Sep 5, 2015

ലുത്തീനിയ


'കുറേക്കൂടി  ജന്റിലായി വർക്ക് ചെയ്തൂടെ തനിക്ക്. എന്നെ പ്ലാസ്റ്റിക് കൊണ്ടുണ്ടാക്കിയതല്ല തന്റെ ബ്രഷു വെച്ചുരക്കാൻ' എന്ന് മരിയക്ക് മുന്നിലിരിക്കുന്ന മോഡൽ ഗേൾ ചീറ്റിയപ്പോഴാണ് വിവിധ ചിന്തകളിൽ  ഉഴറിത്തിരിഞ്ഞു നടക്കുകയായിരുന്ന മരിയ പെട്ടെന്നൊരു ഞെട്ടലോടെ സുബോധം വീണ്ടെടുക്കുകയും, യാന്ത്രികമായി ചലിച്ചു കൊണ്ടിരുന്ന കയ്യിൽ നിന്ന് താഴെ വീണു പോയ മേക്കപ്പ്ബ്രഷ് എടുക്കാനായി കുനിയുകയും ചെയ്തത്. നീരസം നിറഞ്ഞ അവളുടെ കെറുവിൽ മരിയ വല്ലാതായി എന്നു തന്നെ പറയണം. അപ്പോൾ അവളുടെ മൊബൈൽ ഫോണ്‍ കലമ്പിച്ചു തുടങ്ങുകയും മെലിഞ്ഞു  നീണ്ട വിരലുകൾക്കുള്ളിൽ അവളതു കൊത്തിയെടുക്കുകയും,  മേക്കപ്പ് മുറിയുടെ സ്ഫടികച്ചുവരുകളിൽ സ്വന്തം ആകാരസൌഷ്ടവം നോക്കിക്കണ്ടു കൊണ്ട് ഒരു നർത്തകിയുടെ ചലന താളങ്ങളെ അനുസ്മരിപ്പിക്കും വിധം അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുകയും ചെയ്യാൻ തുടങ്ങിയിരുന്നു. 

ആ കണ്ണാടി മുറിയിലുള്ള മറ്റെല്ലാവരെയും വിസ്മരിച്ചു കൊണ്ട് അവൾ ഉറക്കെ സംസാരിക്കുകയും ഇളകിച്ചിരിക്കുകയും ചെയ്തു. മേക്കപ്പ് ഗേൾസിനു മുന്നിൽ മെഴുകുപാവകളെപ്പോലെ നിശ്ചലരായി മറ്റുള്ള മോഡലുകളും. ഇനി റാമ്പിൽ മണി മുഴങ്ങുന്നതോടെ ഇവരുടെ ചലനങ്ങൾ തുടങ്ങുകയും മേക്കപ്പ് പെണ്ണുങ്ങൾ നിശ്ശബ്ദരാവുകയും ചെയ്യും. ഇത്തരം സെലബ്രിട്ടികൾക്ക് മുന്നിൽ ഊഴം കാത്തുള്ള ദീനമായ മുഷിപ്പാണ് ഇപ്പോൾ മരിയയുടെ ജീവിതം. 

ഇന്നത്തോടെ ഇവന്റു തീരുകയാണ്. മാസങ്ങൾ കഴിയണം മറ്റൊന്ന് തരപ്പെടാൻ. റാമ്പിന്റെ ചടുലതകളിൽ മിന്നൽ തീർക്കുന്ന ഫ്ലാഷ് വെളിച്ചത്തിന് മുന്നിൽ എത്തിച്ചേരണമെങ്കിൽ ഇങ്ങനെ പലതും അനിവാര്യവുമാണ്. പ്രത്യേകിച്ച് മരിയയെപ്പോലൊരു പുതുമുഖത്തിന്. എങ്കിലും ഇടവേളകൾ സ്തോഭജനകമായ ഒരു മെലോഡ്രാമ പോലെ ശുഭപര്യവസാനമായിരിക്കട്ടെ എന്ന് ഉള്ളിൽ പ്രാർഥിച്ചു കൊണ്ട് രാജ്കുമാറിനെ ലക്ഷ്യമാക്കി അവൾ ഓഫീസ് മുറിയിലേക്ക് നീങ്ങി.

കോസ്റ്റ്യൂം ഹാളിൽ നിന്ന് കോറിഡോർ വഴി ഓഫീസ് മുറിയിലേക്ക് മരിയ നടക്കുമ്പോഴാണ് അമന്റെ വാട്സാപ്പ് മെസ്സേജുകൾ കണ്ടത്.  കുറച്ചു കാലങ്ങളായി ഫേസ്ബുക്കിലും വാട്സാപ്പിലും മാത്രമായി നിൽക്കുന്ന സൗഹൃദം. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇപ്പോൾ മരിയയുടെ ഏറ്റവുമടുത്ത സുഹൃത്ത്. ഇവന്റിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയാനായി മാത്രമല്ല. എപ്പോഴാണ് സ്വൈര്യമായി സംസാരിക്കാനാവുക എന്ന് കൂടി അറിയാനാണ് ഈ മെസ്സ്ജുകൾ.

"ഐയാം ഗോന്ന ഫിനിഷ്... വിൽ ബി ബാക്ക് വിതിൻ നോ ടൈം മിസ്റ്റർ സമുറായ്!" 

സമുറായ് എന്നത് മരിയ തന്നെ കണ്ടെത്തിയ പേരാണ്. പരിചയപ്പെട്ടത് മുതൽ അമന്റെ പ്രൊഫൈലിൽ അവളീ സമുറായ് യോദ്ധാവിന്റെ ചിത്രം മാത്രമേ കണ്ടിട്ടുള്ളൂ. അത് കൊണ്ട് കളിയായും, കാര്യമായും അങ്ങനെ വിളിക്കുന്നു എന്ന് മാത്രം. നടന്നു കൊണ്ടിരിക്കെത്തന്നെയാണ് അവൾ അമന് മറുപടി വിട്ടത്. ഇലകളിൽ ചികഞ്ഞു വന്ന പിശറൻ കാറ്റ് അപ്പോൾ മരിയയുടെ ദേഹത്തും വസ്ത്രത്തിലുമൊക്കെ തൊട്ടു നോക്കി തിരിച്ചു പൊയ്ക്കൊണ്ടിരുന്നു. പുറത്തു നിന്നുള്ള സകല ബഹളങ്ങളോടും കൂടെ നഗരത്തിന്റെ ഇരമ്പവും കൂടി  അവളുടെ കാതുകൾ  തേടിയെത്തുന്നുണ്ട്. ഉറങ്ങാത്ത പട്ടണത്തിനു മേൽ മിന്നിക്കത്തുന്ന നിയോണ്‍ വിളക്കുകൾ ഇരുട്ടിന്റെ പാരാവാരത്തിനു മേൽ മഞ്ഞപ്പൊട്ടുകളായി പൊള്ളി നിൽക്കുന്നു.

മൂന്നാലു ദിവസങ്ങളായി മരിയ ഈ തിരക്കിന്റെ തിരകൾക്കുള്ളിൽ മുങ്ങിത്താഴുന്നു. ഹോസ്പിറ്റലിൽ നിന്ന് അമ്മാമയുടെ വിവരങ്ങൾ നേരാം വണ്ണം അറിയാൻ കഴിഞ്ഞുമില്ല. ഒറ്റയ്ക്ക് കിടന്നു മുഷിഞ്ഞു കാണുമെന്നുറപ്പാണ്.

 "മരിയാ"
ഊതുന്ന കാറ്റിന്റെ ഗതിവിഗതികൾക്കൊപ്പം ആളുകയും അണയുകയും ചെയ്തു കൊണ്ടിരിക്കുന്ന കനൽ ചിന്തകളെ മേയാൻ വിട്ടു കൊണ്ട് രാജ്കുമാറിന്റെ വിളിക്കുത്തരമായി ഓഫീസിനകത്തേക്ക് കടന്നു ചെന്നു. രാജ്കുമാറിൽ നിന്ന് പ്രതിഫലത്തുകക്കുള്ള ചെക്ക് കൈപ്പറ്റിയ ശേഷം അയാളുടെ കരുണക്കെന്നോണം നിന്നു. 

"രാജ് നിങ്ങൾ അനുവദിക്കുമെങ്കിൽ ഞാനും കൂടി ഈ ഇവന്റിൽ പങ്കെടുത്തോട്ടെ"
അത് വരെയില്ലാതിരുന്ന കൃത്രിമമായൊരു ഗൌരവത്തോടെ അയാൾ കട്ടിക്കണ്ണടയുടെ കറുത്ത ഫ്രെയിം മേലോട്ടുന്തി.
"അത് ... അത് .... മരിയാ ക്ഷമിക്കണം. സീനിയേഴ്സിന് മാത്രേ പങ്കെടുക്കാൻ അനുമതിയുള്ളൂ. ടെമ്പററിക്കാർക്ക് അങ്ങോട്ട് പ്രവേശനം പോലുമില്ല എന്നറിയാവുന്നതല്ലേ?"
"ആ .. അ .. അ .. ഓക്കെ രാജ്.. ചോദിച്ചെന്നേയുള്ളൂ. അടുത്ത ഇവന്റിനും വിവരമറിയിക്കുമല്ലൊ"
"മു് മു് ... തീർച്ചയായും .... തീർച്ചയായും"

അവളുടെ ജാള്യത നിറഞ്ഞ ശബ്ദത്തോടുള്ള പ്രതികരണം അയാൾക്ക്   പെട്ടെന്നവസാനിപ്പിക്കണമായിരുന്നുവെന്ന് തോന്നി. അതിൽ നിന്നുണ്ടായ നിസ്സംഗമായൊരുഷ്ണം മരിയയെ വന്നു മൂടി. പിറ്റേന്ന് ഹോസ്പിറ്റൽ വരാന്തയിലൂടെ അമ്മാമക്കടുത്തെക്ക് നടക്കുമ്പോഴും ആ ഇത്തരം ചിന്തകൾ പുകച്ചുരുളുകൾ പോലെ ഉള്ളിൽ ചുറ്റിത്തിരിഞ്ഞു കൊണ്ടിരുന്നു. വാർഡിലേക്ക് നടന്നു. ഇഷ്ടപ്പെടാത്ത കാഴ്ചകളും, ശബ്ദങ്ങളും, ഗന്ധവും നിറയുന്ന ആശുപത്രി. ഒരേ തരം സിനിമകൾ മാത്രം പ്രദർശിപ്പിക്കുന്ന കൊട്ടകകളാണ് എല്ലാ ആതുരാലയങ്ങളും.
കൌണ്ടറിൽ ചെന്ന് കണക്കുകൾ തീർത്ത് മുറിയിലെത്തുമ്പോൾ  "ങാ മോളെത്തിയോ"  എന്നൊരു തെളിഞ്ഞ പുഞ്ചിരിയോടെ  അമ്മാമ. എത്ര മുഷിപ്പിലും ഇങ്ങനെ പുഞ്ചിരിക്കാൻ അമ്മാമക്ക് എങ്ങനെയാണ് കഴിയുന്നു എന്നത് അവളിൽ ആകൂതമുണ്ടാക്കുകയും ചെയ്തു. 

