Feb 25, 2012

ഒമ്പത് മിനിക്കഥകൾ

 ശില്‍പം

സമാനതകളില്ലാത്ത ഒരു ശിൽപം പണിതു തീർത്തപ്പോൾ ശില്പിയ്ക്ക് തന്നെ ആശ്ചര്യമായി. ദിനേന അത് നോക്കിയിരിക്കുക പതിവാക്കി. കണ്ടവർ കണ്ടവർ സ്തുതികൾ പാടി. ശില്പി തന്നെ മറന്നു. ചുറ്റുപാടുകളെ മറന്നു. ലോകം തന്നെ മറന്നു പോയി. 
ഒടുവിൽ, കാലം പോയതും കോലം നശിച്ചതും നരകയറുന്ന വാർദ്ധക്യം വാരിപ്പുണർന്നതും തിരിച്ചറിയുമ്പോഴേക്ക് കാലം കറുപ്പായി. മുന്നിൽ മരണം മാത്രം!

അനാമകം .

കവിളിലൂടെ താഴോട്ടിറങ്ങിയ കണ്ണുനീർത്തുള്ളി നെഞ്ചിൽ തങ്ങി നിന്നു ഹൃദയത്തോട് ചോദിച്ചു.
"നീയെന്തിനാണ് കരയുന്നത് ?
" ഞാൻ കരഞ്ഞെന്നോ?"
"അതെ, നീ കരയുന്നത് കൊണ്ടാണല്ലോ ഞാനുണ്ടായത് "
ഹൃദയം നിശ്ശബ്ദമായി. ദീര്‍ഘ നിശ്വാസത്തോടെ തുടര്‍ന്നു. 
"ശരിയാണ്. ഞാൻ ഈ കാലത്തെ പറ്റി ഓർക്കുകയായിരുന്നു........"
ഹൃദയം തുടർന്ന് പറയുന്നത് കേൾക്കുന്നതിന് മുന്നേ മുൻപേ  താപം കൊണ്ട് കണ്ണുനീർ ആവിയായി !നിയോഗം

നാൽപ്പതു വർഷം പ്രവാസിയായി ജീവിച്ച സഹപ്രവർത്തകൻറെ ശവമഞ്ചം അനുഗമിച്ചാണ് അയാൾ ആദ്യമായി ആ വീട്ടിലെത്തുന്നത്.
മരണവീടിന്റേതായ യാതൊരു അടയാളങ്ങളുമില്ലല്ലോ എന്നത് കൗതുകമുണ്ടാക്കി. മുഷിഞ്ഞു നീങ്ങുന്ന സമയത്തോടൊപ്പം അയാളും കാത്തിരുന്നു. ഒടുവിൽ ആരോ വിളിച്ചു പറയുന്നത് കേട്ടു.
"എല്ലാവരും കണ്ടു കഴിഞ്ഞെങ്കിൽ ശവം മറവു ചെയ്യൂ. കുട്ടികൾക്ക് വിശക്കുന്നുണ്ട് "


 ശവം

അവർ എന്നെ വെളുത്ത തുണിയിൽ പൊതിഞ്ഞു മരക്കട്ടിലിൽ കിടത്തി. എനിക്ക് ചുറ്റുമിരുന്നു ആരൊക്കെയോ ദൈവനാമങ്ങൾ ഉരുവിടുന്നു. ആരുടെയൊക്കെയോ തേങ്ങലുകൾ. കഴിഞ്ഞു പോയ കാലം സ്ഫടികസമാനമായി എനിക്ക് തെളിഞ്ഞു വന്നു. വല്ലാത്ത ആധി നിറയുന്നു. അവരെന്നെ കുഴിയിലേക്കെടുക്കുകയാണ്. ഒരവസരം കൂടി, നന്മകളെ തിരിച്ചറിയാൻ !' ഞാന്‍ വെങ്ങലോടെ , വേദനയോടെ ഓര്‍ത്തു പോവുന്നു . 
എണീറ്റ് ഓടാൻ കഴിഞ്ഞെങ്കിൽ എന്ന് വൃഥാ മോഹിച്ചു. കല്ല് മൂടുമ്പോൾ ഞാൻ ഉറക്കെ പറയുന്നുണ്ടായിരുന്നു
 " എന്നെ പുറത്തെടുക്കൂ . ഈ ഇരുണ്ട ഗേഹം വിഴുങ്ങുന്നതിനു മുമ്പ്!
  ഇരുളില്‍ ഞാന്‍ മാത്രമാവുകയാണ് . ഇനി ?


