Apr 15, 2012

പെസഹാ ബലി

വ്രണങ്ങളില്‍ കയറു  മുറുകി വലിയുമ്പോഴൊക്കെ  ഉദിനീസ് വേദനയാല്‍ പുളഞ്ഞു കൊണ്ടിരുന്നു. ഇരു കൈകളും മുറ്റത്തെ മാവില്‍ ബന്ധിപ്പിക്കപ്പെട്ട നിലയിലായിരുന്നു അയാള്‍. 

 'പുലര്‍ച്ചെ മാവിന്‍ തണലില്‍ ബന്ധിക്കപ്പെടുക ; വെയില് കേറുമ്പോള്‍ പുറകു വശത്തെ ചായ്പിലും '  ഉദിനീസിന്റെ ദിനചര്യകൾ ഇപ്പോഴിങ്ങനെയാണ്. ഉദിനീസിനു ഒന്നും ഓര്‍മ്മയില്ല . മുപ്പത്തിമൂന്നു കൊല്ലം തണലായി നിന്ന ഭാര്യ കൊച്ചു ത്രേസ്യായുടെ വിയോഗം  പോലും മറവിരോഗം ബാധിച്ച  ഉദിനീസ് അറിഞ്ഞിരുന്നില്ല. മാറി മാറി വീഴുന്ന ഇരുളിലും പടരുന്ന വെയിലിലും  ഉദിനീസ് കൂടുതല്‍ കൂടുതല്‍ രോഗിയായി മാറിക്കൊണ്ടേയിരുന്നു . എല്ലാം മറന്നു കൊണ്ടും ഇരുന്നു . ആതുരാലയങ്ങളും , പിതാവിന്റെ ശുശ്രൂഷകളും കൂടി കൈവിട്ടപ്പോഴാണ് ഉദിനീസിന്റെ കൈകൾ എന്നെന്നേക്കുമായി കയറിൽ കുരുങ്ങിയത്. ഒന്നുമോര്‍ക്കാതെ , ഒന്നിനേയുമോര്‍ക്കാതെ മാവിന്‍ തണലിൽ ഉദിനീസൊരു സന്യാസിയായി.

" റോസ്യെ , അപ്പന് കഞ്ഞി കൊടുത്താടീ  ? "
പുറത്തു കാറ് തുടച്ചു കൊണ്ടിരുന്ന ജോണിക്കുട്ടിയുടെ ചോദ്യത്തിനുത്തരമായി കുണ്ടന്‍ പിഞ്ഞാണത്തില്‍ കഞ്ഞിയുമായി റോസി മാവിന്‍ ചുവട്ടിലെത്തി .
" പെട്ടെന്ന് കൊടുക്ക്‌ എല്ലാരും പള്ളീലെത്തിത്തൊടങ്ങി  "
അതു പറഞ്ഞ്‌ അയൽപക്കങ്ങളിലേക്ക് കണ്ണോടിച്ചു ജോണിക്കുട്ടി അകത്തേക്ക് കയറിപ്പോയി .
" ഇച്ചായാ , അപ്പനെ ചായ്പ്പിലേക്ക് മാറ്റിക്കേ . ഇനി തിരച്ചു വരുമ്പോഴേക്കും ഇവടെ വെയിലായിരിക്കും. പിന്നെ വല്ലോരും അതുമിതും പറയണത് കേക്കേണ്ടി വരും ".
ജോണിക്കുട്ടിയും , റോസിയും ചേര്‍ന്ന് ഉദിനീസിനെ ചായ്പ്പിലേക്ക് മാറ്റുമ്പോഴേക്കും അനിയന്‍ ജോസും , ഭാര്യ ലില്ലിയും , മക്കളുമെല്ലാം പള്ളിയിലേക്ക് പുറപ്പെട്ടു കഴിഞ്ഞിരുന്നു . ഉദിനീസ് ചായ്പില്‍ നിലത്തിരുന്നു .

"നിങ്ങള്‍ തൊഴുത്തുകളുടെ ഇടയില്‍ കിടക്കുമ്പോള്‍ പ്രാവിന്റെ ചിറകു വെള്ളികൊണ്ടും , അതിന്റെ തൂവലുകള്‍ പൈമ്പൊന്നു കൊണ്ടും പൊതിഞ്ഞിരിക്കുന്നത്‌ പോലെ ആകുന്നു" 

ഏതോ മാലാഘ ഉദിനീസിന്റെ കാതുകളിൽ സങ്കീർത്തനം കേൾപ്പിച്ചു. അതിൻറെ പരിഹാസ്യമായൊരു പൊരുളാണ്  താനെന്ന മട്ടിൽ ആദ്യം മന്ദഹസിക്കുകയും തുടർന്ന് പൊട്ടിച്ചിരിക്കുകയും ചെയ്തു.

