Jun 19, 2018

ബോയ്


"ഡാ എനിക്കൊന്നു മൂത്രമൊഴിക്കണം"
വനജ അങ്ങനെ പറഞ്ഞപ്പോൾ ഉണ്ണി അന്ധാളിച്ചു. അവർ മല കയറുകയായിരുന്നു. നാലഞ്ചു ആണ്കുട്ടികൾക്കൊപ്പം ഒരേയൊരു പെൺകുട്ടി. ഇത്തരം സന്ദർഭങ്ങളിൽ ഇങ്ങനെ ചില കാര്യങ്ങൾ കടുപ്പമുള്ളതു തന്നെ. ഉണ്ണി എന്തെങ്കിലും പറയുന്നതിന് മുന്നേ വനജ അടുത്തുള്ള പൊന്തക്കാടിലേക്ക് കേറി. പൊന്തകൾക്കിടയിൽ അവളുടെ നീലത്തൊപ്പി പൊങ്ങി നിന്നു.   

"ഡീ നിന്നു കൊണ്ടാണോ?" എന്ന സംശയത്തിന് ജീൻസിന്റെ സിബ്ബ് വലിച്ചു കേറ്റികൊണ്ടു വനജ ചിരിച്ചു. "ഫീമെയിൽ യൂറിനേറ്റിംഗ് ഡിവൈസിനെ പറ്റി നീ കേട്ടിട്ടേയില്ലാ?"

ഒരാണിന് ജീവിതത്തിൽ പ്രത്യേകിച്ച് ഗുണമൊന്നുമില്ലാത്ത ഒരു സാധനം. എന്നാലും ഉപയോഗിക്കുന്നതെങ്ങനെയാവുമെന്നു ഉള്ളിൽ മെനഞ്ഞു കൊണ്ട് ഉണ്ണി പറഞ്ഞു. "വാ നടക്കാം"

മറ്റുള്ളവർക്ക് പുറകിലായാണ് വനജയും റോബിനും നടന്നത്. മലയെ വലം വെച്ചു തിരിയുന്ന കാറ്റിനു ശക്തി കുറവെങ്കിലും ചൂടുണ്ടായിരുന്നു. അതവരെ ബാധിക്കാനും തുടങ്ങിയിരിക്കുന്നു. പുല്ലും കാടും വളർന്ന വഴിയിലൂടെ ആയാസപ്പെട്ട് അവർ മുന്നോട്ടു നടന്നു.

"ഡോ രണ്ടാളും ഒന്ന് നിന്നേ  ആ ഒറ്റയാൻ മലയിലെ ആളില്ലാ കോണിൽ വളർന്നു നിൽക്കുന്ന ചെടികൾക്കിടയിൽ നിന്ന് അശരീരി വന്ന വഴിയിലൂടെ രണ്ടു മൂന്നു പേർ അവർക്കു മുന്നിൽ പൊട്ടി വീണത് പെട്ടെന്നാണ്. ഉണ്ണിയൊന്നു പതറി. കൂടെയുള്ളവർ വളരെ മുന്നിലായിരുന്നു. വനജക്ക് കൂസലുണ്ടായില്ല. ധൈര്യം സംഭരിച്ചു 'എന്തേ?' എന്ന് കാളുന്ന നെഞ്ചോടെ മുന്നിൽ കേറി നിന്നു.

"എങ്ങോട്ടാ രണ്ടു പേരും?"

പരിഹാസവും ധാർഷ്ട്യവും കലർന്ന അച്ചോദ്യത്തിനു "എങ്ങോട്ടായാൽ തനിക്കെന്താ?" എന്ന് വനജ തിരിച്ചു ചോദിക്കുമ്പോൾ  കൂട്ടത്തിലൊരു പെൺകുട്ടിയാണല്ലോ എന്ന പരിഭ്രമം പരത്തുന്ന തോന്നലിലായിരുന്നു ഉണ്ണി. ചില്ലെന്നു ചപ്പിലകളിളക്കിക്കൊണ്ട് രണ്ടോന്തുകൾ അവന്റെ കാലുകൾക്കിടയിലൂടെ പാഞ്ഞപ്പോൾ അവനൊന്നു ഞെട്ടിച്ചാടി. വനജയുടെ മറുപടിയിൽ പ്രകോപനം കൊണ്ട് ഒരുത്തൻ മുന്നോട്ടു ചാടി അവളുടെ മുടിക്കുത്തിൽ കയറിപ്പിടിച്ചു.

