Dec 25, 2012

ലൈക് ആന്റ് ഷെയര്‍

കേളികൊട്ട് മാഗസിൻ - ഒക്ടോബർ 20 - 2013
പ്രിയരേ " നിങ്ങളുടെ ഒരു ലൈക് അല്ലെങ്കിലൊരു ഷെയര്‍ ഒരു ജീവന്‍ രക്ഷിച്ചെന്നിരിക്കാം. അതിനു വേണ്ടി വെറുമൊരു മൗസ് ക്ലിക്ക് ചെയ്യാന്‍ മടി കാണിക്കരുത്.  നിങ്ങള്‍ ഒരു ഹൃദയമുള്ളവനാണെങ്കില്‍,  ഹൃദയത്തിൽ അൽപമെങ്കിലും കരുണയുണ്ടെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക.. പ്ലീസ്! "

ഇങ്ങനെ രേഖപ്പെടുത്തിയ വിവരണത്തിന് താഴെ മൂന്ന് വയസ്സു തോന്നിക്കുന്ന പെണ്‍കുഞ്ഞിന്റെ ഓമനത്തം നിറഞ്ഞ  ചിത്രം. നിഷ്കളങ്കമായ ആ കുഞ്ഞു മുഖത്തേക്ക് നോക്കിയിരിക്കുമ്പോഴൊക്കെ ഉള്ളിൽ ഒരു നീറ്റല് നിറഞ്ഞു. ചിത്രത്തിന് തൊട്ടു താഴെ കൊടുത്തിരുന്ന  വിവരണങ്ങളും, മേല്‍വിലാസവും, ടെലിഫോണ്‍ നമ്പറും കൃത്യമായി തന്നെ  എഴുതി കയ്യില്‍ വെച്ചു.

വിലാസത്തിലേക്കുള്ള ദൂരമവസാനിച്ചത് ചുമരുകള്‍ തേക്കാത്ത ഒറ്റക്കെട്ടിനടുത്താണ് . കല്‍ത്തിണ്ണയില്‍ കൈലിമുണ്ടുടുത്ത് മേല്‍ക്കുപ്പായമില്ലാതെ അര്‍ദ്ധനഗ്നനായി ഇരുന്ന് സിഗരട്ട് പുകക്കുന്ന മധ്യവയസ്കന്‍ നിര്‍വികാരതയുടെ നോട്ടമെറിഞ്ഞു .
" ആരാ ? "
" ഞാന്‍ .........!" 
"എന്ത് വേണം?"
 "അര്‍ബുദം  ബാധിച്ച .....മോളുടെ......സഹായത്തിന് .....വിലാസം കണ്ടിരുന്നു " 
വിക്കി വിക്കിപ്പറയാന്‍ ശ്രമിച്ചു .
കരുവാളിച്ച മുഖം കാണുമ്പോൾ വാക്കുകള്ക്ക് ഭംഗം നേരിടുന്നു. നിറഞ്ഞ കണ്ണിനു താഴെ അയാള്‍ ചുണ്ടുകള്‍ കൂട്ടിക്കടിച്ചു. മുറ്റത്തു കളിക്കുന്ന രണ്ടു കുട്ടികള്‍. ഒരാണും ഒരു പെണ്ണും. ജന്നലോരത്ത് മങ്ങിത്തെളിയുന്ന നിഴല്‍ .
" വരൂ ". 
അയാള്‍ക്ക്‌ പിന്നിലായി നടന്നു .
"ആരെങ്കിലും വന്നിരുന്നുവോ?" 
"ഇല്ല!"
" ആരുടേയും സഹായമൊന്നും ...? "
നിഷേധാര്‍തഥത്തില്‍ അയാള്‍ തല വെട്ടിച്ചു കൊണ്ടിരുന്നു.
മുറ്റത്തൊരു കോണിലായി അയാൾ നിന്നു. അവിടെ ഒരു ചെറിയ മണ്‍കൂന ചൂണ്ടി അയാള്‍ കരഞ്ഞു .
" ദാ , സഹായിച്ചോളൂ " 
കൂനക്ക് മുകളില്‍ ചുവന്ന മണ്ണ്. മുറ്റത്തെ  തുളസിത്തറയില്‍  തിരികെട്ടു കിടക്കുന്ന മണ്‍വിളക്ക്ഉള്ളു കാളി .
ഉപഗമനം ചെയ്യുമ്പോള്‍ നിരാശയുടെ  കമ്പിച്ചുരുളുകള്‍ വലിഞ്ഞു മുറുക്കിക്കൊണ്ടിരുന്നു . മണ്ണിനുള്ളിലുറങ്ങുന്ന ബാലികയുടെ ചിത്രം തരംഗങ്ങളില്‍ നിന്ന്  തരംഗങ്ങളിലൂടെ ലോകത്തിന്റെ എല്ലാ കോണുകളിലും അലഞ്ഞുതിരിഞ്ഞു കൊണ്ടിരുന്നു. നിസ്സംഗതപുറത്തു പറയാന്‍ വാക്കുകളില്ലാതെ നിര്‍ജ്ജീവമായി  തൂങ്ങിക്കിടക്കുന്നു. പരിഹാസ്യമായ ഇത്തരം തുടർച്ചകളെ എങ്ങനെ തടയണം എന്നാലോചിച്ചാണ് ഫേസ് ബുക്ക്‌ തുറന്നു വെച്ചത് . ആരോ ഷെയർ ചെയ്ത  മറ്റൊരു ചിത്രത്തില്‍ കണ്ണുകളുടക്കി . 
അത്യാസന്ന നിലയില്‍ ആശുപത്രിക്കിടക്കയിലൊരു കുഞ്ഞു മുഖം കൂടി.
അടിയില്‍ കണക്കില്ലാത്ത ലൈക്കുകള്‍. ഷെയറുകള്‍.
ഒരു പക്ഷെ ഞാന്‍ കണ്ട അസ്ഥിത്തറയുടെ മുകളിലുള്ള   മണ്‍ തരികളേക്കാള്‍ കൂടുതല്‍ !
മറ്റൊന്നും ചെയ്യുന്നതിൽ യാതൊരു ഫലവുമില്ലെന്നറിഞ്ഞു കൊണ്ട് പുച്ഛത്തോടെ ഇത്രമാത്രം കുറിക്കുന്നു.
" ലൈക് ആന്‍ഡ്‌ ഷെയര്‍ ".

7 comments:

 1. നീതി പോലെ തന്നെ സഹായവും വൈകിയാല്‍ ഒരു പ്രയോജനവും ഇല്ല അല്ലെ ?

  ReplyDelete
 2. ലൈക്കുകൾക്കും ഷെയറുകൾക്കുമല്ലേ ഇന്നെന്തിനേക്കാളും വില

  ReplyDelete
 3. Replies
  1. ഹോ ഒന്നെങ്കിലും ഇഷ്ടമായല്ലോ

   Delete
 4. ഒരു വെറും തോന്നലിന്റെ അവസാനം ... അല്ലങ്കിൽ സത്യം !! നന്ദി ..

  ReplyDelete
 5. വൈകിയെത്തിയ സഹായം സഹായം അല്ല
  ഇഷ്ടപ്പെട്ടു,നന്നായിട്ടുണ്ട്......

  ReplyDelete
 6. ലൈക്കിനെക്കാളും ഷെയറിനെക്കാളും നല്ലത് സഹായത്തിന്റെ ഒരു ചെറു തരിയാണ്

  ReplyDelete

വായന അടയാളപ്പെടുത്താം