Apr 24, 2016

കുതിരവണ്ടിObstacles are those frightful things you see when you take your eyes off the goal -Henry Ford


യാത്രക്കിടയിൽ ഞങ്ങൾ വനത്തിനുള്ളിൽ കടക്കുകയും ക്ഷീണം കൊണ്ട് മയങ്ങിപ്പോവുകയും ചെയ്തു. ഉണർന്നപ്പോൾ കൂട്ടുകാരെ കാണുന്നില്ല. ഉള്ളിൽ ചെറുതായി പേടി കുരുങ്ങി. കാട്ടുമരങ്ങളും വള്ളിപ്പടർപ്പുകളും കൂടി ഇരുട്ടുവീഴ്ത്തുന്ന കാട്. അതിനിടയിലൂടെ നീണ്ടു പോകുന്നൊരു കാട്ടുപാത. ഒരു പൊതു വഴി കണ്ടേക്കുമെന്ന പ്രതീക്ഷയിൽ മുന്നോട്ടു നടന്നു. കാടിന്റെ മൗനത്തിലേക്ക് പലപല ശബ്ദങ്ങൾ ഊർന്നിറങ്ങുന്നു.

മുന്നോട്ടു നടന്നു. പിന്നിൽ ദൂരെ നിന്നായി കുതിരക്കുളമ്പടികൾ കേൾക്കുന്നു. അടുത്തടുത്തു വരികയാണ്. വെളുത്തതും കറുത്തതുമായ ഓരോ കുതിരകളെ പൂട്ടിയ ഒരു കുതിരവണ്ടി കാനനപാതയിലൂടെ പൊടിപടലങ്ങൾ പറത്തി വിട്ടു കൊണ്ട് അടുത്തു വരുന്നതായി കണ്ടു. 
"ഹോയ് ...ഹോയ് ..." എന്ന് ശബ്ദമുണ്ടാക്കിക്കൊണ്ട്‌ കുതിരകളോടൊപ്പം അയാളും ഓടാൻ തുടങ്ങി. വണ്ടിക്കാരൻ അയാളെ നോക്കുകയല്ലാതെ ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്യുകയുണ്ടായില്ല. ഓട്ടത്തിനിടയിൽ ശബ്ദമുയർത്തിച്ചോദിച്ചു.

"വണ്ടിക്കാരാ....വണ്ടിക്കാരാ....ദയവായി വണ്ടിയൊന്നു നിറുത്താമോ"

"ഇല്ലാ, ഈ കുതിരകൾ നിൽക്കുകയില്ല. വേണെങ്കിൽ ചാടിക്കേറിക്കോളൂ"

"ഓ .. ഹ്മ്മ് അങ്ങനെയോ...പക്ഷെ നിങ്ങൾ എങ്ങോട്ടു പോകുന്നു എന്ന് പറഞ്ഞില്ല?"

"ഭൂമിയുടെ അങ്ങേയറ്റത്തേക്ക്" 

"എവിടെ നിന്നാണ് വരുന്നത്? 

"ഭൂമിയുടെ ഇങ്ങേയറ്റത്തുനിന്ന്"

എന്താണിയാൾ പറയുന്നത്? അയാളാകെ അങ്കലാപ്പിലായി.

"ഭൂമിയുടെ അങ്ങേയറ്റമോ.. അങ്ങനെ പറഞ്ഞാൽ.. 
ചക്രവാളത്തിനപ്പുറമാണോ?"

കുതിരക്കാരനിൽ നിന്ന് മറുപടിയുണ്ടായില്ല. ഓട്ടം കാരണം കിതക്കാനും തുടങ്ങിയിരിക്കുന്നു. പടിഞ്ഞാറ് സൂര്യാസ്തമയത്തിന്റെ അടയാളങ്ങൾ കണ്ടു തുടങ്ങി. കൂറ്റൻ കാട്ടുമരങ്ങൾക്കിടയിൽ കനക്കുന്ന ഇരുട്ടിലേക്ക് സൂര്യൻറെ ഇളം മഞ്ഞ പ്രകാശം നൂർന്നു നൂർന്നു കേറുന്നു. തൻ്റെ മുന്നിലിപ്പോൾ വേറെ വഴിയില്ല എന്ന തിരിച്ചറിവിൽ അയാൾ ആ കുതിരവണ്ടിയിൽ കായാറാമെന്നു തന്നെ തീരുമാനിച്ചു.