"ഈയാഴ്ച പോകാനാകുമെന്നാണ് ഡോക്ടർ പറഞ്ഞത്. അത് കേട്ടപ്പോഴാ ഇത്തിരി സമാധാനമായത്. എത്ര ദിവസായി ഇവടെയിങ്ങനെ കിടക്കുന്നു. ഈ ബഹളോം, മണോം എല്ലാം കൂടി ആകെ വിമ്മിട്ടമാണ്. എത്രായാലും നമ്മടെ സ്വന്തം വീട് പോലാവില്ലല്ലോ?" 
അമ്മാമ പറഞ്ഞു കൊണ്ടേയിരിക്കുകയാണ്. അത് ശ്രദ്ധിക്കാതെ മേശപ്പുറത്തു നിന്ന് കിട്ടിയ ബിസിനെസ്സ്കാർഡ് നീട്ടി ചോദിച്ചു.

"നോബ്ൾ കൊഫ്ഫിൻ ഡികോറെട്ടീവ്സ്”. ഇതെന്താണ്? ആര് വച്ചതാണിത്? 
"ഓ - അതോ? അതെന്റെ ഒരു പരിചയക്കാരൻ വന്നിരുന്നു ഇവിടെ. ആട്ടെ നിന്റെ ജോലി എങ്ങനെയുണ്ടായിരുന്നു?”

അവസാനിക്കാത്ത ചോദ്യോത്തരങ്ങൾക്കിടയിലേക്ക് അനുവാദമില്ലാതെ നിശ്ശബ്ദത കടന്നു വരികയും അമ്മാമയിൽ നിന്ന് മുഖം മറക്കാനെന്ന വിധം അവൾ അവരെ വട്ടം ചുറ്റിപ്പിടിച്ചു തോളിലേക്ക് തല ചായ്ച്ചു കൊണ്ട് അകലേക്ക് നോക്കിയിരിക്കുകയും ചെയ്തു. ആകാശത്തിന്റെ അതിരുകളിൽ കാറ്റിന്റെ കൈകളിൽ ഊഞ്ഞാലാടിക്കൊണ്ടൊരു കടലാസു പട്ടം പക്ഷെ മരിയ ശ്രധിക്കുകയുണ്ടായില്ല. അതിനും മുകളിൽ കറുപ്പും  നീലയും വെളുപ്പും കൂടിക്കുഴഞ്ഞ രൂപങ്ങൾ മാറിക്കൊണ്ടിരിക്കുന്ന മേഘങ്ങൾ നിറഞ്ഞ വാനം. അത് മാത്രം ചാരനിറം പൂണ്ടു അവളുടെ കണ്ണുകളിൽ നിറഞ്ഞങ്ങനെ നിന്നു.

"ഊം. എല്ലാം പതിവ് പോലെത്തന്നെ അമ്മാമേ. ഇതുവരെയുണ്ടായിരുന്ന വർക്ക് തീർന്നു. അടുത്തൊരു ഡേറ്റ് കിട്ടുക എന്നാണു എന്നറിയില്ല. വെയിറ്റ് ചെയ്യുക തന്നെ" 

അങ്ങനെ പറയുമ്പോൾ വാക്കുകളിൽ ഉണ്ടായേക്കാവുന്ന നിരാശ അമ്മാമക്കനുഭവപ്പെടരുത് എന്ന് മരിയക്ക് നിർബന്ധമുണ്ടായിരുന്നു. അത് കൊണ്ട് തന്നെ അവളുടെ  ശ്രദ്ധ മുരളിക്കൊണ്ട് തിരിയുന്ന മുകളിലെ പങ്കയുടെ കാറ്റിൽ ഇളകിക്കൊണ്ടിരിക്കുന്ന ഫ്ലവർ വേസിലെ പനിനീർപ്പൂക്കളിലായിരുന്നു. പെട്ടെന്ന് ശ്രദ്ധ തിരിക്കാനെന്നോണം "ഹായ് നല്ല പൂക്കൾ" എന്ന് പറഞ്ഞു കൊണ്ട് അവൾ അതെടുത്തു മണക്കാൻ തുടങ്ങി. പക്ഷെ ജീവിതാനുഭവപാഠങ്ങൾ നൽകിയ ദൂരക്കാഴ്ച കൊണ്ടെന്നോണം അമ്മാമ മരിയ നിർത്തിവെച്ചിടത്ത് നിന്ന് തന്നെ തുടങ്ങുകയാനുണ്ടായത്.

"ജോലി സ്ഥിരമല്ല എന്നത് കൊണ്ട് നീയിങ്ങനെ നിരാശപ്പെടെണ്ട കാര്യമൊന്നുമില്ല മോളെ.  എല്ലാത്തിനും ഓരോ സമയമുണ്ടല്ലോ. നിന്റെ സമയം വരാനിരിക്കുന്നേയുള്ളൂ. നിനക്ക് നിന്റെതായൊരു സമയം വരാനുണ്ട്" 

സ്നേഹമസൃണമായൊരു തഴുകലാണ് അതെന്നു ആർക്കാണറിയാത്തത്? അസ്തമയം കാത്തിരിക്കുന്നൊരു വൃദ്ധമനസ്സിനു അങ്ങനെ തോന്നുന്നുവെങ്കിൽ അതിലാശ്ചര്യവുമെന്തുണ്ട്? 'എന്റെ പ്രിയപ്പെട്ട അമ്മാമേ, ചില സമയത്ത് സമാധാനിക്കാൻ വാക്കുകൾ മാത്രം മതിയാകാതെ വരികയാണ്'  

നിശയുടെ നനഞ്ഞ പാളികളിലേക്ക് ഹലോജൻ കണ്ണുകൾ തുറന്നു വെച്ച് കൊണ്ട് മരിയയുടെ ചിന്തകളോടൊപ്പം കൈനറ്റിക് സ്കൂട്ടി മുന്നോട്ടോടി. ദേഹത്തടിക്കുന്ന അന്തരീക്ഷ വായുവിനു ഈർപ്പം അനുഭവപ്പെടുന്നു. ഇടയ്ക്കിടെ ഞെട്ടിപ്പൊട്ടുന്ന ഇടിമിന്നലിലൂടെ റോഡിലൂടെ പാലത്തിലൂടെ കീഴെയുള്ള പുഴയുടെ വാസനയിലൂടെ സ്കൂട്ടി ഹോസ്ടൽ ലക്‌ഷ്യം വച്ച് പാഞ്ഞു. 

"മരിയാ ദാ ഇത് നിനക്ക് വേണ്ടി എടുത്തു വെച്ചതാണ്"

ലോഞ്ചിൽ സംസാരിച്ചു കൊണ്ട് നിൽക്കുന്ന ആരുടേയും ശ്രദ്ധയിൽപ്പെടാതെ മുകളിലേക്കുള്ള ഗോവണി ഝടുതിയിൽ കയറാനൊരുങ്ങുമ്പോഴാണ് വാർഡൻ ഒരു പത്രക്കട്ടിംഗ് അവൾക്കു നേരെ നീട്ടിയത്. "മേക്കപ്പ് ഗേൾസ്‌ വാണ്ടഡ്" കൃതജ്ഞതാപൂർവ്വം മന്ദഹസിച്ചു ഗോവണി കയറി. മനസ്സൊന്നു ശൂന്യമാക്കാൻ ശ്രമിച്ചു  ഉറക്കത്തെ ധ്യാനിച്ച് നിറയെ ആലിലകളുടെ ചിത്രം തുന്നിയ പുതപ്പിന്നുള്ളിൽ ചുരുണ്ടി കൂടിയതേയുള്ളൂ. 

ക്ണിം!!!
ഞെട്ടിപ്പോയി. അമനാണ്.
"ഡിഡ് യൂ സ്ലീപ്‌ ഡ്യൂഡ്?"
"നോ . ജസ്റ്റ് ലെയ്ഡ് ഡൌണ്‍. വേർ ആർ യൂ?"
"വാച്ചിംഗ് ദി സ്റ്റാർസ് .... മെമ്മറൈസിംഗ്... ഇഫ്‌ യൂ ആർ വിത്ത്‌ മീ"
"ഓഹോ - സാമുറായ്‌. ഡോണ്ട് ബി സില്ലി. ലെറ്റ്‌ അസ്‌ മീറ്റ്‌ ഈച് അതെർ ഫസ്റ്റ്"
"ഹഹ .. വോട്ട് ആർ യൂ ടാക്കിംഗ് എബൌട്ട്‌. വി ആർ സീയിങ്ങ് ഡൈലി നോ? ബൈ വേഡ്സ് .. ബൈ ലൈൻസ് .. ബൈ വോയിസ്‌"
"ഈസ് ദാറ്റ്‌ ഇനഫ്‌. അമൻ ഐയാം എ ബിറ്റ് സീരിയസ്. ഓകേ?


അപ്പുറത്ത് അനക്കമില്ലെന്ന് തോന്നുകയും, ഒരിക്കലും പൂരിപ്പിക്കാൻ കഴിയില്ല എന്നും തോന്നുന്ന സമസ്യകളിലേക്ക് അവർ പെട്ടെന്ന് ആണ്ടു പോയ്ക്കൊണ്ടിരിക്കെ അമൻ മറുപടി വിട്ടു.


"യെപ് യു ആർ റൈറ്റ്.... വി ഷുഡ്..."

