Oct 9, 2013

ജബലുകള്‍ക്കക്കരെ

മഴവില്ല് - വെബ് മാഗസിൻ - വാർഷികപ്പതിപ്പ്‌ - 2013
മല കയറിത്തുടങ്ങുമ്പോഴാണ് ചൂട്ടു കെട്ടു പോയത്ശക്തിയുള്ള കാറ്റുമുണ്ടായിരുന്നുകലന്തന്‍ ചുമലില്‍  
നിന്ന് തോലം താഴെയിറക്കി വെച്ചുകൂടെയുള്ളവരും . രണ്ടു പേരെ വഴിയില്‍  നിര്‍ത്തി മരയ്ക്കാരിനൊപ്പം ദൂരെക്കണ്ട വെട്ടം ലക്ഷ്യമാക്കി  നടന്നുമുളങ്കാടിനോട് ചേര്‍ന്നുള്ള വഴിയിലൂടെ. നടന്നടുക്കുന്തോറും വെളിച്ചം കനത്തു കണ്ടു . ഉച്ച വെയിലില്‍ തെളിഞ്ഞ വെള്ളത്തിടിയില്‍ കാണുന്ന കാഴ്ചകള്‍ പോലെ!

വലിയ തീപ്പന്തങ്ങള്‍ കുത്തി നിറുത്തിയ കമാനമായിരുന്നു മുന്നില്‍. അരമുഴത്തോളം വീതിയുള്ള ചുറ്റുമതിലിനു നടുവിലായാണ് കമാനമുള്ളത് . ഇടത്തും വലത്തുമായി പാറയില്‍ കൊത്തിയ രൂപങ്ങള്‍ പോലെ രണ്ടു പാറാവുകാരുണ്ടായിരുന്നു. അവരുടെ ഇടതു കൈകളില്‍  അഗ്രം തിളങ്ങുന്ന കുന്തങ്ങളുണ്ടായിരുന്നു. വലതു കൈത്തണ്ടയില്‍  രാജകീയ ചിഹ്നം പോലൊന്ന് ചാപ്പ കുത്തിയിട്ടുണ്ട്. കലന്തന്‍ മരയ്ക്കാരിനൊപ്പം അവര്‍ക്ക് മുന്നില്‍ നിന്നു. പാറാവുകാരിലൊരാള്‍ വായ്ത്താരിയിട്ടപ്പോള്‍  അകത്തു നിന്ന് അറബിക്കെട്ടു കെട്ടിയ ഒരു യുവകോമളന്‍ കമാനവാതിലില്‍ വന്നു നിന്നു. അയാളുടെ വീതി കൂടിയ അരപ്പട്ടയ്ക്കു നടുവിലായും രാജമുദ്രയുണ്ട് . കലന്തനും മരയ്ക്കാരും കള്ളിമുണ്ടുകള്‍ക്ക് മേലെ അരപ്പട്ട കെട്ടിയിട്ടുണ്ട്. പക്ഷെ മുദ്രകളൊന്നും ഉണ്ടായിരുന്നില്ല. അറബിക്കെട്ടുകാരന്‍ അവരെ നോക്കി ഹാര്‍ദ്ദവമായി പുഞ്ചിരിച്ചു . കരം കവര്‍ന്നു .
അസ്സലാമു അലൈക്കും                                                                           
വ അലൈക്കും അസ്സലാം . കലന്തന്‍ മറുമൊഴി ചൊല്ലി.
യുവാവ് കലന്തനെ അകത്തേക്ക് ക്ഷണിച്ചു . കൈയിലുള്ള പണക്കിഴി ശ്രദ്ധയോടെ ചേര്‍ത്തു പിടിച്ച് കലന്തന്‍ മരയ്ക്കാരിനോടായി തിരിഞ്ഞു നിന്ന് പറഞ്ഞു .
 വാ മരയ്ക്കാരെ .
പക്ഷേ മരയ്ക്കാര്‍ അവിടെ  ഉണ്ടായിരുന്നില്ല. കലന്തന്റെ ഉള്ളു കാളി. റാത്തീബിനു* (ചില മുസ്ലീങ്ങളുടെ ഒരു തരം ആചാരം) കളത്തിലെ വിളക്കുകളണയുമ്പോള്‍ അയാള്‍ക്ക്‌ അങ്ങനെ തോന്നാറുണ്ട്. അയാള്‍ യുവാവിനോട് പറഞ്ഞു
മരയ്ക്കാരെ കാണുന്നില്ലല്ലോ ?
അറബിക്കെട്ടുകാരന്‍  പുഞ്ചിരിച്ചു . അയാളുടെ മുഖം ഖമറിനൊത്ത്* (ചന്ദ്രന്‍) വിളങ്ങുന്നുണ്ടായി.
കൂട്ടുകാരന്‍  വന്നു കൊള്ളും, നിങ്ങള്‍ വന്നാലും !
ഞങ്ങളുടെ ചൂട്ട്‌ കെട്ടു പോയിഇത്തിരി വെളിച്ചം കിട്ടിയാല്‍ മതി
  
യുവാവ് സ്നേഹത്തോടെ കലന്തന്റെ കൈയില്‍ പിടിച്ചു. ഊദിന്റെ ഗന്ധമുള്ള വഴിയിലൂടെ അയാള്‍ യുവാവിനൊപ്പം  നടന്നു. അങ്ങനെയൊരു മണം മുമ്പ് അറിഞ്ഞിട്ടില്ല.    കമാനം കഴിഞ്ഞാല്‍  അടികളോളം നീളത്തില്‍ നടവഴിയാണ് . അറ്റത്ത്‌ ഒരു കൊട്ടാരം കണ്ടു നനുത്ത മണ്ണും , വെള്ളിമണലും കൂടിക്കുഴഞ്ഞ വഴിയോരത്ത് കണ്ണാടി പോലെ പ്രതലമുള്ള തടാകമുണ്ട് . തടാകക്കരയില്‍ കൂറ്റന്‍ വൃക്ഷങ്ങളുണ്ട് . വൃക്ഷങ്ങള്‍ക്ക് മുകളില്‍ ഇരുട്ടാണ്‌ , കലന്തന്റെ ചിന്തയിലും ഇരുട്ടാണ്‌ . ഇരുട്ടിനു മേല്‍ നുജൂമുകള്‍* (നക്ഷത്രങ്ങള്‍) പ്രകാശിച്ചു . പുള്ളിക്കുത്തുകള്‍ പോലെ. നടവഴിക്കിരുവശത്തും സ്ഥാപിച്ച പന്തങ്ങളുടെ പ്രകാശത്തില്‍ നുജൂമുകള്‍ മങ്ങി . അലങ്കരിച്ചു തൂക്കിയ തോരണങ്ങളില്‍ തീനാളം പ്രതിഫലിച്ചു . കൂറ്റന്‍ മരങ്ങള്‍ക്കും ചോലവൃക്ഷങ്ങള്‍ക്കും ഇടയില്‍ ഒട്ടകങ്ങള്‍ മേഞ്ഞുയുവാവ് ഒന്നും സംസാരിച്ചിരുന്നില്ല . കലന്തന്‍ ഒന്നും ചോദിച്ചുമില്ല. ഇടവിട്ട്‌ കണ്ട ഗോപുര ശൃംഗങ്ങളില്‍ നിന്ന് പറവകള്‍ ചിലച്ചു കൊണ്ട് കലന്തന്റെ തലയ്ക്കു മുകളില്‍ വട്ടം ചുറ്റി.  അറബിക്കെട്ടുകാരനായ യുവാവ് ഈണത്തില്‍ ചൂളമടിച്ചപ്പോള്‍ പക്ഷികള്‍ പടുതിരി കത്തുന്ന ഗോപുര വെട്ടം ലക്ഷ്യമാക്കിപ്പറന്നു.     

ആരും കലന്തനെ ശ്രദ്ധിച്ചില്ല . കലന്തന്‍ എല്ലാം ശ്രദ്ധിച്ചു. ഉലാത്തുന്ന പാറാവുകാരെ, തിരികളില്‍ നെയ്യൊഴിക്കുന്ന സ്ത്രീകളെ, ഗോപുരങ്ങള്‍ വൃത്തിയാക്കിക്കൊണ്ടിരിക്കുന്നവരെ. പരവതാനി വിരിച്ച കൊട്ടാരമുറ്റത്തു സ്വര്‍ണ്ണ അലുക്കുകളും , കില്ലകളും തൂക്കിയ മഞ്ചലുണ്ടായിരുന്നു. കറുത്തതും , വെളുത്തതുമായ കുതിരകളെ യാത്രക്കായി ഒരുക്കി നിറുത്തിയിട്ടുണ്ടായിരുന്നു. കുതിരകള്‍ ചലിക്കുമ്പോള്‍ കിങ്ങിണികള്‍ മുഴങ്ങികല്ലിൽ കൊത്തിയ കൊട്ടാരച്ചുവരുകളില്‍ എരിയുന്ന തിരികളില്‍ നിന്ന് നീലയും , ചുവപ്പും പ്രകാശം പരന്നു.  