"ആരാടി ഇവൻ?"

മറുപടിയായി "മുടിയേന്നു വിടെടാ പട്ടീ" എന്നു വനജ ചീറ്റി. ഉണ്ണി ഞെട്ടി. പെൺ ബുദ്ധി പിൻബുദ്ധി തന്നെ. ഒരു പെൺകുട്ടി ആൺകുട്ടികളോട് അങ്ങനെ പറയാമോ? പാടില്ല തന്നെ. അതുമല്ല, ആരുടേതുമല്ലാത്ത ഈ മലകയറി വന്ന ഞങ്ങളാണ് കുറ്റക്കാർ. അത് കൊണ്ടാവുമല്ലോ ആ യുവാവ് വനജയെ വലിച്ചിഴക്കുന്നത്. മലയുടെ കോണിൽ നിന്നെങ്ങോ കരിയിലക്കിളികൾ കലപില കൂട്ടി. അവ ഇരകൾക്കു വേണ്ടി തമ്മിൽ കലമ്പുകയാണ്. ഉണ്ണി ഒരുൾശക്തിയാർജ്ജിച്ചു മുന്നോട്ടു ചാടി വനജയെ വട്ടം പിടിച്ചിരിക്കുന്നവനെ ആഞ്ഞു തള്ളി. അവിടമൊരു യുദ്ധക്കളമായി മാറിയത് പെട്ടെന്നാണ്. തലയ്ക്കു പുറകിലായി കനത്ത ഒരു മരക്കഷ്ണം പതിക്കുന്നത് വരെ ഉണ്ണിക്ക് ഓർമ്മയുണ്ട്. വേദനയിൽ അവനൊന്ന് അലറി. കണ്ണ് മങ്ങുന്നു.രണ്ടു പേര് വനജയെ ഞെക്കിയമർത്തി പിടിച്ചിരിക്കുന്നത് കണ്ടു. അവരിലൊരാൾ ഒരു കൈകൊണ്ടു അവളുടെ വാ പൊത്തിയിട്ടുണ്ടായിരുന്നു. 'ങ്ങൂമ്... ങ്ങൂമെ'ന്ന മൂളൽ കാതിൽ കൊണ്ട് ദൂരേക്കെവിടേക്കോ മറഞ്ഞു പോയി.


പിന്നീട് താലൂക്കാശുപത്രിക്കിടക്കയിൽ വെച്ചാണ് ഉണ്ണിക്ക് ബോധം വീണത്. മച്ചിലേക്ക് നോക്കിക്കിടക്കെ വ്യക്തമല്ലാത്ത എന്തൊക്കെയോ ഓർമ്മയിൽ കയറി വന്നു.

"വനജ?"  അവൻ ആരോടോ ചോദിച്ചു.
അതിനു മറുപടിയായി " ഓഹ്. ദേ ബോധം വീണു. ഡോക്ടർ,,  ഡോക്ടർ" എന്നിങ്ങനെ ഉച്ചത്തിൽ വിളിച്ചു കൊണ്ട്  വെളുത്ത വസ്ത്രം ധരിച്ച സ്ത്രീരൂപം പുറത്തേക്കൊഴുകിപ്പോയി.

അടുത്തു നിൽക്കുന്ന അമ്മയെയും അനുജത്തിയേയും മങ്ങി കാണാം. അവർക്ക് പരസ്പരമെന്തോ സംസാരിക്കണം എന്നുണ്ടായിരുന്നു. 'മോനെ. മോനെ' യെന്ന അവ്യക്തമായ വിളി മാത്രം അവൻ കേൾക്കുന്നുണ്ട്. 'വനജ' എന്ന് അവൻ പറയുന്നത് അവർക്ക് മനസ്സിലാകുന്നില്ലെന്നു തോന്നുന്നു. അവരങ്ങനെ മിഴിച്ചു നോക്കിക്കൊണ്ടിരിക്കുകയാണ്. 'അമ്മ അവന്റെ നെറ്റിയിൽ തലോടിക്കൊണ്ടിരുന്നു. ഉണ്ണിയപ്പോൾ ഓർമ്മകളിൽ വീണു പോയി. മല കയറുന്നതിനും അടിവാരത്തെത്തുന്നതിനും ചില ദിവസങ്ങൾ മുന്നേ ഒരു സായാഹ്നത്തിൽ അവനും കൂട്ടരും വനജയുടെ വീട് സന്ദർശിച്ച ആ ദിവസം മെല്ലെ മെല്ലെ അവന്റെ വർത്തമാനങ്ങളിലേക്ക് കടന്നു വന്നു.