"ഓ-ശരി. അങ്ങനെയെങ്കിൽ ...... ഞാനും കൂടി കയറിക്കോട്ടെ?" 

"അതിനെന്താ കയറിക്കൊള്ളൂ... എവിടെക്കാണ്‌ നിങ്ങൾക്ക് പോകാനുള്ളത്?"

അയാളൊരു നാടിന്റെ പേര് പറഞ്ഞു. അത് കേട്ട കുതിരക്കാരൻ ഭാവവ്യത്യാസം കൂടാതെ പറഞ്ഞു.

"ഓ അല്ലെങ്കി തന്നെ ഒരു നാടും എനിക്കറിയില്ല"

എങ്കിൽ പിന്നെ എന്തിനു ചോദിക്കുന്നുവെന്ന് ഉള്ളിൽ ദേഷ്യപ്പെട്ടെങ്കിലും ചോദിച്ചത് മറ്റൊന്നാണ്.

"അപ്പോൾ പിന്നെ നിങ്ങളെങ്ങനെയാണ് വഴികൾ കണ്ടെത്തുന്നത്?"

"ഈ കുതിരകൾ എല്ലാ നാടുകളിലൂടെയും ഓടിക്കൊണ്ടിരിക്കും. സഞ്ചാരികൾ അവരവരുടെ നാടുകളെത്തുമ്പോൾ ഇറങ്ങിപ്പോകാറാണ് പതിവ്" 

അയാൾ വണ്ടിക്കുള്ളിലേക്ക് നോക്കി. ഇപ്പോഴും കുതിരക്കാരനെയല്ലാതെ മറ്റാരെയും കാണാൻ കഴിഞ്ഞില്ല. 'ആരായിരിക്കും ഈ ഞങ്ങൾ?' ആ ആരായാലെന്ത്!

"എന്നാപ്പിന്നെ ഞാനും കൂടി കയറാം. എൻ്റെ നാടെത്തുമ്പോൾ ഞാനുമിറങ്ങിക്കൊള്ളാം" 

"ആട്ടെ..കയറിക്കൊള്ളൂ"

ഓട്ടം കാരണം കിതച്ചു കുഴങ്ങിയ അയാൾ ഒരു വിധം കുതിരവണ്ടിയിൽ കയറിപ്പറ്റി. വണ്ടിക്കുള്ളിൽ കയറിയപ്പോഴാണ് അത്യന്തം അത്ഭുതപ്പെട്ടത്. പുറത്തു നിന്ന് കാണുന്നത് പോലെ ആയിരുന്നേയില്ല. 'ഇത്രയും വലിപ്പമുള്ള കുതിര വണ്ടിയോ?' അയാൾക്കതു തിട്ടപ്പെടുത്താനാവുമായിരുന്നില്ല. അയാൾ അതു തന്നെ നോക്കിയിരുന്നു. അയാൾക്ക് ചുറ്റും വണ്ടിക്കുള്ളിലെ ആളുകളുടെ ബഹളങ്ങളും വെളിച്ചങ്ങളും മാത്രം നിറഞ്ഞു നിന്നു. നോക്കിയിരിക്കെ താനൊരു കുതിര വണ്ടിക്കകത്താണെന്നത് തന്നെ അയാൾ മറന്നു പോയി. യാത്രക്കാരെയും വഹിച്ചു വണ്ടി ഓടിക്കൊണ്ടിരുന്നു. 

ഒട്ടൊരു നേരം കഴിഞ്ഞു കാണണം, ഏതോ ഒരു തോന്നലിൽ അയാൾ വണ്ടിക്കാരനോട് ചോദിച്ചു.
"നമ്മളിപ്പോ എവിടെയെത്തിക്കാണും?" 

"ശ്ശ്.....ശ്ശ്....." 
വണ്ടിക്കാരൻ ചൂണ്ടു വിരലുയർത്തി സ്വന്തം ചുണ്ടിൽ വെച്ചു.