ഭിക്ഷ

ദൈവമേ...ദയനീയമായിരുന്നു വിളി .തിരിഞ്ഞു  നോക്കുമ്പോള്‍ നേരെ നീളുന്ന ഭിക്ഷാ പാത്രം കണ്ടു . പാത്രം താങ്ങിയ എലുമ്പിച്ച  കൈകള്‍ക്ക് പിന്നില്‍ അതിലും ശോഷിച്ചോരസ്ഥികൂടം 

"ദൈവമേ.............." വിളി നീളുന്നു .

ഞാന്‍ ചുറ്റിനും നോക്കി . ആരും കാണുന്നില്ലെന്ന് ഉറപ്പു വരുത്തി . ഭിക്ഷാ പത്രത്തിലെ നാണയ തുട്ടുകളുമായി സ്ഥലം വിട്ടു .ഗണിക 

ഇരുള് തേടി നടന്നപ്പോൾ തെരുവിലെ ഇരുട്ടു മുറ്റിയ ഗലിയില്‍ നിന്നു ഒരു കറുകറുത്ത രൂപം മാടി വിളിച്ചു.
" ആഫ്രിക്കന്‍ " 
മനസാ പുച്ചിച്ചു നടന്നകലാന്‍ തുടങ്ങുമ്പോള്‍ പിന്നില്‍ നിന്നും വശ്യമായ നാദം.
" ഡാര്‍ലിംഗ് ....... ഹേയ് കമ്മോണ്‍  "
തിരിഞ്ഞു നിന്നു . 
കറുത്തിരുണ്ട മുഖത്ത്  വെളുത്ത ദന്ത നിരകള്‍.
" കം ...ഡാര്‍ലിംഗ് , കം . ഒണ്‍ലി ട്വന്റി ദിര്‍ഹം !"
തരളമാവുന്നു മിഴികള്‍ . പേഴ്സു പരതി നോക്കി . പണം തികയില്ലെന്ന് കണ്ടു .തിരിഞ്ഞു നടന്നു .

വൃക്ഷം

അയാളൊരു മാവ് നട്ടു. വെള്ളം നനച്ചു വളമിട്ട് കീടങ്ങളെ വിഷം വെച്ച് കൊന്ന് പരിപാലിച്ചു. തടി പെരുത്ത് മാവ് വളർന്നു. മാവ് പൂത്തു. അയാൾ ഉമ്മറത്തെ ചൂരക്കസേരയില്‍ നിന്നുമെണീക്കാതായി .  പൂക്കള്‍ കായ്കളായി പരിണാമപ്പെടുന്നു . കായ്കള്‍ മൂത്ത് പഴുക്കാന്‍ തുടങ്ങി. ചില്ലകളിൽ മാങ്ങകൾ കുലകളായി തൂങ്ങി നിന്നു.
അപ്പോൾ പറവകൾ വന്നു ഫലങ്ങൾ കൊത്താൻ തുടങ്ങി. അണ്ണാറക്കണ്ണന്മാർ കരണ്ടു മുറിച്ചു. കടവാതിലുകൾ ചപ്പി വലിച്ചു. അയാൾ ഉലഞ്ഞു.
സ്‌കൂൾ കുട്ടികളും വഴിപോക്കരും മാങ്ങക്കായി കല്ലെറിയാൻ കൂടി തുടങ്ങിയതോടെ അയാളുടെ ക്ഷമ നശിച്ചു. അസ്വസ്ഥനായി. ഒരു മഴുവെടുത്തു മരം വെട്ടി വീഴ്ത്തി സമാധാനത്തോടെ തന്റെ ചൂരൽ കസേരയിൽ ചടഞ്ഞിരുന്നു.കവിയരങ്ങ്


കവിയരങ്ങ് നടക്കുന്ന ഹാളില്‍ ജനം തിങ്ങി നിറഞ്ഞു . വേദിയില്‍ മഹാകവി ഉപവിഷ്ടനായി.ജൂബയുടെ കീശയില്‍ നിന്ന് കടലാസെടുത്തു നിവര്‍ത്തി .ശ്രവണ സുന്ദരമായി കവി കവിതാലാപനം തുടങ്ങി .

" വെയില് കേറും മുന്പ് മാര്‍കെറ്റില്‍ പോകണം -പോകും വഴി സുഹൃത്തിനെ കാണണം 

ചിട്ടിക്കാരന് കാഷെത്തിക്കണം ..... "

" ഹരേ ഉസ്താദ് ഉസ്താദ് വ- വ്വ " സദസ്സ് പുകഴ്ത്തിക്കൊണ്ടിരുന്നു . 