യുവാവ് നിന്നു . കലന്തനും നിന്നു. കവാടത്തില്‍ നിന്ന് ഉള്ളിലേക്ക് നീട്ടി വിളിച്ചു . നീലത്തലപ്പാവും , നീളം കൂടിയ വസ്ത്രങ്ങളും ധരിച്ച ഒരാള്‍ പുറത്തേക്ക് വന്നു. നടക്കുമ്പോള്‍ അയാളുടെ ഭാരിച്ച കാലുറകളില്‍  നിന്ന് ശബ്ദമുയര്‍ന്നു. അറബിക്കെട്ടുകാരന്‍ തിരിച്ചു പോയി. ഉള്ളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഗുമസ്തനെന്നു തോന്നിക്കുന്നയാള്‍ കലന്തനോട് പറഞ്ഞു
ആ ഭാണ്ഡം ഇവിടെ വെച്ച് കൊള്ളൂ .
കലന്തന്‍ സംശയിച്ചു

മടിക്കേണ്ട തന്നോളൂ . ഇവിടെയാണ്‌ അതിഥികളുടെ അമാനത്തുകള്‍* (മുതലുകള്‍) സൂക്ഷിക്കുന്നത്. (ഗുമസ്തന്‍ തുടര്‍ന്നു) - അതിനുള്ളില്‍ പണമാണെന്ന് തോന്നുന്നു ?     
പിന്നീട് ഒന്നും പറയാന്‍ നില്‍ക്കാതെ കട്ടിയുള്ള തോൽപ്പുസ്തകം തുറന്ന് മേശപ്പുറത്തു നിന്ന് തൂവലെടുത്ത് മഷിയില്‍ മുക്കി എഴുതാന്‍ തുടങ്ങി .
പേര് ?
കലന്തന്‍  .
കലന്തന്‍, പണമടങ്ങിയ സഞ്ചി . ഒന്ന്  ആത്മഗതം പോലെ അത്രയും ഉരുവിട്ട ശേഷം മരം കൊണ്ടുണ്ടാക്കിയ അച്ചെടുത്ത് ഭാണ്ഡത്തിലും, കലന്തന്റെ കൈത്തണ്ടയിലും മുദ്രണം ചെയ്തു

തടി കൊണ്ട് കൊത്തു പണികള്‍ ചെയ്ത മച്ചുള്ള, അനേകം മരത്തൂണുകളുള്ള ഭക്ഷണമുറിയിലെ സുപ്രയില്‍ ഒരിടത്ത് കലന്തനെയും ഇരുത്തി. അടിചെറുതായ വാ വട്ടമുള്ള പിച്ചളപ്പാത്രത്തില്‍ കലന്തന് അതിവിശിഷ്ടമായ പാനീയം ല്‍കി. രാജകീയ രീതിയില്‍ വസ്ത്രധാരണം ചെയ്ത ആളുകളായിരുന്നു ഭക്ഷണം കഴിച്ചു കൊണ്ടിരുന്നത്. കഴിക്കാനിരിക്കുന്നതിനു മുമ്പ് അവര്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുകയും, ഭക്ഷണ ശേഷം കണ്ണുകളടച്ച്‌ ചൂണ്ടു വിരല്‍ മുകളിലേക്കുയര്‍ത്തുന്നതും കലന്തന്‍ പുതുമയോടെ നോക്കി. കലന്തന്‍ പ്രാര്‍ത്ഥിച്ചൊന്നുമില്ലനാലാക്കി മുറിച്ച ആട് , മുഴുവന്‍ കോഴി , പത്തിരി , അപ്പങ്ങള്‍ എന്നിവയാണ് മുന്നില്‍പഞ്ചസാര , നെയ്യ്, ഈന്തപ്പഴം , അണ്ടിപ്പരിപ്പ് , ഉള്ളി, ചില ഇലകള്‍ തുടങ്ങിയവ പ്രത്യേകം പ്രത്യേകം ഓടിന്റെയും, പിച്ചളയുടെയും പാത്രങ്ങളില്‍ നിരത്തിയിട്ടുമുണ്ട്. ഭക്ഷണം കഴിഞ്ഞു എഴുന്നേല്‍ക്കുമ്പോള്‍ കലന്തന് ഒരാള്‍ ഓട്ടു കിണ്ടിയില്‍ വെള്ളം നല്‍കിഉമ്മയുണ്ടാക്കുന്ന വിഭവങ്ങള്‍ക്കാണ് രുചി കൂടുതല്‍!

കലന്തന്‍ കല്‍ത്തൂണുകള്‍ സ്ഥാപിച്ച ഇടനാഴിയിലൂടെ നടന്നു. ബഹളങ്ങളും പൊട്ടിച്ചിരികളും അവിടമാകെ നിറഞ്ഞു
കലന്താ 
അപ്രതീക്ഷിതമായ വിളിയില്‍ കലന്തന്‍ തിരിഞ്ഞു നിന്നു . ഒരു വൃദ്ധന്‍ മുന്നോട്ടു വന്നു. അയാളുടെ താടിയും മുടിയും വസ്ത്രങ്ങളും വെളുത്തതായിരുന്നു
ഇങ്ങളാരാ. മുമ്പ് കണ്ടിട്ടില്ലല്ലോ?  കലന്തന്‍ നിഷ്കളങ്കമായി ചോദിച്ചു .
മുസാഫര്‍. വസ്ത്രങ്ങള്‍ നേരെയാക്കുന്നതിനിടയില്‍ വൃദ്ധന്‍ മറുപടി പറഞ്ഞു
അല്ലാ ഇന്നെ ങ്ങക്കെങ്ങനെ അറിയ്വാ ?
.. .. .. പട്ടുനൂലുപോലുള്ള താടിയില്‍ തടവി വൃദ്ധന്‍ ചിരിച്ചു .
നിന്നേം കൂട്ടുകാരേം ഞാനെല്ലാ മാസവും കാണാറുണ്ട്. നിങ്ങള്‍ ചന്തയില്‍ പോയി വരുന്ന വഴിക്ക് . കുത്തനെയുള്ള മലമ്പാത തുടങ്ങുന്ന വഴിയില്‍ വെച്ചാണ് ഞാന്‍ കാണാറ്. നിങ്ങളാരും ഇത് വരെ എന്നെ ശ്രദ്ധിച്ചിട്ടില്ലെന്നു മാത്രം
പക്കെങ്കില്* (പക്ഷേങ്കില്) ന്റെ പേരെങ്ങന്യാ അറിയ്വാ . അതാ ചോയ്ച്ചത് ?
മുസാഫര്‍ കലന്തന്റെ മുതുകിലൂടെ തലോടി
നീയും കൂട്ടുകാരും ഉറക്കെ സംസാരിച്ചാണല്ലോ പോകാറ്. നിങ്ങളുടെ സംഭാഷണങ്ങളില്‍ നിന്ന് ഓരോരുത്തരെയും എനിക്ക് വ്യക്തമായി അറിയാം  .
വൃദ്ധന്‍ അങ്ങനെ പറയുമ്പോള്‍ കലന്തന് കൂട്ടുകാരെ ഓര്‍മ്മ വന്നു.
അതേയ് എനക്ക് പെട്ടെന്ന് പോണം. അവരൊക്കെ അവടെ കാത്തിരിക്കണ്'ണ്ട്  . തോലോം സാമാനങ്ങളുമായിറ്റ് ഫജ്റ്ക്ക്*  (അതിരാവിലെ) പൊറപ്പെട്ടതാണ്. അവരിക്കൊക്കെ നല്ല ഷീണണ്ടാകും.

