Jan 6, 2013

ഫ്രിജ്മുറാറിലെ തോട്ടികള്‍


മുനിസിപ്പാലിറ്റിയുടെ ഗാര്‍ബേജ്  ബോക്സിനുള്ളിലേക്ക് ഖാവര്‍ തന്റെ നീളന്‍ വടി കുത്തിത്തുഴഞ്ഞു . അന്നു പെയ്ത മഴയില്‍ നനഞ്ഞു കുതിര്‍ന്ന അവശിഷ്ടങ്ങളില്‍ നിന്ന് രൂക്ഷ ഗന്ധം പുറത്തേക്ക് വമിച്ചു . ഭക്ഷണ ശകലങ്ങള്‍ തേടി അങ്ങിങ്ങ് ചുറ്റിപ്പറ്റി നിന്നിരുന്ന പൂച്ചകളും പൂച്ചക്കുഞ്ഞുങ്ങളും ഖാവറിന്റെ സാമീപ്യമറിഞ്ഞു നാലുപാടും ചിതറിയോടി. കച്ചറപ്പെട്ടികളില്‍  തിരഞ്ഞു ശേഖരിച്ച ഹാര്‍ഡ്ബോര്‍ഡുകളും ഒഴിഞ്ഞ ബോട്ടിലുകലുമെല്ലാം പഴഞ്ചന്‍ സൈക്കിളിന്റെ പുറകില്‍ ഭദ്രമായി കെട്ടി ഫ്രിജ് മുറാരിന്റെ നനഞ്ഞ റോഡിലൂടെ സൈക്കിള്‍ മുന്നോട്ടു തുഴഞ്ഞു .

ഫിജ്മുറാറെന്നാല്‍ ഇടുങ്ങിത്തിങ്ങിയ മൂന്നാലു ഗലികളാണ് . ഉയരമില്ലാത്ത കെട്ടിടങ്ങള്‍ , വൃത്തിഹീനമായ വില്ലകള്‍ , മുറുക്കാന്‍ ചവച്ചു തുപ്പിയ ഇടവഴികളും , കെട്ടിട പാര്‍ശ്വങ്ങളും . രാത്രിയായാല്‍ ആഫ്രിക്കക്കാരും , ചീനക്കാരും , ഉസ്ബെക്കികളുമായ വേശ്യകളും ; 
പാകിസ്ഥാനികളും , ബംഗാളികളും , ഇന്ത്യക്കാരുമായ കുടിയന്മാരും നിറയുന്ന ഗലികള്‍ . മസ്സാജു കാര്‍ഡുകളും കയ്യില്‍ പിടിച്ചു പിമ്പുകള്‍ നിറയുന്ന വഴികള്‍  . ഇരുട്ടിന്റെ മറവില്‍ മദ്യക്കച്ചവടം നടത്തുന്ന തമിഴന്റെയും , ആന്ധ്രാക്കാരുടെയും ആവാസ കേന്ദ്രം !
 അന്ന് പെയ്ത മഴയില്‍ പൊടിപടലങ്ങള്‍ തൂത്തു കുളിച്ച കെട്ടിടങ്ങള്‍ ഒരുങ്ങി നിന്നു .നടപ്പാതകള്‍ക്ക് സമാന്തരമായി റോഡിലുയര്‍ന്ന ജലം വലിച്ചെടുക്കാന്‍ പാടുപെടുന്ന ഡ്രൈനേജുകള്‍ . റോഡില്‍ ഇടവിട്ട്‌ നീങ്ങുന്ന മോട്ടോര്‍ വാഹനങ്ങളേയും , കാല്‍നടയാത്രക്കാര്‍ നിറഞ്ഞ തിരക്ക് പിടിച്ച വീഥികളേയും പിന്നിലാക്കി നനഞ്ഞു കുതിര്‍ന്ന സാല്‍വാര്‍ ഖമീസില്‍ നഷ്-വാറിന്റെ ലഹരിയില്‍ തന്നോളം പ്രായമായ സൈക്കിള്‍ ഖാവര്‍ മുന്നോട്ടു ചവിട്ടിക്കൊണ്ടിരുന്നു . പുറകിലെ പ്ലാസ്റ്റിക് ബാഗിനുള്ളില്‍ അമര്‍ത്തിവെച്ച ബോട്ടിലുകള്‍ അയാളുടെ ചലന താളത്തിനൊത്ത് ശബ്ദിച്ചു കൊണ്ടുമിരുന്നു .