അന്നു പെസാഹാപ്പെരുന്നാളായിരുന്നു. വീടുകളില്‍ നിന്നും കവലകളില്‍ നിന്നും പള്ളിയിലേക്കായി നടന്നു നീങ്ങുന്ന ജനങ്ങള്‍. കൊച്ചു കുഞ്ഞുങ്ങള്‍ മുതല്‍ പടുവൃദ്ധര്‍ വരെ ഒരേ ദിശയിലേക്കു ഒഴുകി നീങ്ങിക്കൊണ്ടിരുന്നു. എല്ലാ വഴികളും ഒരു ലക്ഷ്യത്തിൽ ചെന്നവസാനിക്കുന്നു. 

തിടുക്കത്തില്‍ ജോലികളൊക്കെ  തീര്‍ത്ത്‌   ജോണിക്കുട്ടിയും , റോസിയും പുറത്തേക്കിറങ്ങാന്‍ തുടങ്ങുമ്പോഴാണ്  കാലന്‍കുടയുടെ അഗ്രം മണ്ണില്‍ കുത്തിക്കുത്തി  വക്കച്ചന്‍ പടി കടന്നു വരുന്നത് കണ്ടത്. 
" വരുന്നുണ്ട് .. നാശം . വരാന്‍ കണ്ട നേരം  " .

റോസി പിറു പിറുത്തു .
ഉയരമുള്ള ഇരുമ്പു ഗേറ്റ് ചാരിയടച്ച്‌ മന്ദഗതിയില്‍ അയാള്‍ മുന്നോട്ടു വന്നു .
" പള്ളീലൊന്നും പോയില്ലേ ജോണ്യേ ,  ? "
 ഒരു ചോദ്യത്തോടെ വക്കച്ചന്‍ മുറ്റത്തു നിന്നു .
" ദാ , ഇറങ്ങായി " .
 ജോണിക്കുട്ടിയുടെ മറുപടി മുഴുവന്‍ ശ്രദ്ധിക്കാതെ വക്കച്ചന്‍ ചുറ്റും കണ്ണോടിച്ചു കൊണ്ടിരുന്നു .
" ഉദിനീസെന്ത്യെ ? "
" പൊറകു വശത്ത്‌ ചായ്പ്പിലുണ്ട് " .

 ജോണിക്കുട്ടിയുടെ മറുപടിയില്‍  പ്രകടമായ  താല്‍പര്യക്കുറവു വക്കച്ചന്‍ ശ്രദ്ധിക്കാതിരുന്നില്ല . അയാള്‍ മാവിന്‍ ചുവട്ടിലേക്ക്‌ നോക്കി തുടര്‍ന്നു.

"ചായ്പില്‍ തന്നെ ആണല്ലേ. ഇന്നും അപ്പനെ ഇങ്ങനെ പൂട്ടി ഇടണോ, ഏതെങ്കിലുമൊരു മാനസിക രോഗാശുപത്രീലെങ്കിലും ?"
വക്കച്ചന്‍ അര്‍ദ്ധോക്തിയില്‍ നിറുത്തി .
" ശ്രമിക്കാഞ്ഞിട്ടാണോ . എല്ലാരും പറേണ കേട്ടാ ഞങ്ങളാരും ഒന്നും ചെയ്തില്ല എന്ന് തോന്നുമല്ലോ. എത്ര ആശുപത്രീല്‍ കാണിച്ചു , പണമെത്ര ചെലവാക്കി , കാശ് കൊറേ പോയിക്കിട്ടി എന്നല്ലാതെ  വേറെ എന്തേലും മാറ്റംണ്ടായോ? ഇനി മാറ്റംണ്ടാവാന്‍ പോണില്ലാന്ന് ഡോക്ടര്‍സ് ഒക്കെ പറഞ്ഞതല്ലേ ? എന്നിട്ടിപ്പോ എന്ത് ചെയ്യണംന്നാണ് എല്ലാരും പറയണത് ? "
ജോണിക്കുട്ടിയുടെ മറുപടി അല്‍പ്പം കടുപ്പത്തിലായിരുന്നു . വക്കച്ചന്‍ തലകുനിച്ചു കാലന്‍കുട മുറ്റത്തു കുത്തിക്കൊണ്ടിരുന്നു .
 തുടര്‍ന്നു.
"അല്ലാ ഒരു മനുഷ്യനല്ലേ , ഈ കയറിലിങ്ങനെ?"
"അഴിച്ചു വിട്ടാ അപ്പന്‍ മണ്ണ് വാരിത്തിന്നും . അകത്തു മൂത്രമോഴിക്കേം തൂറി വെക്കേം ഒക്കെ ചെയ്യും . കണ്ണീക്കണ്ടതൊക്കെ വലിച്ചിടും . എല്ലാരും ജോലിക്ക് പോണതല്ലേ ,റോസിയെക്കൊണ്ട്   ഒറ്റയ്ക്ക് ഇതൊക്കെ നോക്കാനൊക്ക്വോ?"
ജോണിക്കുട്ടി പറഞ്ഞു നിര്‍ത്തി .

