Oct 9, 2013

ജബലുകള്‍ക്കക്കരെ

മഴവില്ല് - വെബ് മാഗസിൻ - വാർഷികപ്പതിപ്പ്‌ - 2013
മല കയറിത്തുടങ്ങുമ്പോഴാണ് ചൂട്ടു കെട്ടു പോയത്ശക്തിയുള്ള കാറ്റുമുണ്ടായിരുന്നുകലന്തന്‍ ചുമലില്‍  
നിന്ന് തോലം താഴെയിറക്കി വെച്ചുകൂടെയുള്ളവരും . രണ്ടു പേരെ വഴിയില്‍  നിര്‍ത്തി മരയ്ക്കാരിനൊപ്പം ദൂരെക്കണ്ട വെട്ടം ലക്ഷ്യമാക്കി  നടന്നുമുളങ്കാടിനോട് ചേര്‍ന്നുള്ള വഴിയിലൂടെ. നടന്നടുക്കുന്തോറും വെളിച്ചം കനത്തു കണ്ടു . ഉച്ച വെയിലില്‍ തെളിഞ്ഞ വെള്ളത്തിടിയില്‍ കാണുന്ന കാഴ്ചകള്‍ പോലെ!

വലിയ തീപ്പന്തങ്ങള്‍ കുത്തി നിറുത്തിയ കമാനമായിരുന്നു മുന്നില്‍. അരമുഴത്തോളം വീതിയുള്ള ചുറ്റുമതിലിനു നടുവിലായാണ് കമാനമുള്ളത് . ഇടത്തും വലത്തുമായി പാറയില്‍ കൊത്തിയ രൂപങ്ങള്‍ പോലെ രണ്ടു പാറാവുകാരുണ്ടായിരുന്നു. അവരുടെ ഇടതു കൈകളില്‍  അഗ്രം തിളങ്ങുന്ന കുന്തങ്ങളുണ്ടായിരുന്നു. വലതു കൈത്തണ്ടയില്‍  രാജകീയ ചിഹ്നം പോലൊന്ന് ചാപ്പ കുത്തിയിട്ടുണ്ട്. കലന്തന്‍ മരയ്ക്കാരിനൊപ്പം അവര്‍ക്ക് മുന്നില്‍ നിന്നു. പാറാവുകാരിലൊരാള്‍ വായ്ത്താരിയിട്ടപ്പോള്‍  അകത്തു നിന്ന് അറബിക്കെട്ടു കെട്ടിയ ഒരു യുവകോമളന്‍ കമാനവാതിലില്‍ വന്നു നിന്നു. അയാളുടെ വീതി കൂടിയ അരപ്പട്ടയ്ക്കു നടുവിലായും രാജമുദ്രയുണ്ട് . കലന്തനും മരയ്ക്കാരും കള്ളിമുണ്ടുകള്‍ക്ക് മേലെ അരപ്പട്ട കെട്ടിയിട്ടുണ്ട്. പക്ഷെ മുദ്രകളൊന്നും ഉണ്ടായിരുന്നില്ല. അറബിക്കെട്ടുകാരന്‍ അവരെ നോക്കി ഹാര്‍ദ്ദവമായി പുഞ്ചിരിച്ചു . കരം കവര്‍ന്നു .
അസ്സലാമു അലൈക്കും                                                                           
വ അലൈക്കും അസ്സലാം . കലന്തന്‍ മറുമൊഴി ചൊല്ലി.
യുവാവ് കലന്തനെ അകത്തേക്ക് ക്ഷണിച്ചു . കൈയിലുള്ള പണക്കിഴി ശ്രദ്ധയോടെ ചേര്‍ത്തു പിടിച്ച് കലന്തന്‍ മരയ്ക്കാരിനോടായി തിരിഞ്ഞു നിന്ന് പറഞ്ഞു .
 വാ മരയ്ക്കാരെ .
പക്ഷേ മരയ്ക്കാര്‍ അവിടെ  ഉണ്ടായിരുന്നില്ല. കലന്തന്റെ ഉള്ളു കാളി. റാത്തീബിനു* (ചില മുസ്ലീങ്ങളുടെ ഒരു തരം ആചാരം) കളത്തിലെ വിളക്കുകളണയുമ്പോള്‍ അയാള്‍ക്ക്‌ അങ്ങനെ തോന്നാറുണ്ട്. അയാള്‍ യുവാവിനോട് പറഞ്ഞു
മരയ്ക്കാരെ കാണുന്നില്ലല്ലോ ?
അറബിക്കെട്ടുകാരന്‍  പുഞ്ചിരിച്ചു . അയാളുടെ മുഖം ഖമറിനൊത്ത്* (ചന്ദ്രന്‍) വിളങ്ങുന്നുണ്ടായി.
കൂട്ടുകാരന്‍  വന്നു കൊള്ളും, നിങ്ങള്‍ വന്നാലും !
ഞങ്ങളുടെ ചൂട്ട്‌ കെട്ടു പോയിഇത്തിരി വെളിച്ചം കിട്ടിയാല്‍ മതി
  