അന്ന് വനജയെ തേടി ചെല്ലുമ്പോൾ അവിടെ എന്തോ ഫങ്ഷൻ നടക്കുകയായിരുന്നു. അങ്ങിങ്ങായി സൊറ പറഞ്ഞിരിക്കുന്നവർ. മുഷിഞ്ഞ പുത്തനുടുപ്പുകളിൽ മുറ്റത്തെ ചരക്കല്ലിലൂടെ ബഹളം വെച്ചോടുന്ന ഇത്തിരിക്കുഞ്ഞന്മാർ. അവയിലൊരുത്തൻ മനാഫിന്റെ വെളുത്ത ദോത്തിയിൽ പിടിച്ചു ഒരു ചെളിക്കൈ അടയാളം ബാക്കി വെച്ച് തിരിഞ്ഞോടി. ഉണ്ണി മനാഫിന്റെ വായ പൊത്തി. മനാഫ് അരുതാത്തതെന്തെങ്കിലും പറയുമെന്ന് അവൻ ഭയപ്പെട്ടിട്ടുണ്ടാവണം. 

അതുമല്ല, ഒരു ഫങ്ഷനിടയിലേക്ക് മുന്നറിയിപ്പില്ലാതെ കയറിചെന്നതിലെ ജാള്യതയുമുണ്ടായിരുന്നു. തിരിച്ചു നടന്നാലോ എന്ന് ആലോചിക്കുന്നതിടെ "ഹാ - മക്കളാരുന്നോ വാ വാ" എന്ന് ചിരിച്ചു കൊണ്ട് വനജയുടെ 'അമ്മ അങ്ങോട്ട് വന്നത്. വനജയുടെ അച്ഛൻ വിദേശത്താണ്. അദ്ദേഹത്തിന്റെ അഭാവത്തിലൊരു പരിപാടി അപ്രധാനമായിരിക്കുമെന്നു അവർ തമ്മിൽ സമാധാനിച്ചു. അമ്മയോടൊപ്പം അകത്തേക്ക് നടന്നു.

വായിച്ചു കൊണ്ടിരുന്ന ഒരു പുസ്തകത്തിന്റെ താളുകൾക്കിടയിൽ വിരല് തിരുകി മടക്കിപ്പിടിച്ചു കൊണ്ടാണ് വനജ അങ്ങോട്ട് കടന്നു വന്നത്. അവരെക്കണ്ടപ്പോൾ  ആഹ്ളാദ സൂചകമായി അവളൊരുഗ്രൻ ശബ്ദം പുറപ്പെടുവിച്ചു. വലിയൊരുപെൺകുട്ടി അങ്ങനെ ചെയ്യുന്നതിലുള്ള നീരസം അവിടെ കൂടിയിരുന്ന എല്ലാവരിലുമുണ്ടായി. ആ ഒരിഷ്ടക്കേട്‌ നിലനിർത്തിക്കൊണ്ടു അവരെല്ലാവരും പരസ്പരം നോക്കുന്നുണ്ടായിരുന്നു. പക്ഷെ ആരുമൊന്നും മിണ്ടിയില്ല. വനജയാവട്ടെ തന്നെ ഇതൊന്നും ബാധിക്കുന്നേയില്ല എന്ന മട്ടിൽ അവൾ വായിച്ചു കൊണ്ടിരുന്ന പുസ്തകം ഉണ്ണിക്കു നേരെ നീട്ടി. "ഈ വരികൾ ഒന്ന് വായിച്ചേ". അർദ്ധശങ്കയോടെ അവളെ നോക്കിയപ്പോൾ വായിക്കെടോ ഇവരും കൂടി കേക്കട്ടെ" എന്ന് പറഞ്ഞു അവനെയൊരു നിർബന്ധിതാവസ്ഥയിൽ എത്തിച്ചു. അതൊരു കുനുഷ്ഠാനല്ലോ എന്ന് ചിന്തിച്ചു കൊണ്ട് അവനാ ഖണ്ഡിക ഉറക്കെ വായിക്കാൻ തുടങ്ങി.

പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു. പാതിയടഞ്ഞ ജാലകത്തിലൂടെ ശീതം പേറിയൊരു കള്ളക്കാറ്റ് അപ്പാർട്മെന്റിൽ വട്ടമിട്ടു. നിരത്തുകൾ ഉണർന്നു തുടങ്ങുന്നേയുണ്ടായിരുന്നുള്ളൂ. ഉറക്കം നഷ്ടപ്പെട്ട ആലസ്യം മുഖത്തുണ്ടായിട്ടും ഹൌസ്മെയിഡ് വരുന്നതിനു മുന്നേ അവിടം വിടേണ്ടത് കൊണ്ട് എലീന പെട്ടെന്നൊരുങ്ങി. ഫെർണാണ്ടസിന്റെ പേഴ്സെടുത്തു. തനിക്കാവശ്യമുള്ള പണമെടുത്ത് ലതർ ബാഗിൽ തിരുകുമ്പോൾ ഏറു കണ്ണിട്ട് ഒരു കള്ളച്ചിരിയോടെ അവൾ ഫെർണാണ്ടസിനോട് ചോദിച്ചു. 'എപ്പോഴും എന്നെ കണ്ടിരിക്കണം എന്നല്ലേ നീ പറയാറ്. എന്നാലങ്ങു കല്യാണം കഴിക്കരുതോ?  ഒട്ടും കാക്കാതെ ഏങ്കോണിച്ച ഒരു നോട്ടത്തോടെ അയാൾ അവളുടെ നേരെ തിരിഞ്ഞു. 'ആവാമായിരുന്നു. പക്ഷെ നീ ഒരു വേശ്യയാണല്ലോ".

അത്രയും വായിച്ചപ്പോഴേക്കു അവൾ പുസ്തകം തെട്ടിപ്പറിച്ചെന്ന പോലെ വാങ്ങിച്ചു കൊണ്ട് പറഞ്ഞു. "കണ്ടോ പന്നി പറയുന്നത് കേട്ടില്ലേ. വേശ്യയാണെന്ന്! അപ്പോൾ അവനാരായിരിക്കും?" എന്നിട്ടവളെന്തോ പിറുപിറുത്തു.

ഉത്തരം മുട്ടിക്കുന്ന വമ്പൻ ചോദ്യങ്ങൾ മാത്രമാണ് ഇവളുടെ വായിൽ മുഴുവനും. ഉണ്ണിയും മനാഫും ഒരുമിച്ചെന്തോ പറയാൻ തുനിഞ്ഞു. പക്ഷെ പറഞ്ഞില്ല. അതിനിടക്ക് മറന്നു പോയതെന്തോ ഓർമ്മപ്പെടുത്താനെന്ന പോലെ ചുവരിലെ ഘടികാരം ഒച്ച വെച്ചു.

വനജ നീ ഇത് വരെ ഒരുങ്ങിയില്ലേ? ഇവിടെ വന്നേ നീ എന്നൊരു കലിപ്പോടെ അവളുടെ 'അമ്മ ഇടയ്ക്കു കയറിയപ്പോൾ അതൊരു ആശ്വാസമായി കണ്ടു അവരും അവളോട് പറഞ്ഞു. "ഡീ നിന്നെ വിളിക്കുന്നത് കേട്ടില്ലേ?" വനജ രൂക്ഷമായൊരു നോട്ടം അവർക്കു നേരെ അയച്ചു.