സൂര്യകാന്തികൾ മഞ്ഞച്ചു വട്ടം തീരത്തൊരു താഴ്വാരത്തിലേക്ക് മരിയ  യാത്രയായി. കാൽമുട്ടോളമുയരത്തിൽ പീത വർണ്ണം മാത്രമുള്ള പൂക്കൾ. അവയ്ക്ക് മുകളിലായി കറുപ്പും വെളുപ്പും ചുകപ്പും എന്ന് വേണ്ട ഒരു വർണ്ണപ്രപഞ്ചം തന്നെ തീർത്ത് കൊണ്ട് ഒട്ടനവധി ചിത്രശലഭങ്ങൾ. സ്തൂപികാഗ്ര വൃക്ഷങ്ങൾ നിറഞ്ഞ നടവഴി ചെന്നവസാനിക്കുന്നയിടത്തൊരു വെളുത്ത നിറമുള്ള ദേവാലയം. ദേവാലയത്തിൽ അവൾ  മുട്ടുകുത്തി പ്രാർത്ഥന തുടർന്നു കൊണ്ടിരിക്കെ പിന്നിൽ ആരോഹണക്രമത്തിൽ കുളമ്പടി കേൾക്കായി. ആശ്വാരൂഡനായ സാമുറായ്. കനത്ത ലോഹച്ചട്ടയണിഞ്ഞു മുന്നിൽ നിൽക്കുമ്പോൾ മരിയ സ്വയം മറന്നു പോയിരുന്നു. അവന്റെ കൈവെള്ളകൾ ഇരുചുമലിലുമമരവേ മരിയ കൂമ്പിയടഞ്ഞു അവനിലേക്ക് ചാഞ്ഞു വീഴവേ കൈകളിൽ നിന്ന് ഖഡ്ഗം താഴെ വീണു.  

"ഗുഡ് മോണിംഗ്"
അത് കേട്ടപ്പോൾ മേശക്കു പുറകിലുണ്ടായിരുന്ന താടിക്കാരൻ എന്ത് വേണമെന്നൊരു ഭാവത്തോടെ തലയുയർത്തി മരിയയെ നോക്കി.
 "മിസ്റ്റർ സഖോറിയാസ്?"
കഴിയാവുന്നത്ര ഭവ്യത വരുത്തി ചോദിച്ചു. താടിക്കാരൻ തന്റെ കട്ടിച്ചില്ലുള്ള കണ്ണട ഊരി മേശമേൽ വെച്ചു. കൈകൾ കൂട്ടിത്തിരുമ്മി. അയാളുടെ തടിച്ച കഴുത്തിന്റെ ഭിത്തികൾക്കുള്ളിൽ നിന്നു നേർത്ത ഒരു ചോദ്യം പുറപ്പെട്ടു.
"വരാൻ പറഞ്ഞിരുന്നുവോ?"

"അതെ ഞാൻ ഫോണിൽ സംസാരിച്ചിട്ടുണ്ടായിരുന്നു"
"ഉവ്വോ എങ്കിലിരുന്നോളൂ മുക്കാൽ മണിക്കൂറിനുള്ളിൽ അദ്ധേഹമെത്തും"

താടിക്കാരൻ ചൂണ്ടിയ ഭാഗത്ത് ആരെയോ വിഴുങ്ങാനായി വാപൊളിച്ചിരുന്ന കുഷ്യനിലേക്കു അമർന്നു ഇരുന്നു. പറഞ്ഞതിലും നേരത്തെയാണ്. സഖോറിയാസ് പറഞ്ഞു തന്ന വഴികൾ കൃത്യമായിരുന്നു. മെയിൻറോഡുകടന്നാലാദ്യമെത്തുന്നത് ഓഫീസിലാണ്. പുറകിൽ നീളത്തിൽ മറ്റൊരു കെട്ടിടം കൂടി കാണുന്നുണ്ട്. ഓഫീസ് കെട്ടിടത്തിനു മുന്നിൽ അങ്ങിങ്ങായി പൂക്കൾ വിടർന്നു നിൽക്കുന്നൊരു പൂന്തോട്ടമുണ്ട്. 

മരിയ വലതുഭാഗത്തുള്ള ചില്ല് ജാലകത്തിലൂടെ പുറത്തേക്ക് നോക്കിയിരുന്നു. ജന്നലിനോട് ചേർന്ന് ഉയരം കുറഞ്ഞയൊരു അലറിമരം പൂത്തു നിൽക്കുന്നു. അതിനു ചുവട്ടിൽ പൊഴിഞ്ഞു വീണ പൂക്കൾ ചോരപ്പൊട്ടുകൾപോലെ മണ്ണിൽ കിടന്നു. ഇടയ്ക്കിടെ വരുന്ന ടെലിഫോണുകൾക്ക് കോഴികൊക്കുന്നത് പോലെ താടിക്കാരൻ മറുപടി പറയുന്നെന്നല്ലാതെ മറ്റു ശബ്ദങ്ങളൊന്നും വ്യക്തമല്ല. കുറച്ചു മാത്രം വാക്കുകൾ. കുറഞ്ഞ ചലനങ്ങൾ. ക്രമമില്ലാത്ത ശബ്ദങ്ങളുടെയും അനക്കങ്ങളുടെയും അദൃശ്യമായൊരു തന്തുവിനാൽ നിയന്ത്രിക്കപ്പെട്ടു കൊണ്ട് മരിയ ഇരുന്നു.  കട്ടി മീശക്കാരൻ കമ്പ്യൂട്ടറിലേക്ക് കണ്ണുകളാഴ്ത്തിയിരിക്കുകയാണ്. മരിയ എന്ന വാക്കിനു കാത്തിരിപ്പെന്നോ, മടുപ്പെന്നോ ആണർത്ഥം. അല്ലെങ്കിൽ ഇവ രണ്ടുമുൾക്കൊള്ളുന്നൊരുസമവാക്യം!

അതേ സമയം;
ഹൗസിംഗ് അസോസിയേഷൻറെ പ്രത്യേകമായി സജ്ജീകരിച്ച വേദിയിൽ പ്രോജക്ടറിൽൽ നിന്നുള്ള ചിത്രങ്ങൾ പതിയുന്നൊരു സ്ക്രീനിനു മുന്നിൽ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു സഖോറിയാസ്. 


"അപ്പോൾ ഞാൻ പറഞ്ഞു വന്നതിതാണ്. സമൂഹത്തിൽ നാമെത്ര ഉന്നതരാണ്. നമുക്ക് വിലകൂടിയ അപ്പാർട്ട്മെന്റുകളുണ്ട്, ലക്ഷ്വറി കാറുകളുണ്ട്, സ്വന്തമായി ബിസ്സിനെസ്സുകളുണ്ട്, സമൂഹത്തിൽ ഉന്നത സ്ഥാനമുണ്ട്. എന്താണ് നമുക്കില്ലാത്തത്? എന്നിട്ടും നമ്മിലൊരാൾ മരിച്ചു കഴിയുമ്പോൾ നാമെങ്ങനെയാണ് ട്രീറ്റ് ചെയ്യുന്നത്. തറയിലൊരു വെളുത്ത തുണിയിൽ, അല്ലെങ്കിലൊരു മരപ്പടിക്ക് മുകളിൽ ചുറ്റിനുമല്പം ചന്തനത്തിരികൾ കത്തിച്ചു വെച്ച്.......അല്ലേ? നമ്മുടെ ജീവിത നിലവാരത്തിനനുസരിച്ചുള്ള രീതിയാണോ അതെന്നു എപ്പോഴെങ്കിലും നിങ്ങളോർത്തു നോക്കിയിട്ടുണ്ടോ?അന്തസ്സും ആഭിജാത്യവുമുള്ള നമ്മൾ ഇങ്ങനെയാണോ ചെയ്യണ്ടത്. കാലാനുസൃതമായ മാറ്റങ്ങൾ അനിവാര്യമല്ലേ. നമ്മുടെ യാത്രാ രീതികൾ, ഭക്ഷണ ശൈലി, വസ്ത്രധാരണം എല്ലാം മാറി. ടെക്നോളജിയിൽ നാമെത്ര കണ്ടു മുന്നിലാണ് ഇന്ന്. എന്നിട്ടും മാറ്റപ്പെടാത്തത് എന്തെന്ന് ചോദിച്ചാൽ ഒരു പക്ഷെ ഇതല്ലേ കാണൂ?

"തുടർന്ന് വിളക്കുകൾ അണഞ്ഞു. പ്രോജക്ടറിൽ നിന്നുള്ള ചിത്രങ്ങൾ സ്ക്രീനിൽ തെളിഞ്ഞു തുടങ്ങി. സഖോറിയാസ് തുടരുകയാണ്.
 "ഇവിടെയാണ്‌ യൂറോപ്പിലും തെക്കനേഷ്യൻ രാജ്യങ്ങളിലും മുമ്പ് ഉന്നത കുലജാതർക്കിടയിൽ മാത്രം പ്രാബല്യത്തിലുണ്ടായിരുന്ന എന്നാൽ ഇന്ന് സാധാരണക്കാരിലേക്ക് വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്ന ഏറ്റവും നവീനമായ ആശയം കമ്പനി നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്”.

അലുമിനിയം ടേബിളിൽ മലർത്തിക്കിടത്തിയ ഒരു മൃത ശരീരം. മേശക്കിരുവശവും സുന്ദരികളായ തരുണികൾ. വെളുത്ത യൂനിഫോമിനുള്ളിൽ അവർ മനുഷ്യരല്ലെന്നു തോന്നും. മാലാഘമാരുടെ നനുത്ത കൈകളിലിരുന്നു മേക്കപ്പ് ബ്രഷുകൾ യന്ത്രസമാനം അതിദ്രുതം ചലിച്ചു കൊണ്ടിരിക്കുന്നു. ക്ഷണനേരം കൊണ്ട് വൃത്തി കുറഞ്ഞു കാണപ്പെട്ടിരുന്ന ആ രൂപം പുതുമോടിയുടുത്തൊരു മനുഷ്യനായി മാറി. അലങ്കരിച്ച ശവപ്പെട്ടിക്കകത്ത് വർണ്ണപ്പൂക്കൾക്കിടയിൽ പ്രൌഡ ഗംഭീരമായി പിണം മലച്ചു കിടന്നു.

