Jun 19, 2018

യത്തീം

"അപ്പന്റെ പേരെന്നാടി ?"
 ഏഴു വയസ്സുകാരിയുടെ ചുണ്ടുകള കോടിപ്പിടിച്ചു.

"ഐടന്റിടി കാർഡ്‌ എവിടെ ?"

ഏഴു വയസ്സുകാരിയുടെ കണ്ണുകളിൽ അജ്ഞത നിറഞ്ഞു.

"എവിടെ നിന്നാ വരുന്നത് ?"

ഏഴു വയസ്സുകാരി ഒരു പാടാലോചിച്ചു. ഉപ്പയും, ഉമ്മയും ഇല്ല. വരുന്നത് വകയിലൊരു അമ്മാവന്റെ ഓലക്കുടിലില് നിന്നല്ലേ. അവളൊന്നും മിണ്ടിയില്ല.

"എന്താ ഒന്നും പറയാനില്ലേ?"

കാക്കിയുടുപ്പുകാരന്റെ കുപ്പായത്തിലെ നക്ഷത്രങ്ങളെ നോക്കി ഇല്ലെ ന്ന അർത്ഥത്തിൽ അവൾ തലയാട്ടി. കൂടെയുള്ളവരെ അന്ധാളിച്ചു നോക്കി. കാക്കിയുടുപ്പുകാരന്റെ നീതി ബോധമുണർന്നു.

"ഹും - ഐഡി കാർഡില്ല, ടിക്കറ്റില്ല, എവിടുന്നാ വരുന്നെന്നറിയില്ല, കൂടെയുള്ളത് ആരാന്നറിയില്ല, പിന്നെ എന്താ നിനക്കറിയാ".

എഴുവയസ്സുകാരിയുടെ കണ്ണുകളിൽ നിന്ന് ഒരിറ്റു കണ്ണീര അവളുടെ തുന്നല് വിട്ട ഉടുപ്പിൽ വീണലിഞ്ഞു. പേടിയോടെ വിറയ്ക്കുന്ന ശബ്ദത്തിൽ വികലമായ ഭാഷയിൽ അവൾ എന്തോ പറഞ്ഞു.

 "വിശക്കുന്ന ഒരു വയറും, ഉടുക്കാനില്ലാത്ത മേനിയും, മേല്ക്കൂരയില്ലാത്ത വീടും ഉണ്ട് സാർ"

കേട്ട് നിന്നവരാരോ ആണ് അത് പരിഭാഷപ്പെടുത്തിയത്.

1 comment:


  1. "വിശക്കുന്ന ഒരു വയറും,
    ഉടുക്കാനില്ലാത്ത മേനിയും, മേല്ക്കൂരയില്ലാത്ത വീടും ഉണ്ട് സാർ"

    ReplyDelete

വായന അടയാളപ്പെടുത്താം