യുവാവ് സ്നേഹത്തോടെ കലന്തന്റെ കൈയില്‍ പിടിച്ചു. ഊദിന്റെ ഗന്ധമുള്ള വഴിയിലൂടെ അയാള്‍ യുവാവിനൊപ്പം  നടന്നു. അങ്ങനെയൊരു മണം മുമ്പ് അറിഞ്ഞിട്ടില്ല.    കമാനം കഴിഞ്ഞാല്‍  അടികളോളം നീളത്തില്‍ നടവഴിയാണ് . അറ്റത്ത്‌ ഒരു കൊട്ടാരം കണ്ടു നനുത്ത മണ്ണും , വെള്ളിമണലും കൂടിക്കുഴഞ്ഞ വഴിയോരത്ത് കണ്ണാടി പോലെ പ്രതലമുള്ള തടാകമുണ്ട് . തടാകക്കരയില്‍ കൂറ്റന്‍ വൃക്ഷങ്ങളുണ്ട് . വൃക്ഷങ്ങള്‍ക്ക് മുകളില്‍ ഇരുട്ടാണ്‌ , കലന്തന്റെ ചിന്തയിലും ഇരുട്ടാണ്‌ . ഇരുട്ടിനു മേല്‍ നുജൂമുകള്‍* (നക്ഷത്രങ്ങള്‍) പ്രകാശിച്ചു . പുള്ളിക്കുത്തുകള്‍ പോലെ. നടവഴിക്കിരുവശത്തും സ്ഥാപിച്ച പന്തങ്ങളുടെ പ്രകാശത്തില്‍ നുജൂമുകള്‍ മങ്ങി . അലങ്കരിച്ചു തൂക്കിയ തോരണങ്ങളില്‍ തീനാളം പ്രതിഫലിച്ചു . കൂറ്റന്‍ മരങ്ങള്‍ക്കും ചോലവൃക്ഷങ്ങള്‍ക്കും ഇടയില്‍ ഒട്ടകങ്ങള്‍ മേഞ്ഞുയുവാവ് ഒന്നും സംസാരിച്ചിരുന്നില്ല . കലന്തന്‍ ഒന്നും ചോദിച്ചുമില്ല. ഇടവിട്ട്‌ കണ്ട ഗോപുര ശൃംഗങ്ങളില്‍ നിന്ന് പറവകള്‍ ചിലച്ചു കൊണ്ട് കലന്തന്റെ തലയ്ക്കു മുകളില്‍ വട്ടം ചുറ്റി.  അറബിക്കെട്ടുകാരനായ യുവാവ് ഈണത്തില്‍ ചൂളമടിച്ചപ്പോള്‍ പക്ഷികള്‍ പടുതിരി കത്തുന്ന ഗോപുര വെട്ടം ലക്ഷ്യമാക്കിപ്പറന്നു.     

ആരും കലന്തനെ ശ്രദ്ധിച്ചില്ല . കലന്തന്‍ എല്ലാം ശ്രദ്ധിച്ചു. ഉലാത്തുന്ന പാറാവുകാരെ, തിരികളില്‍ നെയ്യൊഴിക്കുന്ന സ്ത്രീകളെ, ഗോപുരങ്ങള്‍ വൃത്തിയാക്കിക്കൊണ്ടിരിക്കുന്നവരെ. പരവതാനി വിരിച്ച കൊട്ടാരമുറ്റത്തു സ്വര്‍ണ്ണ അലുക്കുകളും , കില്ലകളും തൂക്കിയ മഞ്ചലുണ്ടായിരുന്നു. കറുത്തതും , വെളുത്തതുമായ കുതിരകളെ യാത്രക്കായി ഒരുക്കി നിറുത്തിയിട്ടുണ്ടായിരുന്നു. കുതിരകള്‍ ചലിക്കുമ്പോള്‍ കിങ്ങിണികള്‍ മുഴങ്ങികല്ലിൽ കൊത്തിയ കൊട്ടാരച്ചുവരുകളില്‍ എരിയുന്ന തിരികളില്‍ നിന്ന് നീലയും , ചുവപ്പും പ്രകാശം പരന്നു.  

