Apr 24, 2016

കുതിരവണ്ടി


Obstacles are those frightful things you see when you take your eyes off the goal -Henry Ford


യാത്രക്കിടയിൽ ഞങ്ങൾ വനത്തിനുള്ളിൽ കടന്നു. ക്ഷീണം കൊണ്ട് മയങ്ങിപ്പോയി. ഉണർന്നപ്പോഴാണ് ഒറ്റപ്പെട്ടു പോയിരിക്കുന്നല്ലോ എന്നറിഞ്ഞത്. കാട്ടുമരങ്ങൾ ഇരുട്ടുവീഴ്ത്തുന്ന വനത്തിനുള്ളിലൂടെ നീണ്ടു കിടക്കുന്ന കാട്ടുപാതയിൽ ദിശയറിയാതെ അൽപനേരം നിന്നു. പിന്നെ, പൊതുവഴി കണ്ടേക്കുമെന്ന വിചാരത്തോടെ മുന്നോട്ട് നടന്നു.

പിന്നിൽ വളരെ ദൂരെ നിന്നു കുതിരകളുടെ കുളമ്പടി കേൾക്കുന്നു. ശങ്കയോടെ അവിടെത്തന്നെ നിന്നു. കറുത്തതും വെളുത്തതുമായ കുതിരകളെ പൂട്ടിയ ഒരു കുതിരവണ്ടി കാനനപാതയിലൂടെ പൊടിപടലങ്ങൾ പറത്തി അടുത്തടുത്തു വന്നു. തന്നെയും കടന്നു പോകുമെന്നായപ്പോൾ "ഹോയ് ...ഹോയ് ..." എന്ന് ശബ്ദമുണ്ടാക്കിക്കൊണ്ട്‌ കുതിരകളോടൊപ്പം അയാളും ഓടാൻ തുടങ്ങി. വണ്ടിക്കാരൻ അയാളെ നോക്കുകയല്ലാതെ ഒന്നും മിണ്ടുകയോ പറയുകയോ ചെയ്യുന്നില്ല.

"വണ്ടിക്കാരാ....വണ്ടിക്കാരാ....ദയവായി വണ്ടിയൊന്നു നിറുത്തൂ"

"ഇല്ലാ, ഈ കുതിരകൾ നിൽക്കുകയില്ല. വേണെങ്കിൽ ചാടിക്കേറിക്കോളൂ"

"ഓ .. ഹ്മ്മ് അങ്ങനെയോ...പക്ഷെ നിങ്ങൾ  എങ്ങോട്ടാണ് പോവുന്നത്?"

"ഭൂമിയുടെ അങ്ങേയറ്റത്തേക്ക്"

"എവിടെ നിന്നാണ് വരുന്നത്?

"ഭൂമിയുടെ ഇങ്ങേയറ്റത്തുനിന്ന്"

ഇയാളെന്താണീ പറയുന്നത്. എങ്ങോട്ടെന്നറിയാതെ എങ്ങനെ കയറാനാണ്. അയാൾ അങ്കലാപ്പിലായി.

"ഭൂമിയുടെ അങ്ങേയറ്റമോ.. അങ്ങനെ പറഞ്ഞാൽ എന്താണ്. എവിടെയാണത്. ചക്രവാളമാണോ?"

കുതിരക്കാരനിൽ നിന്ന് മറുപടിയുണ്ടായില്ല. ഓട്ടം കാരണം കിതക്കാനും തുടങ്ങിയിരിക്കുന്നു. പടിഞ്ഞാറ് സൂര്യാസ്തമയത്തിന്റെ അടയാളങ്ങൾ കണ്ടു തുടങ്ങി. കൂറ്റൻ കാട്ടുമരങ്ങൾക്കിടയിൽ കനത്തു നിന്ന ഇരുട്ടിലേക്ക് സൂര്യൻറെ ഇളം മഞ്ഞ പ്രകാശം നൂർന്നു നൂർന്നു കേറുന്നു. രക്ഷപ്പെടാൻ മുന്നിൽ മറ്റു മാർഗ്ഗങ്ങൾ ഇല്ല. എങ്ങനെയും വണ്ടിയിൽ കയറിക്കൂടുക തന്നെ.