"അല്ലാ ... ഓടാൻ തുടങ്ങിയിട്ട് ഒരു പാട് നേരമായെന്നു തോന്നുന്നല്ലോ " 
കുതിരക്കാരൻ ആരെയും ഗൗനിക്കുന്നില്ല. അയാളോ വീണ്ടും ഓരോരോ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടുമിരുന്നു. ഒരൊറ്റ ചോദ്യങ്ങൾക്കും മറുപടി ഇല്ലെന്നു കണ്ടപ്പോൾ അയാൾ വണ്ടിക്കാരനടുത്തായിത്തന്നെ ഇരുപ്പുറപ്പിച്ചു. ഇപ്പോൾ താനും വണ്ടിക്കാരനും കുതിരകളും മുന്നിലെ വഴികളും മാത്രം. പുറത്തേക്കു നോക്കിയിരിക്കെ വനാന്തരത്തിൽ വഴി പിരിഞ്ഞുപോയ കൂട്ടുകാർ സംഘമായി നീങ്ങിക്കൊണ്ടിരിക്കുന്നതയാൾ കണ്ടു. ഒട്ടൊരാഹ്ളാദത്തോടെ അയാൾ വിളിച്ചു കൂവി.

"ഹേയ് വണ്ടി നിർത്തൂ... വണ്ടി നിർത്തൂ... എൻ്റെ കൂടെയുള്ളവരാണത്"

"ശ്ശ്.....ശ്ശ്....." ശബ്ദമുണ്ടാക്കരുതെന്ന അർത്ഥത്തിൽ വണ്ടിക്കാരൻ വണ്ടിക്കാരൻ പുരികമുയർത്തി. പിന്നീട് തല ചരിച്ചു ഇറങ്ങിക്കൊള്ളാൻ ആംഗ്യം കാണിച്ചു. വണ്ടി നിറുത്തുകയില്ലല്ലോ എന്ന് അപ്പോഴാണ്‌ ഓർത്തത്. തൻ്റെ കൂട്ടുകാരെ ഉച്ചത്തിൽ ശബ്ദമുണ്ടാക്കി വിളിച്ചു കൊണ്ട് വണ്ടിയിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ചു. സാധിക്കുന്നില്ല.

"വണ്ടിയുടെ വേഗം കുറക്കാമോ, വണ്ടിയുടെ വേഗം കുറക്കാമോ വണ്ടിക്കാരാ?" എന്നിങ്ങനെ അയാൾ വിലപിച്ചു കൊണ്ടേയിരുന്നു. 
കൂട്ടുകാരെ വഴിയിൽ നിക്ഷേപിച്ച് കുതിരവണ്ടി മുന്നോട്ടു പോയി. അയാളുടെ ഗ്രാമത്തിൽലെത്തി. 

"ഹേയ്, ദാ അതാണെൻറെ വീട്, മുറ്റത്തു വലിയ ആൽമരമുള്ള ആ വീട്. അതിന്റെ ചുവട്ടിൽ കയറു കട്ടിലിൽ അതാ അച്ഛനുമമ്മയും. മുറ്റത്തു കുട്ടികൾ. അവരെന്നെ കാണുന്നുണ്ടാവുമോ? വണ്ടിക്കാരാ ഇത്തിരി പതുക്കെ ഓടിക്കൂ....പതുക്കെപ്പോവാനല്ലേ പറഞ്ഞത്!"

"ശ്ശ്.....ശ്ശ്....." 

ഇയാളെന്താണ് ഇപ്പോഴും വിരലുയർത്തിക്കാണിക്കുന്നത്? എനിക്കിവിടെ ഇറങ്ങിയേ മതിയാവൂ. ഇനി; ഇറങ്ങാൻ പറ്റില്ലേ? ഇറങ്ങാനാവുന്നില്ലല്ലോ! 
ഈ കുതിരവണ്ടിയിൽ കയറിയിട്ട് കാലങ്ങളായിരിക്കുന്നെന്നോ. ആരാണത് പറയുന്നത്. എനിക്കിറങ്ങണം. ആരെങ്കിലുമൊന്നു സഹായിക്കാമോ. ആരുമില്ലേ? ആരും? എങ്കിൽ...ഈ നിറുത്താത്ത കുതിരവണ്ടിയിൽ ഇറങ്ങാനാവാതെ ഞാനിരിപ്പുണ്ടെന്നു നിങ്ങളെങ്കിലും അവരോടൊന്നു പറയൂ. നിങ്ങൾ പറയില്ലേ?