യുവാവ് നിന്നു . കലന്തനും നിന്നു. കവാടത്തില്‍ നിന്ന് ഉള്ളിലേക്ക് നീട്ടി വിളിച്ചു . നീലത്തലപ്പാവും , നീളം കൂടിയ വസ്ത്രങ്ങളും ധരിച്ച ഒരാള്‍ പുറത്തേക്ക് വന്നു. നടക്കുമ്പോള്‍ അയാളുടെ ഭാരിച്ച കാലുറകളില്‍  നിന്ന് ശബ്ദമുയര്‍ന്നു. അറബിക്കെട്ടുകാരന്‍ തിരിച്ചു പോയി. ഉള്ളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഗുമസ്തനെന്നു തോന്നിക്കുന്നയാള്‍ കലന്തനോട് പറഞ്ഞു
ആ ഭാണ്ഡം ഇവിടെ വെച്ച് കൊള്ളൂ .
കലന്തന്‍ സംശയിച്ചു

മടിക്കേണ്ട തന്നോളൂ . ഇവിടെയാണ്‌ അതിഥികളുടെ അമാനത്തുകള്‍* (മുതലുകള്‍) സൂക്ഷിക്കുന്നത്. (ഗുമസ്തന്‍ തുടര്‍ന്നു) - അതിനുള്ളില്‍ പണമാണെന്ന് തോന്നുന്നു ?     
പിന്നീട് ഒന്നും പറയാന്‍ നില്‍ക്കാതെ കട്ടിയുള്ള തോൽപ്പുസ്തകം തുറന്ന് മേശപ്പുറത്തു നിന്ന് തൂവലെടുത്ത് മഷിയില്‍ മുക്കി എഴുതാന്‍ തുടങ്ങി .
പേര് ?
കലന്തന്‍  .
കലന്തന്‍, പണമടങ്ങിയ സഞ്ചി . ഒന്ന്  ആത്മഗതം പോലെ അത്രയും ഉരുവിട്ട ശേഷം മരം കൊണ്ടുണ്ടാക്കിയ അച്ചെടുത്ത് ഭാണ്ഡത്തിലും, കലന്തന്റെ കൈത്തണ്ടയിലും മുദ്രണം ചെയ്തു

തടി കൊണ്ട് കൊത്തു പണികള്‍ ചെയ്ത മച്ചുള്ള, അനേകം മരത്തൂണുകളുള്ള ഭക്ഷണമുറിയിലെ സുപ്രയില്‍ ഒരിടത്ത് കലന്തനെയും ഇരുത്തി. അടിചെറുതായ വാ വട്ടമുള്ള പിച്ചളപ്പാത്രത്തില്‍ കലന്തന് അതിവിശിഷ്ടമായ പാനീയം ല്‍കി. രാജകീയ രീതിയില്‍ വസ്ത്രധാരണം ചെയ്ത ആളുകളായിരുന്നു ഭക്ഷണം കഴിച്ചു കൊണ്ടിരുന്നത്. കഴിക്കാനിരിക്കുന്നതിനു മുമ്പ് അവര്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുകയും, ഭക്ഷണ ശേഷം കണ്ണുകളടച്ച്‌ ചൂണ്ടു വിരല്‍ മുകളിലേക്കുയര്‍ത്തുന്നതും കലന്തന്‍ പുതുമയോടെ നോക്കി. കലന്തന്‍ പ്രാര്‍ത്ഥിച്ചൊന്നുമില്ലനാലാക്കി മുറിച്ച ആട് , മുഴുവന്‍ കോഴി , പത്തിരി , അപ്പങ്ങള്‍ എന്നിവയാണ് മുന്നില്‍പഞ്ചസാര , നെയ്യ്, ഈന്തപ്പഴം , അണ്ടിപ്പരിപ്പ് , ഉള്ളി, ചില ഇലകള്‍ തുടങ്ങിയവ പ്രത്യേകം പ്രത്യേകം ഓടിന്റെയും, പിച്ചളയുടെയും പാത്രങ്ങളില്‍ നിരത്തിയിട്ടുമുണ്ട്. ഭക്ഷണം കഴിഞ്ഞു എഴുന്നേല്‍ക്കുമ്പോള്‍ കലന്തന് ഒരാള്‍ ഓട്ടു കിണ്ടിയില്‍ വെള്ളം നല്‍കിഉമ്മയുണ്ടാക്കുന്ന വിഭവങ്ങള്‍ക്കാണ് രുചി കൂടുതല്‍!

