നിന്നു. ഒരിളിഭ്യച്ചിരിയോടെ അശോകമരങ്ങൾക്കിടയിലേക്ക് നീങ്ങി നിന്ന എന്നെ ചിലരെങ്കിലും എത്തി നോക്കുന്നുണ്ടായിരുന്നു.
 "അല്ലാ. മോളിതിനകത്തുണ്ടായിരുന്നോ. ഇവന്റെ കൂവി വിളി കേട്ടപ്പോ ഞങ്ങള് കരുതി അപ്പനുമമ്മേം ഇല്ലാത്ത തക്കത്തിനു വല്ല കള്ളമ്മാരും ഉള്ളീക്കേറീന്നു"
'അല്ല. ഉള്ളിലാളുണ്ട്‌. ഉള്ളിലാളുണ്ട്‌' വിളിച്ചു പറയാൻ ശ്രമിച്ചപ്പോൾ ആളുകൾ എനിക്ക് നേരെ തിരിഞ്ഞു. നിശ്ശബ്ദനാവുക മാത്രമേ വഴിയുള്ളൂ. എങ്കിലും പുകയുന്ന മനസ്സുമായി ഞാൻ അവിടെ നിന്നു . മെല്ലെ പിൻഭാഗത്തെക്ക് നടന്നു. വിറ കുപുരക്കടുത്ത് ഓരോരോ ശബ്ദങ്ങൾക്കും കാതോർത്ത് അനങ്ങാതിരുന്നു. എത്ര നേരമിരുന്നെന്നു ഓർമ്മയില്ല. അടുക്കളവാതിൽ അനങ്ങുന്നത് കണ്ടു ഞാനുറ്റു നോക്കി. പുറത്തേക്ക് വന്നത് ടെസ്സയാണ്. ചുറ്റും നോക്കുന്നത് കണ്ടു. നിരാശനായി തിരിഞ്ഞു നടക്കാനൊരുങ്ങുമ്പോഴാണ് എന്നെ ഞെട്ടിച്ചു കൊണ്ട് ഒരാണ്‍ രൂപം ഝടുതിയിൽ പുറത്തേക്ക് ചാടിയതും, അടുക്കളഭാഗത്തെ മതിലിൽ അള്ളിപ്പിടിച്ചു കയറിയതും. 
'അരവിന്ദൻ?!'
സമയം പാഴാക്കാതെ ബഹളം വെച്ച് കൊണ്ട് ഞാനവന്റെ ഉടുമുണ്ടിൽ കയറിപ്പിടിച്ചു. പക്ഷേ, ഒരു കീറല് പോലും ബാക്കിയാക്കാതെ അരവിന്ദൻ ഓടി രക്ഷപ്പെട്ടു. ഞാൻ വിഷണ്ണനായി.
'തെളിവുകളൊന്നുമില്ലാതെ എന്തെങ്കിലും പറഞ്ഞാ പീലിപ്പോസേട്ടൻ എന്നെ തുണ്ടം തുണ്ടമാക്കില്ലേ? എല്ലാ സത്യങ്ങളും പറയാനുള്ളതല്ല എന്ന് ഞാനെന്റെ മനസ്സിനെ അന്ന് പറഞ്ഞു പഠിപ്പിച്ചു.

6
ഭൂതകാലങ്ങളുടെ നെടിയിരിപ്പുകളിലൂടെയുള്ള സഞ്ചാരം കഴിഞ്ഞു ഇടയ്ക്കിടയ്ക്ക്  വർത്തമാനത്തിന്റെ ചലനങ്ങളിലേക്ക് ഞാൻ വഴുതി വീഴുകയാണ്. ആകാശ പാളികൾക്ക്‌ പുതു നിറം കൈവന്ന പോലെ. കുങ്കുമ നിറം പൂണ്ട അന്തിവെയിൽ നാളങ്ങൾ കരിമുകിലുകളിൽ  പ്രതിഫലിക്കുന്നു. മങ്ങുന്ന സൂര്യനൊപ്പം എന്റെ കാഴ്ചയും അൽപാൽപമായി കുറഞ്ഞു വരുന്ന പോലെ. താഴെ പുഴയുടെ മാറത്ത് കളിച്ചു കൊണ്ടിരുന്ന കരുമാടികളുടെ ശബ്ദം നിലച്ചിരിക്കുന്നു.