വക്കച്ചന്‍ മിണ്ടാതിരുന്നു .  അയാളോടെന്ന പോലെ ചോദിക്കുന്നവരോടൊക്കെ മക്കളുടെ മറുപടി ഇത് തന്നെയായിരുന്നു. മണ്ണ് തിന്നുന്ന അപ്പനോടുള്ള കരുണയുടെ പേരിലും കൂടിയാണ്  ഉദിനീസിന്റെ കൈകളില്‍ കയറു കുരുങ്ങിയത് !

വക്കച്ചന്‍ ചായ്പ്പിലേക്ക് നീങ്ങി . ചായ്പിലെ തണുത്ത തറയില്‍ എന്തെല്ലാമോ പിറുപിറുത്തു കൊണ്ട് ഉദിനീസ് ഇരിക്കുന്നു . വക്കച്ചന്‍ ഉദിനീസിന്നടുത്തിരുന്നു . അയാളുടെ പുറത്തു മെല്ലെത്തടവി . പതിഞ്ഞ സ്വരത്തില്‍ സ്നേഹത്തോടെ വിളിച്ചു .
" ഉദിനീസേ " .
സന്തത സഹചാരിയായിരുന്ന വക്കച്ചന്റെ ശബ്ദം കാതില്‍ വീണപ്പോള്‍ ഉദിനീസ് കണ്ണുകള്‍ തിരിച്ചു. ജീവിതത്തിൻറെ നിറങ്ങള്‍ കെട്ടു പോയ മിഴികൾ വക്കച്ചനെ തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നു. അയാളുടെ കണ്ണുകളിൽ വെളിച്ചം വെക്കുന്നത് വക്കച്ചന്‍ കണ്ടു.

"ഉദിനീസേ" 
വക്കച്ചന്‍ അയാളുടെ കൈകളില്‍ പിടിച്ചു . ഉദിനീസിന്റെ കൈകളിലെ വ്രണവും , കരുവാളിച്ച മുഖവു,  അയാളെ അസ്വസ്ഥനാക്കിക്കൊണ്ടേയിരുന്നു 
' പിതാവേ '

വക്കച്ചന്റെ നരച്ച താടി രോമങ്ങള്‍ വിറ കൊണ്ടു . കണ്ണുകളില്‍ ഒരു തുള്ളി നീരു പൊടിഞ്ഞു . കുറച്ചു സമയം കൂടി അവിടെ ചെലവഴിച്ചു അയാള്‍ തിരിച്ചു കോലായിലേക്ക് വന്നു.
"ച്ചിരി വെള്ളം വേണം ജോണ്യേ"
വക്കച്ചന്‍ ഉമ്മറപ്പടിയില്‍ കയറി ഇരുന്നു . ജോണിയോടായി തുടര്‍ന്നു .
"നിനക്കറിയോ? ഉദിനീസ് ഈ ഹൈറേഞ്ചിലെത്തുമ്പോ നീ വെറും കൈക്കുഞ്ഞാ, ജോസും, ജോമോളുമോന്നും ജനിച്ചിട്ടുണ്ടായിരുന്നില്ല"
"ഹും - തൊടങ്ങി ! കെളവന്  പഴമ്പുരാണം വെളമ്പാൻ കണ്ട നേരം"
അമര്‍ഷം പ്രകടമാക്കിക്കൊണ്ട് തന്നെ റോസി അകത്തേക്ക് കയറിപ്പോയി.

 " പള്ളിക്കൂടത്തിന്റെ പടി പോലും കാണാത്ത അവന്റെ അധ്വാനമാ നിങ്ങളെ ഒക്കെ ഈ നെലേലെത്തിച്ചത്. നെനക്ക് ഗവര്‍മ്മെണ്ട് ജോലി കിട്ടിയതും, ജോസിനു ബിസ്സിനസ്സ് തൊടങ്ങാനായതും, ജോമോളുടെ കല്യാണം നന്നായി നടന്നതും എല്ലാം അവന്റെ വിയര്‍പ്പാണെന്നു നിങ്ങള്‍ മറക്കരുത്. എന്നിട്ട് അവനാ ഇപ്പോ" വക്കച്ചന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.