"വാവ്..വാവ്" കൂടിയിരുന്ന ജനങ്ങളിൽ നിന്നൊരു ഹുങ്കാരം പുറപ്പെട്ടു. പോള്ളലേറ്റു കരിഞ്ഞ മറ്റൊരു ജഡം എങ്ങനെ മനോഹരമാക്കിയെടുക്കുന്നു എന്ന് കൂടി കാണിച്ചതിന് ശേഷം സഖോറിയാസ് തുടർന്നു.

"ലോക ജനത എത്ര കണ്ടു മുന്നിലാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. പ്രത്യേകിച്ച് യൂറോപ്പുകാർ. അവരെ കണ്ടു പഠിക്കാൻ നമുക്ക് പലതുമുണ്ട്. ഇപ്പോൾ തന്നെ ഇന്ത്യയിൽ മെട്രോ നഗരങ്ങളിൽ തുറന്ന നാല് ബ്രാഞ്ചുകളിൽ അനിയന്ത്രിതമായ അപേക്ഷകളാണുള്ളത്. മുൻ‌കൂർ പണമടച്ചു ഉറപ്പാക്കുന്നവർക്ക് കമ്പനി മറ്റു ചില ആനുകൂല്യങ്ങൾ കൂടി നൽകുന്നുണ്ട്. ഉദാഹരണത്തിന് ഓരോ മതക്കാർക്കും അവരവരുടെ രീതിയിലുള്ള സൗജന്യമായ പ്രാർഥനകൾ, ഖബറടക്കത്തിനുള്ള സഹായങ്ങൾ ശേഷക്രിയകൾ, ശുശ്രൂഷകൾ, കർമ്മങ്ങൾ എന്നിങ്ങനെ. അതതു സമയങ്ങളിൽ ബന്ധപ്പെടുന്നവർക്ക് അതനുസരിച്ചുള്ള സേവനങ്ങൾ മാത്രമേ ലഭ്യമാകൂ എന്നതും കൂടി ശ്രദ്ധിക്കേണ്ടതാണ്” 

അതെങ്ങനെയെന്നു കാണിക്കാനായി മറ്റൊരു ദൃശ്യം തെളിഞ്ഞു വന്നു. അതൊരു ക്രിസ്ത്യൻ കുടുംബത്തിന്റെ ചടങ്ങുകളായിരുന്നു. ഒരു കൈയിൽ വേദപുസ്തകവും ചുണ്ടിൽ  അസ്പഷ്ട  മന്ത്രധ്വനികളുമായ് ധൂപക്കുറ്റികൾക്ക് മുന്നിൽ നിന്ന് മൃതദേഹത്തിന് അന്തിമ ശുശ്രൂഷകൾ നൽകിക്കൊണ്ടിരിക്കുന്ന ശുഭ്രവസ്ത്രധാരികളായ ദൈവദൂതന്മാരുടെയും പരമഭക്തിയിൽ ശിരസ്സ്‌ കുനിഞ്ഞു പോയ ജനങ്ങളുടെയും ചലിക്കുന്ന ചിത്രങ്ങൾ അവർ ആശ്ചര്യത്തോടെ നോക്കി നിൽക്കുന്നു.

“മരിയ എന്നല്ലേ പേര് പറഞ്ഞത്?”
"അതെ"
എന്നവൾ തലയാട്ടി. സഖോറിയാസ് മരിയയുടെ പോർട്ട് ഫോളിയോ മറിച്ചു നോക്കിക്കൊണ്ടിരുന്നത് നിർത്തി വെച്ച് അവളുടെ മേക്കപ്പ് ബോക്സിനു നേരെ വിരൽ ചൂണ്ടി.

"ഹോ ഹോ വലിയ വിലയുള്ളതാണല്ലോ നിന്റെ കയ്യിലുള്ള മേക്കപ്പ് ബോക്സ്"

"അതെ സർ, വളരെക്കാലത്തെ പ്രയത്നം കൊണ്ടാണ് ഇത് സംഘടിപ്പിച്ചത്"

അത് പറയുമ്പോൾ എന്തെന്നില്ലാത്ത സംതൃപ്തിയും ഉന്മേഷവും അവളുടെ വാക്കുകൾക്കുണ്ടായിരുന്നു. സഖോറിയാസിന്റെ കസേരക്ക് പുറകിൽ ചുവരിൽ സ്ഥാപിച്ച ചിത്രത്തിൽ മുറ്റം നിറയെ സൂര്യകാന്തികൾ വിടർന്നു നിൽക്കുന്ന വെളുത്ത നിറമുള്ള ദേവാലയം.  സഖോറിയാസ് ആരുമായോ ഫോണിൽ സംസാരിച്ചു നിൽക്കുകയായിരുന്നു. അയാൾ ഫോണ്‍ വെച്ച് അവൾക്കു നേരെ തിരിഞ്ഞു.

"മരിയ വരൂ നമുക്കൊരു ജോലിയുണ്ട്"
"ഇപ്പോഴോ സാർ"
"അതെ"

അജ്ഞാതമായൊരുൾപ്രേരണയാൽ അവൾ  സഖോറിയാസിനെ പിന്തുടർന്നു. ഇന്റർലോക്ക് ചെയ്ത നടവഴി കഴിഞ്ഞു നീളമുള്ള ഒരിടനാഴി താണ്ടി അവരെത്തിയത് "കരുണാവനം" എന്നെഴുതിയൊരു ഫലകത്തിനു മുന്നിലാണ്. അതിനു താഴെ പഴയ രീതിയിൽ കൊത്തു പണികൾ ചെയ്ത മരവാതിലിനടിയിലൂടെ അകത്ത് കടന്നതും മരിയ  വിളറി. ഓഫീസ് മുറിക്കു പിന്നിലായിക്കണ്ട നീണ്ട കെട്ടിടച്ചുവരുകൾ ഒരു  വൃദ്ധ സദനത്തിന്റെത് കൂടിയാണെന്ന തിരിച്ചറിവിൽ മുന്നോട്ടു നടക്കാനാവാതെ മരിയ  വഴി മുട്ടി നിന്നു. മുന്നിൽ ജീവിത സായാഹ്നത്തിലേക്ക് പെറുക്കിപ്പെറുക്കി നടക്കുന്ന വൃദ്ധരായ മനുഷ്യർ മാത്രം നിറഞ്ഞ വലിയ മുറി! അവരെ നോക്കി വൈമനസ്യം കാണിച്ചു നിന്ന മരിയയുടെ  കൈകളിൽ പിടിച്ചു സഖോറിയാസ് മുറിക്കകത്തേക്ക് നടന്നു. 

"വരൂ മടിക്കേണ്ട"
ശവപ്പെട്ടികളും അതിനുവേണ്ട അലങ്കാര വസ്തുക്കളും മാത്രം നിറച്ചു വെച്ച മുറിയിൽ പൂക്കളും കില്ലകളുമൊരുക്കുന്ന യുവതീയുവാക്കളുണ്ടായിരുന്നു. അതിനിടയിൽ നിന്നു സഖോറിയാസ് തന്റെ മേക്കപ്പ് ബോക്സുമായി മരിയയോടൊപ്പം ശീതീകരിച്ചൊരു മുറിയിലേക്ക് നീങ്ങി. ഉറച്ച മഞ്ഞു പോലെ വെള്ളത്തുണി മൂടിക്കിടന്ന ശരീരത്തിൽ നിന്നു തുണി മാറ്റി. 

"ശവം!" 
ഓക്കാനിച്ചു കൊണ്ട് മരിയ പിന്നോട്ടടി വെച്ചു. സഖോറിയാസ് ഒട്ടൊരപരിചിതത്തോടെ എന്നാൽ ഗൌരവത്തോടെയും അവളെ നോക്കി നിന്നു.
"എന്ത് പറ്റി കുട്ടീ - അയാളവളുടെ പുറത്തു തട്ടിക്കൊണ്ടു തുടർന്നു - 
പത്രപ്പരസ്യം കണ്ടു തന്നെയല്ലേ നീ വന്നത്? ചെയ്യാനുള്ള ജോലിയെക്കുറിച്ച് നിനക്ക് ധാരണ കിട്ടിയിട്ടുന്ദാവുമെന്നാണല്ലോ ഞാൻ കരുതിയത് ?
സഖോറിയോസ് മരിയയുടെ  വലിഞ്ഞു വീർത്ത മുഖം തന്റെ കണ്ണുകളിലേക്കു ഒതുക്കാൻ ശ്രമിക്കുകയാണെന്ന് തോന്നി.


"പരസ്യത്തിൽ നിങ്ങളത് പറഞ്ഞിരുന്നുവോ. ഉവ്വ്വോ?"
"ഇല്ല ശരി തന്നെ. പക്ഷെ ജോബിനോട് ഞാനത്  വിശദീകരിച്ചു തരാൻ പറഞ്ഞിരുന്നതാണല്ലോ"
"എന്നോടാരും ഒന്നും പറഞ്ഞിട്ടില്ല. മാത്രമല്ല എന്റെ പോർട്ട് ഫോളിയോ കാണിച്ചപ്പോഴും നിങ്ങൾക്കത് ബോധ്യം വന്നില്ല?"
"നോക്കൂ മരിയാ - അയാൾ ശാന്തനായി പറഞ്ഞു കൊണ്ടിരുന്നു - ഇതത്ര മോശം തൊഴിലാണെന്ന് ധരിക്കരുത്. സമൂഹത്തിലെ ഉന്നത പ്രൊഫൈലുള്ളവരും ഏറെ സംസ്കാരമുള്ളവരുമാണ് ഇതിന്റെ ഉപഭോക്താക്കൾ എന്ന് മനസ്സിലാക്കുക. ഒന്ന് കൂടി ആലോചിച്ചിട്ട് പോരേ"
"സംസ്കാരം………ഞാൻ പോകുന്നു"

പിന്നീട് ഹോസ്പിറ്റലിൽ അമ്മാമക്കടുത്തെത്തുമ്പോഴും അവളതു തന്നെയോർത്ത് കൊണ്ടിരുന്നു. അവളപ്പോൾ വിഷാദഗ്രസ്തയായിരുന്നു. അമ്മാമയോട് അത് പറയാൻ തുനിയുമ്പോഴാണ് അമന്റെ മെസ്സേജു ശബ്ദിച്ചത്. കെട്ടി നിൽക്കുന്ന കായൽപ്പരപ്പിലേക്കൊരു ചെറുകല്ലായി അത് പതിച്ചപ്പോൾ മരിയ  ചെറുകുഞ്ഞോളമായ പോലെ. അത് ശ്രദ്ധിച്ചാവാം  അമ്മാമ ചോദിച്ചത്.
"ആരാ കൂട്ടുകാരിയാ?"
"ഹേ അല്ല അമ്മാമേ (പെട്ടെന്നായിരുന്നു മറുപടി) ഓണ്ലൈുൻ ഫ്രണ്ടാണ്. പക്ഷെ ഞാനിതു വരെ കണ്ടിട്ടില്ല. നാളെ കാണാൻ പോവുന്നുണ്ട് "

അവളുടെ മറുപടിയെക്കാൾ കൂടുതൽ അവരപ്പോൾ ശ്രദ്ധിച്ചത് ഫ്ലവർ വേസിൽ വാടിത്തൂങ്ങിയ റോസ്സാപ്പൂക്കളെയായിരുന്നു. മരിയ അവർക്കടുത്തേക്ക് നീങ്ങിയിരുന്നു. വെള്ളിനൂലുകൾ തിങ്ങിക്കൂടിയ തലമുടിയിൽ വിരലോടിച്ചു കൊണ്ട് ചിണുങ്ങി. 