 വില്ലയിലെത്തുമ്പോള്‍ നന്നായി ഇരുട്ടിയിരുന്നു . തുരുമ്പിപ്പഴകിയ ഗെയിറ്റിനുള്ളിലൂടെ സൈക്കിള്‍ ശ്രമകരമായി അകത്തേക്ക് കടത്താന്‍ ശ്രമിക്കുമ്പോള്‍ പഞ്ചാബിക്കാരനായ  സുഹൃത്ത് കുല്‍ദീപ് പുറത്തേക്കിറങ്ങി വരുന്നത് കണ്ടു ." ഖാവര്‍ "
കുല്‍ദീപ്  വിളിച്ചു .
" ഊം "
ഖാവറൊന്നു മൂളി . ഗെയിറ്റ്കടന്നു .വിശാലതയുള്ള ഒരിടത്തെക്കാണ് വാതില്‍ തുറക്കുന്നത് .
ഒരു വശം നിറയെ നിര്‍ത്തിയിട്ട സൈക്കിളുകളാണ് . മറുവശത്ത്‌ നീണ്ട അഴകളില്‍ ഉണങ്ങാനിട്ടിരിക്കുന്ന വസ്ത്രങ്ങളും . പല നിറങ്ങളിലും രൂപങ്ങളിലും , വലിപ്പത്തിലുമുള്ള വസ്ത്രങ്ങള്‍ . ഓരോരോ ജീവിതങ്ങളുടെ പ്രതീകമെന്നോണം മഴയില്‍ നനഞ്ഞു കാറ്റില്‍ ഉലഞ്ഞു കിടന്നു . തൊട്ടടുത്ത്  പാന്‍ ചവച്ചു  വെടി  പറഞ്ഞിരിക്കുന്ന ബംഗാളികള്‍ . സൈക്കിള്‍ ചുവരിനോട് ചേര്‍ത്തു പൂട്ടി ഇടുങ്ങിയ വഴിയിലൂടെ മുന്നോട്ടു നടക്കുമ്പോള്‍ ഇരുവശങ്ങളിലുമായി ഭക്ഷണം പാകം ചെയ്യുകയും ശബ്ദമുണ്ടാക്കി സംസാരിക്കുകയും ചെയ്യുന്നവരില്‍ ചിലര്‍ ഖാവറിനെ അഭിവാദ്യം ചെയ്തു .
ഖാവര്‍ മുറിയിലേക്ക് കയറി . ഏതോ ഹിന്ദിപ്പാട്ടിന്റെ നഗ്നസുതാര്യതകളില്‍ ടിവിയില്‍ തന്നെ ആണ്ടു പോയ  രിസാവുല്‍ ഖാവരിന്റെ ആഗമനമറിഞ്ഞു തപ്പിപ്പിടഞ്ഞെണീറ്റു . 
" ഹോ , പേടിപ്പിച്ചല്ലോ . കുറെ വൈകിപ്പോയല്ലോ ഇന്ന് ? "
" നാശം . പുറത്താകെ വെള്ളമാണെടോ , നടക്കാന്‍ കൂടി കഴിയുന്നില്ല ".
ടര്‍ക്കിയില്‍ മുഖം തുടച്ചു കൊണ്ട് ഖാവര്‍ പ്രതിവചിച്ചു .
രിസാവുല്‍ ബംഗാളിയാണ് . പാകിസ്ഥാനിയായ ഖാവറിനെപ്പോലെ തന്നെ രേഖകള്‍ ഒന്നുമില്ലാതെ വര്‍ഷങ്ങളായി ഇവിടെ കഴിയുന്ന അനേകം പേരില്‍ ഒരാള്‍ . പൊതുവായി പ്രയോഗിച്ചാല്‍
"  - ഖല്ലി വല്ലി -".
" ഞാന്‍ രണ്ടു ചായ വാങ്ങിച്ചു വരാം , താന്‍ പെട്ടെന്ന് റെഡിയാക് . ഇന്നൊരിടത്തു പോകാനുണ്ട് " .
" എവിടേക്ക് ?"
" അതൊക്കെ അവിടെ ചെല്ലുമ്പോ കാണാം . എപ്പോഴത്തെയും പോലെ താന്‍ കൂടെ വന്നാ മാത്രം മതി !"
ഇത്തിരി ശങ്കയിൽ നോക്കി നില്‍ക്കുന്ന ഖാവരിനെ നോക്കി കണ്ണിറുക്കി ചിരിച്ചു കാണിച്ചു രിസാവുല്‍ പുറത്തേക്കിറങ്ങിപ്പോയി . കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മുതിരാതെ ഖാവര്‍ നിശ്ശബ്ദനായി . ബാത്ത് റൂമില്‍ നിന്ന് പുറത്തിറങ്ങുമ്പോഴേക്കും രിസാവുല്‍ റെഡിയായിക്കഴിഞ്ഞിരുന്നു. 