"ദേ നിറുത്തെടാ. അടിപൊളിയൊരു സീൻ. ഒരു മിനിട്ട്. ഒരു ഫോട്ടോ എടുക്കട്ടെ" കത്തുന്ന നിറങ്ങളും, 
നിരന്തരമായ ഇഴച്ചിലിന്റെ തഴമ്പുകളുള്ള ചക്രങ്ങളും, മുഴങ്ങുന്ന ശബ്ദവുമുള്ള ബൈക്കിൽ രണ്ടു ചെറുപ്പക്കാരാണ് ഇപ്പോഴെന്റെ മുന്നിലുള്ളത്. 
"അങ്ങൊട്ടെറങ്ങിച്ചെല്ല്, അടുത്തു നിൽക്കെടാ അതിനോട് ചേർന്ന് നിൽക്ക്. അപ്പഴേ ശരിക്കു കിട്ടൂ" 
അതിലിരിക്കുന്ന ചെറുപ്പക്കാരിലൊരാൾ എന്റെ ചിത്രം മൊബൈലിൽ പകർത്തുന്നത് കണ്ണിലടിച്ച ഫ്ലാഷിന്റെ വെള്ളിവെളിച്ചത്തിൽ മാത്രമാണ് ഞാനറിഞ്ഞത്. മുടിയിഴകൾ കുറ്റിച്ചൂല് പോലെ 
മുകളിലേക്ക് ചീകിയുയർത്തിയ, ഇറുകിയ ജീൻസും, ബനിയനുമിട്ട വെളുത്തു കൊലുന്നനെയുള്ള യുവാവ് എന്നെ നോക്കി, മൊബൈലിലെ ചിത്രം നോക്കി. കൂട്ടുകാരനോടെന്തോ പറഞ്ഞു ചിരിക്കുന്നത് എന്നിൽ നല്ല വ്യസനമുണ്ടാക്കി. ബൈക്കകന്നു പോകുമ്പോഴും അവർ മലീമസമായി ചിരിക്കുകയായിരുന്നു.