പുറത്ത് ചാട്ടവാറടികളുടെയും കുതിരക്കുളമ്പടികളുടെയും ശബ്ദമുയര്‍ന്നു. കൊമ്പുകളുടെയും, കുഴലുകളുടെയും, തപ്പുകളുടെയും ഓശകള്‍* (ശബ്ദങ്ങള്‍) മുഴങ്ങി. "രാജാവ് എഴുന്നള്ളുന്നുണ്ട് ". വൃദ്ധനോടൊപ്പം കലന്തന്‍ അങ്കണത്തിലേക്ക് നീങ്ങി
രാജാവിന്റെ രത്നങ്ങള്‍ പതിച്ച കിരീടവും മിന്നുന്ന ഉടയാടകളും അയാള്‍ ള്‍ഭയത്തോടെ നോക്കി നിന്നു. കൊടിക്കൂറകള്‍ കാറ്റിലിളകുന്നുണ്ട്. കലന്തന്റെ വസ്ത്രങ്ങളും കാറ്റിലിളകുന്നുണ്ട്. വെണ്‍കൊറ്റക്കുടകള്‍ ഉയര്‍ന്നു നിന്നു. ചാമരങ്ങള്‍ വീശുന്ന തരുണികളുടെ ഉടല്‍ഭംഗിയില്‍ കലന്തന്‍ ആശ്ചര്യപ്പെട്ടു
യാ റബ്ബീ . ഹൂറികള് തെന്നെ! 
കലന്തന്‍ ആത്മഗതം ചെയ്യുമ്പോള്‍ മുസാഫര്‍ കുസൃതിയോടെ നോക്കിച്ചിരിച്ചു. നോക്കി നില്‍ക്കെ കൊട്ടും കുരവയുമായി പല്ലക്കു ചുമന്നു കറുത്ത മനുഷ്യര്‍ വന്നു അതിന്റെ മുകള്‍ ഭാഗം കുടയുടെ ആകൃതിയിലായിരുന്നുപല്ലക്ക് നിലത്തിറക്കി വെച്ച് മുട്ടു കുത്തി തല താഴ്ത്തി കറുത്തവര്‍ നിശ്ചലരായി. സുന്ദരിയായ യുവതിയും , യുവാവുമാണ് പുറത്തിറങ്ങിയത്. പ്രത്യേകം തയ്യാറാക്കിയ രത്നഖചിതങ്ങളായ പീഠങ്ങളില്‍ അവര്‍ ഉപവിഷ്ടരായി. പ്രമാണികളെന്നു തോന്നിക്കുന്ന ആളുകള്‍ അവരെ വണങ്ങി മാറി നിന്നു

വാദ്യമേളങ്ങള്‍ മുഴങ്ങി. കലന്തന്റെ ഉള്ളു പെരുത്തു . അതിനിടയില്‍ വിരൂപിയായ ഒരു കുള്ളന്‍ അങ്കണത്തിലേക്ക് കടന്നു വന്നു. ദിഗന്തം മുഴങ്ങുമാറ് അയാള്‍ പെരുമ്പറ മുഴക്കി. അവിടം നിശ്ശബ്ദമായികലന്തന്‍ ശ്വാസം നിയന്ത്രിച്ചു. പതുത്ത നിലവിരികളിലേക്ക് ദഫ്ഫുകള്‍ മുഴക്കി നടന താളത്തോടെ യുവാക്കള്‍ കടന്നു വന്നു. അവര്‍ അര്‍ദ്ധ നഗ്നരായിരുന്നു. കലന്തന്‍ അര്‍ദ്ധനഗ്നനായിരുന്നില്ല. യുവാക്കള്‍  ചെരിപ്പുകള്‍ ധരിച്ചിരുന്നില്ല. കലന്തനും ചെരിപ്പു ധരിച്ചിരുന്നില്ല . കൈമുട്ടുകള്‍ (കൈകൊട്ട്) കൊഴുത്തു. കലന്തന്‍ അങ്ങനെയൊന്ന് കണ്ടിട്ടേയുണ്ടായിരുന്നില്ല . അത്ഭുതമെന്നേ പറയേണ്ടു അവര്‍ക്കിടയിലേക്ക് രണ്ടു പേര്‍ വായുവിലൂടെ ഒഴുകി വന്നു. അപ്പോള്‍ ശബ്ദങ്ങള്‍ ഒതുങ്ങി. ആളുകളുടെ നോട്ടം വായുവിലേക്കായി.  
കൊട്ടാരം ജാലവിദ്യക്കാരാണ് . (മുസാഫര്‍ കലന്തന്റെ ചെവിയില്‍ പറഞ്ഞു) അവര് ചെയ്യാത്ത അത്ഭുതങ്ങള് ആലം ദുനിയാവിലുണ്ടാവൂല്ല.       
കലന്തന്റെ നെഞ്ചിടിപ്പ് കൂടി. മാനത്തെ ഇരുട്ടിലൂടെ ഒരു കൊള്ളിയാന്‍ അതിവേഗം പാഞ്ഞു പോയിവായുവില്‍ ഒഴുകി വന്ന ജാലവിദ്യക്കാര്‍ നിശ്ചലമായി ശൂന്യതയില്‍ നിന്നു . അവരിലൊരാള്‍ ശരീരം രണ്ടായി പിളര്‍ത്തിക്കാണിച്ചു
യാ ബദുരീങ്ങളേ
കലന്തന്‍ പിന്നോട്ട് മറിഞ്ഞു

    
കലന്തന്റെ മുറിയുടെ വാതിലിനു പുറത്ത് ആരുടെയോ കാല്‍പ്പെരുമാറ്റം കേട്ടപ്പോള്‍ മുസാഫര്‍ പറഞ്ഞു കൊണ്ടിരുന്നത് നിര്‍ത്തിബാക്കിയറിയാനുള്ള വ്യഗ്രതയില്‍ കലന്തന്‍ കെറുവിച്ചു
ന്നട്ടെന്തായി ങ്ങള് പറയീന്ന്
ശ് ശ് .. ആരോ വരുന്നുണ്ട്. തല്‍ക്കാലം ഞാനങ്ങോട്ടു മാറി നിക്കാൽക്കാം.
മുസാഫര്‍ കലന്തനോട് ശബ്ദമുണ്ടാക്കരുതെന്ന്‌ ആംഗ്യം കാണിച്ചുകൊണ്ട് അവിടെ നിന്ന് മാറി നിന്നു. പുറത്ത് കാറ്റുണ്ടായിരുന്നു. ബഹറുകളേഴും താണ്ടി വന്ന കാറ്റ് ജന്നല്‍പ്പാളികളിളുരസിക്കളിച്ചപ്പോൾ ജന്നലിന്റെ വിജാഗിരികള്‍ മൂളിക്കൊണ്ടിരുന്നു. പറമ്പിലെ തെങ്ങില്‍ നിന്ന്  ഉണങ്ങിയ തെങ്ങോല വലിയ ശബ്ദത്തോടെ താഴെ വീണു. മാവില്‍ നിന്നും പ്ലാവില്‍ നിന്നും ഇലകള്‍ തെരുതെരെ വീണു കൊണ്ടിരുന്നു. 

കലന്തന്റെ ഭാര്യ  തിത്തീബിയാണ് ഭക്ഷണവുമായി മുറിയിലേക്ക് വന്നത്. തിത്തീബി പാത്രങ്ങള്‍ അയാള്‍ക്കു  മുന്നില്‍ വെച്ചു. തിത്തീബിയെ ഒന്ന് നോക്കുക പോലും ചെയ്യാതെ ശോഷിച്ച വിരലുകള്‍ കൊണ്ട് വളരെപ്പതുക്കെ അയാള്‍ ഭക്ഷണം കഴിക്കാൻ തുടങ്ങി. പുറത്തു നിന്ന് ആളുകളുടെ സംസാരവും പൊട്ടിച്ചിരികളും ഉയരുന്നു. ശബ്ദകോലാഹലത്തോടൊപ്പം വെളുത്ത പുകയും വേവുന്ന ഭക്ഷണത്തിന്റെ ഗന്ധവും കാറ്റിനോടൊപ്പം മുറിയില്‍ തങ്ങി.  മുസാഫറിന്റെ കഥകൾക്കിടയിൽ കലന്തന്‍ പുറമേ നിന്നുള്ള ശബ്ദങ്ങള്‍ കേട്ടിരുന്നുവെങ്കിലും അത് വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ല. ഒന്ന് രണ്ടു പ്രാവശ്യം ചോദിക്കാനാഞ്ഞെങ്കിലും മറന്നു പോവുകയായിരുന്നു.