" പെട്ടെന്നിറങ്ങണം ടിറ്റുവും , ശാബാനും വരുന്നതിനു മുന്‍പ് ".
രിസാവുല്‍ പ്രസന്നനായി കാണപ്പെട്ടു . അയാളുടെ കൂമന്‍ കണ്ണുകളില്‍ വെളിച്ചം തെളിഞ്ഞു . ഖാവറിനു കാര്യങ്ങള്‍ ഏതാണ്ട് പിടി കിട്ടിത്തുടങ്ങിയിരുന്നു .  അത് കൊണ്ട് തന്നെ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മുതിരാതെ രിസാവുലിനെ അനുഗമിച്ചു .

വില്ലയെ പൊതിഞ്ഞു നില്‍ക്കുന്ന ഉയരമുള്ള താബൂക് മതിലിനു പുറത്ത് ഗെയിറ്റിനു ഇരുവശങ്ങളിലുമായി പടര്‍ന്നു നില്‍ക്കുന്ന ആല്‍മരങ്ങള്‍. ആല്‍മരങ്ങൾക്കായി കെട്ടിപ്പൊക്കിയ സിമന്റു തറയില്‍ ചാരി നിര്‍ത്തിയിട്ടിരിക്കുന്ന ഉന്തുവണ്ടികള്‍ . രാത്രികളില്‍ പലരും ഈ തറകള്‍ക്കും ഉന്തുവണ്ടികള്‍ക്കും മുകളിലാണ് ഉറങ്ങാറ് . കുറച്ചപ്പുറത്ത്  നിലത്തു  വിരിച്ച പ്ലാസ്റ്റിക് ഷീറ്റിനു മുകളില്‍ സീഡികള്‍ വില്‍പ്പന നടത്തുന്ന ചീനക്കാരി. ലുങ്കിയുമുടുത്ത് മദ്യവും മോന്തി കശപിശയുണ്ടാക്കുന്ന തമിഴരെക്കണ്ടപ്പോള്‍ ഖാവര്‍ രിസാവുളിനോടായി പറഞ്ഞു .
" ഹറാമി....... ഹിന്ദികള്‍ "
വട്ടത്തിലിരുന്നു ചീട്ടു കളിച്ചു കൊണ്ടിരിക്കുന്ന പാകിസ്ഥാനികളുടെയിടയിലേക്ക് ഖാവര്‍ നടന്നു .
" ഖലീല്‍ നഷ് വാറുണ്ടോ കയ്യില്‍ ? "
ചെമ്പന്‍ കണ്ണുകള്‍ കൂര്‍പ്പിച്ചു ചീട്ടു മറച്ചു പിടിച്ചു വെള്ളം കാണാത്ത തല കളത്തില്‍ നിന്ന് തിരിക്കാതെ ചെളിപിടിച്ച നീളന്‍ ഖമീയസിന്റെ കീശയില്‍ നിന്ന് ഖലീല്‍ പ്ലാസ്ടിക്കില്‍ പൊതിഞ്ഞ പച്ച നിറത്തിലുള്ള നഷ് -വാര്‍ ഖാവറിന്നു നേരെ നീട്ടി .
" ചലോ , പിന്നീട് കാണാം !" ഖാവര്‍ തിരിഞ്ഞു നടന്നു .
മഴയുടെ ആലസ്യത്തില്‍ നിന്ന് രാത്രിയുടെ മേല്‍ത്തട്ടിലേക്ക് തെരുവ് വിളക്കുകള്‍ കത്തിയുണര്‍ന്നു . ഇലക്ട്രിക് ബള്‍ബുകളുടെ സ്ഥായീഭാവമായ മഞ്ഞ പ്രകാശം വിളക്ക് കാലുകളില്‍ നിന്ന് വായുമണ്ഡലത്തിലേക്ക്  പടര്‍ന്നു പരസ്പരം ലയിച്ചു നിന്നു . മുന്നോട്ടു സിഗ്നല്‍ ലക്ഷ്യമാക്കി നടക്കുമ്പോള്‍ കെട്ടിടങ്ങള്‍ക്കിടയില്‍ ഇരുളിന്റെയിടകളില്‍ മാംസം പങ്കു വെക്കാന്‍  മാടി വിളിക്കുന്ന തെക്കന്‍ ഏഷ്യന്‍ പെണ്ണുങ്ങള്‍ . രിസാവുലിനെ ഖാവര്‍ അജ്ഞനായി പിന്തുടര്‍ന്നു. സിഗ്നല് കടന്നു ഗലികള്‍ പിന്നിട്ടു സബക ലക്ഷ്യമാക്കി നീങ്ങി .