7
ഉൽക്കടമായൊരു വേദന പിടി കൂടിയിരിക്കുന്നു. അതിനിടയിലും അകലെ നിന്ന് കേൾക്കുന്ന ഹോണിന്റെയും, കുടമണികളുടെയും മുഴക്കം ഞാൻ കേട്ടു. കുമാരന്റെ ഐസു വണ്ടിയുടെ ശബ്ദമാണത്. എത്ര ദൂരെ നിന്നായാലും ആ മുഴക്കം ഞാനറിയും. അതിന്റെ മുഴക്കങ്ങളും, കുമാരന്റെ ചലനങ്ങളും എന്റെ ചിരപരിചയങ്ങളാണ്. സ്ഥിരമായി കാണുന്നതിനപ്പുറത്തേക്കുള്ള ബന്ധമൊന്നും ഞങ്ങൾ തമ്മിളില്ലതാനും. അന്തി മയങ്ങിയാൽ അപ്പുണ്ണിയുടെ കള്ളുഷാപ്പിലും അത് കഴിഞ്ഞാൽ തോട്ടുവക്കത്തെ ശാന്തയുടെ കുടിലിലും കുമാരനെ പലവട്ടം കണ്ടിട്ടുണ്ട്. 
കണ്ണു കലങ്ങി, നാവു കുഴഞ്ഞു, തല വെട്ടിച്ചു കൊണ്ട് അയാൾ ശാന്തക്കു മുന്നിലിരിക്കും. 
"ഡീ തേവിടിശ്ശ്യേ ...നെന്റെയീ എളകല് പൈശക്കല്ലെട്യെ"
" ധാപ്പോ നന്നായെ... ന്താ പറ്റീ ഇന്ന്?"
"എരണം കെട്ടോളുമാരൊക്കെ ഇങ്ങനാടീ .... ഒടുക്ക്ത്തെ സ്രുങ്കാരം.....ഹു്...ഹ്ര് ഹ്ര്... ഒരു ബീഡിയെടുക്കേടി പൊല....!"
"ഓ"
"അടിയാത്തി.....പ്പെണ്ണിന്റെ ......ഉടുമുണ്ടാ....ഴിച്ചിട്ട്
അടിയാന്റെ.... ചോരാ....... കണ്ടാർത്തു....ചിരി...ച്ചിട്ട് 
അക്കുത്ത.....മാടിയ.....പെലയാടി....മക്കളേ 
ഏങ്കളെ.....കുത്ത്യാലും.....നീങ്കളെ......കുത്ത്യാലും
ചെഞ്ചോര.....തന്ന.....ല്ലേ.... പെലയാടി മക്ക....ളേ 
പെല--യാടി---- മ---ക്ക----ളേ" 
കുമാരന്റെ ശബ്ദം കുഴഞ്ഞ് ചക്രവാളങ്ങളിലേക്കു ലയിച്ചു ചേരുന്നു. നെടുവരമ്പുകളിലൂടെ, വെളിമ്പുറങ്ങളിലൂടെ അത് അനന്തരാശിയിൽ അതിനു ചേരുന്നു. 
ഇപ്പോഴെന്റെ മുന്നിലൂടെ ഓർമ്മകളെ തട്ടിയുണർത്തി കടന്നു പോയവർ പലരാണ്. ഇന്ന് വരെയുള്ള എൻറെ ജീവിതത്തിൽ ഹൃദയത്തോടടുത്തു നിന്നവർ മുതൽ അപരിചിതർ വരെ. കണ്ണും കാതുമുള്ളവർ! ആരുമെന്നെ 
ശ്രദ്ധിക്കാഞ്ഞതിൽ ഉള്ളിൽ നല്ല വേദനയുണ്ട്. അടുത്തു വരുന്ന കുമാരന്റെ സൈക്കിളിന്റെ മണികിലുക്കത്തോടൊപ്പം അതിനെ പ്രദക്ഷിണം വെക്കുന്ന കുട്ടികളുടെ ശബ്ദം കൂടി സുവ്യക്തമാണിപ്പോൾ. മുഷിഞ്ഞ നിറമുള്ള ഐസ് പെട്ടിക്കും, കുമാരനും ചുറ്റും വട്ടം ചുറ്റുന്ന കുട്ടികളെപ്പോലെ എന്റെ കടവായിൽ നിന്നൊഴുകി വീഴുന്ന രക്തത്തിൽ മണിയനീച്ചകൾ സംഘം ചേർന്ന് പരതുന്നുണ്ട്. കടുത്ത വേദനയിൽ ഒടിഞ്ഞു നുറുങ്ങിയ കൈകാലുകൾ ഒന്നനക്കാൻ പോലുമാവാതെ ഞാനീ ഈച്ചകളെ എങ്ങനെ ആട്ടിപ്പായിക്കാനാണ്‌? ചിന്തകളെ മൃതമാക്കി ശിരസ്സിൽ നിന്ന് എന്റെ രോമാവൃതമായ ശരീരത്തിലൂടെ ചുരുണ്ട വാലിലൂടെ  ഊർന്നിറങ്ങുന്ന വേദന നിലത്തെ പുൽത്തകിടിയിൽ അലിയുന്നു.
താഴെ അമ്പലത്തിൽ നിന്ന് കാറ്റിലൊഴുകി വരുന്ന സന്ധ്യാദീപാരാധനയുടെ ധ്വനികളൊന്നും എന്നെ സ്പർശിക്കുന്നേയില്ല. കാലത്തിന്റെ കർമ്മങ്ങൾക്ക് സാക്ഷിയായി സ്വയം ദ്രവിച്ച എണ്ണ മെഴുക്കു പുരണ്ട ദേവാലയ വാതിലുകൾക്കുള്ളിൽ നിന്നും എനിക്കായി ആരതികളൊന്നും നടക്കുന്നുമില്ല. എന്റെ  കഴുത്തിനു മുകളിൽ മാത്രം ശേഷിച്ച ജീവന്റെ  കണികകളിൽ നിന്ന് അവസാനത്തെ ആർത്ത നാദം ഒരു ഓരിയായി ഉയർന്നു.  

" എന്റെ ദൈവേ"

പൂർണ്ണമായും എഡിറ്റു ചെയ്തു ചുരുക്കിയത്