എന്താണത് പൊറത്തുന്ന് ഒച്ച കേക്കണ്'ണ്ട്'ല്ലാ?
ഇന്ന് കല്യാണാണ് 
കല്ല്യാണോ .. ആര്ടെ?   
ങ്ങടെ അന്ത്രോന്‍* (അനുജന്‍) ബീരാങ്കുട്ടീടെ മോള് കുല്‍സൂന്റെ
അപ്പോ ന്റെ കുട്ടീടെ കല്യാണം കഴിഞ്ഞാ? 
 ഉത്തരം കിട്ടാത്തത് പോലെ കലന്തന്‍ ചോദ്യമാവര്‍ത്തിച്ചുഅയാളുടെ സംശയങ്ങൾക്ക്‌ വീണ്ടും മറുപടി പറയാൻ തുനിഞ്ഞ തിത്തീബിയെ മുടക്കിക്കൊണ്ടു കലന്തന്‍ പറഞ്ഞു.
നെന്നോടല്ല ഞാന്‍ ചോയിക്കണത്
ഇന്നോടല്ലെങ്കി പിന്നെ ആരോടാണ് ഇങ്ങള്ങ്ങനെ പറഞ്ഞോണ്ടിരിക്കണത്‌?     
(തിത്തീബിയുടെ ചോദ്യത്തില്‍ കലന്തന്‍ മോറു കൂര്‍പ്പിച്ചു.  മുസാഫറിനു നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു). 
ഓളോട് മുണ്ടണ്ട. അള്ളാണേമുത്തു റസൂലാണേ ഞാൻ മുണ്ടൂല്ല. ങ്ങളും മുണ്ടണ്ട!
വ്യസനത്തോടെ കലന്തനെ നോക്കിയിരുന്ന തിത്തീബിയുടെ കൈയിലെ വെള്ളം നിറച്ച ഗ്ലാസ്സിന് പിണക്കത്തോടെ കലന്തന്‍ ഒരു തട്ട് കൊടുത്തു
യാ അല്ലാഹ്
തുറന്നു വെച്ച വാതിലിലൂടെ , വായുവിലൂടെ പറന്ന് ഗ്ലാസ്സ് ചുവരിലടിച്ചു പൊടിഞ്ഞു വീണു. ആരൊക്കെയോ ധൃതിയില്‍ കോണി കേറി വന്നു
തിത്തീബ്യെ ബെക്കം പൊറത്തെറങ്ങിക്കാ. ബെക്കാവട്ടെഹോവ്- ഈ പണ്ടാറക്കുരിപ്പ് (ഒരു ശാപ വാക്ക്) ഒന്ന് തീർന്നു കിട്ട്ണൂല്ല്യല്ലോ റബ്ബേ...!

ആരോ അങ്ങനെ പറയുമ്പോള്‍ മുസാഫര്‍ കലന്തനെ നോക്കി ഇരുന്നു. മുസാഫര്‍ മന്ദഹസിച്ചപ്പോള്‍ കലന്തന്‍ ഉറക്കെ പൊട്ടിച്ചിരിച്ചു.   തെങ്ങിന്‍ തോട്ടങ്ങളിലെ പൊടിമണ്ണ് ചുരുട്ടിപ്പറത്തി ഏങ്ങിക്കരഞ്ഞുകൊണ്ട് ഒരു ചുഴലിക്കാറ്റ് വെയിലുകളിലൂടെ നീങ്ങിയകന്നു. പുറത്ത് ശക്തിയോടെ വാതിലിന് കൊളുത്ത് വീണു.   

ഷജറത്തു പൂത്ത സുബര്‍ക്കത്തിലെ പാലൊഴുകുന്ന നദികളെയും, അധിമധുരം മുറ്റിയ ഫലങ്ങളുടെയും, അതി വിശിഷ്ഠ മദ്യത്തിന്റെയും, അതി സുന്ദരിമാരുടെയും പോരിഷകളാണ്(ഗുണഗണങ്ങള്‍) പിന്നീടൊരു നിശ്ശബ്ദരാത്രിയിൽ മുസാഫര്‍ പറഞ്ഞു കൊടുത്തത്. കുട്ടിക്കാലത്ത് പുത്തനുടുത്ത് പെരുന്നാളിന് പള്ളീന്ന് വരുമ്പോ ബാപ്പ വാങ്ങിക്കൊടുക്കുന്ന പൊട്ടാസ്സും കമ്പിത്തിരിയും കിട്ടുമ്പോളുണ്ടാവുന്നതിനേക്കാള്‍ സന്തോഷത്തോടെ കലന്തന്‍ മുസാഫറിന്റെ മുഖത്തേക്ക് നോക്കിയിരുന്നു. അയാള്‍ മുസാഫറിന്റെ താടി രോമങ്ങളില്‍ ലോലമായി തടവി. മുസാഫറിന്റെ നീലക്കണ്ണുകള്‍ക്ക്  ഹഖീഖിന്റെ* (തിളങ്ങുന്ന ഒരു തരം കല്ല്‌) തിളക്കമുണ്ട്. മോറിന് നിലാവിന്റെ മാറ്റുണ്ട്!

“ ഇങ്ങക്കിപ്പളും ഒരു മാറ്റൊല്ല്യ. അന്നത്തെപ്പോലെ തന്നെണ്ട് ഇപ്പളും!! പോണോളം പോണോളം മൊഞ്ചു കൂട്വാ. ദെങ്ങനേണ് ങ്ങനെ? “
മുസാഫര്‍ ആദ്യമായി ഉച്ചത്തില്‍ ചിരിച്ചു. വെളുത്ത മുത്തുമണികള്‍ കോര്‍ത്തു വെച്ചത് പോലെയുള്ള പല്ലുകള്‍ തിളങ്ങി.
“എനക്ക് പ്രായം കൂടൂല്ല കലന്താ. ആയിരത്താണ്ടോളം അങ്ങനേണ്ടാവും. പടച്ചവന്‍ തുണ!“ 
ന്നാ എനക്കും അങ്ങനെ ആകണം
കലന്തന്‍ കുട്ടിയായി. മുസാഫര്‍ കലന്തന്റെ കൈകള്‍ കവര്‍ന്നു. ചുണ്ടുകളനക്കി ദുആ ചെയ്തു. അല്പം കഴിഞ്ഞു കണ്ണുകള്‍ മെല്ലെത്തുറന്നു. കൂര്‍മ്മതയോടെ നാലുപാടും നോക്കി. സ്വകാര്യമെന്ന മട്ടില്‍ കലന്തനോട് ചേര്‍ന്ന് ഇരുന്നു. ശ്വാസം കഴിക്കുന്ന ശബ്ദത്തില്‍ പറഞ്ഞു

“ ഇന്ന് വടെ ആളൊഴിഞ്ഞിരിക്കുന്നല്ലോ അല്ലേ കലന്താ. അത്താഴം തന്നു തിരിച്ചു പോയപ്പോ തിത്തീബി വാതില് പൂട്ടാൻ മറന്നിരിക്കണ്! പൊറത്താണെങ്കിൽ  ഖമറിന്റെ* (ചന്ദ്രന്‍) നല്ല വെളിച്ചവുമുണ്ട്. ഇപ്പളാണ് പറ്റിയ നേരം. വാ നമ്മക്ക്  പതുക്കെ പൊറത്തെറങ്ങാം“ 
 അതിന് ന്റെ കാലുമ്മെ ചങ്ങലയല്ലേ. ഞാനെങ്ങനെ വര്വാ"
ഈ ചെറിയേ തൊടലല്ലേ അത് നമ്മക്ക്‌ രണ്ടാൾക്കും കൂടി പൊട്ടിക്കാലോ

കലന്തന്റെ കരളു കുളിര്‍ത്തു. അയാള്‍ ചങ്ങലയൊഴിഞ്ഞ കാലിലെ തഴമ്പുകള്‍ തടവി നോക്കി. തെളിഞ്ഞ രാവില്‍ മരങ്ങളുടെ നിഴലുകള്‍ മണ്ണില്‍ കൂറ്റന്‍ രൂപങ്ങളായി. മുസാഫറിന്റെ കൈകളിലമര്‍ത്തിപ്പിടിച്ചു  കലന്തന്‍ വെട്ടു വഴിയിലൂടെ ഓടി. ദുനിയാവിന്റെ മണം, ദുനിയാവിന്റെ നനവ്‌, ദുനിയാവിലെ കാറ്റ്. രാക്കാറ്റില്‍ കലന്തന്റെ ദേഹം കുളിരുന്നുണ്ടായിരുന്നു. മരച്ചില്ലകളില്‍ നിന്ന് കൂമന്മാര്‍ മൂളുന്നുണ്ടായിരുന്നു. പള്ളിക്കാടിനടുത്തു കൂടി നീങ്ങുമ്പോള്‍ ഖബറുകള്‍ക്കിടയില്‍ നിന്ന് റൂഹാനികള്‍ (മരണമറിയിക്കുന്ന കിളികള്‍)  കരഞ്ഞുപള്ളിക്കുളത്തില്‍ ചന്ദ്രബിംബം ഉലഞ്ഞു കളിക്കുന്ന കുഞ്ഞോളങ്ങള്‍ നോക്കി കലന്തന്‍ അൽപനേരം നിന്നു.     
കലന്താ
മുസാഫര്‍ സ്നേഹത്തോടെ വിളിച്ചു. മുസാഫറിന്റെ കൈകള്‍ ചിറകുകളായി രൂപമാറ്റം വന്നിരിക്കുന്നു. കാണെക്കാണെ കലന്തന്റെ കൈകളിലും ചിറകുകള്‍ മുളക്കാന്‍ തുടങ്ങി. ദേഹം മുഴുവന്‍ തൂവലുകള്‍ മൂടാന്‍ തുടങ്ങി. ശരീരത്തിന്റെ ഭാരം കുറയാന്‍ തുടങ്ങി. മുസാഫര്‍ കലന്തനെ ചേര്‍ത്തണച്ചു ചുംബിച്ചു.