"നശിച്ചു പോകുന്ന ആഹാരത്തിനായിട്ടല്ല ; നിത്യ ജീവങ്കലേക്കു നില്‍ക്കുന്നതിനായിട്ടു തന്നെ  പ്രവര്‍ത്തിപ്പീന്‍ . അത് മനുഷ്യ പുത്രന്‍ നിങ്ങള്‍ക്ക് തരും . അവനെ പിതാവായ ദൈവം  മുദ്രയിട്ടിരിക്കുന്നു"

അത് വക്കച്ചന്റെ മസ്തിഷ്ക്ക മണ്ഡലങ്ങളിലെവിടെയോ മാറ്റൊലി കൊണ്ടു . റോസിയുടെ കയ്യില്‍ നിന്നും വെള്ളം വാങ്ങിക്കുടിച്ച ശേഷം അസ്വസ്ഥതയോടെ അയാള്‍ മുറ്റത്തേക്കിറങ്ങി. 
" അപ്പന് മരുന്നൊക്കെ കൊടുക്കാറുണ്ടോ ?"
വക്കച്ചന്റെ ആശങ്കക്കുത്തരമായി ജോണിക്കുട്ടി നിശ്ശബ്ദനായി .
" അപ്പനും , അമ്മച്ചീന്നും വെച്ചാ അവനു ജീവനായിരുന്നു " .
ദീര്‍ഘ നിശ്വാസത്തോടെ വക്കച്ചന്‍ പടി കടന്നു പോയി .


 
കാലം കടന്നു പോകെ ഉദിനീസിന്റെ ജീവിത ചക്രവാളങ്ങളിൽ കൂടുതൽ ഇരുട്ട് പടർന്നു. കൊച്ചുത്രേസ്യായുടെ മരണം കൂടിയായപ്പോൾ അത് പൂർണ്ണാവസ്ഥയിലായി.  അയാളുടെ ദേവാലയം ശൂന്യമാവുകയും , വിഗ്രഹങ്ങൾ പൊടി പിടിക്കുകയും ചെയ്തു.  
ജോണിക്കുട്ടിയും , റോസിയും കൂടി പള്ളിയിലേക്ക് പോയതോടെ വീട്ടിൽ അയാൾ മാത്രമായി. ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ ചായ്പിന്റെ ഒഴിഞ്ഞ മൂലയില്‍ ഉദിനീസ് ചാരി ഇരുന്നു. അയാളുടെ തലമുടി താഴ്ത്തി വെട്ടിയ നിലയിലായിരുന്നു.

" ഇച്ചായോ ". ഉദിനീസ് ചെവിയോര്‍ത്തു . കൊച്ചു ത്രേസ്യയുടെ ശബ്ദമാണല്ലോ അത്. അയാൾ നിര്‍ന്നിമേഷനായി ചുറ്റും നോക്കി. എന്തോ എത്തിപ്പിടിക്കാനെന്ന വണ്ണം കൈകള്‍ വായുവിലേക്കുയർത്തുകയും,  കൊച്ചു കുഞ്ഞിനെ പോലെ ശബ്ദമുണ്ടാക്കി വികലമായി ചിരിക്കുകയും ചെയ്തു.  ഇളയ മകന്‍ ജോസിന്റെ കല്യാണം കൂടി കഴിഞ്ഞതോടെ ഉദിനീസും, കൊച്ചു ത്രേസ്യയും ഏതാണ്ട് ഒറ്റപ്പെട്ടു കഴിഞ്ഞിരുന്നു. അവരുടെ ജീവ നിശ്വാസങ്ങള്‍ വീടിനുള്ളില്‍ മാത്രമൊതുങ്ങി. ഇരുട്ട് വീണാല്‍ കൊച്ചു ത്രേസ്യ ബൈബിള്‍ വായിക്കുന്നതു കേൾക്കുമ്പോൾ അയാൾ ശാന്തനാവുമായിരുന്നു.

" ദേ , നിങ്ങടെ അപ്പനെ വല്ല പ്രാന്താശുപത്രീലും കൊണ്ടാക്ക്. ഞങ്ങക്ക് പറ്റില്ല ഇങ്ങനെ തീട്ടോം , മൂത്രോം കോരാന്‍ "
റോസിയുടെ ശബ്ദമാണത് !
" എന്തൊരു നാശമാണിത് . അലമാരീലെ സാധനങ്ങളെല്ലാം വലിച്ചിട്ടിരിക്കുന്നത്  കണ്ടില്ലേ? "
ഇപ്പോൾ ഒച്ച വെക്കുന്നത് ജോസ്സാണ്.
" പൊറത്തൂന്നാരെങ്കിലും വന്നാ ഇങ്ങനെയുള്ള ഒന്നിനെ കാണിക്കാമ്പറ്റ്വോ "
അത് ലില്ലിയാണ് പറഞ്ഞത്. അവളുടെ ശബ്ദത്തിനാണ് കരകരപ്പുള്ളത്.
" അയ്യേ അപ്പാപ്പന്‍ കുശിനീല് അപ്പിയിട്ടേക്കണ് "
കൊച്ചുമക്കളാണ് തന്നെ കളിയാക്കിച്ചിരിക്കുന്നത്. അവരും തന്നെ വെറുപ്പോടെയാണ് നോക്കുന്നത്!