"വരുന്നോൻറെ മുന്നിൽ കെട്ടിയൊരുങ്ങി നിൽക്കാനാണ്. അവനു ബോധിക്കണമല്ലോ" അവരെല്ലാവരും ചിരിച്ചു. തീ പാറുന്നൊരു നോട്ടത്തോടെ എന്തൊക്കെയോ കുശുകുശുത്തു കൊണ്ട് അമ്മക്ക് പുറകെ അവൾ നടന്നു. ഒരു പെണ്ണ് കാണൽ ചടങ്ങാണ് നടക്കാൻ പോവുന്നതെന്ന് അപ്പോൾ മാത്രമാണ് അവർക്കു മനസ്സിലായത്. വനജ പോയതിനു പിറകെ അവർ മൂന്നു പേരെയും അതിഥികൾക്കൊപ്പം സ്വീകരണമുറിയിലേക്കു ആനയിക്കപ്പെട്ടു. 

കൃത്രിമ ഗൗരവത്തോടെ ഒരു യുവാവും മറ്റൊരു മധ്യവയസ്കനൊപ്പം ആരെയോ പ്രതീക്ഷിച്ചെന്ന പോലെ അവിടെ ഇരിപ്പുണ്ടായിരുന്നു. ഇപ്പോൾ ഉണ്ണിക്കും കൂട്ടർക്കും മുന്നിൽ അല്പം മാത്രം മുമ്പ് കണ്ട പരിചയമില്ലാത്ത കുറച്ചു മുഖങ്ങൾ.  സൗഹൃദം പങ്കിടാനെന്ന പോലെ അവർ വെറുതെ പുഞ്ചിരിച്ചു കൊണ്ടിരിക്കുന്നു. നേരം താണു തുടങ്ങി. ആ ശ്വാസം മുട്ടലിൽ നിന്ന് എത്രയും പെട്ടെന്ന് തടിയൂരിപ്പോകണം എന്നൊരു തോന്നൽ അവർക്കുണ്ടായി. അവരതു പറയാതെ പരസ്പരം നോക്കാൻ പോലും ശ്രമിക്കാതെ ഇരിക്കുന്നതിനിടയിലേക്കാണ് എല്ലാവരെയും അത്യധികം അമ്പരപ്പിച്ചു കൊണ്ട്. ഇറുകിയ ജീൻസും ഒരു മുറിയൻ ടീഷർട്ടും ധരിച്ചു ഒട്ടും ക്രമത്തിലല്ലാതെ മുടി കഴുത്തൊപ്പം വെട്ടിയ നിലയിൽ തലയിലൊരു ക്യാപ്പും ധരിച്ചു കൂസലെന്യേ വനജ കടന്നു വന്നത്. പെണ്ണ് കാണാൻ വന്നവർ ഒട്ടാശ്ചര്യത്തോടെ അവളെ ശ്രദ്ധിക്കാൻ തുടങ്ങി. അവളാകട്ടെ പതിയെ നടന്നു വന്നു ഒരാൺകുട്ടിയുടെ ലാഘവത്തോടെ കാലിനുമേൽ കാൽ കയറ്റി വെച്ച് സോഫയിൽ ഇരുന്നു.  അവളുടെ അമ്മയുടെ മുഖം വിളർന്നു വറ്റി. ഏതൊരു അമ്മയും ചെയ്യുന്ന പോലെ മാത്രമേ അവർക്കും ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. പെട്ടെന്നുണ്ടായ ആശയക്കുഴപ്പത്തിൽ സന്ദർഭമൊന്നു ലഘൂകരിക്കാനായി പാടുപെട്ടു കൊണ്ട് അവർ ഇടയ്ക്കു കയറി.

  ...അത്  ... അത്  ... അവൾക്ക് ഒരു ചെറിയ അസുഖമുള്ളത് കൊണ്ട് തൽക്കാലം മുടി താഴ്ത്തി വെട്ടുവാൻ ഡോക്ടർ നിർദേശിച്ചതാണ്".

ങാഹാ - അതായിരുന്നോ? ഞാൻ കരുതി ......; ആട്ടെ  എന്താണ് അസുഖം?" വരനോടപ്പമുണ്ടായിരുന്ന മധ്യവയസ്‌കൻ ഒരാശ്വാസമാക്കാനെന്ന മട്ടിൽ മറുത്തൊരു ചോദ്യം ചോദിച്ചു.. അതവരെ കൂടുതൽ കുഴപ്പത്തിലാക്കുകയാണുണ്ടായത്. നിസ്സഹായതയോടെ അവർ ഉണ്ണിക്കും കൂട്ടരുടെയും നേർക്ക് തിരിഞ്ഞു.
 "അത്  ... അത്  ... എന്താണ് മക്കളെ അതിന്നു പറയുന്ന പേര്?" വളരെ ഗൗരവത്തോടെ അത് തന്നെയാണ് അവരും ആലോചിക്കുന്നത് എന്ന് വരുത്താനായി അവർ പരസ്പരം പരതിക്കൊണ്ടിരിക്കെ വനജ പറഞ്ഞു.