"അമ്മാമോട് ഞാനൊരു കാര്യം പറയട്ടെ"
"മോള് പറ"
പറയാൻ മടിച്ചു അവളെന്തോ ആലോചിച്ചു കൊണ്ടിരുന്നു.
"എന്താ പറയാനുണ്ടെന്ന് പറഞ്ഞിട്ട്? പറയൂ കേക്കട്ടെ"
"ഇന്ന് ഞാൻ ഒരു ഇന്റർവ്യൂവിന് പോയിരുന്നല്ലോ അതെന്താന്നറിയോ അമ്മാമയ്ക്ക്?"
"ഇല്ല - പറയാതെങ്ങനെ അറിയാൻ?"
"ശവങ്ങൾക്ക് മോടിയുടുപ്പിക്കുക. അതായത് മേക്കപ്പ് ചെയ്യുക. കണ്ടപ്പോ തന്നെ മനം പിരണ്ടു ഹോ"
"എന്താ പറഞ്ഞത്. ശവങ്ങളെ മേക്കപ്പ് ചെയ്യുകയോ. ആശ്ചര്യമായിരിക്കുന്നു അങ്ങനെയൊന്നുണ്ടെങ്കിൽ എത്ര മഹത്തരമായിരിക്കും അത് ഹ ഹ ഹ (ചിരിച്ചു കൊണ്ട് തന്നെ അമ്മാമ തുടർന്നു) "മോളെ. എനിക്കറിയാം നിന്റെ പ്രതീക്ഷകൾ. നിന്റെ സ്വപ്‌നങ്ങൾ. എങ്കിലും  പിടിച്ചു നിൽക്കാനൊരു ജോലിയാണ് നിനക്കിപ്പോഴാവശ്യം. അത് കൊണ്ട് തന്നെ മറ്റൊരു ജോലി ലഭിക്കുന്നത് വരെയെങ്കിലും നീ ഇത് ചെയ്യണമെന്നാണ് എനിക്ക് തോന്നുന്നത്. നിന്റെ സ്വപ്നങ്ങളിലേക്കുള്ള ചവിട്ടു പടിയായി മാത്രം കണ്ടാൽ മതി ഇതിനെ. ഞാൻ കൂടി ഇല്ലെങ്കിൽപ്പിന്നെ എന്റെ കുട്ടിക്കാരുമില്ല എന്നതോർക്കണം" 

മറുപടിയൊന്നും പറയാതെ അവൾ മൊബൈലെടുത്ത് അമന് മെസ്സേജു ചെയ്യാനാരംഭിച്ചു. 

"ഹായ് അമൻ"  
"യെപ് ഹൌ വാസ് ദി ഇന്റർവ്യൂ ഡ്യൂഡ്‌?"
"ഇറ്റ്‌ വാസ് ആൾ റൈറ്റ് അമൻ - ഗോന്ന ജോയിൻ ടുമോറോ"
എന്ത് കൊണ്ടാണ് മരിയയപ്പോൾ അങ്ങനെ പറഞ്ഞത്?
"വാവ് . യു ഗോട്ട് എ ജോബ്‌ അറ്റ്‌ ലാസ്റ്റ്"
"യെപ് - ദാട്സ് ആൾ റൈറ്റ് - ബട്ട്‌ അമൻ ഐ വാന്ന സീയു സൂണ്‍"
"വെൻ?"
"ടുമോറോ - ഇഫ്‌ ദാറ്റ്‌ ഈസ്‌ പോസ്സിബിൾ"
അതിനു മറുപടിയായി മരിയയുടെ മൊബൈൽ ഫോണ്‍ തുടരെത്തുടരെ കുണുങ്ങുകയും മെസ്സെജിനോപ്പം മൂന്നാലു ചിത്രങ്ങൾ കൂടി സ്ക്രീനിൽ വന്നു വീഴുകയും ചെയ്തു.

അമൻ!!! - സമുറായ്!!! അവളാദ്യമായി കാണുകയായിരുന്നു.

"അഗ്രീട് ഇൻ ജോണ്‍സണ്‍സ് കോഫീ ഷോപ്പ്. ഫൈവ് ഫോർട്ടി ഫൈവ് ഇന് ദി ഇവനിംഗ് - റൈറ്റ് സൈഡ് സെക്കന്റ് ടേബിൾ"
"സാമുറായ് - പ്ലീസ്ബി സീരിയസ് - വി വിൽ നെവർ മീറ്റ് ഇഫ് യു വിൽ നോട്ട് ബി ദേർ ബൈ ടുമോറോ - ഓക്കെ"
"ഡണ്‍ ഡണ്‍
"

സ്ക്രീനിൽ തെളിഞ്ഞ ചിത്രങ്ങളിലേക്ക് മരിയ ഊളിയിട്ടിറങ്ങുമ്പോൾ അമ്മാമ ഉറങ്ങുകയായിരുന്നു.

ബോഗണ്‍ വില്ലകൾ പടർന്നു നിൽക്കുന്ന മതിലുള്ള, ഓർക്കിഡുകളും ആന്തൂറിയവും നിറഞ്ഞു നിന്ന മുറ്റമുള്ള ഒരു ബംഗ്ലാവിലേക്കാണ് പിറ്റേന്ന് സഖോറിയാസിനൊപ്പം മരിയ എത്തിച്ചേർന്നത്. അധികമാളുകൾ ഒന്നുമുണ്ടായിരുന്നില്ല അവിടം. അകത്തെ മുറിയിൽ മൃതശരീരത്തിനരികിൽ മരിയയോട് ‘വെറുതെ നോക്കി നിന്നാൽ മതി' യെന്ന് കൽപ്പിച്ച് സഖോറിയാസ് ഒന്നൊന്നായി ആരംഭിച്ചു.
"ഇത് 
വരെയും നീ എത്ര ശ്രദ്ധയോടെയാണോ ജോലി ചെയ്തിരുന്നത് അത്രയും സൂക്ഷ്മത തന്നെ വേണം ദൈവത്തിൻറെ സെലബ്രിറ്റികളെ പരിചരിക്കാനും"

മുറിയിൽ അയാൾ പ്രവർത്തിപ്പിച്ച സീഡി പ്ലെയറിൽ നിന്ന് പ്രാർഥന ഗാനങ്ങൾ ഉയർന്നു. ജഡത്തിലുണ്ടായിരുന്ന വസ്ത്രങ്ങൾ ഒന്നൊന്നായി മാറ്റിയെടുത്തു. മുഖം ദേഹം എന്നിങ്ങനെ ഒന്നൊന്നായി വൃത്തിയാക്കാൻ തുടങ്ങി. ല്ലാം സാകൂതം വീക്ഷിച്ചു കൊണ്ട് അവളൊരു കുട്ടിയെപ്പോലെ ഒതുങ്ങി നിന്നു. 

"മരിയാ എത്ര ഇന്ററസ്റ്റിംഗ് ആണിതെന്നു നോക്കൂ. ഒരാൾ എങ്ങനെ മരിക്കുന്നുവോ അതനുസരിച്ചുള്ള മാറ്റങ്ങൾ നമുക്ക് അവരുടെ ശരീരത്തിൽ നിന്നറിയാൻ കഴിയും. ഇവരുടെ ദേഹമൊന്നു തൊട്ടു നോക്കൂ കാൻസർ ബാധിച്ചു മരിച്ചത് കൊണ്ട് എത്ര കട്ടിയാണെന്നറിയാമോ ഇവരുടെ ദേഹം" 

മരിയക്കു മുന്നിലൂടെ ഒരു തടിയൻ വണ്ട്‌ മൂളിപ്പറന്നു. ചില്ല് ജനാലയുടെ സുതാര്യതാകളെക്കുറിച്ചു അജ്ഞനായ വണ്ട്‌ ശക്തിയായി ചില്ലിലിടിച്ചു താഴെവീണു. രക്ഷപ്പെടാനായി വീണ്ടും വീണ്ടും അത് തന്നെ ആവർത്തിച്ചു കൊണ്ടുമിരുന്നു. 

ഒരുക്കങ്ങൾ പൂർത്തിയാക്കിയ ശേഷം സഖോറിയാസ് ബന്ധുക്കളെ അകത്തേക്ക് ക്ഷണിച്ചു. മൂക്ക് പിഴിഞ്ഞ് കരഞ്ഞു കൊണ്ടിരുന്ന പെണ്‍കുട്ടിയോടായി അയാൾ പറഞ്ഞു.


"ദേഹത്ത് കണ്ണീരു വീഴാതെ നോക്കണം. മേക്കപ്പ് ഇളകി കേടായിപ്പോകും!"


കണ്ണീരിനു ദുഃഖം മാത്രമേ പ്രധിനിധാനം ചെയ്യാനാകൂ എന്ന മരിയയുടെ ധാരണക്ക് ഇളക്കം കൊണ്ടു. നിശ്ശബ്ദനിശ്വാസങ്ങളെ ഭക്തിയുടെ നിറവിലാക്കി സീഡി പ്ലെയറിൽ നിന്നുള്ള പ്രാർത്ഥന മുറിയിൽ പരന്നു.

