Jan 23, 2013

മാലാഖക്കണ്ണുള്ള പെണ്‍കുട്ടി

കൈരളി നെറ്റ് മാഗസിൻ ഒക്ടോബർ 2013
ജലനീലിമയിലേക്ക് പൊടുന്നനെ തെന്നി വീണു . ശക്തി സംഭരിച്ചുയരുമ്പോള്‍ വെള്ളത്തിനടിയില്‍ നിന്ന് കാലിലാരൊക്കെയോ പിടിമുറുക്കി. ഒന്നുയര്‍ന്നു പൊങ്ങിയപ്പോൾ കരയൊന്നു മിന്നിക്കണ്ടു  . തീരത്ത്,  ആഴമൊട്ടുമില്ലാത്ത ജലനിരപ്പില്‍ കുളിച്ചു കൊണ്ടിരിക്കുന്ന ബാലിക്കാക്കകളെ കണ്ടു . ആരുടെയൊക്കെയോ നീരാളിപ്പിടിത്തത്തോടൊപ്പം താഴ്ന്നു താഴ്ന്നു പോകുന്നു . ആഴങ്ങളിൽ ജീവനുമായി മല്ലടിക്കുന്നവർ. അതിനിടയിൽ പരക്കം പായുന്ന പരല്‍മീനുകള്‍. മേനിയാകെ കൊഴുപ്പു പടര്‍ത്തി മുറുകിയ പായലുകള്‍. തുറന്നു പിടിച്ച വായിലൂടെ പുഴയിലെ മലിന ജലം ഉള്ളില്‍ നിറഞ്ഞു. വെള്ളത്തിന്റെ  തണുത്ത ഇഴകളിലൂടെ അടിയിലേക്കാഴ്ന്നു പോകുമ്പോള്‍ രണ്ടു കുഞ്ഞിക്കൈകള്‍ കുപ്പായത്തില്‍ പിടി മുറുക്കി. മങ്ങുന്ന കാഴ്ചയില്‍  തിളങ്ങുന്ന കുഞ്ഞിക്കണ്ണുകള്‍ കണ്ടു . പട്ടിന്റെ മാര്‍ദ്ധവമുള്ള വെളുത്ത പൂഞ്ചിറകുകള്‍ കണ്ടു . ഊക്കനൊരു വലിയില്‍ തിരികെ പുഴമണലില്‍ വന്നു വീണു.

എത്ര ശ്രമിച്ചിട്ടും അപ്പുവിന് അസ്വസ്ഥത വിട്ടു മാറിയില്ല. ഫോണ്‍ ശബ്ദമുണ്ടാക്കുന്നു. ഐഫോണിന്റെ സ്ക്രീനില്‍ 'അമ്മ' എന്ന് തെളിഞ്ഞു. അതു നോക്കിയിരിക്കെ പ്ലാറ്റ് ഫോമിൽ നിന്നാരോ കാലുകളിലിടിച്ചു വേദനിപ്പിച്ചു കൊണ്ട് അതിവേഗത്തില്‍കടന്നു പോയി.
"ഒവ് ! സ്റ്റുപ്പിട് "
ഫോണ്‍ റിംഗ് ചെയ്തു കൊണ്ടേയിരിക്കുന്നു . നില്‍ക്കാതായപ്പോള്‍ എടുത്തു .
" അമ്മയാണ് മോനെ "
" ഊൗം "
" വണ്ടി വരാറായില്ലേ ? നീ ഇപ്പോഴും സ്റ്റേഷനിത്തന്നെയാണോ? "
" ഇല്ല വന്നിട്ടില്ല. അര മണിക്കൂറു കൂടിയുണ്ട് "
"ഭക്ഷണം എന്തെങ്കിലും കഴിച്ചുവോ? നല്ലോണം ശ്രദ്ധിച്ചു പോകണേ? "
" ഹൂ ... അമ്മേ ഞാനെന്താ കൊച്ചു കുട്ടിയാണോ , എടക്കെടക്ക് വിളിച്ചു ഇത് തന്നെ പറയാന്‍?".  
" അമ്മ പറഞ്ഞൂന്നെള്ളൂ. എത്തിയാ ഉടനെ വിളിക്കണം. അമ്മ പറയാറുള്ള പോലെ  ഇടക്കൊക്കെ അമ്പലത്തിലും പോവണം കേട്ടോ"