               
 തെരുവിലെ പ്രകാശത്തിന്റെ സാന്ദ്രത കൂടിക്കൂടി വന്നു . വൈകുന്തോറും പുരുഷാരം നിറയുന്ന മേഖല . പുലരുവോളം തുടര്‍ന്ന് പോകുന്ന നൈരന്തര്യങ്ങളില്‍ പക്ഷെ ഖാവറിന് താല്പര്യം തോന്നിയില്ല. വര്‍ഷങ്ങളായി കാണുന്ന കാഴചകളാണിതെല്ലാം . മൌനിയായി നീങ്ങുന്ന രിസാവുലിനെ പിന്തുടരുക എന്നല്ലാതെ മറ്റൊന്നിനും അയാളുടെ ചിന്തകളുടെ ഇതള്‍  വിടര്‍ത്താനായില്ല . ഓരോരോ നിമിഷങ്ങള്‍ക്ക് മാത്രമായി തുടരുന്ന ജീവിതത്തിന്റെ അടയാളങ്ങളായി ഖാവറും  രിസാവുലും ചരിച്ചു കൊണ്ടിരുന്നു . തിങ്ങിയ വഴികളിലെ നടത്തം ശ്രമകരമാണ് . റോഡിന്നഭിമുഖമായി പുറത്തേക്ക് തുറക്കുന്ന വാതിലുകളുള്ള ഒരു അപാര്‍ടുമെന്റിനു  മുന്നിലെത്തിയപ്പോള്‍ രിസാവുല്‍ തിരിഞ്ഞു നിന്നു .
ചുണ്ടുകള്‍ ഖാവരിന്റെ ചെവികളോട് ചേര്‍ത്തു മന്ത്രിച്ചു . 
" ഇതാണ് സ്ഥലം ".
ഖാവര്‍ ചുറ്റുപാട് വീക്ഷിച്ചു . അന്ധകാരത്തില്‍ പതുങ്ങി നില്‍ക്കുന്നവര്‍ അവരെ ഉറ്റു നോക്കുന്നു. അത് കണ്ട രിസാവുല്‍ പറഞ്ഞു .
" അങ്ങോട്ടൊന്നും നോക്കാന്‍ പോകേണ്ട .... അതൊക്കെ വിട് .. അകത്തു കൌണ്ടറില്‍ ഒരാള്‍ക്ക്‌ പത്തു ദിര്‍ഹം വീതം കൊടുക്കണം ."
കട്ടിയുള്ള തുണിശ്ശീല മൂടിയ കമാനങ്ങള്‍ക്ക് ഇടയില്‍ സ്വീകരണ കൌണ്ടര്‍ . തൊട്ടു മുന്നില്‍ മുകളിലേക്കൊരു ഗോവണി . ഗോവണിയില്‍ ഇരുവരെയും ശ്രദ്ധിച്ചു കൊണ്ടൊരു മധ്യവയസ്കന്‍ . ഖാവര്‍ ഖമീയസിന്റെ കീശയില്‍ നിന്ന് കാശെടുത്ത് കൌണ്ടറില്‍ നല്‍കി. കൌണ്ടറിലുള്ളവര്‍ അവരെ ശ്രദ്ധിക്കുന്നേയില്ല . തവിട്ടു നിറമുള്ള നിലവിരി വിരിച്ച ഗോവണിക്ക് മുകളില്‍ മദ്യലഹരിയില്‍ ആടിക്കൊണ്ടിരിക്കുന്ന മധ്യവയസ്കന്‍ അവരെ മുകളിലേക്ക് ക്ഷണിച്ചു .

അയാളെ അനുഗമിച്ചെത്തിയത് ഇരു വശങ്ങളിലും റൂമുകളുള്ള ഹാളിലാണ് .ഇരുവരും അയാള്‍ക്ക്‌ പുറകില്‍ നിന്നു . നിറം കുറഞ്ഞു കത്തുന്ന ബള്‍ബുകളുടെ പ്രകാശത്തില്‍ മുങ്ങി വിവിധ രാജ്യക്കാരായ അഭിസാരികകള്‍ . ചില സ്ത്രീകളുമായി വില പേശി നില്‍ക്കുന്ന പുരുഷന്മാരെയും കാണാം . വിവിധ തരക്കാരും നിറക്കാരുമായ വേശ്യകളുടെ അംഗവിക്ഷേപങ്ങളില്‍ ഖാവര്‍ ഉണര്‍ന്നു തുടങ്ങിയിരുന്നു . ഉള്‍പ്പുളകത്തോടെ അയാള്‍ അവരെ നോക്കിക്കൊണ്ട്‌ നിന്നു. മധ്യവയസ്കന്‍ ഓരോരുത്തരെയായി പരിചയപ്പെടുത്തിക്കൊണ്ടിരുന്നു .