കലന്തന്‍ കല്‍ത്തൂണുകള്‍ സ്ഥാപിച്ച ഇടനാഴിയിലൂടെ നടന്നു. ബഹളങ്ങളും പൊട്ടിച്ചിരികളും അവിടമാകെ നിറഞ്ഞു
കലന്താ 
അപ്രതീക്ഷിതമായ വിളിയില്‍ കലന്തന്‍ തിരിഞ്ഞു നിന്നു . ഒരു വൃദ്ധന്‍ മുന്നോട്ടു വന്നു. അയാളുടെ താടിയും മുടിയും വസ്ത്രങ്ങളും വെളുത്തതായിരുന്നു
ഇങ്ങളാരാ. മുമ്പ് കണ്ടിട്ടില്ലല്ലോ?  കലന്തന്‍ നിഷ്കളങ്കമായി ചോദിച്ചു .
മുസാഫര്‍. വസ്ത്രങ്ങള്‍ നേരെയാക്കുന്നതിനിടയില്‍ വൃദ്ധന്‍ മറുപടി പറഞ്ഞു
അല്ലാ ഇന്നെ ങ്ങക്കെങ്ങനെ അറിയ്വാ ?
.. .. .. പട്ടുനൂലുപോലുള്ള താടിയില്‍ തടവി വൃദ്ധന്‍ ചിരിച്ചു .
നിന്നേം കൂട്ടുകാരേം ഞാനെല്ലാ മാസവും കാണാറുണ്ട്. നിങ്ങള്‍ ചന്തയില്‍ പോയി വരുന്ന വഴിക്ക് . കുത്തനെയുള്ള മലമ്പാത തുടങ്ങുന്ന വഴിയില്‍ വെച്ചാണ് ഞാന്‍ കാണാറ്. നിങ്ങളാരും ഇത് വരെ എന്നെ ശ്രദ്ധിച്ചിട്ടില്ലെന്നു മാത്രം
പക്കെങ്കില്* (പക്ഷേങ്കില്) ന്റെ പേരെങ്ങന്യാ അറിയ്വാ . അതാ ചോയ്ച്ചത് ?
മുസാഫര്‍ കലന്തന്റെ മുതുകിലൂടെ തലോടി
നീയും കൂട്ടുകാരും ഉറക്കെ സംസാരിച്ചാണല്ലോ പോകാറ്. നിങ്ങളുടെ സംഭാഷണങ്ങളില്‍ നിന്ന് ഓരോരുത്തരെയും എനിക്ക് വ്യക്തമായി അറിയാം  .
വൃദ്ധന്‍ അങ്ങനെ പറയുമ്പോള്‍ കലന്തന് കൂട്ടുകാരെ ഓര്‍മ്മ വന്നു.
അതേയ് എനക്ക് പെട്ടെന്ന് പോണം. അവരൊക്കെ അവടെ കാത്തിരിക്കണ്'ണ്ട്  . തോലോം സാമാനങ്ങളുമായിറ്റ് ഫജ്റ്ക്ക്*  (അതിരാവിലെ) പൊറപ്പെട്ടതാണ്. അവരിക്കൊക്കെ നല്ല ഷീണണ്ടാകും.