“സകല പാപങ്ങൾക്കും മാപ്പ് കൊടുത്ത് പാപികളെ നിർമ്മലരാക്കുന്ന ദിവ്യ നാഥാ ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെ മോചിപ്പിക്കേണമേ. പ്രത്യേകിച്ച് ഇന്നേ ദിവസം ഞങ്ങളിൽ നിന്ന് വേർപ്പിരിഞ്ഞു പോയ കുടുംബാങ്ങളെയും, ബന്ധുമിത്രാതികളെയും, നിന്റെ കരുണയ്ക്ക് ഞങ്ങൾ ഭാരമേൽപ്പിക്കുന്നു!”

നിലക്കാതെ ഫോണ്‍ ശബ്ദിച്ചു കൊണ്ടിരുന്നപ്പോൾ  അറ്റണ്ട് ചെയ്യാനായി സഖോറിയാസ് മുറിയിൽ നിന്നു പുറത്തിറങ്ങി. അൽപം കഴിഞ്ഞപ്പോൾ അയാൾ തിരികെ വന്നു പറഞ്ഞു.


"വരൂ നമുക്ക് അത്യാവശ്യമായൊരിടം വരെ പോകാനുണ്ട്"

കെട്ടിടങ്ങളേയും, മരങ്ങളെയും, വഴിയരികിലെ കലുങ്കുകളേയും പുറകിൽനഷ്ടപ്പെടുത്തിക്കൊണ്ട്‌ വാഹനത്തിൻറെ ഗതിവേഗമുയർന്നു. അവരെ താങ്ങിക്കൊണ്ടു  മറ്റു ശകടങ്ങൾക്കിടയിലൂടെ മുരൾച്ചയോടെ പഴഞ്ചൻ വണ്ടി കുതിച്ചു പാഞ്ഞു. ഇടയ്ക്കു സഖോറിയാസിനു ഫോണ്‍ വന്നപ്പോൾ മാത്രം അൽപം വേഗത കുറഞ്ഞു.

"മരിയാ എന്ത് ചെയ്യും ഒരത്യാവശ്യ കാളുണ്ടല്ലോ കരുണാവനത്തിൽ നിന്നാണ്

അവളൊന്നും മിണ്ടിയില്ല. തീരുമാനങ്ങൾ അയാളുടെതാണല്ലോ. ജോലി ചെയ്യുക എന്നതേ മരിയ ചെയ്യേണ്ടതുള്ളൂ. അത് കൊണ്ട് തന്നെ ഇയർഫോണിൽ ഏറ്റവും പുതിയ ഒരു സിനിമാപ്പാട്ടിന്റെ ഹരത്തിലായിരുന്നു മരിയ. 

മുകളിൽ ആകാശത്തിലൊരിടം കിട്ടാൻ പരസ്പരം, പൊരുതുന്ന മേഘക്കൂട്ടങ്ങൾ. വാഹനത്തിൻറെ ഗതിവിഗതികൾക്കനുസരിച്ചു വശങ്ങളിൽ നിന്നു  ചപ്പുചവറുകൾ പാറിയകലുന്നു. കാരണങ്ങളില്ലാത്ത വേവലാതികളിൽ നിന്നു വിടുതൽ ചെയ്യുമെന്നു ഈയിടെയായി മരിയ തീരുമാനിച്ചിട്ടുണ്ട്. അല്ലെങ്കിൽ തന്നെ വേവലാതികൾക്ക് ഒരു കാരണം വേണമെന്നുണ്ടോ?

കരുണാവനത്തിലെ ശീതീകരിച്ച മുറിയിലേക്ക് സഖോറിയാസിനൊപ്പം കടക്കുമ്പോഴും അവളുടെ ചെവിയിൽ പാട്ട് നിറഞ്ഞു നിൽക്കുകയായിരുന്നു. അനുവാദമില്ലാതെ തന്നെ സഖോറിയാസ് അവളുടെ ചെവിയിൽ നിന്നു ഇയർ ഫോണ്‍ മാറ്റി.  ടേബിളിനടുത്ത് മേക്കപ്പ് ബോക്സ് വെച്ച് സഹായികളോട് ശവം മൂടിയ തുണി മാറ്റാൻ സഖോറിയാസ് ആവശ്യപ്പെടുമ്പോഴേക്കും മരിയ  തയ്യാറെടുത്ത് കഴിഞ്ഞിരുന്നു. മുറിയിലെ നിറഞ്ഞ വെളിച്ചത്തിൽ പ്രാർഥനാ ഗാനങ്ങളുടെ ഒഴുക്കിൽ വെളുപ്പ് പുതച്ച ശവശരീരത്തിന്റെ മുഖത്തേക്ക് അവളൊരു നിമിഷം നോക്കി നിന്നു. സഖോറിയാസ് തെന്റെ മേക്കപ്പ് ബോക്സ് തുറക്കാനൊനൊരുമ്ബെട്ടപ്പോൾ ഝടുതിയിൽ 'ടപ്പേ' യെന്നു അടച്ചുകൊണ്ട് വികൃതമായൊരു ശബ്ദത്തിൽ അവൾ പറഞ്ഞു. 

"നിൽക്കൂ. ഞാനാണ് ഞാൻ മാത്രമാണിത് ചെയ്യണ്ടത്"


എന്താണ് സംഭവിക്കുന്നതെന്ന് മറ്റുള്ളവർ ചിന്തിക്കുന്നതിനു മുന്നേ മരിയ അവളുടെ മേക്കപ്പ് ബോക്സുമായി തിരിച്ചു വന്നു.  അന്തം വിട്ടു നിന്ന സഖോറിയാസിനെ തള്ളി മാറ്റിക്കൊണ്ട് അടഞ്ഞ തേങ്ങലോടെ അവൾ ജോലി ചെയ്യാനാരംഭിക്കുമ്പോൾ അത് വരെ നോക്കി നിൽക്കുകയായിരുന്ന സഖോറിയാസ് അടുത്തു വന്നു പതിയെ പറഞ്ഞു. 

"മരിയാ സ്വന്തമായി ചെയ്യുന്ന ആദ്യത്തെ വർക്കാണ്. വളരെയധികം ശ്രദ്ധിച്ചു ചെയ്യണം ശവത്തിൽ കണ്ണീരു വീഴാതെ നോക്കണം. നാശമായിപ്പോകും"
'അതെ അതെ'യന്നു അവൾ തലകുലുക്കി. 
സീഡി പ്ലെയറിൽ നിന്നുള്ള പ്രാർഥനാഗാനം മുറിയാകെ നിറയാൻ തുടങ്ങി.

'ലോകത്തിൻ പാപങ്ങൾ താങ്ങും ദൈവത്തിൻ മേഷമേ നാഥാ, പ്രാർത്ഥന കേൾക്കേണമേ
ലോകത്തിൻ പാപങ്ങൾ താങ്ങും ദൈവത്തിൻ മേഷമേ നാഥാ, ഞങ്ങളിൽ കനിയേണമേ' 

മരിയ തനിക്കു മുന്നിലുള്ള ശവശരീരത്തിൽ ബ്രഷിൻ മുന കൊണ്ട് തൊട്ടപ്പോൾ ചുവരിലെ ഘടികാര പെൻഡുലം ഭീതിപ്പെടുത്തുന്ന മുഴക്കത്തോടെ മൂന്നു വട്ടം ശബ്ദിച്ചു.

അപ്പോൾ സമയം അഞ്ചു നാൽപത്തിയഞ്ച്!----------------------------------------------------------------------------------------------------------------------


 

57 comments:

 1. യാന്ത്രികതയുടെ വൈരസ്യമില്ലാത്ത ഒരു പ്രവര്‍ത്തിലേക്ക് മാരിയ.....

  മരിയ നേരിടാന്‍ പോകുന്നത് അമന്റെ ജഡമോ അമ്മാമയുടെ ജഡമോ ആയിരിക്കാമെന്ന ഒരൂഹം വയനയുടെ ഒരു ഘട്ടത്തില്‍ എന്റെ മനസ്സിലൂടെ കടന്നുപോയത് യാദൃശ്ചികമാണോ എന്നറിയില്ല.

  ഏതായാലും, അസ്ഥിരതയുടെ ആകുലതകള്‍ക്കിടയില്‍ നിലനില്‍പ്പിനായി പൊരുതാനുള്ള മനസ്സും മോചനത്തെസംബന്ധിച്ച പ്രത്യാശാനിര്‍ഭരമായ സ്വപ്നങ്ങളും സൂക്ഷിക്കുന്ന മരിയയെ ദീപ്തമായി വരച്ചിടാനായിട്ടുണ്ട്.

  ReplyDelete
  Replies
  1. അധികം വൈകാതെ നമ്മൾ അനുഭവിക്കാൻ പോകുന്ന കാര്യമാണ്.
   നിങ്ങളിൽ ഒരു കവിയുള്ളത് കൊണ്ടാണ് ആ തോന്നല വരുന്നത്.
   നന്ദി ഒരുപാട്

   Delete
 2. നല്ല കഥാരചന.... ഇന്നിന്‍റെയോ നാളെയുടെയോ ഒക്കെ കഥ.. ആ ജഡം ആരുടേതായിരിക്കുമെന്ന ഒരാകാംക്ഷ വായനക്കാരില്‍ ഉണ്ടാകും.. മരിയയുടെ അതിജീവനം മനസ്സില്‍ തട്ടി..

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും നന്ദിയുണ്ട്.

   Delete
 3. ഒരു അതിജീവനത്തിന്റെ കഥ
  ഫോണ്ട് വളരെ ചെറുതായി പോയത്
  മൂലം വായനക്ക് ബുദ്ധിമുട്ടുണ്ട് കേട്ടൊ ഭായ്

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും നന്ദിയുണ്ട്.

   Delete
 4. നന്നായിരിക്കുന്നു. മാറ്റങ്ങൾ പ്രത്യേകിച്ചും .

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും നന്ദിയുണ്ട്.

   Delete
 5. Replies
  1. വായനക്കും അഭിപ്രായത്തിനും നന്ദിയുണ്ട്.