സ്ലീവ്ലെസ്സ്ടോപ്പും മിഡിയുമിട്ടു കുന്തിച്ചിരുന്നു സിഗരട്ട് വലിക്കുന്ന പൂച്ച്ചക്കണ്ണിയെ ചൂണ്ടിപ്പറഞ്ഞു . 
" തുര്‍ക്കി " . 
ദാവണിയിലും പാവാടയിലും ചുരിദാരിലുമൊക്കെയായി നില്‍ക്കുന്ന കുട്ടിപ്പെണ്ണുങ്ങളെ കാണിച്ചിട്ടു പറഞ്ഞു 
" ഇന്ത്യക്കാരാണത് ".
കയ്യിലൊരു ബിയര്‍ ഗ്ലാസ്സുമായി വാതിലില്‍ ചാരി നില്‍ക്കുന്ന ശൃംഗാരഭാവക്കാരിയായ തടിച്ചിയെ നോക്കിപ്പറഞ്ഞു .
" പാകിസ്ഥാനി "
ഖാവരിന്റെ കണ്ണുകള്‍ ഒരിടത്തുമുറക്കാതെ അലഞ്ഞു തിരിഞ്ഞു  . ഇയര്ഫോണിലെ മ്യുസിക്കിനൊത്തു താളത്തില്‍ തലയാട്ടി നില്‍ക്കുന്ന വെളുത്തു മെലിഞ്ഞ ചെമ്പന്‍ മുടിക്കാരിയില്‍ ഖാവറിന്റെ കണ്ണുടക്കി നിന്നു . അവളുടെ ഇന്ദ്രനീലക്കണ്ണുകളുടെ  ആഴങ്ങളിലേക്ക് അയാള്‍ മിഴിയെറിഞ്ഞു . ഇംഗിതമറിഞ്ഞിട്ടെന്നോണം മധ്യവയസ്കന്‍ ഖാവറിന്റെ തോളത്തു കൈകളമര്‍ത്തി ശബ്ദം താഴ്ത്തിപ്പറഞ്ഞു .
" റഷ്യനാണ് . പുതിയ ഇറക്കുമതി . പക്ഷെ .... പണമിത്തിരി കൂടുതലാണ് . "
ഖാവര്‍ അവളടുത്തെക്ക് നീങ്ങി . ചിരപരിചിതമായ പ്രവൃത്തി ആയിരുന്നിട്ടും ഒരു തുടക്കക്കാരനെ പോലെ മനസു പതറി വീഴുന്നത് അയാള്‍ കണ്ടു . റഷ്യക്കാരി ഇയര്‍ഫോണ്‍ മാറ്റിപ്പിടിച്ചു . ചിരിച്ചപ്പോള്‍ ചായം പുരട്ടിയ ചുണ്ടുകള്‍ക്ക് പിന്നില്‍ ദന്തങ്ങള്‍ തെളിഞ്ഞു വന്നു . എന്തെങ്കിലും പറയുന്നതിന് മുന്‍പേ ഖാവറിന്റെ കൈ പിടിച്ചു അവള്‍ അകത്തേക്ക് നടന്നു .
ഉള്ളില്‍ വാക്കുകള്‍ തിക്ക് മുട്ടുന്നു . മേനിയില്‍ നേരിയ വിറയല്‍ .  അടിവയറില്‍ അഗ്നി പടരുന്നു . 
ഖാവര്‍ വല്ലാതായി . എത്ര ശ്രമിച്ചിട്ടും നിയന്ത്രിക്കാന്‍ കഴിയാത്ത കാമനകളുടെ പടിവാതിലുകള്‍ കടന്നു ഖാവര്‍  റഷ്യക്കാരിക്കൊപ്പം അകത്തേക്ക് കടന്നു .
വ്യാസം കുറഞ്ഞ റൂമിനുള്ളില്‍ കനത്ത നീല വെളിച്ചം തളം കെട്ടി നിന്നു . രണ്ടായി പകുത്ത് കര്‍ട്ടനിട്ട നിലയിലാണ് ഉള്‍ഭാഗം . കര്‍ട്ടന് തൊട്ടപ്പുറത്ത് നിന്നുയരുന്ന ഉച്ച്വാസങ്ങളും അനക്കങ്ങളും സാകൂതം ഖാവര്‍ ശ്രവിച്ചു . കര്‍ട്ടനിടയിലേക്ക് കണ്ണുകള്‍ കൂര്‍പ്പിച്ചു പിടിച്ചു . റഷ്യക്കാരി തട്ടിവിളിച്ചപ്പോള്‍ വികൃതമായൊരു ചിരിയോടെ അയാള്‍ തിരിഞ്ഞു നിന്നു .                                                   
ഉയരം കുറഞ്ഞ ബെഡിനോട് ചേര്‍ന്ന് കിടക്കുന്ന മേശയിലെ ടേബിള്‍ ലാംബിനടുത്തുള്ള ടേപ്പ് റിക്കോര്‍ഡറിൽ നിന്ന്  ഗാനം മുറിക്കുള്ളില്‍ നിറഞ്ഞൊഴുകുന്നു  . വിവസ്ത്രനായ ഖാവറിനു മുന്നില്‍ വിളക്കുകള്‍ അണഞ്ഞു . ലോകം ചുരുങ്ങിച്ചെറുതായി ശൂന്യതയില്‍ ലയിക്കുന്നു . പരന്നൊഴുകുന്ന പാട്ടിന്റെ ശബ്ദസൌകുമാര്യങ്ങള്‍ക്ക് മേല്‍ ഖാവറിന്റെ കിതപ്പുകളുയര്‍ന്നു .