വരൂ കലന്താ . കാത്തു നില്‍ക്കാനിനി സമയമില്ല. ഫജറുസ്സാദിക്ക്* (കിഴക്ക് വെള്ള കീറുന്നതിന്) തെളിയുന്നതിന് മുമ്പ് നമുക്കീ ജബലുകളുടെ*(മലകളുടെ) മറുകര താണ്ടണം! മഴവില്ല് വാർഷികപ്പതിപ്പ്ഒക്ടോബര്‍ - 2013

51 comments:

 1. ഭാഷയുടെ മോഹന നടനം.പ്രമേയം തികച്ചും പഴയത്

  ReplyDelete
  Replies
  1. അല്ല - പഴകാത്ത പ്രമേയമാണെന്ന് ഞാൻ വാദിക്കുന്നു.
   ഒരുന്മാദിയുടെ മനസ്സിലൂടെയുള്ള സഞ്ചാരത്തിനു വേറെ ഉദാഹരണം ?

   Delete
  2. ഒരു മലയാളിഭ്രാന്തന്റെ ഡയറി-എൻ.പ്രഭാകരൻ,ഇരുട്ടിന്റെ ആത്മാവ്-എം.ടി, മനോരോഗിയുടെ ആൽബം ,കറുപ്പിലും വെളുപ്പിലും -സിയാഫ് അബ്ദുൽഖാദിർ

   Delete
  3. കഥാ തന്തു ഒന്നാണെന്ന് സമ്മതിക്കാം.
   പറഞ്ഞ രീതി മുഖ്യമല്ലേ ? :D

   Delete
 2. ഇത് പോലൊരു മനോഹര വായന സാധ്യമാവുന്നത് ബ്ലോഗ്ഗുകളില്‍ വിരളം. കിടയറ്റ എഴുത്തിലൂടെ പരിസരങ്ങള്‍ ചിത്രങ്ങള്‍ പോലെ മനസ്സില്‍ വരച്ചിട്ടു. പിന്നെ ഇതിനു മുന്‍പും പലയിടത്തും പറഞ്ഞത് ഞാന്‍ ആവര്‍ത്തിക്കുന്നു. ഈ പ്രമേയ പുതുമ/പഴമ ഇതൊന്നും ഞാന്‍ ശ്രദ്ധിക്കാറില്ല. ആഖ്യാനം ശ്രേഷ്ടമെങ്കില്‍ ഏതു പ്രമേയവും മികച്ച വായന നല്‍കും. ഒരു കഥ ആസ്വാദ്യകരമാം വിധം വായനക്ക്‌ നല്‍കാന്‍ ഇവിടെ കഥാകൃത്തിനു കഴിഞ്ഞിരിക്കുന്നു എന്നിടത്ത് ശിഹാബ്‌ വിജയിച്ചിരിക്കുന്നു. ആശംസകള്‍.

  ReplyDelete
  Replies
  1. നന്ദി - ഒരേ പോലെ തൃപ്തിപ്പെടുന്ന സൃടികള്‍ അസാധ്യം വേണുവേട്ടാ.
   സന്തോഷമുണ്ട് ഇവിടെ വന്നതില്‍

   Delete
 3. ഉന്മാദിയുടെ മനസ്സ്... ഭംഗിയായി അനാവരണം ചെയ്യപ്പെട്ടു. ഭാഷയും മികച്ചത്. എല്ലാ അഭിനന്ദനങ്ങളും..

  ReplyDelete
 4. ശിഹാബിന്‍റെ ഭാഷാശൈലിയാണേറ്റം വശ്യം.
  കഥ ഇഷ്ടപ്പെട്ടു.

  ശൃംഗമെന്നതിന് ശൃംഖം എന്നെഴുതിയിട്ടുണ്ട്.

  ReplyDelete
  Replies
  1. തെറ്റ് തിരുത്തിയിട്ടുണ്ട് ഏട്ടാ.
   സന്തോഷമറിയിക്കുന്നു

   Delete
 5. അളന്നു മുറിച്ച ഒരു ചുറ്റുവട്ടത്തില്‍ നിന്നുകൊണ്ട് വായനക്കാരനെ തൃപ്ത്തിപ്പെടുത്തുക എന്നതാണ് ഒരു കഥാകൃത്തിനെ സംബന്ധിച്ചടത്തോളം അയാള്‍ നേരിടുന്ന ഏറ്റവുംവലിയ വെല്ലുവിളി...താന്‍ അവതരിപ്പിക്കുന്ന പാത്രങ്ങള്‍ക്ക് കുറഞ്ഞവേളയില്‍ പൂര്‍ണ്ണത കൊടുക്കാന്‍ ശ്രമിക്കുമ്പോള്‍ പത്ര സൃഷ്ടിയില്‍ അതിവ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ വായനക്കാരനെ സംബന്ധിച്ച് അത് കാടിവെള്ളത്തില്‍ വറ്റ് തപ്പുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്..പകരം ജാഗ്രതയില്‍ കയ്യടക്കവും കാണിച്ചുകൊണ്ട് സദ്യ വിളമ്പാന്‍ കഴിഞ്ഞാല്‍ ..കെങ്കേമം എന്ന അഭിപ്രായം വാങ്ങി സായൂജ്യമടയാം....രുചികൂട്ടുകളില്‍ കാല ദേശങ്ങള്‍ക്ക് അനുസരിച്ച് ചില ഏറ്റക്കുറച്ചിലുകള്‍ തോന്നിയതൊഴിച്ചാല്‍ ശിഹാബ് അവതരിപ്പിച്ച കഥ വായനക്കാരനെ വലിയ അളവില്‍ തൃപ്ത്തനാക്കുന്നു...പുറമേ വായിക്കുന്നവനെയും അകമേ വായിക്കുന്നവരേയും ഒരുപോലെ തൃപ്ത്തിപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടോ എന്നതില്‍ സംശയമുണ്ട്‌...എന്നാല്‍ അകമേ വായിക്കുന്നവര്‍ക്ക് തൃപ്തി നല്‍കുന്നു...ഇവിടെ കലന്തന്‍ എന്ന ഉന്മാദിയിലൂടെ ശിഹാബ് നടത്തുന്ന യാത്ര വിജയിച്ചുവെന്ന് പറയാം..എല്ലാ ഭ്രാന്തിന്റെയും സുഖപ്രദമായ അന്ത്യം മരണം ആണെന്ന പൊതുതത്വം തന്നെ ഇവിടെയും കാണുന്നു...തുറന്ന വാതിലും,ചങ്ങലകളുടെ പൊട്ടലും ,വെട്ടുവഴിയിലൂടെയുള്ള ഓട്ടവും അവസാനം പള്ളിക്കുളവും അവതരിപ്പിച്ച് അവസാനം മുസാഫിറിന്റെ ''വരൂ കലന്താ നേരം വെളുക്കും മുമ്പായി നമുക്ക് ഇവിടം കടക്കണം'''എന്നാ മനോഹര പറച്ചിലിലൂടെ..ഭ്രാന്തന്‍ ശാശ്വത മോചനം നേടിയെന്നു വായനക്കാരന്‍ കരുതുന്നു...പക്ഷെ അതിനിടയില്‍ വര്‍ത്തമാനകാലത്ത് ഭക്ഷണവുമായി കടന്നുവരുന്ന ഭാര്യയുമായി അയാള്‍ കലഹിക്കുന്നു...ഭിത്തിയില്‍ എറിഞ്ഞുടയ്ക്കപ്പെടുന്ന ഗ്ലാസ്സിന്റെ ശബ്ദം കേട്ട് ഓടിവരുന്നവര്‍ ..ഈ കുരുപ്പ ഇനിയും ചത്തില്ലേ എന്ന് ആക്രോശിക്കുന്നു...തുടര്‍ന്ന് വര്‍ത്തമാനത്തിലെ വാതിലിനു കൊളുത്തുവീഴുന്നതായും പറയുന്നു...വീണ്ടും അയാള്‍ ഉന്മാദത്തിലേക്ക് വരുന്നു...അവസാനം മുസഫരിന്റെ കൂടെ ദുനിയാവിലേക്ക് നീങ്ങുന്നു....വര്‍ത്തമാനത്തേയും ഉന്മാദത്തേയും ഇഴപിരിച്ചുകാണിക്കുന്നതിനാല്‍ മരണമോ ജീവിതമോ എന്നത് വായനക്കാരന് തീരുമാനിക്കാം....ചങ്ങലയുടെ ബന്ധനത്തില്‍ തനിക്ക് നഷ്ടപെട്ടതൊക്കെയും അയാള്‍ ഉന്മാദവസ്ഥയില്‍ ആസ്വദിക്കുന്നു...കൊട്ടാരവും രാജാവിനെയും പല്ലക്കും സദ്യയും എല്ലാം ആസ്വദിക്കുന്നു...വര്‍ത്തമാനത്തില്‍ അനിയന്‍റെ മകളുടെ കല്യാണമാണെന്നു അയാള്‍ അറിയുന്നു...എന്‍റെ മകളുടെ നിക്കാഹ് കഴിഞ്ഞോ എന്ന ചോദ്യം ഉയരുന്നു...കൊട്ടാരത്തിലെ സദ്യ കഴിക്കുമ്പോഴും, ഉമ്മ വിളമ്പുന്നതിന്‍റെ രുചിയില്ല എന്ന യാഥാര്‍ത്ഥ്യം പുറത്തുവരുന്നു....ഇങ്ങനെ രണ്ടു അവസ്ഥകളെ തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ കഥയില്‍ പ്രയോഗിച്ചിരിക്കുന്നു...കാവല്‍ക്കാരന്‍ സാധരണ ആയുധം വലതു കൈയ്യില്‍ പിടിക്കുമ്പോള്‍ കഥയില്‍ അത് ഇടതുകയ്യിലാണ് പിടിച്ചിരിക്കുന്നത്...ഇതിലൊക്കെ വായനക്കാരന് ഒരു തിരഞ്ഞെടുപ്പ് നടത്താം..മൊത്തത്തില്‍ പറയുമ്പോള്‍ .തനത് ശൈലിയിലൂടെ ഒരു ഉന്മാദിയുടെ മനസ്സിലൂടെ സഞ്ചരിച്ച് ,അയാളുടെ മാനസികവ്യാപാരങ്ങളെ വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ശിഹാബ് വിജയിച്ചുവെന്ന് വേണം കരുതാന്‍ ....ആഴത്തിലുള്ള വായനയില്‍ എവിടെയോ വിജയനും ഖസാക്കും പാത്രഭംഗിയില്‍ മിന്നിമറയുന്നു...