44 comments:

 1. എങ്കിൽ...ഈ നിറുത്താത്ത കുതിരവണ്ടിയിൽ ഇറങ്ങാനാവാതെ ഞാനിരിപ്പുണ്ടെന്നു നിങ്ങളെങ്കിലും അവരോടൊന്നു പറയൂ.
  ഇങ്ങനെ ഇറങ്ങാനാകാതെ വിഷമിച്ച് എത്രയോ പേര്‍.... സംഗതി ഇഷ്ട്ടമായി ആശംസകള്‍ പ്രിയ ഷിഹാബ്

  ReplyDelete
 2. നല്ല എഴുത്ത് ഇഷ്ട്ടം....ആശംസകള്‍

  ReplyDelete
 3. ഒരു സ്വപ്നം കണ്ടത്പോലെ .കടിഞ്ഞാണില്ലാത്ത കുതിരവണ്ടിയില്‍ ഞാനും യാത്ര ചെയ്യുകയായിരുന്നു എന്ന തോന്നല്‍ വായനയില്‍ ഉടനീളം അനുഭവപ്പെട്ടു. ആശംസകള്‍

  ReplyDelete
 4. കാലങ്ങളായുള്ള കുതിര വണ്ടിയുടെ ഓട്ടം എവിടെയെങ്കിലും അവസാനിക്കുമായിരിക്കുമല്ലേ

  ReplyDelete
 5. ഈ കഥയെക്കുറിച്ച് ഞാന്‍ എല്ലാവരോടും പറയും.

  ReplyDelete
 6. തികച്ചും വ്യത്യസ്തമായ ഈ കഥ വളരെ ഇഷ്ടപ്പെട്ടു .കുറേക്കാലം കൂടി നല്ലൊരു കഥ വായിച്ചു .

  ReplyDelete
 7. സമയം..ജീവിതം..നന്നായിട്ടുണ്ട്.

  ReplyDelete
 8. നമ്മുടെ സുധീർ ദാസ്‌ ചേട്ടനാണോ എഴുതിയതെന്ന് തോന്നിപ്പോയി.

  കുറച്ചൂടെ നീളമുണ്ടായിരുന്നെങ്കിൽ എന്ന് ഒരു തോന്നൽ..

  ഞാനാ വണ്ടിയിൽ ഇപ്പോ കയറുന്നില്ല.

  ReplyDelete
 9. കഥ നന്നായിട്ടുണ്ട്

  ReplyDelete
 10. എന്റെ മോബൈലിൽ ഇതു വായിയ്ക്കാനാവുന്നില്ല. വായിയ്ക്കത്തക്ക രീതിയിൽ സെറ്റാവുന്നില്ല. വലതു വശത്തേക്ക നീണ്ടു നീണ്ടു കിടക്കുന്നു. ആ ഭാഗം തുറന്നു തരുന്നുമില്ല.

  ReplyDelete
 11. ഇറങ്ങാന്‍ കഴിയാത്ത ഒരു സവാരി ഗിരി യില്‍ പെട്ട മനുഷ്യന്റെ വ്യഥ കാലത്തിനൊപ്പം അയാളും ഓടുന്നു ,നന്നായിട്ടുണ്ട്

  ReplyDelete
 12. തിരക്കാണ് എങ്ങും.
  ഒടിക്കയയല്‍ മാത്രമേ നടക്കു.
  കയറിയാല്‍ ഇടക്ക് ഇറങ്ങാനും ആവില്ല.
  ആ ഒഴുക്കിലങ്ങു നീങ്ങിയാല്‍ ഒന്നുമില്ലാതെ
  അങ്ങനെ ഒഴുകാം.
  അതിനപ്പുറം മറ്റൊന്നും ആലോചിച്ചിട്ടു കാര്യവുമില്ല.