ചായ്പിലെ തൂണിനു കൂട്ടിരിക്കുമ്പോഴാണ് അയാള്‍ക്ക്‌ അങ്ങനെ ചിലതൊക്കെ ഓര്‍മ്മ വരുന്നത്.  ' തന്റെ വീട് , കൊച്ചു ത്രേസ്യാ , മക്കള്‍ , ചായ്പ് '. അങ്ങനെ ഓരോന്നായി . അപ്പോഴൊക്കെ കയറില്‍ നിന്നു രക്ഷപ്പെടാനായി പാടുപെട്ട് ശ്രമിച്ചു. എല്ലാ ശ്രമങ്ങളെയും നിഷ്ഫലമാക്കി ആ വൃദ്ധന്റെഓര്‍മ്മകളുടെ ശേഷിപ്പുകള്‍ എവിടെയെല്ലാമോ അലഞ്ഞു തിരിഞ്ഞു നടന്നു .

പെസഹാ ദിനത്തോടനുബന്ധിച്ചു  വിശ്വാസികള്‍ കുരിശു ചുമന്നു മലകള്‍ കയറിത്തുടങ്ങുന്നു . കുര്‍ബാനകളും , പ്രാര്‍ത്ഥനകളുമായി , ദേവാലയങ്ങള്‍ നിറഞ്ഞിരിക്കുന്നു . കുന്നിന്മുകളിലെ ദേവാലയത്തില്‍ നിന്നു വൈദികന്റെ പ്രഭാഷണം ഉച്ചഭാഷിണിയിലൂടെ ഒഴുകി കാറ്റില്‍ തെന്നിത്തെന്നി ഒഴുകി നടക്കുന്നു.


ഇഴഞ്ഞു നീങ്ങുന്ന സമയ കാലങ്ങള്‍ ഉദിനീസിനെ അസ്വസ്ഥനാക്കിയതേയില്ല . കവലയിലെ ഉപദേശ പ്രസംഗങ്ങളൊന്നും ഇപ്പോള്‍ ഓര്‍മ്മയിലില്ല. ഒരു ശബ്ദങ്ങള്‍ക്കായും ഉദിനീസ് കാതോര്‍ക്കുന്നുമില്ല. അയാള്‍ ചായ്പില്‍ ചാഞ്ഞിരുന്നു. ഉടുതുണിയില്‍ മൂത്രമൊഴിച്ചു. വളര്‍ച്ച തീണ്ടാത്ത മനസ്സിന്റെ വൈകല്യത്തില്‍ ജലസ്പർശമേറ്റിട്ടെന്ന പോലെ  നിര്‍വൃതി പൂണ്ടു . കയറില്‍ മൃഗമായി കിടന്നു. ഉള്ളില്‍ പശി കയറിത്തുടങ്ങിയപ്പോള്‍ മാത്രം അസ്വസ്ഥത കാണിച്ചു. വിശപ്പ്‌ കൂടി വരുന്നു. ഉദിനീസ് കയറില്‍ ആഞ്ഞാഞ്ഞു വലിക്കുകയും , ഉച്ചത്തില്‍ ബഹളമുണ്ടാക്കുകയും ചെയ്തു കൊണ്ടിരുന്നു . അയാളുടെ വരണ്ട കണ്ണുകളില്‍ നിന്ന് കണികകള്‍ നിലത്തു വീണുടഞ്ഞു. അല്‍പമകലെ നിന്നു വലിയ ഒരാരവം കേട്ടപ്പോള്‍ ഉദിനീസ് നിശ്ചലനായി .