"അറിയില്ലേ ഇതാണ് ട്രാൻസ്ജെൻഡർ. ഒരു ലിംഗത്തിൽ നിന്ന് മറ്റൊന്നിലേക്കുള്ള മാറ്റം!"

നേരം ഇരുട്ടിയിരുന്നില്ലെങ്കിലും അവർക്കിടയിൽ ഒരിരുട്ടിന്റെ ശൂന്യത കനത്തു. ആരെയും കാര്യമാക്കാതെ വനജ അവളുടെ ബന്ധുക്കളിൽ പെട്ട ഏതോ ഒരു പെൺകുട്ടിയുടെ നേരെ തിരിഞ്ഞു.

"ഡീ നീ എപ്പോഴെങ്കിലും നിന്റെ തുടകൾക്കിടയിൽ ഒരു വലിയ ലിംഗം സങ്കൽപ്പിച്ചു നോക്കിയിട്ടുണ്ടോ. ആൺ കുട്ടികൾക്കുള്ളത് പോലൊരു ഹ്യുജ് ഡിക്ക്?"

ചൂടു വെള്ളം ദേഹത്തു വീണ പോലെ എല്ലാവരും പുളഞ്ഞു. വനജ ടീപ്പോയിൽ കിടന്നിരുന്ന ഒരു ഇംഗ്ളീഷ് മാഗസിനെടുത്തു മറിച്ചു നോക്കാൻ തുടങ്ങവേ മറ്റൊന്നിനും ഇട നൽകാതെ "ടപ്പേ" എന്നൊരു ശബ്ദത്തോടെ അമ്മയുടെ കൈകൾ വനജയുടെ കവിളിൽ ആഞ്ഞു പതിഞ്ഞു. തുടർന്നുണ്ടായ അലങ്കോലങ്ങൾക്കിടയിൽ ഉണ്ണിക്കും കൂട്ടർക്കും ഇടമുണ്ടായിരുന്നില്ല. പരസ്പരമുരിയാടാതെ ഒരു ചങ്ങലയുടെ കണ്ണികളെന്ന പോലെ ഒന്നിന് പുറകെ മറ്റുള്ളവരും പുറത്തിറങ്ങുമ്പോൾ കണ്ണീരു കലങ്ങിയ ഒരു സ്ത്രീ ശാപം പിന്നിൽ നിന്ന് കേട്ടു. "ഗതി പിടിക്കൂലാ ഈ കുരുത്തം കേട്ടോള്. ന്റെ ദൈവമേ"

അന്നത്തെ വേനൽ ചൂടിന് മുകളിലേക്ക് പതിവില്ലാത്തൊരു മഴ പെയ്തു. മഴയിൽ നനയുന്നതൊന്നും അവർ കാര്യമാക്കിയില്ല. നാളുകളേറെ കഴിഞ്ഞാണ് പിന്നീട് അവർ ഒന്നിച്ചു കൂടിയത്. ഒന്നിച്ചൊരു ട്രക്കിങ്ങിനു പോയാലെന്താ എന്നൊരു ആശയം വനജയുടേതായിരുന്നു. ആ ഒരു തീരുമാനപ്പുറത്താണ് ഇറങ്ങിത്തിരിച്ചതും. അത് കൊണ്ടാണോ ഇപ്പോഴീ ദുരവസ്ഥയിൽ വീണത്? റോബിന്റെ കണ്ണുകൾ വീണ്ടും മങ്ങി അടഞ്ഞു. ങ്ങൂമ്... ങ്ങൂ'മെന്ന മുന്നേ കേട്ട ആ ഞരക്കം വീണ്ടും കേൾക്കുന്നു.