  ReplyDelete
  Replies
  1. നന്ദി :) Ramjiyetta
   yes
   മറ്റൊന്നും ആലോചിച്ചിട്ടു കാര്യമില്ല

   Delete
 13. നിര്‍ത്താതെ പായുകയാണ്, ഈ പാച്ചിലിനിടക്ക് ഒന്ന് നില്‍ക്കാന്‍ പോലും സമയമില്ല, അത്രയ്ക്ക് വേഗതയാണ്. കഥ ഇഷ്ടായി ശിഹാബ്. ബ്ലോഗിലെ പൊടി തൂത്തത് വെറുതെയായില്ല... :)

  ReplyDelete
 14. ഭൂമിയുടെ അങ്ങേയറ്റത്തേക്കൊരു യാത്ര

  ReplyDelete
 15. ജീവിതം അങ്ങിനെയാണ് . യാത്ര തുടങ്ങിയാല്‍ പിന്നെ ഒരു ചക്രവാളത്തില്‍ നിന്നും തുടങ്ങി പിന്നെ മറ്റേ ചക്രവാളം തേടി അലയും അതിനിടയില്‍ തിരിഞ്ഞു നോക്കിയാല്‍ നേട്ടവും കോട്ടവും കാണാം. ഒരു മനുഷ്യന്റെ ജനനം മുതല്‍ മരണം വരെയും അതും കഴിഞ്ഞുള്ള ആതാമാവിന്റെ യാത്രയും ആട്ടി കുരുക്കിയ വരികള്‍ . വലിയ പരിക്കില്ലാതെ രക്ഷപെട്ട നല്ല കഥ :)

  ReplyDelete
  Replies
  1. വരിയരിഞ്ഞുള്ള വായനക്ക് താങ്ക്യൂ. ബ്ലോഗ്‌ പൊടി കേറാതെ ..................

   Delete
 16. ഹേയ്...
  ഇതെന്റെ കുതിരവണ്ടിയല്ല
  എന്റെ കുതിരവണ്ടി ഇങ്ങനല്ല
  അതിനെ നിയന്ത്രിക്കുന്നത് ഞാനാ, ഞാൻ
  വേണ്ടപ്പോ ഞാൻ സ്പീഡ് കൂട്ടും, വേണ്ടപ്പോ കുറക്കും
  വേണ്ടിടത്ത് നിർത്തും, ഇഷ്ടമുള്ളിടത്തേക്ക് പോകും

  എല്ലാം ഞാൻ ഞാൻ ഞാൻ മാത്രം
  എല്ലാം എന്റെ, എന്റെ , എന്റെ മാത്രം

  ReplyDelete
 17. ഇക്കാ.. കുതിരക്കാരനെയും വണ്ടിയും വരച്ച ആ പടമെവിടെ? :) നിങ്ങള്‍ക്ക് ആ ഇറങ്ങാനാവാത്ത കുതിരവണ്ടി പ്രവാസമാണോ എന്നൊരു സംശയം..

  ReplyDelete
  Replies
  1. blog nu entho kuzhappam und.
   onnum lay out sharyaavunnilla
   picture fb yil kaanum
   :) Anoooos <3

   Delete
 18. ജീവിതയാത്രയെ മറ്റൊരു വീക്ഷണകോണില്‍ കാണുന്നു. അതിന്റെ വിഹ്വലതകള്‍ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.

  ReplyDelete
 19. ശിഹാബിന്റെ കുറേ നല്ല കഥകള്‍ വായിച്ചിരുന്നു. ഇത് ഞാന്‍ കണ്ടിരുന്നില്ല. ഒരു കൊച്ചു കഥയിലൂടെ ഒരു വലിയ പ്രമേയം നന്നായി അവതരിപ്പിച്ചു. പക്ഷേ പഴയ കാലത്തെ അപേക്ഷിച്ച് ഇന്ന് ഈ വണ്ടിയുടെ ഘടന അല്‍പ്പം മാറിയിട്ടുണ്ട്. ഒരാള്‍ക്ക്‌ ഇറങ്ങണം എന്ന് തോന്നിയാല്‍ വണ്ടിക്കാരന്‍ നിര്‍ത്തിയില്ലെങ്കിലും അയാള്‍ ചാടിയിറങ്ങും. കടിഞ്ഞാണിന്റെ പാതി നിയന്ത്രണം ഇപ്പോള്‍ സവാരിക്കാരുടെ കയ്യിലേക്ക് മാറിയിട്ടുണ്ട്.

  നിങ്ങളൊക്കെ തുടര്‍ന്നും എഴുതാത്തതില്‍ ഉള്ള അസംതൃപ്തി ഇവിടെ വിതറി മടങ്ങുന്നു.

  ReplyDelete
 20. THunchani ippol illallo ennittaanu ennodu parayunnath alle :D
  venuvettaa ingane okke angu potte

  ReplyDelete

വായന അടയാളപ്പെടുത്താം