തൊഴാന്‍ പോകാത്ത ഒറ്റക്കൊറവേ ഉള്ളൂ. ബാക്കിയെല്ലാമായി. പറഞ്ഞിട്ട് കാര്യമില്ല. എതിര്‍ത്തു പറഞ്ഞാല്‍ അതിന്റെ വേവലാതിയില്‍ ആയിരിക്കും പിന്നീടുള്ള വിളികളെല്ലാം. ട്രെയിന്‍ വരാനിനിയും സമയമുണ്ട്. പ്ലാറ്റ് ഫോമില്‍ തിരക്ക് തുടങ്ങിയിട്ടില്ല . ഒരു കരയില്‍ നിന്ന് മറുകരയിലേക്കെന്ന പോലെ റെയില്‍ പാളങ്ങള്‍ മുറിച്ചു കടക്കുന്ന ആളുകള്‍. അക്കൂട്ടത്തില്‍ സ്ത്രീകളും കുട്ടികളുമുണ്ട്. 

പ്രധാന പ്ലാറ്റ്ഫോം വിട്ടകന്നു  ദൂരത്തൊരു ബഞ്ചിലാണ് അപ്പു ഇരിക്കുന്നത്. നീണ്ടു കിടക്കുന്ന പ്ലാറ്റ്ഫോമില്‍ മൂന്നോ നാലോ ബഞ്ചുകള്‍ കൂടി ആരെയോ കാത്തു കിടന്നു. കമ്പികള്‍ പുറത്തേക്ക് തള്ളി രൂപമാറ്റം പ്രാപിച്ചു കൊണ്ടിരിക്കുന്ന ബഞ്ചുകളിലൊന്നിൽ കാലുകള്‍ കയറ്റി വെച്ച് അപ്പു നിവര്‍ന്നിരുന്നു. മിക്കതിനടിയിലും മാലിന്യങ്ങൾ ചിതറിക്കിടക്കുന്നു. 

അപ്പുവിന് പിന്നിൽ പരസ്പരം കലഹിക്കുന്ന ഒരു നാടോടിക്കുടുംബമുണ്ട്. അതിനിടയിൽ ഫാക്ടറിയിൽ നിന്നുള്ള അലാറം കണക്ക് ഉച്ചത്തിൽ കരയുന്ന ഒരു ചപ്രത്തലയാണ് കുട്ടി. നടപ്പാലമിറങ്ങി വന്ന മാന്യരിൽ ഒരുവൻ നാടോടിപ്പെണ്ണ് കുഞ്ഞിന് മുല കൊടുക്കുന്നത് തുറിച്ചു നോക്കിയപ്പോൾ അപ്പു മനസ്സിൽ ശപിച്ചു.
"ബാസ്റ്റഡ്"

അപ്പുറത്ത് ആൽമരം പന്തലിച്ചതിനു കീഴെ ഓട് പുതച്ച പഴയ ക്ഷേത്രമുണ്ട്. ആല്മരത്തിലെ വവ്വാലുകൾ തീവണ്ടികളുടെ മുഴക്കങ്ങളിൽ ചില വിട്ടു പറക്കുകയും തിരികെ വന്നു തൂങ്ങിക്കിടക്കുകയും ചെയ്തു കൊണ്ടിരുന്നു.
കണ്ണുകളൊരു ലാട വിളക്കാക്കി അപ്പു സാകൂതം അത് നോക്കിയിരിക്കെ ഫോൺ ശബ്ദിച്ചു. 