   Delete
 6. എല്ലാം മാറ്റത്തിന് വിധേയമായികൊണ്ടിരിക്കുന്ന ഈ ലോകത്ത് ശവത്തിനും എന്ത് കൊണ്ട് ആയിക്കൂടാ എന്ന ഒരു ചിന്തയില്‍ നിന്നും വന്ന ഒരു കഥ. കഥാ പ്രമേയം പുതുമ അവകാശ പ്പെടുന്നു. നന്നായി പറഞ്ഞു ,ആദ്യ പകുതി വരെ ഒരു ശരാശരി വേഗതയാണ് തോന്നിയത് എങ്കിലും പിന്നീട് ശ്വാസം വിടാതെ വായന വേഗമാക്കുന്നു. എങ്കിലും ഒന്ന് രണ്ട് പാക പിഴവുകള്‍ കഥയില്‍ കണ്ടു ..
  ഈ കഥ കഥാകാരന്‍ പറയുകയാണ് ,,ഈ വരികളില്‍ , കഥാ കാരന്‍ അറിയാതെ സ്വയം കഥാ പാത്രമായി പോയില്ലേ ?
  1 ) "ഇറ്റ്‌ വാസ് ആൾ റൈറ്റ് അമൻ - ഐയാം ഗോന്ന ജോയിൻ ടുമോറോ"
  എന്ത് കൊണ്ടാണ് ഞാനപ്പോൾ അങ്ങനെ പറഞ്ഞത്?

  2)മറ്റു ശകടങ്ങൾക്കിടയിലൂടെ മുരൾച്ചയോടെ ഞങ്ങളുടെ പഴഞ്ചൻ വണ്ടി കുതിച്ചു പാഞ്ഞു. :) ആശംസകള്‍ ശിഹാബ് നല്ലൊരു കഥ തന്നതിന് .

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും നന്ദി.
   നിങ്ങൾ പറഞ്ഞത് ശരിയാണ്. അത് തിരുത്തിയിട്ടുണ്ട്.

   Delete
 7. എഫ്‌ ബി യിലെ കഥകൾ എന്നു കേൾക്കുമ്പോൾ തന്നെ മനസിൽ എത്തുന്ന പേരാണിത്‌
  നന്നായിരിക്കുന്നു.തുടരുക

  ReplyDelete
 8. എഫ്‌ ബി യിലെ കഥകൾ എന്നു കേൾക്കുമ്പോൾ തന്നെ മനസിൽ എത്തുന്ന പേരാണിത്‌
  നന്നായിരിക്കുന്നു.തുടരുക

  ReplyDelete
  Replies
  1. സന്തോഷമുള്ള ഓർമ്മകളാണ്. നന്ദി
   ലോകമൊരു തറവാടാകട്ടെ

   Delete
 9. വായിച്ചു, ഒരു പുതിയ കഥ , നല്ല കഥ

  ReplyDelete
  Replies
  1. വരികയും വായിക്കുകയും ചെയ്ത നന്മക്ക് നന്ദി.

   Delete
 10. സ്ഥിരമായി തൊഴിലില്ലാത്ത സാമ്പത്തികമായി പരാധീനതകള്‍ ഉള്ളവരുടെ ജീവിതം ആകുലതകള്‍ നിറഞ്ഞതാണ്‌ .സംതൃപ്തിയോടെ ജീവിക്കുക എന്നത് ഇത്തരക്കാര്‍ക്ക് അന്യമായിരിക്കും .പിന്നെ കുടുംബനാഥനൊ മറ്റോ ആണെങ്കില്‍ ജീവിതം നരകയാതന തന്നെ ഈ ഭൂലോകത്ത് ആകുലതയോടെ ജീവിക്കുന്നവരാണ് കൂടുതലും .കഥ ഇഷ്ടമായി ആശംസകള്‍

  ReplyDelete
  Replies
  1. വരികയും വായിക്കുകയും ചെയ്ത നന്മക്ക് നന്ദി.

   Delete
 11. എങ്കിലും ആ ശവം ആരുടേതായിരിക്കും. അതാരുടെതും ആവാം. എത്ര പ്രിയപ്പെട്ടവരുടെയും. ഈ അപൂർണതയിൽ കഥ അവസാനിക്കുന്നത് തന്നെയാണ് ഭംഗി. ഈ തൊഴിലിൽ മരിയക്ക് അത്തരം ഒരു സന്ദർഭ ത്തിലൂടെ കടന്നു പോകേണ്ടതുണ്ട്. മരിയയെ സംബന്ധിച്ചിടത്തോളം വേദനാജനകമായ ഒന്ന്. എന്നാൽ അതെത്രത്തോളം വായനക്കാരുടെ നെഞ്ചിലേക്ക് പകരാൻ കഥക്കായി എന്നതിൽ സംശയം ഉണ്ട്. ശിഹാബിന്റെ കഥക്കെന്നും വ്യത്യസ്താമയ മേഖലകൾ പാശ്ചാത്തലമാവാറുണ്ട് ഇവിടെയും പതിവ് തെറ്റിയില്ല. അഭിനന്ദനങ്ങൾ.

  ReplyDelete
  Replies
  1. വരികയും വായിക്കുകയും നിർദേശങ്ങൾ പങ്കു വെക്കുകയും ചെയ്ത നന്മക്ക് നന്ദി.

   Delete
 12. ഫോണ്ട് ചെറുതാണ്. ആദ്യം അത് ശരിയാക്കൂ.


  കഥ അസ്സലായിട്ടുണ്ടേ. പ്രാദേശികമല്ലാതെ ലോകത്തിന്റെ ഏത് മൂലയിലും പ്രസകത്മായ പ്രമേയം. അത് പിഴവില്ലാതെ അവതരിപ്പിച്ഛതായും അനുഭവപ്പെടുന്നു.

  ReplyDelete
  Replies
  1. നന്ദി - രഫീഖ്

   എനിക്ക് ഫോണ്ട് വലുതായാണ് കാണുന്നത്. നോക്കട്ടെ

   Delete

 13. പതിവു മദാരി കഥകള്‍ പോലെതന്നെ ഗംഭീരം. ..!!
  മുകളില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ച പോലെ, മരിയ ആദ്യമായി മേക്കപ്പ് ചെയ്യാന്‍ പോകുന്ന മൃതദേഹം ആരുടെതാണെന്ന കാര്യത്തില്‍ സംശയം ഉണ്ട് എന്ന് തോന്നുന്നില്ല. "ആശുപത്രിയില്‍ നിന്നും കൊണ്ടുവന്നതു" - എന്ന് പറയുമ്പോള്‍ തന്നെ, മരിച്ചത് അമ്മാമയാണെന്ന് ഉറപ്പിക്കാം.

  ആശംസകള്‍. .....

  ReplyDelete
  Replies
  1. അത് അങ്ങോട്ടോ ഇങ്ങോട്ടോ മാറി നിൽക്കട്ടെ.
   അമനൊ മുത്തശ്ശിയോ / രണ്ടും പ്രിയപ്പെട്ടവരാണ്.
   അഭിപ്രായങ്ങൾ വീണ്ടും മാറിയേക്കാം

   Delete
 14. വായന രസകരമായിരുന്നു, മദരികഥകൾക്കൊപ്പം വന്നോ എന്നൊരു സംശയമുണ്ട്. മരിയയുടെ അതിജീവനവും, വായനക്കാരന് മുന്നിലേക്കുള്ള ആകാംക്ഷയും കഥക്ക് മാറ്റ് കൂട്ടിയിട്ടുണ്ട്. ആശംസകള്

  ReplyDelete
  Replies
  1. വാക്കുകളുടെ കസർത്തിനേക്കാൾ മിതമായി വാക്കുപയോഗിക്കാനാണ്‌ "യോഗി" എന്നെ ഉപദേശിച്ചത്.
   സിമ്പിൾ ആയി എഴുതുക. കാംബോട് കൂടി എഴുതുക എന്ന്.
   ശ്രമം വിജയിച്ചുവോ എന്ന് വായിക്കുന്നവർ പറയട്ടെ.
   അല്ലേ?
   നിർദേശങ്ങല്ക് തീര്ച്ചയായും നന്ദി.

   Delete
 15. രണ്ടു മൂന്നാഴ്ച്ച മുമ്പാണ്, ഇന്തോനേഷ്യയിലോ മറ്റോ മൃതദേഹങ്ങൾ സൂക്ഷിച്ചു വച്ച് വർഷത്തിലൊരിക്കൽ പുതിയ വസ്ത്രങ്ങൾ ധരിപ്പിച്ച് കുടുംബാംഗങ്ങൾ ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്ന പരിപാടിയുണ്ടെന്ന് ഒരു ഫേസ് ബുക്ക് പോസ്റ്റ് വായിച്ചത്. ആ വാർത്ത, ഈ കഥ വായിക്കോമ്പോഴുണ്ടാവുമായിരുന്ന ഫ്രെഷ്നസ് നഷ്ടപ്പെടുത്തിക്കളഞ്ഞു. (വ്യക്തിപരമായ അനുഭവമായി കണ്ടാൽ മതി. )

  കഥ ഇനിയും ചുരുക്കാമായിരുന്നു എന്നു തോന്നി. ആരംഭം, നായികയും കാമുകനുമായുള്ള സംഭാഷണങ്ങൾ ഇവിടെയൊക്കെ ചുരുക്കാനുണ്ട്.

  ReplyDelete
  Replies

  1. കൂടുതൽ വാര്ത്തകളിലെക്ക് പോവുകയും പരിശോധിക്കുകയും ചെയ്യാം - ഇതും പുതിയ അറിവുകള ആണ് - നന്ദിയുണ്ട്
   പോസ്റ്റുക - എഡിറ്റുക ചുരുക്കുക - എന്നതാണ് ഇനിയുള്ള രീതി. എഡിറ്റിംഗ് നു തുറന്ന മനസോടെ ഇരിക്കാൻ വിശകലനങ്ങൾക്ക് മറ്റു കാര്യങ്ങൾ തടസ്സമാവുന്നതാണ് കാരണം.
   വളരെ വളരെ താങ്ക്സ്

   Delete
 16. കഥ അസ്സലായി.. ആശംസകള്‍ ശിഹാബ് ഭായ്..

  പലരും പറഞ്ഞപോലെ അപൂര്‍ണ്ണത എനിക്ക് ഫീല്‍ ചെയ്തില്ല. പറയേണ്ടത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അത് അമ്മാമ്മ അല്ലാന്നു ബോധ്യപ്പെടുത്തുമുണ്ട്.. :)

  ReplyDelete
  Replies
  1. കറക്റ്റ് - അത് പറയാതെ തന്നെ വ്യക്തമാണ് - ഡോക്ടർ.
   നന്ദിയുണ്ടുട്ടാ

   Delete
 17. കഥ ഇഷ്ടമായി.
  ഹും....വായനക്കാരെ ചിന്തിപ്പിച്ച് ഒരു പരുവം ആക്കും അല്ലെ...?