  ReplyDelete
  Replies
  1. കാല ദേശങ്ങള്‍ക്ക് അനുസരിച്ച് ചില ഏറ്റക്കുറച്ചിലുകള്‍ തോന്നിയതൊഴിച്ചാല്‍
   (ഭാഷയാണ്‌ ഉധെഷിചെതു എന്ന് മനസ്സിലാക്കുന്നു)
   പുറമേ വായിക്കുന്നവനെയും അകമേ വായിക്കുന്നവരേയും ഒരുപോലെ തൃപ്ത്തിപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടോ എന്നതില്‍ സംശയമുണ്ട്‌.
   (ഇല്ല എന്ന് വ്യക്തമായി :) )
   എല്ലാ ഭ്രാന്തിന്റെയും സുഖപ്രദമായ അന്ത്യം മരണം ആണെന്ന പൊതുതത്വം തന്നെ ഇവിടെയും കാണുന്നു.
   (ഇവിടെ വേണമെങ്കില്‍ ഒരു രക്ഷപ്പെടല്‍ എന്ന് കൂടി വിചാരിക്കാം)
   സാധരണ ആയുധം വലതു കൈയ്യില്‍ പിടിക്കുമ്പോള്‍ കഥയില്‍ അത് ഇടതുകയ്യിലാണ് പിടിച്ചിരിക്കുന്നത്.
   (ബോധ പൂര്‍വ്വമുള്ള പ്രയോഗമാണ് - മറ്റൊരിടത്ത് വിരൂപിയായ കുള്ളന്‍ അത് പോലെ വേറെ ചില ആവര്‍ത്തനങ്ങളും)
   ഓ വി - മലയാളത്തിലെ എന്റെ ഏറ്റവും പ്രിയ എഴുത്തുകാരന്‍ / ചൊല്ലിപ്പഠിച്ചതിന്റെ സ്വാധീനം കാണും ഉറപ്പാണ്. :)
   ഈ ഒരു നിരൂപണം വായനക്കാരെ ഒരു പാട് സഹായിച്ചു -
   അതിനു വലിയ കടപ്പാട് രേഖപ്പെടുത്തട്ടെ തുളസി.

   Delete
 6. ആദ്യമൊന്നു വായിച്ചു.. പിന്നെ വാക്കുകളുടെ അര്‍ത്ഥം പഠിച്ചിട്ട് ഒന്നൂടെ വായിച്ചു.. :)

  ശൈലി മികവിന്നുത്തമോദാഹരണം.. മികച്ച രചന തന്നെ...

  ReplyDelete
 7. എല്ലാവക്കുകളും ഒരു വായനയ്ക്ക് മനസ്സിലാവില്ല !!!
  ((റാത്തീബു - മുസ്ലീങ്ങളുടെ ഒരു തരം ആചാരക്രമം.))-മുസ്ലിംകളില്‍ ചില വിഭാഗം ആചരിക്കുന്ന അനാചാരം എന്നതല്ലേ റാതീബ്
  റൂഹ് എന്നാല്‍ ആത്മാവ്‌ റൂഹാനി എന്ന വാക്ക് അറബിയില്‍ ഇല്ല അര്‍ത്ഥവും ഇല്ല എന്നാണു എന്റെ അറിവ് !!! ജഡ്ജ് എന്ന ഇംഗ്ലീഷ് വാക്കിനെ ജഡ്ജി എന്ന് മലയാളീകരിച്ച പോലെ റൂഹ് എന്നതിനെ റൂഹാനിയാക്കി !!!

  ReplyDelete
  Replies
  1. മുകളില്‍ നിങ്ങൾ പരാമര്ശിച്ചതിനോട് തീര്ച്ചയായും യോജിക്കുന്നു. എല്ലാ അർത്ഥത്തിലും.
   കഥയില്‍ കേട്ട് വളർന്ന സംജ്ഞകൽ എന്നാ രീതിയിലാണ് പ്രയോഗിച്ചത്.
   വന്ദനം പടന്നക്കാരാ

   Delete
 8. മദാരി എന്ന എഴുത്ത്കാരന് നല്ല ഭാവിയുണ്ട് !!!!

  ReplyDelete
 9. ആയിരത്തി ഒന്ന് രാവുകളുടെ മലയാളീകരണഭാഷയില്‍ അതിനെ ഓര്‍മ്മിക്കും തരത്തില്‍ ഒരു ഭ്രാന്തമനസ്സിന്‍റെ വഴിവിട്ടുള്ള പലായനം നന്നായി അവതരിപ്പിക്കുവാന്‍ കഥാകൃത്തിനു കഴിഞ്ഞിരിക്കുന്നു. പക്ഷേ , ഒമര്‍ഖയ്യാമും , മോയിന്‍കുട്ടി വൈദ്യരും മലയാള മനസ്സില്‍ എറിഞ്ഞിട്ടു തന്ന ചില അറബിമലയാളം വാക്കുകളുടെ ഭംഗിയാലുള്ള അതിശയോക്തികളെ ഈ കഥനത്തിന്‍റെ വരികള്‍ക്കിടയില്‍ നിന്നും അടിച്ചു തെളിച്ചു മാറ്റിയാല്‍ . പിന്നെ അവിടെ തെളിഞ്ഞു വരുന്നത് . കുട്ടിക്കാല വായനകളില്‍ മനസ്സില്‍ അങ്ങുറച്ചുപോയ എം.ടി.യുടെ 'വേലായുധനും' മലയാറ്റൂരിന്റെ 'മാമനും' ആണ് .... ! ഇത് പുതിയ പരീക്ഷണം അല്ലാ എന്നാണു അഭിപ്രായം. ചില അറബിമലയാളം വാക്കുകള്‍ കൊണ്ടുള്ള 'ഗിമ്മിക്ക്‌'..... !

  ReplyDelete
  Replies
  1. ചില അറബിമലയാളം വാക്കുകള്‍ കൊണ്ടുള്ള 'ഗിമ്മിക്ക്‌'..... !
   ഹഹ - ഇഷ്ടമായി.
   ഇപ്പോൾ ഒന്നും പറയുന്നില്ല

   Delete
 10. നന്നായിട്ട് അവതരിപ്പിച്ചു
  നല്ല കഥയും ആശംസകൾ

  ReplyDelete
  Replies
  1. പൈമ വീണ്ടും വന്നതിനു നന്ദി.