പുറത്ത് ചാട്ടവാറടികളുടെയും കുതിരക്കുളമ്പടികളുടെയും ശബ്ദമുയര്‍ന്നു. കൊമ്പുകളുടെയും, കുഴലുകളുടെയും, തപ്പുകളുടെയും ഓശകള്‍* (ശബ്ദങ്ങള്‍) മുഴങ്ങി. "രാജാവ് എഴുന്നള്ളുന്നുണ്ട് ". വൃദ്ധനോടൊപ്പം കലന്തന്‍ അങ്കണത്തിലേക്ക് നീങ്ങി
രാജാവിന്റെ രത്നങ്ങള്‍ പതിച്ച കിരീടവും മിന്നുന്ന ഉടയാടകളും അയാള്‍ ള്‍ഭയത്തോടെ നോക്കി നിന്നു. കൊടിക്കൂറകള്‍ കാറ്റിലിളകുന്നുണ്ട്. കലന്തന്റെ വസ്ത്രങ്ങളും കാറ്റിലിളകുന്നുണ്ട്. വെണ്‍കൊറ്റക്കുടകള്‍ ഉയര്‍ന്നു നിന്നു. ചാമരങ്ങള്‍ വീശുന്ന തരുണികളുടെ ഉടല്‍ഭംഗിയില്‍ കലന്തന്‍ ആശ്ചര്യപ്പെട്ടു
യാ റബ്ബീ . ഹൂറികള് തെന്നെ! 
കലന്തന്‍ ആത്മഗതം ചെയ്യുമ്പോള്‍ മുസാഫര്‍ കുസൃതിയോടെ നോക്കിച്ചിരിച്ചു. നോക്കി നില്‍ക്കെ കൊട്ടും കുരവയുമായി പല്ലക്കു ചുമന്നു കറുത്ത മനുഷ്യര്‍ വന്നു അതിന്റെ മുകള്‍ ഭാഗം കുടയുടെ ആകൃതിയിലായിരുന്നുപല്ലക്ക് നിലത്തിറക്കി വെച്ച് മുട്ടു കുത്തി തല താഴ്ത്തി കറുത്തവര്‍ നിശ്ചലരായി. സുന്ദരിയായ യുവതിയും , യുവാവുമാണ് പുറത്തിറങ്ങിയത്. പ്രത്യേകം തയ്യാറാക്കിയ രത്നഖചിതങ്ങളായ പീഠങ്ങളില്‍ അവര്‍ ഉപവിഷ്ടരായി. പ്രമാണികളെന്നു തോന്നിക്കുന്ന ആളുകള്‍ അവരെ വണങ്ങി മാറി നിന്നു

വാദ്യമേളങ്ങള്‍ മുഴങ്ങി. കലന്തന്റെ ഉള്ളു പെരുത്തു . അതിനിടയില്‍ വിരൂപിയായ ഒരു കുള്ളന്‍ അങ്കണത്തിലേക്ക് കടന്നു വന്നു. ദിഗന്തം മുഴങ്ങുമാറ് അയാള്‍ പെരുമ്പറ മുഴക്കി. അവിടം നിശ്ശബ്ദമായികലന്തന്‍ ശ്വാസം നിയന്ത്രിച്ചു. പതുത്ത നിലവിരികളിലേക്ക് ദഫ്ഫുകള്‍ മുഴക്കി നടന താളത്തോടെ യുവാക്കള്‍ കടന്നു വന്നു. അവര്‍ അര്‍ദ്ധ നഗ്നരായിരുന്നു. കലന്തന്‍ അര്‍ദ്ധനഗ്നനായിരുന്നില്ല. യുവാക്കള്‍  ചെരിപ്പുകള്‍ ധരിച്ചിരുന്നില്ല. കലന്തനും ചെരിപ്പു ധരിച്ചിരുന്നില്ല . കൈമുട്ടുകള്‍ (കൈകൊട്ട്) കൊഴുത്തു. കലന്തന്‍ അങ്ങനെയൊന്ന് കണ്ടിട്ടേയുണ്ടായിരുന്നില്ല . അത്ഭുതമെന്നേ പറയേണ്ടു അവര്‍ക്കിടയിലേക്ക് രണ്ടു പേര്‍ വായുവിലൂടെ ഒഴുകി വന്നു. അപ്പോള്‍ ശബ്ദങ്ങള്‍ ഒതുങ്ങി. ആളുകളുടെ നോട്ടം വായുവിലേക്കായി.  
കൊട്ടാരം ജാലവിദ്യക്കാരാണ് . (മുസാഫര്‍ കലന്തന്റെ ചെവിയില്‍ പറഞ്ഞു) അവര് ചെയ്യാത്ത അത്ഭുതങ്ങള് ആലം ദുനിയാവിലുണ്ടാവൂല്ല.       
കലന്തന്റെ നെഞ്ചിടിപ്പ് കൂടി. മാനത്തെ ഇരുട്ടിലൂടെ ഒരു കൊള്ളിയാന്‍ അതിവേഗം പാഞ്ഞു പോയിവായുവില്‍ ഒഴുകി വന്ന ജാലവിദ്യക്കാര്‍ നിശ്ചലമായി ശൂന്യതയില്‍ നിന്നു . അവരിലൊരാള്‍ ശരീരം രണ്ടായി പിളര്‍ത്തിക്കാണിച്ചു
യാ ബദുരീങ്ങളേ
കലന്തന്‍ പിന്നോട്ട് മറിഞ്ഞു