കവി ഈണത്തില്‍  തുടര്‍ന്നു 

" പിന്നെ പലവ്യഞ്ജനങ്ങള്‍ --പരിപ്പ് ഒരു കിലോ ,പഞ്ചസാര രണ്ടു കിലോ .അരിയും , പൊടിയും , വേണ്ടത്ര .."

" ബ്യൂടിഫുള്‍ . ഹരേ , ബ്യുടിഫുള്‍" 

ഇളകി മറിയുന്ന പുരുഷാരം. പെട്ടെന്ന് ആലാപനം നിര്‍ത്തി മഹാകവി പറഞ്ഞു .

" ക്ഷമിക്കണം , കടലാസ് മാറിപ്പോയി. ചെയ്യേണ്ട കാര്യങ്ങൾ എഴുതിയ കടലാസായിരുന്നു അത്"ഉറുമ്പുകൾ 

ഒരു ചെറിയ പഞ്ചസാരക്കട്ടയുടെ അടുത്തു നിന്ന് മൂന്നു ഉറുമ്പുകൾ തർക്കത്തിലേർപ്പെട്ടു .
ഒന്നാമൻ : ഞാനാണിത് കണ്ടത് അത് കൊണ്ട് ഇത് എനിക്കവകാശപ്പെട്ടതാണ് .
രണ്ടാമൻ : ഞാനാണ് ആദ്യം ഇതിനടുത്ത് എത്തിയത്. അത് കൊണ്ട് ഇത് എനിക്കവകാശപ്പെട്ടതാണ് .
മൂന്നാമൻ : നമ്മളിൽ മൂന്നു പേരിലും ശക്തൻ ഞാനാണ് .അത് കൊണ്ട് ഇത് ഞാനെടുക്കും .
മൂന്നു ഉറുമ്പുകളും തർക്കിക്കുന്നതിനിടെ എങ്ങു നിന്നോ രു ഈച്ച  പാറി വന്ന് പഞ്ചസാരക്കട്ടയുമായി സ്ഥലം വിട്ടു .

27 comments:

 1. വിലയിരുത്താന്‍ മാത്രം ആളല്ല,
  എങ്കിലും പ്രിയ എഴുത്തുകാരാ..... വായനക്ക് ഒരു സുഖം ഉണ്ട് ത്രെഡ് കുറച്ചു കൂടെ യാഥാര്‍ത്യ വല്‍ക്കരിച്ചുകൂടെ എന്നൊരു " പ്രലോഭനം " ഞാന്‍ എന്ന വായനക്കാരന്‍ മുന്നോട്ടു വയ്ക്കുന്നു
  "ഹൂക്ക്" ചിലത് ശരിക്കും കൊള്ളുന്നുണ്ട്
  മുന്നോട്ടുള്ള പ്രയാണത്തിന് അമാന്തം ഒട്ടും അരുത്.
  വീണ്ടും പ്രതീക്ഷിക്കുന്നു.......

  ReplyDelete
 2. വിഭിന്നങ്ങളായ ഭാവകല്‍പ്പനകളിലൂടെ നീങ്ങുന്ന ഓരോ കഥയും, വായനക്കാരോട് കഥയില്‍ നിന്നും ഒരു പാട് ദൂരേക്ക് സഞ്ചരിക്കാന്‍ ആവശ്യപ്പെടുന്നു..... നേര്‍രേഖയിലും, അല്ലാതെയും കഥ പറയാനാവുമെന്ന് താങ്കള്‍ തെളിയിക്കുന്നു.....

  ReplyDelete
 3. മിനിക്കഥകളെങ്കിലും ആശയ ഗാംഭീര്യമുള്ള കഥകൾ തന്നെ. ഇരുത്തിചിന്തിപ്പിക്കാനുതകുന്ന കഥാ സന്ദർഭങ്ങൾ..

  ReplyDelete
 4. നന്ദി റിജു വെല്ലോത്ത് , പ്രദീപ്‌ മാഷ്‌ , നവാസ് ഷംസുദീൻ ...
  റിജു , ഏറ്റവും ചുരുക്കി എഴുതുക എന്നതിനാൽ ആണ് ഇങ്ങനെ ഒരു രീതി തെരഞ്ഞെടുത്തത് . ബിംബങ്ങള മാത്രം കൊണ്ട് വരൻ ശ്രമിച്ചത് ... ഒറ്റ വാക്കില ഒരു പാട് പറയാനുള്ള ശ്രമം ആയിരുന്നു . അഭിപ്രായം സ്വീകരിക്കുന്നു .