" ഡാ അപ്പു" സുധിയാണ്. 
" ന്താടോ ?" 
" നീ ഇപ്പോഴും പുറപ്പെട്ടില്ലേ ?" 
"അതേടോ തെണ്ടി. പുറപ്പെടുവാണ്. കൊച്ചുവേളിക്ക്, ഞാനിപ്പോ സ്റ്റേഷനിലാണെടോ . എന്തായാലും നട്ടപ്പാതിരാക്ക്‌ പ്രതീക്ഷിച്ചോ ഹ്ഹ്ഹ  " 
" എന്നാ താനൊരേകദേശ സമയം പറ. ഞാനും രാമും കൂടി സ്റ്റേനില് വണ്ടിയായി വരാ  " . 
" വേണ്ടാ .. ഞാനോട്ടോ പിടിച്ചു വന്നോളാം " .
" അപ്പു, കളിക്കല്ലേ, നേരെ ഇങ്ങോട്ട് തന്നെ വരണേ. അവര് വിളിച്ചു ഇവരെക്കണ്ടു എന്നൊക്കെ പറഞ്ഞു വഴീന്നു അങ്ങോടുമിങ്ങോടും തിരിയാന്‍ നിക്കരുത്‌ പ്ലീസ് . ഇവിടെ എല്ലാരും എല്ലാം റെഡിയാക്കി നിക്കാണ് . ക്യാമ്പിനു ആറുമണിക്ക് തന്നെ പുറപ്പെടണം. വൈകിയാ സകല ഷെഡ്യൂളും തെറ്റും. മറക്കരുത് " .
" ഹൂ .. ഹ്ഹ്ഹ് " 
സുധിയെ കളിയാക്കാനായി വെറുതെ ഒന്ന് ചിരിച്ചു .
" പ്ലീസ്, എല്ലാം നിസ്സാരമാക്കരുത്. എന്നെ കുഴപ്പിക്കരുത് "
" എത്തിക്കൊള്ളാമെടാ  അളിയാ . നീ ടെന്‍ഷനടിക്കേണ്ട "
" ആ പിന്നൊരു കാര്യം തന്നെ തന്റെയാ ലീന അന്വേഷിച്ചു വന്നിട്ടുണ്ടായിരുന്നു. നീ ബന്ധപ്പെട്ടിരുന്നില്ലേ ? " 
അപ്പു നിശ്ശബ്ദനായി. ' ശരി ' യെന്നു ഫോണ്‍  കട്ട് ചെയ്തു.
 'ലീന'

ഇഷ്ടത്തിനും ജീവിത്തത്തിനുമിടയിലെ ശരിയോ ശരികേടോ എന്നറിയില്ല. ഉള്ളിലടിഞ്ഞു കൂടിയ വേവലാതികളുടെ ഉത്തരമാണ് ലീന. എങ്കിലും അമ്മയുടെ മുന്നില്‍ എങ്ങനെ അവതരിപ്പിക്കണമെന്നാണു തിട്ടമില്ലാത്തത് . രണ്ടു വിശ്വാസങ്ങള്‍ , രണ്ടു തരം ആചാരങ്ങള്‍ , രണ്ടു സാമൂഹിക തലങ്ങള്‍. എല്ലാം വലിച്ചു പൊട്ടിക്കണോയെന്നു ഒരുപാടാലോചിച്ചതാണ് . ഉണ്ടായേക്കാവുന്ന ഭൂകമ്പമോര്‍ക്കുമ്പോള്‍ മനസ്സ് ശൂന്യമാകുന്നു. വല്ലാത്ത ലോകം തന്നെ.  തീവണ്ടിപ്പാളങ്ങള്‍ക്ക് അങ്ങേയറ്റത്ത് വഴിക്കണ്ണുമായി ഒരു പക്ഷെ ലീനയും നില്പുണ്ടാവാം. അപ്പു മൊബൈലില്‍ അവളുടെ ചിത്രം വെറുതെ നോക്കി ഇരുന്നു. 

പ്ലാറ്റഫോമിനെ തഴുകിക്കൊണ്ട് വേനൽക്കാറ്റു അവിടം മുഴുവൻ ചുറ്റിത്തിരിഞ്ഞു. പിന്നെ മുളങ്കൂട്ടങ്ങൾ ഇഴ ചേർന്ന് നിന്ന കുന്നിൻ ചരിവിലേക്ക് യാത്രയായി. ബോറടി മാറ്റാനായി അപ്പു മൊബൈലിൽ ശരണം കൊണ്ടു. ലീനയുടെ മെസ്സേജുണ്ട്.

"അപ്പു ഞാനകപ്പാടെ ഡൌൺ ആണ്. നിന്റെ മൗനം പലപ്പോഴും വലിയ വാക്കുകളായി ഉള്ളിൽ കോറുന്നു. നമുക്ക് ഒന്നുമോർക്കാനില്ലാത്ത ഈ കുഞ്ഞു കൂട്ടിൽ ചേക്കേറാം. പരസ്പരം കൊക്കുകളുരുമ്മി! നീ വരൂ, ഈ നാൽക്കവലയിൽ ഞാനിരിപ്പുണ്ട്"

എന്ത് മറുപടി കൊടുക്കണം. അവളൊരു സ്വപ്നലോകത്താണ്. മെഴുകി മിനുക്കിയില്ലെങ്കില്‍ എല്ലാമെല്ലാം ക്ലാവ് പിടിച്ചു കറുത്തു പോകുന്നു. 