"ഓടിക്കോ ... വഴീന്നു മാറിക്കോ"
ശബ്ദം കേട്ടു എന്നല്ലാതെ എന്താണെന്ന് ഉദിനീസിനു മനസ്സിലായില്ല . ശബ്ദം അടുത്തടുത്ത് വരുന്നു .  അറവുശാലയില്‍ നിന്നു പോത്തു കയറു പൊട്ടിച്ചോടിയതാണ് . അതിനെ പിടിച്ചു കെട്ടാനായി , കൈകളില്‍ കയറുകളും , വടികളുമായി  ആള്‍ക്കൂട്ടവും പുറകെയുണ്ട്. മുക്രയിട്ടു വേലി പൊളിച്ചു ഓടിയ മൃഗം ഉദിനീസിന്റെ തൊടിയിലേക്ക് കയറി. അയാളെ കെട്ടിയിട്ട ചായ്പ് ലക്ഷ്യമാക്കി ഓടിയടുത്തു. വിറളി പൂണ്ടു തന്നെ ലക്ഷ്യമാക്കി ഓടിയടുക്കുന്ന അറവുമാടില്‍ നിന്നു രക്ഷപ്പെടാനായി ഉദിനീസ് കയറില്‍ കിടന്നു വെപ്രാളം പൂണ്ടു.

അയല്‍ വീടുകളില്‍ കുട്ടികള്‍ കരയുന്നതും , വാതിലുകള്‍ കൊട്ടിയടയുന്നതുമായ ശബ്ദങ്ങള്‍ . കുന്നിന്മുകളിലെ ദേവാലയത്തില്‍ നിന്നു പുരോഹിതന്റെ കുര്‍ബ്ബാനപ്രസംഗം തേയിലച്ചെടികള്‍ നിറഞ്ഞു നില്‍ക്കുന്ന താഴ്വരകളെയും , കുന്നിന്‍ ചരുവിലെ കാറ്റാടികളെയും , തഴുകി കാതുകളിലേക്ക് പ്രവഹിച്ചു കൊണ്ടേയിരുന്നു .

"മോശെ ഇസ്രയേല്‍ ശ്രേഷ്ടന്മാരെ വിളിച്ചു പറഞ്ഞു. കുടുംബങ്ങളുടെ കണക്കനുസരിച്ച് നിങ്ങള്‍ പെസഹാ ആട്ടിൻ കുട്ടികളെ തെരഞ്ഞെടുത്തു കൊല്ലുവിന്‍. പാത്രത്തിലുള്ള രക്തത്തില്‍ ഹിസ്സോപ്പു കമ്പ് മുക്കി , രണ്ടു കട്ടിലക്കാലുകളിലും  മേല്പ്പടിയിലും തളിക്കുവിന്‍ . പ്രഭാതമാകുന്നത് വരെ ആരും പുറത്തു പോകരുത്. എന്തെന്നാല്‍ ഈജിപ്തുകാരെ സംഹരിക്കുന്നതിനു വേണ്ടി കര്‍ത്താവ് കടന്നു പോകും.  എന്നാല്‍ , നിങ്ങളുടെ മേൽപ്പടിയിലും രണ്ടു കട്ടിളക്കാലുകളിലും , രക്തം കാണുമ്പോള്‍ കര്‍ത്താവ് നിങ്ങളുടെ വാതില്‍ പിന്നിട്ടു കടന്നു പോകും. സംഹാരദൂതന്‍ നിങ്ങളുടെ വീടുകളില്‍ പ്രവേശിച്ചു നിങ്ങളെ വധിക്കുവാന്‍ അവിടുന്ന് അനുവദിക്കുകയില്ല . ഇത് നിങ്ങളും , നിങ്ങളുടെ സന്തതികളും   എക്കാലവും ഒരു കൽപ്പനയായി ആചരിക്കണം . കര്‍ത്താവ് തന്റെ വാഗ്ദാനമനുസരിച്ച് നിങ്ങള്‍ക്ക് തരുന്ന സ്ഥലത്ത് ചെന്ന ശേഷവും ഈ കര്‍മ്മം ആചരിക്കണം. ഇതിന്റെ അര്‍ത്ഥമെന്താണെന്ന് നിങ്ങളുടെ മക്കള്‍ ചോദിക്കുമ്പോള്‍ പറയണം. ഇത് കര്‍ത്താവിനര്‍പ്പിക്കുന്ന പെസഹാ ബലിയാണെന്ന്!"

പുരോഹിതന്റെ വാഗ്ധോരണി നീണ്ടു പോവുന്നു . ഹൈറേഞ്ചിലെ പാതയോരങ്ങളില്‍ നിന്ന് ദൈവവിളികള്‍ ഉയരുന്നു. അറവുമാടിന്റെ കൊമ്പുകള്‍ തുളഞ്ഞ് രക്തസ്നാനം ചെയ്ത  ഉദിനീസ് ചായ്പിലെ പൊടിമണ്ണില്‍ ചലനമറ്റു കിടക്കുന്നു.