  ReplyDelete
 5. താങ്ങള്‍ എന്താണോ പറയാന്‍ ഉദേശിച്ചത് അത് നന്നായി താങ്ങള്‍ പറഞ്ഞിരിക്കുന്നു

  ReplyDelete
 6. ഓരോ കഥയും മനോഹരമായി പറഞ്ഞിരിക്കുന്നു..വലിയ ചിന്തകളും താങ്ങി കുഞ്ഞു കഥകള്‍ ..ആശംസകള്‍ ഭായി

  ReplyDelete
 7. വെയില് കേറും മുന്പ് മാര്‍കെറ്റില്‍ പോകണം -പോകും വഴി സുഹൃത്തിനെ കാണണം
  ചിട്ടിക്കാരന് കാഷെത്തിക്കണം ..... "
  " ഹരേ ഉസ്താദ് ഉസ്താദ് വ- വ്വ " സദസ്സ് പുകഴ്ത്തിക്കൊണ്ടിരുന്നു


  ഹഹഹ.
  സൂപ്പര്‍

  ReplyDelete
  Replies
  1. അജിതേട്ടാ നന്ദി - എപ്പോഴത്തെയും പോലെ ഇപ്പൊഴുമെത്തി .-- Ajithetta actually i didn't hve actvated the reply .. now it is okay .. tnx

   Delete
 8. അജിതേട്ടാ നന്ദി - എപ്പോഴത്തെയും പോലെ ഇപ്പൊഴുമെത്തി .

  ReplyDelete
 9. outstanding!!!!
  മുത്താണ് എല്ലാ കഥകളും!!!
  പാഠപുസ്തകത്തില്‍ ഇടാനുള്ള നിലവാരം ഉള്ള കഥകളും ഇതിലുണ്ട്.
  HATS OFF!!!!!!!

  ReplyDelete
 10. നന്ദി മാഷേ - ഒരുപാടൊരുപാട് .

  ReplyDelete
 11. കഥകള്‍ നന്നായി ഷിഹാബ് ... ചിലതിനെല്ലാം ആവര്‍ത്തിച്ചുള്ള വായനയില്‍ ദൃശമാകുന്ന നല്ല അര്‍ത്ഥവും വ്യാപ്തിയുമുണ്ട് .

  ReplyDelete
  Replies
  1. ഇടവേളകളിൽ ചെയ്തു കൂട്ടി വെച്ചതാണ് .. നന്ദി

   Delete
 12. Replies
  1. പ്രവാസിയാണോ ? മിന്നണം! നന്ദി.

   Delete
 13. കലാകാരന്‍റെ സമര്‍പ്പണം,മാനുഷിക വ്യഥകള്‍,മരണമെന്ന മരീചിക,സദാചാര കാപട്യങ്ങള്‍,സ്വാര്‍ഥത,ജാഡ...പിന്നെ ആത്മസംഘര്‍ഷങ്ങള്‍ ഇങ്ങനെ സമിശ്ര വികാരങ്ങള്‍ പ്രതിഫലിക്കുന്ന രചനകള്‍.,
  ബൂ ലോകത്തെ പി കെ പാറക്കടവ്.

  ഭാവുകങ്ങള്‍.

  ReplyDelete
  Replies
  1. കൂട്ടുകാരാ - വേവ് ലെങ്ങ്ത്തിനു സ്യൂട്ടായി തൊടങ്ങി അല്ലെ ?
   നന്ദിയുണ്ട്

   Delete
 14. 1.ശില്പം
  സാധാരണ മിനിക്കഥ, ഒട്ടും അതിഭാവുകത്വമില്ലാതെ പറഞ്ഞു.
  ആർക്കും അവസാനം വരാനുള്ള ആ അവസ്ഥ പറഞ്ഞു.

  2.അനാമകം
  താപത്താൽ കണ്ണുനീർ അലിഞ്ഞു പോകുമോ ?
  ആ...ശരി,അലിഞ്ഞു ആവിയായി.!

  3.നിയോഗം
  എന്താ മഹാനുഭാവേ, പറയുന്നതും എഴുതുന്നതുമെല്ലാം,
  വായിച്ചാൽ ഉള്ളം തുടിക്കുന്ന നൊമ്പരങ്ങളായ ചിന്തകളാണല്ലോ ?

  4.ശവം
  പുനർവായനയ്ക്കും എഡിറ്റിംഗിനും ഇത് സിനിമയോ നോവലോ അല്ല,
  ജീവിതമാണ്. ഉള്ളത് നന്നായി ജീവിക്കുക,നല്ലത് പറയിപ്പിക്കുക.!