    
കലന്തന്റെ മുറിയുടെ വാതിലിനു പുറത്ത് ആരുടെയോ കാല്‍പ്പെരുമാറ്റം കേട്ടപ്പോള്‍ മുസാഫര്‍ പറഞ്ഞു കൊണ്ടിരുന്നത് നിര്‍ത്തിബാക്കിയറിയാനുള്ള വ്യഗ്രതയില്‍ കലന്തന്‍ കെറുവിച്ചു
ന്നട്ടെന്തായി ങ്ങള് പറയീന്ന്
ശ് ശ് .. ആരോ വരുന്നുണ്ട്. തല്‍ക്കാലം ഞാനങ്ങോട്ടു മാറി നിക്കാൽക്കാം.
മുസാഫര്‍ കലന്തനോട് ശബ്ദമുണ്ടാക്കരുതെന്ന്‌ ആംഗ്യം കാണിച്ചുകൊണ്ട് അവിടെ നിന്ന് മാറി നിന്നു. പുറത്ത് കാറ്റുണ്ടായിരുന്നു. ബഹറുകളേഴും താണ്ടി വന്ന കാറ്റ് ജന്നല്‍പ്പാളികളിളുരസിക്കളിച്ചപ്പോൾ ജന്നലിന്റെ വിജാഗിരികള്‍ മൂളിക്കൊണ്ടിരുന്നു. പറമ്പിലെ തെങ്ങില്‍ നിന്ന്  ഉണങ്ങിയ തെങ്ങോല വലിയ ശബ്ദത്തോടെ താഴെ വീണു. മാവില്‍ നിന്നും പ്ലാവില്‍ നിന്നും ഇലകള്‍ തെരുതെരെ വീണു കൊണ്ടിരുന്നു. 

കലന്തന്റെ ഭാര്യ  തിത്തീബിയാണ് ഭക്ഷണവുമായി മുറിയിലേക്ക് വന്നത്. തിത്തീബി പാത്രങ്ങള്‍ അയാള്‍ക്കു  മുന്നില്‍ വെച്ചു. തിത്തീബിയെ ഒന്ന് നോക്കുക പോലും ചെയ്യാതെ ശോഷിച്ച വിരലുകള്‍ കൊണ്ട് വളരെപ്പതുക്കെ അയാള്‍ ഭക്ഷണം കഴിക്കാൻ തുടങ്ങി. പുറത്തു നിന്ന് ആളുകളുടെ സംസാരവും പൊട്ടിച്ചിരികളും ഉയരുന്നു. ശബ്ദകോലാഹലത്തോടൊപ്പം വെളുത്ത പുകയും വേവുന്ന ഭക്ഷണത്തിന്റെ ഗന്ധവും കാറ്റിനോടൊപ്പം മുറിയില്‍ തങ്ങി.  മുസാഫറിന്റെ കഥകൾക്കിടയിൽ കലന്തന്‍ പുറമേ നിന്നുള്ള ശബ്ദങ്ങള്‍ കേട്ടിരുന്നുവെങ്കിലും അത് വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ല. ഒന്ന് രണ്ടു പ്രാവശ്യം ചോദിക്കാനാഞ്ഞെങ്കിലും മറന്നു പോവുകയായിരുന്നു.

എന്താണത് പൊറത്തുന്ന് ഒച്ച കേക്കണ്'ണ്ട്'ല്ലാ?
ഇന്ന് കല്യാണാണ് 
കല്ല്യാണോ .. ആര്ടെ?   
ങ്ങടെ അന്ത്രോന്‍* (അനുജന്‍) ബീരാങ്കുട്ടീടെ മോള് കുല്‍സൂന്റെ
അപ്പോ ന്റെ കുട്ടീടെ കല്യാണം കഴിഞ്ഞാ? 
 ഉത്തരം കിട്ടാത്തത് പോലെ കലന്തന്‍ ചോദ്യമാവര്‍ത്തിച്ചുഅയാളുടെ സംശയങ്ങൾക്ക്‌ വീണ്ടും മറുപടി പറയാൻ തുനിഞ്ഞ തിത്തീബിയെ മുടക്കിക്കൊണ്ടു കലന്തന്‍ പറഞ്ഞു.
നെന്നോടല്ല ഞാന്‍ ചോയിക്കണത്
ഇന്നോടല്ലെങ്കി പിന്നെ ആരോടാണ് ഇങ്ങള്ങ്ങനെ പറഞ്ഞോണ്ടിരിക്കണത്‌?     
(തിത്തീബിയുടെ ചോദ്യത്തില്‍ കലന്തന്‍ മോറു കൂര്‍പ്പിച്ചു.  മുസാഫറിനു നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു). 
ഓളോട് മുണ്ടണ്ട. അള്ളാണേമുത്തു റസൂലാണേ ഞാൻ മുണ്ടൂല്ല. ങ്ങളും മുണ്ടണ്ട!
വ്യസനത്തോടെ കലന്തനെ നോക്കിയിരുന്ന തിത്തീബിയുടെ കൈയിലെ വെള്ളം നിറച്ച ഗ്ലാസ്സിന് പിണക്കത്തോടെ കലന്തന്‍ ഒരു തട്ട് കൊടുത്തു
യാ അല്ലാഹ്
തുറന്നു വെച്ച വാതിലിലൂടെ , വായുവിലൂടെ പറന്ന് ഗ്ലാസ്സ് ചുവരിലടിച്ചു പൊടിഞ്ഞു വീണു. ആരൊക്കെയോ ധൃതിയില്‍ കോണി കേറി വന്നു
തിത്തീബ്യെ ബെക്കം പൊറത്തെറങ്ങിക്കാ. ബെക്കാവട്ടെഹോവ്- ഈ പണ്ടാറക്കുരിപ്പ് (ഒരു ശാപ വാക്ക്) ഒന്ന് തീർന്നു കിട്ട്ണൂല്ല്യല്ലോ റബ്ബേ...!