   Delete
 11. പച്ചയായ ചില ജീവിതദൃശ്യങ്ങൾ കാണാനുള്ള കരുത്തില്ലാതെ നാം കണ്ണടച്ച് ഇരുട്ടാക്കി പ്രതിരോധിക്കുന്നതുപോലെ., തീക്ഷ്ണമായ അനുഭവങ്ങൾ മനസ്സിൽ ഏൽപ്പിക്കുന്ന ആഘാതങ്ങൾ മാരകമാവുകയും തുടർന്നും പ്രഹരങ്ങൾ ഏറ്റുവാങ്ങാൻ ശേഷിനഷ്ടപ്പെടുകയും ചെയ്യുമ്പോൾ മനസ്സ് നിർമ്മിക്കുന്ന പ്രതിരോധകവചമാണ് ഉന്മാദം. മനസ്സിന്റെ കണ്ണടക്കുന്ന ഉന്മാദി പിന്നീട് ജീവിക്കുന്നത് മസ്തിഷ്കം നിർമിച്ച് നൽകുന്ന ഭ്രമകൽപ്പനകളുടെ മറ്റൊരു ലോകത്താണ്. ബോധാബോധങ്ങൾക്കിടയിലെ ചില മാത്രകളിൽ യാഥാർതഥ ലോകത്തിന്റെ വെളിച്ചം കൂരമ്പുകളായി അവനിൽ പതിക്കും. പൂർവ്വാധികം ശക്തിയോടെ ഭ്രമകൽപ്പനകളുടെ സുരക്ഷിതത്വത്തിലേക്ക് അവൻ തിരിച്ചുപോവും.....

  ഒരു ഉന്മാദിയുടെ മനസ്സിന്റെ ഉള്ളറകളിൽ എന്താണ് സംഭവിക്കുന്നതെന്ന ചോദ്യത്തിന് ഉത്തരമാവുന്നു ഈ കഥ. ഉന്മാദിയുടെ മനസ്സ് വിഷയീഭവിക്കുന്ന കഥകൾ മലയാളത്തിൽ ഇതിനുമുമ്പും വന്നിട്ടുണ്ടെങ്കിലും ഈ കഥയിലെ ട്രീറ്റ്മെന്റിന്റെ രീതിയിൽ ഞാൻ വായിക്കുന്നത് ആദ്യമായാണ്. അവസാനം വാചകം വരെ കഥയുടെ ബാലൻസ് നഷ്ടമാവാതെ കഥക്കുള്ളിലെ കഥാപാത്രത്തിന്റെ മനസ്സിന്റെ ചാഞ്ചാട്ടങ്ങൾ കാത്തുസൂക്ഷിക്കാനായത് പ്രത്യേകം ശ്രദ്ധേയമാണ്.

  ഒരേ സമയം പ്രാദേശികവും, വൈദേശികവുമായ ഇസ്ലാമിക സാംസ്കാരിക ഭൂമികയിൽ നിന്ന് കണ്ടെടുക്കുന്ന ബിംബകൽപ്പനകൾ ഗൗരവത്തോടെ കഥയെ സമീപിക്കുന്ന വായനക്കാരെ പരിപൂർണമായി തൃപ്തരാക്കുന്നുണ്ട്. ഉപയോഗിച്ച പല പദങ്ങളും മലബാർ പ്രദേശത്ത് പ്രചാരത്തിലുള്ളവ ആയത്കൊണ്ട് എനിക്കവ അന്യമായി തോന്നിയില്ല. എന്നിട്ടും അപരിചിതമായ ചില പദാവലികൾ വായനക്ക് തടസ്സമാവുന്നതായി ആദ്യവായനയിൽ തോന്നി. എന്നാൽ പുനർവായനയിലൂടെ കഥയുടെ മുഖം തെളിഞ്ഞപ്പോൾ കഥ കൂടുതൽ ആസ്വാദ്യവുമായി....

  ReplyDelete
  Replies
  1. നന്ദി - മാഷെ.
   പ്രയോഗങ്ങള്‍ ഒരു ബുദ്ധിമുട്ടാവാതിരിക്കാന്‍ അവിടെ മങ്ങിയ അക്ഷരത്തിൽ ചേര്ത്തു വെച്ചു.
   പ്രോത്സാഹനത്തിനു നന്ദി

   Delete
 12. ആയിരത്തൊന്നു രാവുകളില്‍ നിന്നും ചീന്തിയെടുത്ത ഒരേട് പോലെ ഹൃദ്യമായിരുന്നു കഥ. വിശേഷിച്ച് കഥയില്‍ ഉപയോഗിച്ച ഭാഷാശൈലി. പലവാക്കുകളുടെയും അര്‍ത്ഥം പിടികിട്ടാന്‍ ബുദ്ധിമുട്ടിയെങ്കിലും വളരെ ആസ്വാദ്യകരമായി.

  രാജകീയമായ ഭക്ഷണം കഴിക്കുന്നതിനിടയില്‍ സ്വന്തം ഉമ്മ ഉണ്ടാക്കിതന്ന ഭക്ഷണത്തിന്റെ രുചി ഇല്ല എന്ന് ചിന്തിക്കുന്ന ഭാഗത്ത്‌ എന്തോ ഒരു ചേര്‍ച്ചക്കുറവ് അനുഭവപ്പെട്ടു.

  ശിഹാബ്‌ മദാരി എന്ന എഴുത്തുകാരന് കഥാലോകത്ത്‌ നല്ലൊരു സ്ഥാനം ഉണ്ട് എന്ന് ഉറപ്പിക്കുന്ന രചന ആണ് ഇത് എന്ന് ഉറപ്പിച്ചു പറയാം. ആശംസകള്‍

  ReplyDelete
  Replies

  1. പ്രയോഗങ്ങള്‍ ഒരു ബുദ്ധിമുട്ടാവാതിരിക്കാന്‍ അവിടെ മങ്ങിയ അക്ഷരത്തിൽ ചേര്ത്തു വെച്ചു.
   നന്ദി കൂട്ടുകാരാ
   ഭാവി ഉണ്ടാകുമായിരിക്കാം. :(

   Delete
 13. കഥയും അതെഴുതിയ ശൈലിയും വളരെ ഇഷ്ടപ്പെട്ടു,
  ഈ ബ്ലോഗിലെ ഏറ്റവും നല്ല കഥ ഇത് തന്നെ.
  പിന്നെ ഒരു പ്രയാസം നേരിട്ടത് എന്തെന്ന് വെച്ചാല്‍ വാക്കുകളുടെ അര്‍ഥം മനസ്സിലാക്കുവാന്‍ സ്ക്രോള്‍ ചെയ്യേണ്ടി വന്നു എന്നതാണ്

  ReplyDelete
  Replies
  1. ബുദ്ധിമുട്ടുണ്ടാക്കുന്ന വാക്കുകള്‍ അവിടെത്തന്നെ കൊടുത്തിട്ടുണ്ട്.
   നന്ദി.
   പ്രോത്സാഹനത്തിനു.

   Delete
 14. ഉന്മാദം പാരമ്പര്യ രോഗമാണോ എന്നൊരു മണ്ടന്‍ സംശയവുമായി ഉഴറി നടക്കുന്ന ഒരുവന് ഈ കഥ എന്ത് അനുഭവമായിരിക്കും?അല്ലെങ്കില്‍ ബോധ അബോധങ്ങള്‍ക്കിടയിലെ കയ്യാലയില്‍ നിന്ന് ഇടക്കൊക്കെ ചാഞ്ചാടുന്ന ഒരുവന്?
  സൂക്ഷിക്കണം പ്രിയ മദരി ഇത്തരം വിഷയങ്ങള്‍ അത്ര സുഖകരമല്ല.ആഹരി രാഗം ചിട്ടപ്പെടുത്തുന്ന സംഗീതജ്ഞരുടെ അനുഭവങ്ങള്‍ പോലൊക്കെ...ചിലപ്പോള്‍..

  അസാധ്യ വര്‍ണ്ണനയാണ്.എഴുത്ത് അതിന്‍റെ ഉയരങ്ങള്‍ താണ്ടുന്നു.
  ആശംസകള്‍

  ReplyDelete
  Replies
  1. ആഹരി രാഗം ചിട്ടപ്പെടുത്തുന്ന സംഗീതജ്ഞരുടെ അനുഭവങ്ങള്‍ പോലൊക്കെ...ചിലപ്പോള്‍..
   (സഖാവേ - പേടിപ്പിക്കുന്നോ? )

   Delete
 15. ഒരു അറബിക്കഥ വായിക്കുന്ന തനിമയോടെ തന്നെ വായന സധ്യമാക്കി...
  ആദ്യവായന ആശയകുഴപ്പങ്ങൾ സൃഷ്ടിച്ചെങ്കിലും കൂടുതൽ വായനയിലൂടെ മനസ്സിരുത്തുവാനായി..
  മുകളിലെ ചില അഭിപ്രായങ്ങളും സഹായകമായി..
  സമയമെടുത്ത്‌ വായിക്കേണ്ട സൃഷ്ടി..നല്ല ഭാഷ..ആശംസകൾ

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും നന്ദി.