" സര്‍, ഒരു ബീഡി തര്വോ?" 

മണ്ണ് പുരണ്ട വസ്ത്രങ്ങളും, എണ്ണ തൊടാത്ത തലമുടിയും നീളന്‍ താടിയുമുള്ളൊരു ഭ്രാന്തന്‍ മുന്നില്‍ വന്നു നിന്നു അപ്പുവിനു നേരെ കൈ നീട്ടി . ' ഇല്ല ' എന്ന് തലയിളക്കി ആംഗ്യം കാണിച്ചിട്ടും ഭ്രാന്തന്‍ പോകുന്ന മട്ടില്ല . പോക്കറ്റില്‍ നിന്ന് അഞ്ചു രൂപാ നോട്ടെടുത്ത് നീട്ടി . അത് വാങ്ങി 'പ്രാന്തൻ....പ്രാന്തൻ' എന്ന് പിറുപിറുത്തു കൊണ്ട് അയാളകന്നു പോയി . 

വിളർത്തുവരണ്ട ഉഷ്ണക്കാറ്റിൽ പ്ലാറ്റുഫോം ചുട്ടു. മൊരിഞ്ഞ സമ്മൂസയുടെ മണം പരത്തുന്ന തട്ടുകടയിൽ നിന്ന് പഴയൊരു ഹിന്ദിപ്പാട്ട് അവിടം ഒഴുകിപ്പരന്നു.  "മേരാ നൈനാ സാവന്‍ ബാദോം , ഫിര്‍ഭി മേരാ മന്‍ പ്യാസാ". ദാഹാർത്തമായ മനസ്സുകൾ. മൊബൈല്‍ സ്ക്രീനില്‍ ലീനസ്സിന്റെ  അര്‍ദ്ധനഗ്നശരീരം  വിളര്‍ത്തു കിടക്കുന്നു. 
" ഭൈയാ ... ഓ . ഭൈയാ ... "

തളര്‍ന്ന ശബ്ദത്തിലാരോ വിളിക്കുന്നു . നാലോ അഞ്ചോ വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടി മൂക്കിളയൊലിപ്പിച്ചു മുന്നില്‍ നിന്ന് ഷര്‍ട്ടില്‍ തോണ്ടി വലിക്കുന്നു . അവളുടെ ചെമ്പിച്ച തലമുടി കാറ്റില്‍ ഉലഞ്ഞു. മുട്ടോളമെത്തുന്ന പെറ്റിക്കോട്ടില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണ ശകലങ്ങള്‍. അപ്പു വെറുപ്പോടെ മുഖം കോട്ടി.

അവളുടെ വരണ്ട മുഖത്തെ കണ്ണുകളിൽ മാത്രം തെളിച്ചമുണ്ട്  . മൂക്കിള ഉണങ്ങിപ്പറ്റിയ കവിളുകള്‍ വിടര്‍ത്തി,കറപുരണ്ട പല്ലുകള്‍ കാണിച്ച് അവള്‍ അപ്പുവിനോട് ചിരിച്ചു. പുറകില്‍ അമ്മയെന്ന് തോന്നിക്കുന്ന സ്ത്രീ വ്യംഗ്യമായ ഭാഷയില്‍ ഉച്ചത്തിലെന്തോ പറഞ്ഞു. അവരുടെ സാരിയില്‍ പറ്റിയിരുന്ന് ഒരു ചെറിയ കുഞ്ഞ്  ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കുന്നു. അമ്മയെ ഒന്ന് തിരിഞ്ഞു നോക്കിയ പെണ്‍കുട്ടി വീണ്ടും അപ്പുവിന്റെ ഷര്‍ട്ടില്‍ പിടിച്ചു വലിച്ചു. 