(2002 ൽ എഴുതിയത്- തിരുത്തിയതും)

22 comments:

 1. ഇതാ ഇപ്പോള്‍ അഞ്ചു കഥ വായിച്ചു കഴിഞ്ഞു .ഇന്നിത്ര മതി ,ആശംസകള്‍

  ReplyDelete
 2. ഇരുത്തം വന്ന എഴുത്തുകാരന്റെ കഥാ പുസ്തകം വായിക്കുന്ന താത്പര്യത്തോടെയല്ലാതെ ഈ ബ്ലോഗിൽ വരാൻ പറ്റില്ല. പെസഹാബലി തീർച്ചയായും ഒരു മികച്ച കഥ തന്നെയാണ്.

  ReplyDelete
 3. നന്ദി രണ്ടു പേര്‍ക്കും . മനസ്സില്‍ തട്ടിയ ഒരു വാര്‍ത്തയാണ് പെസഹാബലി ആയത് . പ്രോത്സാഹനങ്ങള്‍ക്ക് നന്ദി .

  ReplyDelete
 4. എന്താ പറയുക ശിഹാബ് ,മനോരോഗം പിടിപെട്ട ഉദിനീസിന്‍റെ കൂടെ വായനക്കാരന്റെ മനസ്സിനെ കൂടെ നടത്തിച്ച അതി മനോഹരമായ ആഖ്യാനം. സങ്കടപ്പെടുത്തുന്ന കഥ എങ്കിലും, ഒരു പാട് ചിന്തിപ്പിക്കുന്നു ഈ കഥ, ഇങ്ങിനെ ഒരവസ്ഥ ഒരാള്‍ക്കും വരാതിരിക്കട്ടെ. കൂടുതല്‍ പേര്‍ ഈ കഥ വായിക്കട്ടേ.

  ReplyDelete
  Replies
  1. ഇങ്ങിനെ ..വരാതിരിക്കട്ടെ ഇങ്ങനെ വന്ന ഒരാളുടെ വാര്ത്ത ഞാൻ കണ്ടിരുന്നു .. വായനക്കും , അഭിപ്രായത്തിനും അതിൽ കൂടുതൽ മറ്റുള്ളവരിലേക്ക് എത്തിച്ചതിനും ഉള്ളു നിറഞ്ഞ സ്നേഹ സലാം ..

   Delete
 5. നന്നായിട്ടുണ്ട്.. new generation കുഞ്ഞുങ്ങള്‍ക്ക് ചിലപ്പോ ബോറടി തോന്നുമെങ്കിലും ഒടുക്കം വരെ വായിക്കുന്നവന്റെ ഉള്ളില്‍ ഒരു കൊണ്ടുകയറുന്ന വേദന.. :)

  ReplyDelete
  Replies
  1. വായനക്കും , അഭിപ്രായത്തിനും ഉള്ളു നിറഞ്ഞ സ്നേഹ സലാം .. ഇനിയും വരിക .. നന്ദി

   Delete
 6. ഇരുത്തം വന്ന എഴുത്തുകാരന്റെ കഥ തന്നെ ..
  വായനയ്ക്കിടയിലും വായനയ്ക്ക് ശേഷവും മനസ്സില് നിന്ന് അടര്ത്തി മാറ്റാൻ കഴിയാതെ ഉദിനീസ് ..
  വായിക്കാൻ വൈകിപ്പോയി .
  എങ്കിലും നന്ദി ഫൈസൽ , ഈ കഥയിലേക്ക്‌ വഴി കാട്ടിയതിന്

  ReplyDelete
  Replies
  1. നിങ്ങലെപോലെയുള്ളവരുടെ അഭിപ്രായങ്ങൾ വിലപ്പെട്ടതാണ്‌ .... നന്ദിയുണ്ട് വായനക്കും , അഭിപ്രായത്തിനും ഉള്ളു നിറഞ്ഞ സ്നേഹ സലാം .. ഇനിയും വരിക .. നന്ദി

   Delete
 7. നല്ലൊരു കഥ. മറവി രോഗം എന്നാ അവസ്ഥ വളരെ ഭീകരമാണ്. കുടുംബാംഗങ്ങളുടെ പരിചരണമാണ് ഏറ്റവും പ്രധാനം എന്ന് എത്രയിടത്തു കേട്ടിരിക്കുന്നു. സാധാരണ വൃദ്ധരെ കൂടി ആരും പരിചരിക്കാരില്ല.അപ്പോള്‍ ഈ രോഗം കൂടിയായാലോ  "അന്ന് പെസഹാപ്പെരുന്നാളാണ് . തോരണങ്ങള്‍ ചാര്‍ത്തിയ തെരുവുവഴികളില്‍ ഒച്ചയും കൂവി വിളികളുമായി കുട്ടികള്‍ ഓടി നടന്നു . വീടുകളില്‍ നിന്നും കവലകളില്‍ നിന്നും പൊട്ടാസ്സിന്റെയും , പടക്കങ്ങളുടെയും ശബ്ദം അന്തരീക്ഷത്തില്‍ ഉയര്‍ന്നു പൊങ്ങി.