   Delete
 16. ശിഹാബിന്റെ എഴുത്ത് കൊതിപ്പിക്കുന്നു. മികച്ച ഭാഷയും അവതരണവും ഒഴുക്കും.
  കഥ വായിച്ചപ്പോൾ സിയാഫ് ഭായിയുടെ കഥ ഓർമ്മ വന്നു. മനോരോഗിയുടെ മനസ്സിനൊപ്പം നിന്ന് പറയുന്ന കഥ ആദ്യമായി വായിച്ചത് അതാണ്. അങ്ങനെയൊരു കഥാ തന്തു എന്നതിനപ്പുറം മറ്റൊരു സാമ്യവും ഇരുകഥകൾ തമ്മിൽ അനുഭവപ്പെടുന്നില്ല. കഥ പറച്ചിലിലെ സങ്കീർണ്ണത കൊണ്ടായിരിക്കണം, ആ കഥ നാലഞ്ച് തവണ വായിച്ചാണ് മനസ്സിലാക്കിയെടുത്തത്. അതും പറഞ്ഞ് സിയാഫ് ഭായിയോട് അലമ്പുണ്ടാക്കിയെന്നാണോർമ്മ. എങ്കിലും ഒരു മനോരോഗിയുടെ സങ്കീർണ്ണമായ മനോവ്യാപാരം ചിത്രീകരിക്കാൻ അത്തരമൊരു ശൈലിയാണ് കൂടുതൽ നല്ലതെന്ന് തോന്നുന്നു.

  ReplyDelete
  Replies
  1. സിയാഫ്ക്കയുടെ കഥ ഞാൻ വായിചില്ലായിരുന്നു.
   അതാണ്‌ പുലിക്കു ഒറ്റയടിക്ക് പഴമ തോന്നിയതും.
   ഹൂം

   Delete
 17. കഥ നേരെത്തെ വായിച്ചിരുന്നു . ആദ്യം വായിച്ച ഫീല്‍ അല്ല മുകളില്‍ വായിച്ച അഭിപ്രായങ്ങള്‍ക്ക് ശേഷം ഒരു പുനര്‍വായന കൂടി ലഭിച്ചത് . ബ്ലോഗുകളില്‍ മികച്ച കഥകള്‍ വരുന്നില്ല എന്ന് നില വിളിക്കുന്നവര്‍ക്ക് ധൈര്യമായി ചൂണ്ടി കാണിക്കാന്‍ പറ്റിയ കഥകളില്‍ ഒന്ന് :) ശിഹാബിന്റെ എഴുത്തിന്റെ ഗ്രാഫ് ഇനിയും ഉയരട്ടെ

  ReplyDelete
  Replies
  1. എല്ലാവരും പരിഗണിക്കുന്നുണ്ട് എന്നത് തന്നെ വലിയ ഒരു കാര്യമായി കാണുന്നു.
   വളരെ നന്ദി - വായനക്കും , പങ്കു വെക്കലിനും

   Delete
 18. നല്ല ഭാഷയുണ്ട് ആഖ്യാനമികവും , വാക്കുകള്‍ പിടിതരാതെ ഇടക്കൊന്നു വഴുതി എങ്കിലും അതിന്റെ അര്‍ഥങ്ങള്‍ വീണ്ടും ആ ഒഴുക്ക് സാധ്യമാക്കി . ഇനിയും നല്ല രചനകള്‍ പ്രതീക്ഷിക്കുന്നു . ഈ ബ്ലോഗിലെ വിശദ വായനയുടെ പങ്കുവയ്ക്കലുകള്‍ കണ്ടു . നല്ല ആരോഗ്യപരമായ ഇടപെടലുകള്‍ തന്നെ ...........

  ReplyDelete
  Replies
  1. മുസ്ലീം സംജ്ഞകൾ ആയതിനാൽ അല്പം ബുദ്ധിമുട്ട് തോന്നാം.
   ഇതൊക്കെ ഞങ്ങളുടെ നാടൻ പ്രയോഗങ്ങളാണ്.
   നന്ദി.

   Delete
 19. ഭാഷ നന്നായിട്ട് കൈകാര്യം ചെയ്തു വായനയില്‍ ഒരു പുതുമ അനുഭവപെട്ടു എന്ന് പറയാന്‍ കഴിയില്ല ചില സ്ഥലത്തൊക്കെ ഒരു പുനത്തില്‍ വാസന നന്നായി കയറി വന്നു
  ആശംസകള്‍ മദാരീ ശൈലി കൈ വിടണ്ട

  ReplyDelete
  Replies
  1. വായനക്ക് നന്ദി.
   അഭിപ്രായങ്ങൾക്കും , സന്ദർശനങ്ങൾക്കും, പ്രോത്സാഹനത്തിനും.

   Delete
 20. ഗംഭീരമായി ശിഹാബ്‌. അപാരമായ ഭാഷ. അസ്സലായി എഴുതി. ഇടയ്ക്ക്‌ രണ്ടിടങ്ങളിൽ വെട്ടിമുറിക്കാതെയും (മുറിക്കാതെ തന്നെ അവിടങ്ങളിൽ Continuity jump ഒഴിവാക്കാം എന്നു തോന്നുന്നു), Unfamiliar വാക്കുകളുടെ അർത്ഥം ബ്രായ്ക്കറ്റില്ലാക്കാതെ കഥയിൽ തന്നെ പരമാവധി പറഞ്ഞുപോകുകയും ചെയ്തിരുന്നെങ്കിൽ കുറേക്കൂടി നന്നായേനെ എന്നു തോന്നി. നല്ല വായനാനുഭവം നൽകി.

  ReplyDelete
  Replies
  1. നിർദേശങ്ങളെ മാനിക്കുന്നു.
   ശരിയാക്കാം :)

   Delete
 21. നല്ല കഥ ..വാക്കുകള് പലതും മനസിലായത് അര്‍ഥം കൊടുത്തതുകൊണ്ട് തന്നെ ..ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി.
   അഭിപ്രായങ്ങൾക്കും , സന്ദർശനങ്ങൾക്കും.

   Delete
 22. ശിഹാബ് ... എഴുത്തിൽ നിന്റെ ശക്തി എവിടെ എന്ന് തിരിച്ചറിഞ്ഞ്കൊണ്ടുള്ള കഥപറച്ചിൽ നന്നായി.....; വശ്യമായ ഭാഷ.... മനോഹരമായ എഴുത്ത്.

  ചില തിരക്കുകൾ കാരണം വായിക്കാൻ താമസിച്ചു. ഓണ്‍ലൈനിൽ ഇപ്പോൾ അധികസമയം വരാൻ പറ്റുന്നില്ല

  ReplyDelete
 23. മനോഹരമായ ശൈലി. എന്റെ സംസാര ഭാഷ ഇതല്ലാത്തതുകൊണ്ട്‌ കഥകളിൽ ഉടനീളമുള്ള നാടൻ ഭാഷാപ്രയോഗങ്ങൾ മനസ്സിലാക്കാൻ കുറച്ചു പണിപെട്ടു:) പക്ഷെ കഥയെ സംബന്ധിച്ച്‌ അതു അനുയോജ്യമായതാണെങ്കിലും.
  ആശംസകൾ.

  ReplyDelete
 24. ഒരു ഭ്രാന്തന്റെ മാനസിക വ്യാപാരങ്ങള്‍ നന്നായി പറഞ്ഞിരിക്കുന്നു ,പക്ഷെ പരിചിതമല്ലാത്ത ഭാഷാ പ്രയോഗം ഒട്ടൊന്നു വളപ്പിച്ചു മൂന്നു നാലാവര്ത്തി വായിക്കേണ്ടി വന്നു .ആശംസകള്‍ .!

  ReplyDelete
 25. ഉന്മാദത്തിന്റെ ഉള്ളു കള്ളികളിലേക്ക് ഇറങ്ങി ചെന്ന്
  ഒരു സൂപ്പർ കഥ കടഞ്ഞെടുത്തിരിക്കുകയാണ് ശിഹാബ് ഭായ്,
  പരിചിതമല്ലാത്ത വാക്കുകളുടെ അർത്ഥവിന്യാസങ്ങൾ വിരിയിച്ച് ,
  മനോഹരമായ നാട്ടുഭാഷയുടെ അകമ്പടിയോടെയുള്ള ഒരു എഴുത്തിന്റെ സഞ്ചാരം..!

  അഭിനന്ദനങ്ങൾ കേട്ടൊ ഭായ്

  ReplyDelete

വായന അടയാളപ്പെടുത്താം