ആരോ അങ്ങനെ പറയുമ്പോള്‍ മുസാഫര്‍ കലന്തനെ നോക്കി ഇരുന്നു. മുസാഫര്‍ മന്ദഹസിച്ചപ്പോള്‍ കലന്തന്‍ ഉറക്കെ പൊട്ടിച്ചിരിച്ചു.   തെങ്ങിന്‍ തോട്ടങ്ങളിലെ പൊടിമണ്ണ് ചുരുട്ടിപ്പറത്തി ഏങ്ങിക്കരഞ്ഞുകൊണ്ട് ഒരു ചുഴലിക്കാറ്റ് വെയിലുകളിലൂടെ നീങ്ങിയകന്നു. പുറത്ത് ശക്തിയോടെ വാതിലിന് കൊളുത്ത് വീണു.   

ഷജറത്തു പൂത്ത സുബര്‍ക്കത്തിലെ പാലൊഴുകുന്ന നദികളെയും, അധിമധുരം മുറ്റിയ ഫലങ്ങളുടെയും, അതി വിശിഷ്ഠ മദ്യത്തിന്റെയും, അതി സുന്ദരിമാരുടെയും പോരിഷകളാണ്(ഗുണഗണങ്ങള്‍) പിന്നീടൊരു നിശ്ശബ്ദരാത്രിയിൽ മുസാഫര്‍ പറഞ്ഞു കൊടുത്തത്. കുട്ടിക്കാലത്ത് പുത്തനുടുത്ത് പെരുന്നാളിന് പള്ളീന്ന് വരുമ്പോ ബാപ്പ വാങ്ങിക്കൊടുക്കുന്ന പൊട്ടാസ്സും കമ്പിത്തിരിയും കിട്ടുമ്പോളുണ്ടാവുന്നതിനേക്കാള്‍ സന്തോഷത്തോടെ കലന്തന്‍ മുസാഫറിന്റെ മുഖത്തേക്ക് നോക്കിയിരുന്നു. അയാള്‍ മുസാഫറിന്റെ താടി രോമങ്ങളില്‍ ലോലമായി തടവി. മുസാഫറിന്റെ നീലക്കണ്ണുകള്‍ക്ക്  ഹഖീഖിന്റെ* (തിളങ്ങുന്ന ഒരു തരം കല്ല്‌) തിളക്കമുണ്ട്. മോറിന് നിലാവിന്റെ മാറ്റുണ്ട്!

“ ഇങ്ങക്കിപ്പളും ഒരു മാറ്റൊല്ല്യ. അന്നത്തെപ്പോലെ തന്നെണ്ട് ഇപ്പളും!! പോണോളം പോണോളം മൊഞ്ചു കൂട്വാ. ദെങ്ങനേണ് ങ്ങനെ? “
മുസാഫര്‍ ആദ്യമായി ഉച്ചത്തില്‍ ചിരിച്ചു. വെളുത്ത മുത്തുമണികള്‍ കോര്‍ത്തു വെച്ചത് പോലെയുള്ള പല്ലുകള്‍ തിളങ്ങി.
“എനക്ക് പ്രായം കൂടൂല്ല കലന്താ. ആയിരത്താണ്ടോളം അങ്ങനേണ്ടാവും. പടച്ചവന്‍ തുണ!“ 
ന്നാ എനക്കും അങ്ങനെ ആകണം
കലന്തന്‍ കുട്ടിയായി. മുസാഫര്‍ കലന്തന്റെ കൈകള്‍ കവര്‍ന്നു. ചുണ്ടുകളനക്കി ദുആ ചെയ്തു. അല്പം കഴിഞ്ഞു കണ്ണുകള്‍ മെല്ലെത്തുറന്നു. കൂര്‍മ്മതയോടെ നാലുപാടും നോക്കി. സ്വകാര്യമെന്ന മട്ടില്‍ കലന്തനോട് ചേര്‍ന്ന് ഇരുന്നു. ശ്വാസം കഴിക്കുന്ന ശബ്ദത്തില്‍ പറഞ്ഞു