"ഭൈയാ, ഓ ഭൈയാ മുജേ ബൂഖ് ലഗീ ഹേ"
അപ്പോൾ അകലെ നിന്ന് ട്രെയിനിന്റെ ചൂളംവിളി മുഴങ്ങി. അതിൽ കയറിപ്പറ്റാനായി ആളുകൾ പെട്ടിയും സാമാനങ്ങളുമായി പരക്കം പാഞ്ഞു. ഷർട്ടിൽ മുറുകിയ മുഷിഞ്ഞ കുഞ്ഞു കൈകൾ അപ്പു ബലമായടർത്തി മാറ്റുമ്പോൾ വാശിക്കെന്ന പോലെ അവൾ വീണ്ടും പിടിച്ചു. ശക്തിയോടെ അവളെ തള്ളിമാറ്റി.
ഒരു നിമിഷം! 
തിളക്കമുള്ള അവളുടെ കുഞ്ഞിക്കണ്ണുകൾ അവന്റെ മുഖത്തു നിശ്ചലമായി. അപ്പുവിന്റെ കൈകളിൽ നിന്ന് ഫോൺ തട്ടിപ്പറിച്ചു പ്ലാറ്റ് ഫോമിനടുത്തുള്ള തൈപ്പൊന്തകള്‍ക്കരികിലൂടെ  കുണുങ്ങിചിരിച്ചു അവൾ മുന്നോട്ടോടി. കൂടെയുണ്ടായിരുന്ന സ്ത്രീ അവളെ നോക്കി കടുപ്പിച്ചൊന്നു അലറി. അവളുടെ മുഖം മ്ലാനമായി. പുറകെ ഓടിയെത്തിയ അപ്പു കാണ്‍കെ മൊബൈൽ ഫോൺ അവള്‍ കാട്ടു പൊന്തകള്‍ക്കിടയിലെക്കേറിഞ്ഞു! 

പ്ലാറ്റ് ഫോമില്‍ ട്രെയിന്‍ വന്നു നിന്നു . നിമിഷം കൊണ്ടവിടം ജനനിബിഡമായി . മൂത്രം നാറുന്ന കാട്ടുപൊന്തകള്‍ക്കടുത്തുനിന്ന്  തിളയ്ക്കുന്ന കണ്ണുകളോടെ അപ്പു തിരിഞ്ഞു നോക്കുമ്പോള്‍ അവളുടെ കവിളുകളില്‍ അമ്മ ആഞ്ഞടിക്കുന്നത് കണ്ടു . പുറംകയ്യാല്‍ മൂക്കിള  തുടച്ചു അവള്‍ അപ്പുവിനെ നോക്കി വിതുമ്പി. കണ്ണുനീരിൽ മിഴികളിലെ തിളക്കം മങ്ങി. അമ്മ അവളെയും വലിച്ചിഴച്ചു തീവണ്ടിയുടെ ബോഗിക്കുള്ളിലേക്ക് കയറിപ്പോകുന്നത് അടങ്ങാത്ത ദേഷ്യത്തോടെ  അപ്പു നോക്കി നിന്നു.  "നായിന്റെ മോൾ" 

വളരെ പാടുപെട്ടു ഫോൺ തപ്പിയെടുത്തപ്പോഴേക്ക് തീവണ്ടി സ്റ്റേഷൻ വിട്ടു. ക്ഷോഭം തീരാഞ്ഞിട്ട് നിലത്തു ആഞ്ഞു ചവിട്ടി. ഇറങ്ങാന്‍ നേരം അമ്മ കയ്യില്‍ കെട്ടിയ ജപിച്ചെടുത്ത രക്ഷ വലിച്ചു പൊട്ടിച്ചു തീവണ്ടിച്ചക്രങ്ങളുരഞ്ഞു തേഞ്ഞ റെയില്‍വേ ട്രാക്കിലേക്കെറിഞ്ഞു. കുറേ നേരം അങ്ങനെ  ഇരുന്നു. സുധിയെ വിളിച്ചു. മറു ചോദ്യങ്ങള്‍ക്കിടം കൊടുക്കാതെ സംഭവിച്ചത് മാത്രം പറഞ്ഞു. പ്രതികരണങ്ങള്‍ക്കു കാക്കാതെ ഫോണ്‍ വെച്ചു . 