ജന്നല് വഴി വെളിച്ചം മുറിക്കുള്ളിലെക്കരിച്ചു കയറിയപ്പോഴാണ് ഖാവര്‍ ഉറക്കമുണര്‍ന്നത് . തലേദിവസത്തെ ക്ഷീണം വിട്ടു മാറിയിട്ടില്ല . അലോസരമുണ്ടാക്കി മൂളിക്കൊണ്ടിരിക്കുന്ന എസി യുടെ തണുപ്പിലേക്ക് അയാള്‍ ഒന്ന് കൂടി വലിഞ്ഞു മുറുകി .കയ്യിലൊരു പാര്‍സല്‍ ഗ്ലാസുമായി മുറിയിലേക്ക് വന്ന രിസാവുല്‍ ദേഹത്ത് നിന്ന് ബ്ലാങ്കറ്റ് വലിച്ചു റ്റിയപ്പോള്‍ മനസ്സില്ലാമനസ്സോടെ ഖാവര്‍ എഴുന്നേറ്റിരുന്നു .
" നാശം .. ഇവന് ഉറക്കവുമില്ലെ? " 
അയാള്‍ മനസ്സില്‍ പിറുപിറുത്തു .
" ബൂഡാ ,, ഉറങ്ങിയാ മാത്രം മതിയോ ? ജീവിക്കണമെങ്കിൽ പണം കൂടി വേണം? വേഗം വാ നമുക്ക് സൂഖിനടുത്ത് പോയി വല്ല പണിയുമുണ്ടോന്നു നോക്കാം !"
അന്നന്നത്തെക്കുള്ള താല്‍കാലിക ജോലിക്കാരെ തേടി ആളുകള്‍ വരുന്നത് സൂഖിനു മുന്നിലാണ് . മണിക്കൂറിനു ഇത്ര എന്ന രീതിയിലും , ദിവസത്തേക്ക് ഇത്ര എന്ന രീതിയിലുമൊക്കെ ഇടപാടുകളുറപ്പിച്ചു ജോലിക്കാരെ കടം കൊള്ളുന്ന രീതി . മേസന്‍ , വെല്‍ഡര്‍ , സ്കഫോള്‍ഡര്‍ , പ്ലാസ്റ്റേഴ്സ്  , കാര്‍പെന്റേഴ്സ്  , ഹെല്‍പേഴ്സ്  അങ്ങനെങ്ങനെ പോകുന്നു ആവശ്യക്കാര്‍ . അനധികൃത താമസക്കാരാണ് അധികവും അവിടെ ഉണ്ടാകാറ്. സൂഖു തുറക്കണമെങ്കില്‍ പത്തു മണിയാകും . സൂഖിനു മുന്നില്‍ പാറാവുകാരന്‍ ഉലാത്തിക്കൊണ്ടിരിക്കുന്നു . നേരമൊരുപാട് വൈകിയതു  കാരണം അന്ന് അവരെ തേടി ആരും വന്നില്ല.

രണ്ടു പേരും  തിരിച്ചു നടന്നു . ആണും പെണ്ണുമടങ്ങിയ കരുത്തവര്‍ഗ്ഗക്കാരുടെ ഒരു കൂട്ടം കാട്ടാനകളെപ്പോലെ അവരെ കടന്നു പോയി . മെയിന്‍ റോഡു മുറിച്ചു കടന്നു മുന്നോട്ട് നടന്നു. കടകള്‍ ഉണര്‍ന്നു തുടങ്ങി . അലങ്കാരവസ്തുക്കള്‍ വില്‍ക്കുന്ന കടയിലെ ഫിലിപ്പൈനിപ്പെണ്ണുങ്ങള്‍ എന്തോ പറഞ്ഞു അവരെ നോക്കിച്ചിരിച്ചു .