"ഓ-ശരി. അങ്ങനെയെങ്കിൽ അങ്ങനെ. എന്നാൽ ഞാനും കൂടി കയറിക്കോട്ടെ?"

"ഓ കയറിക്കൊള്ളൂ... എങ്ങോട്ടാണ് പോവുന്നത്?"

അയാളൊരു നാടിന്റെ പേര് പറഞ്ഞു. അത് കേട്ട കുതിരക്കാരൻ ഭാവവ്യത്യാസം കൂടാതെ പറഞ്ഞു.

"ഓ അല്ലെങ്കി തന്നെ ഒരു നാടും എനിക്കറിയില്ല"

എങ്കിൽ പിന്നെ എന്തിനു ചോദിക്കുന്നുവെന്ന് ഉള്ളിൽ ദേഷ്യപ്പെട്ടെങ്കിലും ചോദിച്ചത് മറ്റൊന്നാണ്.

"നാടും സ്ഥലങ്ങളും അറിയാതെ പിന്നെ നിങ്ങളെങ്ങനെയാണ് വഴികൾ കണ്ടെത്തുന്നത്?"

"ഈ കുതിരകൾ എല്ലായിടങ്ങളിലൂടെയും ഓടിക്കൊണ്ടിരിക്കും. സഞ്ചാരികൾ അവരവരുടെ നാടുകളെത്തുമ്പോൾ ഇറങ്ങിപ്പോകാറാണ് പതിവ്"

അയാൾ വണ്ടിക്കുള്ളിലേക്ക് നോക്കി. ചടച്ചു തൂങ്ങിയ കിഴവൻ കുതിരക്കാരനല്ലാതെ മറ്റാരെയും അയാൾക്ക് കാണാൻ സാധിക്കുന്നില്ല. 'ആരായിരിക്കും ഈ സഞ്ചാരികൾ......ആ.....ആരായാലെന്ത്! എങ്ങനെയും കാടിന് പുറത്തു കടക്കണം.

"ഹേയ്. എന്നാപ്പിന്നെ ഞാനുമുണ്ട്. എൻ്റെ നാടെത്തുമ്പോൾ ഞാനുമിറങ്ങിക്കൊള്ളാം"

"ആട്ടെ..കയറിക്കൊള്ളൂ"

ഓട്ടം കാരണം കിതച്ചു കുഴങ്ങിയ അയാൾ ഒരു വിധം കുതിരവണ്ടിയിൽ കയറിപ്പറ്റി. വണ്ടിക്കുള്ളിൽ കയറിയപ്പോൾ അത്ഭുതപ്പെട്ടു പോയി. പുറത്തു നിന്ന് കാണുന്നത് പോലെ ആയിരുന്നേയില്ല. 'ഇത്രയും വലിപ്പമുള്ള കുതിര വണ്ടിയോ?' അയാൾക്കതു തിട്ടപ്പെടുത്താനാവുമായിരുന്നില്ല. പതിയെപ്പതിയെ ആ വണ്ടിക്കകത്തെ കാഴ്ചകളിലും ബഹളങ്ങളിലും അയാൾ മുഴുകിപ്പോയി. ഒരു കുതിരവണ്ടിക്കുള്ളിലാണ് താനിരിക്കുന്നത് എന്ന് പോലും അയാൾ മറന്നു. അപ്പോഴും യാത്രക്കാരെ വഹിച്ചു കൊണ്ട് കുതിരവണ്ടി വഴികൾ താണ്ടിക്കൊണ്ടുമിരുന്നു. ഒട്ടൊരു നേരം കഴിഞ്ഞു കാണണം, ഏതോ ഒരുൾവിളിയിൽ അയാൾ വണ്ടിക്കാരനെ തോണ്ടി വിളിച്ചു.

"നമ്മളിപ്പോ എവിടെയെത്തിക്കാണും?"

"ശ്ശ്.....ശ്ശ്....." വണ്ടിക്കാരൻ ചൂണ്ടു വിരലുയർത്തി സ്വന്തം ചുണ്ടിൽ വെച്ചു.