യാത്രക്കാരൊഴിഞ്ഞ സ്റ്റേഷൻ പഴയ പടിയായി. വെയിലിൽ തളർന്ന കെട്ടിടങ്ങളുടെ കോണ്‍ക്രീറ്റു മേലുറകള്‍ അന്തിക്കാറ്റില്‍ തണുത്തുറയാന്‍ തുടങ്ങി . ആല്‍മരങ്ങളിലെ വവ്വാലുകള്‍ ചില്ലകളുപേക്ഷിച്ചു ഇരുളിന്റെ കൂടാരങ്ങള്‍ തേടിപ്പോയി . അടുത്ത ട്രയിനിനു ടിക്കറ്റു  ശരിയാക്കി, ഭക്ഷണം കൂടി കഴിഞ്ഞപ്പോഴേക്കു ഏതാണ്ട് ഒന്നര മണിക്കൂറോളം പിന്നിട്ടു പോയിരുന്നു. പ്ലാനുകൾ തെറ്റിപ്പോയ അസ്വസ്ഥതയിലേക്ക് തുടരെ തുടരെ ഫോൺ കോളുകൾ! 'അമ്മയാണ് . ഒരു പാട് പറയാനുണ്ടാവും . വിശദീകരിക്കാനും' എടുക്കേണ്ടയെന്നു തീരുമാനിച്ചു. പക്ഷെ വിളി നിൽക്കുന്നില്ല. ഒടുവില്‍ ഫോണെടുത്തു . അങ്ങേത്തലക്കല്‍ അമ്മാവന്റെ പരുത്ത ശബ്ദം. 'ഹലോ' പറയുമ്പോള്‍ അപ്പുറത്ത് നിന്ന്  ഒരു ദീര്‍ഘനിശ്വാസം. ആരെങ്കിലും സംസാരിച്ചു തുടങ്ങുന്നതിനു മുന്‍പ് അമ്മ ഫോണ്‍ വാങ്ങി . 

"മോനേ...നീ എവിടെയാ ?"
അമ്മ കരയുന്നുണ്ടെന്നു തോന്നി. 
"ഞാനിവിടത്തന്നെയുണ്ട്‌ .. സ്റ്റേഷനീത്തന്നെ. ട്രെയിന്‍ മിസ്സായിപ്പോയി . ഇനി കൊറേയങ്ങ്  പറയാന്‍ നിക്കല്ലേ.  അടുത്ത വണ്ടിക്കു തന്നെ പൊക്കോളാം" 

ദേഷ്യം അമ്മയോടാണ് തീര്‍ക്കുന്നത്. കരയുന്നുവെന്നല്ലാതെ അമ്മയൊന്നും പറഞ്ഞില്ല. ഫോണ്‍ വാങ്ങിയ അമ്മാവനതു പറയുമ്പോള്‍ ദേഹത്തൊരു സൂചി കുത്തിയിറക്കുന്ന തോന്നലായിരുന്നു.

"എടാ , കൊച്ചുവേളി എക്സ്പ്രസ്സ്‌ പാളം  തെറ്റി നദിയിലേക്ക് വീണു. ഞങ്ങളെല്ലാരും വാര്‍ത്ത കണ്ടോണ്ടിരിക്കാണ്. വല്ലാത്തൊരു കാവലാണ് ദൈവം നിന്നെ കാത്തത്"

നാവു മരവിച്ചു പോയി. താന്‍ പോകേണ്ടിയിരുന്ന ട്രെയിന്‍! 

ഉള്ളിലെവിടെയോ  ആയിരം മെഴുകുതിരികൾ തെളിഞ്ഞു. അവക്ക് മുന്നിൽ ചില്ലിട്ടു വെച്ച ചിത്രങ്ങളിൽ അനേകം മുഖങ്ങൾ. അവയ്ക്കിടയിൽ മൂക്കിലയൊലിക്കുന്ന കുഞ്ഞുമുഖവും. കണ്ണുകളിൽ അതെ തിളക്കം. അടികൊണ്ടു കരുവാളിച്ച കവിളുകളിൽ പക്ഷേ പുഞ്ചിരി ഉണ്ടായിരുന്നില്ല. അപ്പുവിന്റെ കണ്ണുകൾ നിറഞ്ഞു. നദിയുടെ ആഴമേറിയ തണുപ്പിൽ ആ മാലാഖക്കുഞ്ഞു മരിച്ചു മരവിച്ചു കിടന്നു.(കൈരളിനെറ്റ് മാഗസിൻ ഏപ്രിൽ / 2013  ).