“ ഇന്ന് വടെ ആളൊഴിഞ്ഞിരിക്കുന്നല്ലോ അല്ലേ കലന്താ. അത്താഴം തന്നു തിരിച്ചു പോയപ്പോ തിത്തീബി വാതില് പൂട്ടാൻ മറന്നിരിക്കണ്! പൊറത്താണെങ്കിൽ  ഖമറിന്റെ* (ചന്ദ്രന്‍) നല്ല വെളിച്ചവുമുണ്ട്. ഇപ്പളാണ് പറ്റിയ നേരം. വാ നമ്മക്ക്  പതുക്കെ പൊറത്തെറങ്ങാം“ 
 അതിന് ന്റെ കാലുമ്മെ ചങ്ങലയല്ലേ. ഞാനെങ്ങനെ വര്വാ"
ഈ ചെറിയേ തൊടലല്ലേ അത് നമ്മക്ക്‌ രണ്ടാൾക്കും കൂടി പൊട്ടിക്കാലോ

കലന്തന്റെ കരളു കുളിര്‍ത്തു. അയാള്‍ ചങ്ങലയൊഴിഞ്ഞ കാലിലെ തഴമ്പുകള്‍ തടവി നോക്കി. തെളിഞ്ഞ രാവില്‍ മരങ്ങളുടെ നിഴലുകള്‍ മണ്ണില്‍ കൂറ്റന്‍ രൂപങ്ങളായി. മുസാഫറിന്റെ കൈകളിലമര്‍ത്തിപ്പിടിച്ചു  കലന്തന്‍ വെട്ടു വഴിയിലൂടെ ഓടി. ദുനിയാവിന്റെ മണം, ദുനിയാവിന്റെ നനവ്‌, ദുനിയാവിലെ കാറ്റ്. രാക്കാറ്റില്‍ കലന്തന്റെ ദേഹം കുളിരുന്നുണ്ടായിരുന്നു. മരച്ചില്ലകളില്‍ നിന്ന് കൂമന്മാര്‍ മൂളുന്നുണ്ടായിരുന്നു. പള്ളിക്കാടിനടുത്തു കൂടി നീങ്ങുമ്പോള്‍ ഖബറുകള്‍ക്കിടയില്‍ നിന്ന് റൂഹാനികള്‍ (മരണമറിയിക്കുന്ന കിളികള്‍)  കരഞ്ഞുപള്ളിക്കുളത്തില്‍ ചന്ദ്രബിംബം ഉലഞ്ഞു കളിക്കുന്ന കുഞ്ഞോളങ്ങള്‍ നോക്കി കലന്തന്‍ അൽപനേരം നിന്നു.     
കലന്താ
മുസാഫര്‍ സ്നേഹത്തോടെ വിളിച്ചു. മുസാഫറിന്റെ കൈകള്‍ ചിറകുകളായി രൂപമാറ്റം വന്നിരിക്കുന്നു. കാണെക്കാണെ കലന്തന്റെ കൈകളിലും ചിറകുകള്‍ മുളക്കാന്‍ തുടങ്ങി. ദേഹം മുഴുവന്‍ തൂവലുകള്‍ മൂടാന്‍ തുടങ്ങി. ശരീരത്തിന്റെ ഭാരം കുറയാന്‍ തുടങ്ങി. മുസാഫര്‍ കലന്തനെ ചേര്‍ത്തണച്ചു ചുംബിച്ചു.

വരൂ കലന്താ . കാത്തു നില്‍ക്കാനിനി സമയമില്ല. ഫജറുസ്സാദിക്ക്* (കിഴക്ക് വെള്ള കീറുന്നതിന്) തെളിയുന്നതിന് മുമ്പ് നമുക്കീ ജബലുകളുടെ*(മലകളുടെ) മറുകര താണ്ടണം! മഴവില്ല് വാർഷികപ്പതിപ്പ്ഒക്ടോബര്‍ - 2013