" ബെഹന്ച്ചുത് " 
ഖാവര്‍ മുറുമുറുത്തു .
" ചോടോ " 
രിസാവുലിന്റെ മറുപടിയില്‍ ഗംഭീരമായി അയാളൊന്നു പുരികമുയര്‍ത്തി .
എന്തെങ്കിലും കഴിക്കാമെന്ന തീരുമാനത്തില്‍ കഫ്തീരിയ ലക്ഷ്യമാക്കി നീങ്ങവേ പെട്ടെന്ന് പിന്നില്‍ നിന്നും അതി വേഗം ഒന്ന് രണ്ടു പേര്‍ ഓടി വരുന്നത് കണ്ടു . 
" എന്താണ് ? എന്ത് പറ്റി ? "
രിസാവുലിന്റെ ചോദ്യത്തിന് മറുപടിയായി അവരിലൊരാള്‍ ഓടുന്നതിനിടയില്‍ വിളിച്ചു പറഞ്ഞു .
" സീ ഐ ഡി " .
കേട്ടത് പാതി ഇരുവരും  ഗലിയിലൂടെ ചിതറിയോടി . പിന്തുടരുന്ന അപകടത്തിന്റെ വേപഥുവില്‍  അവര്‍ മറ്റെല്ലാം മറന്നു . രക്ഷപ്പെടാനുള്ള വ്യഗ്രതയില്‍  റോഡു മുറിച്ചുകടക്കാന്‍ ശ്രമിക്കവേ ശീഘ്രഗ തിയില്‍ പാഞ്ഞു വന്ന കാര്‍ ഖാവറിനെ അടിമുടി കോരിയെറിഞ്ഞു .  ഖാവര്‍ ഒരു തൂവലായ് വായുവില്‍ ഉയര്‍ന്നു പൊങ്ങി. ഉറക്കത്തിലേക്ക് വീഴുന്ന മസ്തിഷ്കമണ്ഡലങ്ങളിലെങ്ങോ  തന്നെയുറക്കാന്‍ ഉമ്മ പണ്ടു  പാടിയ  തരാട്ടുപാട്ടിന്നീണങ്ങള്‍  കേള്‍ക്കായി . താത്തിലാടുന്ന തൊട്ടിലിന്റെ നൈര്‍മ്മല്ല്യമേറിയ തുണി കൊണ്ട് മുഖത്താരോ തടവുന്നു . വായുവില്‍ ......... തഴുകുന്ന കാറ്റില്‍ ...... ആലോലമാടി ഖാവര്‍   നടു റോഡില്‍ വന്നു പതിച്ചു . 

പയ്യെപ്പയ്യെ ഖാവര്‍ കണ്ണ് തുറന്നത് നീണ്ട നിശ്ശബ്ദതയിലേക്കാണ് . മുകളില്‍ തിരിയുന്ന പങ്കയുടെ ചലന വേഗതയില്‍ ഓരോന്നോര്‍ത്തെടുക്കാന്‍ ശ്രമിച്ചു . ഒരു പാട് കൊളുത്തുകളിട്ടു മേനിയിലാരോ വലിക്കുന്നു . കഴുത്തുമാത്രം അങ്ങോട്ടുമിങ്ങോട്ടും തിരിക്കാന്‍ കഴിയുന്നുണ്ട് . അയാള്‍  എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു .
" അനങ്ങാതെ കിടക്കൂ ......എന്താണ് വേണ്ടത് ? " നഴ്സ് അടുത്തു വന്നു .
ഖാവര്‍ സുബോധനായി  . രണ്ടു  ദിവസമായി ഈ ബെഡിലാണെന്ന് നഴ്സില്‍ നിന്നാണ് അയാള്‍ മനസ്സിലാക്കിയത് . വെറുതെ രിസാവുലിനെ പരതി  . എങ്ങും കണ്ടില്ല . വെന്റിലേറ്റരിനു പുറത്ത് പച്ച യൂണിഫോം ധരിച്ച പോലീസുകാരെ കണ്ടു . ഖാവറിന്റെ ഉള്ളില്‍ പേടി കേറിത്തുടങ്ങി .  റൂമിലേക്ക്‌ കടന്നു വന്ന ഡോക്ടര്‍മാരുടെ സംഭാഷണത്തില്‍ നിന്ന് അയാള്‍ക്ക്‌ ചിലതൊക്കെ മനസ്സിലാവുന്നുണ്ടായിരുന്നു . തന്റെ രക്തത്തിൽ ലൈംഗീകരോഗത്തിന്റെ അണുക്കൾ പരന്നു തുടങ്ങിയെന്ന്  അങ്ങനെയാണ് അയാള്‍ മനസ്സിലാക്കിയത് . മാത്രമല്ല അനധികൃത താമസക്കാരെ മുദ്ര വെച്ച് നാടുകടത്തുമന്നുള്ള അറിവും കൂടി അയാളുടെ തലച്ചോറിനെ കാര്‍ന്നു തുടങ്ങി. നടന്നു തീർത്ത വഴികൾ ഒന്നൊന്നായി  മുന്നിൽ തെളിയുന്നു . സ്ത്രീകളും , മദ്യവും , ലഹരികളും നിറഞ്ഞ വഴികൾ. ബന്ധങ്ങൾ ഓർക്കാതെ നടന്നു തീർത്ത വഴികൾ.    