  ReplyDelete
  Replies
  1. എഴുതി പരിശീലിക്കുകയല്ലേ - വൈകിയാണെങ്കിലും - ഇതെല്ലാം നല്ല കഥകളിലേക്കുള്ള തുടക്കമായി കണ്ടാല മതി.
   വളരെ താങ്ക്സ്

   Delete
 18. ഫൈസൽ ബാബുവിന്റെ ഫേസ് ബുക്ക് പേജിലൂടെ വന്നു വായിച്ചു. വിത്യസ്തമായ കഥ ആകാംക്ഷയോടെ വായിച്ചു നീളനാണെങ്കിലും

  ReplyDelete
 19. മുഷിപ്പില്ലാതെ വായിച്ചു... നല്ല കഥ. പ്രമേയത്തിലെ പുതുമ ഇഷ്ടായി, അവതരണവും...

  ReplyDelete
 20. ആശയത്തിലെ വ്യത്യസ്തത. അഭിനന്ദനം ശിഹാബ്.

  ReplyDelete
  Replies
  1. ഒന്ന് പിടിച്ചു നിക്കണ്ടേ ജെഫു ;)

   Delete
 21. ആ ശരീരം ആരുടേതാണ്? അമ്മാമ്മയാവാം,അല്ലെങ്കില്‍ അമന്‍ ആവാം. കുറച്ചുകൂടി വ്യക്തതയാവാം. പിന്നെ, തിരുത്തുമ്പോള്‍ തിരുത്തി വൃഥാ സ്ഥൂലത ഒഴിവാക്കുമ്പോള്‍,കഥക്കു മിഴിവേറും.

  ReplyDelete
  Replies
  1. അതങ്ങനെ കിടക്കട്ടെ - ആരായാലും വേണ്ടപ്പെട്ട ഒരാള് എന്നാ നിലയില ആവട്ടെ -
   നന്ദി - നിര്ടെഷങ്ങല്ക്കും വായനക്കും

   Delete
 22. ഇഷ്ട്ടമായി... ആശംസകള്‍...!

  ReplyDelete
 23. മരിയ മേക്കപ്പ് ചെയ്യാൻ പോവുന്നത് എന്താണെന്ന ഒരു തോന്നൽ കഥയുടെ തുടക്കം മുതൽ തന്നെ ചെറിയ തോന്നലുണ്ടായിരുന്നു. അമൻ സ്വന്തം ഫോട്ടോ ഷെയർ ചെയ്തതോടെ അത് ഉറപ്പിക്കുകയും ചെയ്തു. കഥാകാരൻ ഇപ്പോഴും മൗനം ഭജിക്കുന്ന ആ കാര്യം (അതുതന്നെയാണ് നല്ല കഥാകാരന്മാർ ചെയ്യേണ്ടതും) ഞാൻ പൂരിപ്പിക്കുന്നത് ഇപ്രകാരമാണ്.

  വിഷയത്തിന്റെ പുതുമ ., ചിത്രകാരനായ കഥാകൃത്തിന്റെ സൂക്ഷ്മനിരാക്ഷണപാടവം, അത്തരം നിരീക്ഷണങ്ങളിലൂടെ പരിസരത്തെ സൃഷ്ടിച്ചെടുക്കുന്നതിലുള്ള കൈയ്യടക്കം- ഇതെല്ലാം ഈ കഥയിൽ ദൃശ്യമാണ്. വീണ്ടും വീണ്ടും ഉരച്ചെടുക്കുമ്പോൾ അതിന്റെ മാറ്റ് കൂടുന്നുമുണ്ട്.

  കഥയെ പുനരെഴുത്തിലൂടെ കൂടുതൽ കൂടുതൽ മിഴിവുള്ളതാക്കുക........

  ReplyDelete
  Replies
  1. ഇതിനെ മറ്റൊരു രീതിയിൽ മാഷ്‌ മുമ്പേ വായിച്ചു കാണും. ഇങ്ങനെയുള്ള ചില നിർദേശങ്ങൾക്ക് വേണ്ടിയാണ് ഷെയർ ചെയ്തത്.
   ഇനിയും മിനുക്കാനുണ്ട് എന്നെനിക്ക് അറിയാം - എങ്ങനെയാണ് ചെയ്യേണ്ടത് എന്നാ ധാരണയും ഉണ്ട്.
   പക്ഷെ --- ചില കാരണങ്ങൾ കൊണ്ട് തടസ്സപ്പെട്ടതാണ്.

   Delete
 24. കഥ നല്ല രസമായി എഴുതി. ഞാന്‍ വായിച്ചിട്ട് ഒരു കുറ്റവും കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല.

  (പുതിയ ബിസിനസ്സുകള്‍ക്ക് ഐഡിയ തേടി നടക്കുന്നവര്‍ ആരെങ്കിലും ഈ കഥ വായിച്ചിരുന്നെങ്കില്‍ ഉപകാരമായേനെ. നല്ല പാക്കിംഗും പരസ്യവും കൊടുത്താല്‍ കേരളത്തില്‍ പട്ടിത്തീട്ടം വരെ വിറ്റുപോകും!! ഹഹഹ )

  ReplyDelete
  Replies
  1. ഉറപ്പല്ലേ അജിത്തേട്ടാ - ഒരു സംശയവും വേണ്ട ഉടനെ ഇത് പ്രാബല്യത്തിൽ വരും.
   നാം അത്ര കണ്ടു സ്വത്വത്തിൽ നിന്ന് ദൂരെയത്തിയിട്ടുണ്ട്.
   വിശദീകരണങ്ങൾ എന്തായാലും , തനിമ നമ്മളിൽ ഇല്ല ഇപ്പോൾ
   നന്ദി

   Delete
 25. "അവൾ മാത്രം ചെയ്യേണ്ട....
  അവൾക്ക് മാത്രമായി നിന്ന് കൊടുത്ത
  ആ ശവത്തിൻറെ ചുണ്ടിലെ പുഞ്ചിരി ഞാൻ കാണുന്നു..."
  .
  .
  .
  ആശംസകൾ...

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും നന്ദി.

   Delete
 26. ശിഹാബ് ഭായ്.....
  ഒരു വീര്‍പ്പിനു വായിച്ചു തീര്‍ത്തു.....
  ആശയം ഗംഭീരം
  കഥ അതി ഗംഭീരം
  അതിജീവനത്തിന്‍റെ പാതയില്‍ കാലിടറിയാല്‍
  പിന്നെ ഉയരാനാവില്ല.....
  നല്ലെഴുത്തിന് നന്മകള്‍ നേരുന്നു.....

  ReplyDelete
 27. >>>>>അപ്പോൾ അവളുടെ മൊബൈൽ ഫോണ്‍ കലമ്പിച്ചു തുടങ്ങുകയും മെലിഞ്ഞു നീണ്ട വിരലുകൾക്കുള്ളിൽ അവളതു കൊത്തിയെടുക്കുകയും, മേക്കപ്പ് മുറിയുടെ സ്ഫടികച്ചുവരുകളിൽ സ്വന്തം ആകാരസൌഷ്ടവം നോക്കിക്കണ്ടു കൊണ്ട് ഒരു നർത്തകിയുടെ ചലന താളങ്ങളെ അനുസ്മരിപ്പിക്കും വിധം അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുകയും ചെയ്യാൻ തുടങ്ങിയിരുന്നു. <<<<< സത്യത്തിൽ ആരാണിത്? മരിയയോ, മോഡൽ ഗേളോ?

  ഇംഗ്ലിഷ് വാക്യങ്ങൾ ഇംഗ്ലീഷിൽ തന്നെ എഴുതുന്നാതാണ് ഉചിതം എന്നെനിക്ക് തോന്നുന്നു.

  >>>>മരിയ തനിക്കു മുന്നിലുള്ള ശവശരീരത്തിൽ ബ്രഷിൻ മുന കൊണ്ട് തൊട്ടപ്പോൾ ചുവരിലെ ഘടികാര പെൻഡുലം ഭീതിപ്പെടുത്തുന്ന മുഴക്കത്തോടെ മൂന്നു വട്ടം ശബ്ദിച്ചു.

  അപ്പോൾ സമയം അഞ്ചു നാൽപത്തിയഞ്ച്!<<<<< ഈ സമയം ഘടികാരം ശബ്ദിക്കാൻ സാധ്യത വളരെ കുറവല്ലേ? ഇതൊരു അഞ്ചു മണി ആക്കാമായിരുന്നു.

  എന്തായാലും മനോഹരമായ ഒരു വായന സമ്മാനിച്ചു. സംശയങ്ങൾ എന്റെ അറിവു കുറവിനാൽ സംഭവിച്ചതാവാം. ഭാവുകങ്ങൾ

  ReplyDelete
 28. ശിഹാബേ!!!വായിയ്ക്കാൻ വൈകിപ്പോയി.

  ഇന്നിത്തിരി തിരക്കിനിടയിൽ നിനാണു വായിച്ചത്‌.

  ഗംഭീരമെന്ന് പറഞ്ഞാൽ പോരാ.അതിഗംഭീരം.

  അമനാവും റ്റേബിളിൽ എന്ന് ചിന്തിയ്ക്കാൻ കഴിഞ്ഞു എന്നത്‌ തന്നെ കഥാകാരന്റെ വലിയ വിജയം.

  ReplyDelete
 29. സമയം 5:45. കൂട്ടുകാരൻ വാക്കുപാലിച്ചു.അത് പറയാതെ പറഞ്ഞ രീതി വളരെ നന്നായി. പലരും അത് ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു. അതാണ് മുകളിലെ കമന്റുകളിലൊക്കെ ഒരു സംശയം. വ്യത്യസ്തമായ എന്നാൽ സമീപഭാവിയിൽ നടന്നേക്കാവുന്ന പ്രമേയം..നല്ല നല്ല വർണനകൾ. നന്നായിരിക്കുന്നു ഇക്കാ

  ReplyDelete

വായന അടയാളപ്പെടുത്താം