  5.ഭിക്ഷ
  ഇന്നത്തെ പല പകൽമാന്യരുടേയും സ്വാർത്ഥരാഷ്ട്രീയക്കാരുടേയും
  വളരെ നന്നായി വരച്ചു കാട്ടിയ കഥ. ഇതുവരെ വായിച്ചതിൽ എനിക്ക് നല്ലതെന്ന്
  തോന്നിയത്.

  6.ഗണിക
  അതെന്താ അതിൽ ദിർഹക്കണക്ക് പറഞ്ഞത് ?
  നമ്മുടെ നാട്ടിലും ഇത് സുലഭമല്ലേ,
  രൂപ മതിയായിരുന്നല്ലോ ?

  7. ഫലവൃക്ഷം
  ഞാൻ കരുതി, അവസാനം ആ മാവ് കൊണ്ട് അയാൾക്ക് ചിതയൊരുക്കി എന്ന്,
  ഞാൻ പ്രതീക്ഷിച്ച അവസാനം അതായിരുന്നു......ഇത് പക്ഷെ അസാധാരണത്വത്തിൽ
  വന്ന സാധാരണ ക്ലൈമാക്സ് ആയി.

  8.കവിയരങ്ങ്
  ഹാഹാഹാഹാ ഉഗ്രൻ,അത്യുഗ്രൻ.
  നല്ല രസകരമായി നർമ്മം വിവരിച്ചു.
  ആ അവസ്ഥ മനസ്സിൽ കണ്ടു.

  9.ഉറുമ്പുകൾ
  ഹാഹാഹാ അങ്ങനെ തന്നെ, അല്ലാ പിന്നെ,
  തിന്നാൻ കിട്ടുന്നത് പങ്കിടാൻ നിൽക്കാതെ ഒറ്റയ്ക്ക് കയ്യടക്കാൻ നിന്നാൽ
  അവർക്കുള്ളതാവില്ല അത്. നല്ല രസമുണ്ടായി വായിക്കാൻ.

  10.രേഖകൾ
  രാഖകളാൽ മാത്രമല്ല, ചവിട്ടി കയറുന്ന പടവുകൾ വരെ
  ഒരിക്കൽ നമ്മെ ചോദ്യം ചെയ്തേക്കാം.
  ഓർക്കുക,ഉറപ്പായും, ചവുട്ടി കയറുമ്പോൾ.!

  ആശംസകൾ.

  ReplyDelete
  Replies
  1. വിശദമായി വായിച്ചതിനു നന്ദി .
   മറ്റുള്ളവര്ക്ക് ഉപകാരപ്പെടട്ടെ .
   നന്ദി മനൂ .
   (മിനിക്കഥ എന്നാ നിലയില ആഖ്യാനം തീരെ ശ്രദ്ധിച്ചില്ല . അതാണ്‌ ചില കൊളോക്കിയൽ ടച് )

   Delete
 15. Today I read these stories again
  It is worth reading.

  ReplyDelete
 16. shihab

  ഷിഹാബ്,

  ചിലതെല്ലാം വളരെ നല്ലത്!

  കവിയരങ്ങ് ഏറെ ഇഷ്റ്റപ്പെട്ടു!

  >>>ഇന്ന് ചെയ്യേണ്ടിയിരുന്ന കാര്യങ്ങള്‍ എഴുതിയ ലിസ്റ്റ് മാറി വായിച്ചു പോയതാണ് .. ക്ഷമിക്കുക !">>>

  ഈ വരി ഒഴിവാക്കിയാൽ, കൂടുതൽ നന്നാകില്ലേ എന്ന് തോന്നി

  ReplyDelete
  Replies
  1. ശരിയാണ് ... ഞാൻ അങ്ങനെ ആലോചിക്കുകയും ചെയ്തിരുന്നു.
   അഭിപ്രായത്തിനും നിർദ്ദെശത്തിനും നന്ദി.

   Delete
 17. കഥകളുടെ താളങ്ങളും ഭാവങ്ങളുമോന്നും എനിക്കറിയില്ല. അതു കൊണ്ട് വിമര്‍ശിക്കാനും, ഉപദേശിക്കാനും ഞാന്‍ അര്‍ഹനല്ല. പക്ഷെ ഞാന്‍ കഥകള്‍ വായിച്ചു, ആസ്വദിച്ചു, എനിക്കിഷ്ടപ്പെട്ടു. കഴിവുള്ള ഒരു എഴുത്തുകാരനായി ഞാന്‍ അന്ഗീകരിക്കുകയും ചെയ്തു. ആശംസകള്‍...

  ReplyDelete

വായന അടയാളപ്പെടുത്താം