വര്‍ഷങ്ങള്‍ക്കു ശേഷം ആതുരാലയത്തിന്റെ കിടക്കയില്‍ കിടന്നു അയാള്‍ പിറന്ന നാടിനെ ഓര്‍ത്തു . ഗോതമ്പ് പാടങ്ങള്‍ക്കക്കരെയൊരു കുടില്‍ . ഉമ്മക്കോലായിലെ കയറു കട്ടിലില്‍ രോഗിയായ  ഉമ്മ . എന്തിനുമേതിനും കുട്ടികളെ ചീത്ത പറയുകയും , ജീവിതത്തെ ശപിച്ചും, വാ തോരാതെ പുലമ്പുകയും  ചെയ്യുന്ന ഭാര്യ ബീബിഗുല്‍ ,  ഗുല്‍ പുലര്‍ച്ച മുതല്‍ ഓരോരോ ജോലികളും ചെയ്തു തീര്‍ക്കുകയും ,  ഇടയ്ക്കെപ്പോഴെങ്കിലും കരയുന്നതും കാണാം . പറമ്പില്‍ ആക്രോട്ടു മരങ്ങള്‍ക്കിടയില്‍ കീയുടുപ്പുകളിട്ടു കളിച്ചു കൊണ്ടിരിക്കുന്ന നാലഞ്ചു കുട്ടികള്‍ . അതുമാത്രമേ ഓര്‍മ്മയുള്ളൂ  അത്രമാത്രം!

കാലങ്ങള്‍ക്ക് പിറകില്‍ കനിവിന്റെയുറവകളുടെ അനിവാര്യതയില്‍ ഖാവറിന്റെ കണ്ണുകള്‍ നിറഞ്ഞു. തന്നെ തോണ്ടി വിളിക്കുന്ന പച്ചയാഥാര്‍ത്യങ്ങള്‍ അയാള്‍ക്ക്‌ സ്പര്‍ശനഭേദ്യമായി. ശവമായി  യാത്ര ചെല്ലേണ്ടത് കല്ലും മുള്ളും മാത്രം നിറയുന്ന  പെരുവഴിയിലെക്കാണ് .

മനസ്സിന്റെയടിത്തട്ടില്‍ നിന്ന് സ്നേഹത്തിനായി ആരോ തട്ടി വിളിക്കുന്നു . ഉമ്മയുടെ മടിയിലൊന്നു  തല ചായ്ക്കണമെന്ന് അയാള്‍ വൃഥാ മോഹിച്ചു. തനിക്കെപ്പോഴും ശല്യമായനുഭവപ്പെട്ട വാ തോരാതെ വിലപിക്കുന്ന ബീബിഗുല്ലിന്റെ ശബ്ദം ഉപജീവനത്തിന്റെ ഉണര്‍ത്തു പാട്ടാണെന്ന് അയാള്‍ തിരിച്ചറിഞ്ഞു . വയറു നിറച്ചു ഭക്ഷണം കിട്ടാത്ത, വസ്ത്രങ്ങള്‍ പോലുമില്ലാത്ത തന്റെ കുട്ടികള്‍. ശൈത്യകാലങ്ങളിലെ കൊടും തണുപ്പിൽ വിറകുകള്‍ കൂട്ടിയിട്ട് സ്വയം നെരിപ്പോടാവുന്ന ജീവിതങ്ങള്‍ . ഖാവരിന്റെ തല പെരുത്തു . ഒന്ന് കരയണമെന്നു തോന്നി. ശബ്ദം  തൊണ്ടയില്‍ തന്നെ മരിച്ചു വീഴുന്നു . മുന്നില്‍ അതാര്യമായ മഞ്ഞു വീഥികള്‍ മാത്രം .ഖാവര്‍ കണ്ണടച്ച് കിടന്നു .

(ശ്രുതിലയം ഗ്രൂപ്പ് നടത്തിയ കഥാമൽസരത്തിൽ ഒന്നാമെതെത്തിയത്‌- മെയ് -2013)
(മലയാള സമീക്ഷയില്‍ -15-  FEBRUARY/2013 )