  പെസഹയും പീഡാനുഭവ ആചരണവും ഒരിക്കലും പടക്കം പൊട്ടിച്ചല്ല ആഘോഷിക്കുന്നത് ഉയിര്‍പ്പാണ് പടക്കവും തോരണവുമായി കൊണ്ടാടുക.

  ReplyDelete
  Replies
  1. അതൊരു വല്ല്യ തെറ്റ് തന്നെയാണല്ലോ ... നന്ദി ഇത് ശ്രദ്ധയിൽ പെടുത്തിയതിനു ... എ ഭാഗം എഡിറ്റ്‌ ചെയ്യാം ... ഒരു പാട് നന്ദി റോസിലീജി .. സാധാരണ എഴുതുമ്പോ ഒരു വിശകലനം നടത്തും .. ശ്രദ്ധയിൽ പെട്ടില്ല .. നന്ദി .

   Delete
 8. കയ്യടക്കം വന്ന അവതരണം.. അഭിനന്ദനങ്ങൾ ..

  ReplyDelete
 9. കഥയിലെ കഥ നടുക്കുന്നതാണെങ്കിലും ,പുതുമ തോന്നിയില്ല. കൃസ്തീയമായ ബിംബകല്‍പ്പനകളോട് ചേര്‍ത്ത്വെച്ച് അതുപറഞ്ഞ രീതിയാണ് എനിക്ക് ശ്രദ്ധേയമായി തോന്നിയത്. പ്രത്യേകിച്ചും കഥ അവസാനിപ്പിച്ച രീതിയിലെ കൈയ്യടക്കവും, ശില്‍പ്പഭദ്രതയും താങ്കളിലെ നല്ല എഴുത്തുകാരനെ അടയാളപ്പെടുത്തുന്നു....

  ReplyDelete
  Replies
  1. നന്ദിയുണ്ട് മാഷെ നല്ല വായനക്കും തുറന്ന അഭിപ്രായത്തിനും ... പുതുമയുമായി തീര്ച്ചയായും വരും .. കാത്തിരിക്കൂ .. ഇത് (this story) മനസിന്റെ ഒരു വേദനയാണ് .. അത്ര മാത്രം.

   Delete
 10. ദിനേനയുള്ള ബ്ലോഗ് പര്യടനവും വായനയും ലാഭകരമാകുന്നത് ഇതുപോലുള്ള കഥകള്‍ വായിയ്ക്കുമ്പോഴാണ്.

  ഇനിയും അധികമായി എഴുതാനാവട്ടെ
  ആശംസകള്‍

  ReplyDelete
 11. അജിത്തെട്ടാ തീര്ച്ചയായും നന്ദി .. ഒരുപാട് -- എപ്പോഴത്തെയും പോലെ .

  ReplyDelete
 12. ഇരുത്തം വന്ന എഴുത്തുകാരനാണ്‌ ,, വായിക്കാന്‍ ഒരു ആര്‍ത്തി തോന്നും ..
  പലതും ഒരുപാട് റെഫര്‍ ചെയ്തു കാണും അല്ലെ ? പിന്നെ തെറ്റുകള്‍ ഒന്നും എന്നെ കൊണ്ട് കണ്ടു പിടിക്കാന്‍ പറ്റില്ല ..അതിനു മാത്രം വളര്‍ന്നിട്ടില്ല ഞാന്‍ .. റോസാപ്പൂക്കള്‍ പറഞ്ഞത് ശ്രദ്ധിച്ചു , അതില്‍ നിന്നും മനസ്സിലായത് വായിക്കുന്നവരൊക്കെ ഇരുത്തി വായിക്കുന്നു എന്ന് തന്നെ ആണ് .... അഭിനന്ദനം

  ReplyDelete
  Replies
  1. രോസാപ്പോക്കൾ പറഞ്ഞത് അപ്പോൾ തന്നെ ഞാൻ തിരുത്തി .. നന്ദിയുണ്ട് ഇത് വരെ വന്നു വായിച്ചു അഭിപ്രായം പറഞ്ഞതിന് .. തീര്ച്ചയായും . നന്ദി . റെഫർ ചെയ്തിട്ടുണ്ട് . അല്ലാതെ പറ്റില്ലല്ലോ . :) :) :) :)

   Delete

വായന അടയാളപ്പെടുത്താം