"അല്ലാ ... ഓടാൻ തുടങ്ങിയിട്ട് ഒരു പാട് നേരമായെന്നു തോന്നുന്നല്ലോ "

കുതിരക്കാരൻ ഒന്നും ഗൗനിച്ചില്ല. അയാളോ വീണ്ടും ഓരോരോ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടുമിരുന്നു. ഒനിന്നും മറുപടി ഇല്ലെന്നു കണ്ടപ്പോൾ അയാൾ വണ്ടിക്കാരനടുത്തായി ഇരുപ്പുറപ്പിച്ചു. ഇപ്പോൾ താനും വണ്ടിക്കാരനും കുതിരകളും മുന്നിലെ വഴികളും മാത്രം. പുറത്തേക്കു നോക്കിയിരിക്കെ വനാന്തരത്തിൽ വെച്ച് വഴി പിരിഞ്ഞുപോയ കൂട്ടുകാർ സംഘമായി നീങ്ങിക്കൊണ്ടിരിക്കുന്നതയാൾ കണ്ടു. ഒട്ടൊരാഹ്ളാദത്തോടെ അയാൾ വിളിച്ചു കൂവി.

"ഹേയ് വണ്ടി നിർത്തൂ... വണ്ടി നിർത്തൂ... എൻ്റെ കൂടെയുള്ളവരാണത്"

"ശ്ശ്.....ശ്ശ്....." ശബ്ദമുണ്ടാക്കരുതെന്ന അർത്ഥത്തിൽ വണ്ടിക്കാരൻ വണ്ടിക്കാരൻ പുരികമുയർത്തി. പിന്നീട് തല ചരിച്ചു ഇറങ്ങിക്കൊള്ളാൻ ആംഗ്യം കാണിച്ചു. വണ്ടി നിറുത്തുകയില്ലല്ലോ എന്ന് അപ്പോഴാണ്‌ ഓർത്തത്. തൻ്റെ കൂട്ടുകാരെ ഉച്ചത്തിൽ ശബ്ദമുണ്ടാക്കി വിളിച്ചു കൊണ്ട് വണ്ടിയിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ചു.

"വണ്ടിയുടെ വേഗം കുറക്കൂ, അല്പം വേഗം കുറക്കാമോ വണ്ടിക്കാരാ?" എന്നിങ്ങനെ അയാൾ വിലപിച്ചു കൊണ്ടേയിരുന്നു. കൂട്ടുകാരെ വഴിയിൽ നിക്ഷേപിച്ച് കുതിരവണ്ടി മുന്നോട്ടു തന്നെ ഓടിക്കൊണ്ടിരുന്നു.

"അതാ...അതാ...അതാണെൻറെ വീട്, മുറ്റത്തു വലിയ ആൽമരമുള്ള ആ വീട്. അതിന്റെ ചുവട്ടിൽ കയറു കട്ടിലിൽ അതാ അച്ഛനുമമ്മയും. മുറ്റത്തു കുട്ടികൾ. അവരെന്നെ കാണുന്നുണ്ടാവുമോ? വണ്ടിക്കാരാ ഇത്തിരി പതുക്കെ ഓടിക്കൂ....പതുക്കെപ്പോവാനല്ലേ പറഞ്ഞത്!"

"ശ്ശ്.....ശ്ശ്....."

"എന്തു പറഞ്ഞാലും ഇയാളെന്തിനാണ് വിരലുയർത്തിക്കാണിക്കുന്നത്? എനിക്കിവിടെയാണല്ലോ ഇറങ്ങേണ്ടത്. എനിക്കിറങ്ങണമെന്ന്. വേഗം കുറക്കാതെ എങ്ങനെയാണ് ഇറങ്ങുക. ആരെങ്കിലുമൊന്നു സഹായിക്കൂ. ഇല്ലെങ്കിൽ ഈ വണ്ടി എന്റെ ഗ്രാമവും വിട്ടു പോകും. ഓ...ഓ' എന്റെ..ദൈവമേ. ആരെങ്കിലുമെന്നെ സഹായിക്കൂ. ആരുമില്ലേ. ആരും?
എങ്കിൽ; എങ്കിൽ... ഒരിക്കലും നിറുത്താത്ത ഈ കിഴവന്റെ കുതിരവണ്ടിയിൽ ഇറങ്ങാനാവാതെ  ഞാനിരിപ്പുണ്ടെന്നു നിങ്ങളെങ്കിലും അവരോടൊന്ന് ചെന്ന് പറയൂ. നിങ്ങൾ പറയില്ലേ?"