മലമുകളിലെ കരിമ്പുല്ലുകൾക്കു മേൽ വീശി. പുല്ലുകൾ ചായുകയും നിവരുകയും ചെയ്തു കൊണ്ടിരുന്നു. വനജയാകട്ടെ തന്നെ ചുറ്റിപ്പിടിച്ചിരിക്കുന്ന മൂന്നാലു കൈകളിൽ കിടന്നു ശക്തിയോടെ കുതറാൻ ശ്രമിച്ചു കൊണ്ടിരുന്നു. അവർ ചേർന്ന് അവളെ വലിച്ചിഴച്ചു പകൽ വെട്ടം ചെല്ലാൻ മടികാണിക്കുന്ന  കുറ്റിക്കാടിനടുത്തേക്കു കൊണ്ട് പോയി. അവളുടെ കാഴ്ച ചെല്ലാത്തിടത്തു ഉണ്ണി അബോധാവാനായിക്കിടക്കുകയാണ്. യുവാക്കൾക്കിടയിൽ അവൾ മാത്രം. അരികിൽ പാറക്കൂട്ടങ്ങൾ. വളർന്നു നിൽക്കുന്ന കരിമ്പുല്ലുകൾ. കലമ്പലിനിടയിൽ ട്രാവലർ ബാഗും, ദൂരദർശിനിയും മൊബൈൽ ഡിവൈസുമൊക്കെ മലഞ്ചെരിവിലെവിടെയോ നഷ്ടപ്പെട്ടു പോയിരിക്കുന്നു. ഇട്ടിരിക്കുന്ന ബനിയന്റെ പകുതിയോളം കീറി തൂങ്ങിക്കിടന്നു. എതിർപ്പിന്റെ വീര്യം കുറഞ്ഞത് കൊണ്ടാവാം അവരിലൊരുത്തൻ മൊബൈലിൽ രംഗങ്ങൾ പകർത്താൻ തുടങ്ങി. കുന്നിൻ മുകളിലെ താപത്തിൽ വനജ ക്ഷീണിച്ചു.

'ആരവമുയർന്നു. സഹകളിക്കാരൻ തനിക്കു നേരെ ഉയർത്തിയടിച്ച ബോൾ നെഞ്ചിൽ കുരുക്കി കാലുകളിലേക്ക് ഇറക്കി മുന്നോട്ടു തള്ളി മുഴുവൻ ശരീരഭാരവും ഇടതു  കാലിൽ കേന്ദ്രീകരിച്ചു വലതുകാലുയർത്തുമ്പോൾ "വനജേ ഷൂട്ട് ... വനജേ ഷൂട്ട്" എന്ന് കൂട്ടുകാരൻറെ ശബ്ദത്തോടൊപ്പം "ഈ പെണ്ണിന് എന്തിന്റെ കേടാണിത്. ആൺകുട്ടികളോടൊപ്പം പന്ത് കളിക്കാൻ നടക്കുന്നു. തന്തേം തള്ളേം പോരാഞ്ഞിട്ടാണ്. മേയാൻ വിട്ടിരിക്കുന്നത് കണ്ടില്ലേ. കാലത്തിൻറെയൊരു പോക്കേയ്"  എന്നൊരു പരിഹാസവും അവളുടെ കാതിൽ പതിഞ്ഞു. ആ ഒരരിശം തീർക്കാണെന്ന വണ്ണം അവൾ ബോളിനു ആഞ്ഞടിച്ചു.

മുന്നിൽ നിന്ന് മാറുകളിൽ അമർത്താൻ ശ്രമിക്കുന്ന യുവാവിന്റെ വൃഷണങ്ങളിലാണ് അവളുടെ പുറങ്കാൽ ഊക്കോടെ പതിഞ്ഞത്. "അയ്യോ അമ്മേ" എന്നൊരു നൊന്തു കരച്ചിലോടെ കൈകൾ തുടകൾക്കിടയിൽ തിരുകി ഊ.. ഊ..  എന്ന് ശബ്ദമുണ്ടാക്കിക്കൊണ്ട് അവൻ കുന്തിച്ചിരുന്ന് ഞാഞ്ഞൂലു കളിച്ചു. അത്ര സമയം മതിയായിരുന്നു അവൾക്ക്. അന്തിച്ചു പോയ മറ്റു രണ്ടു പേരിൽ നിന്നും കുതറി മാറി കൈയിൽ കിട്ടിയ വടിയെടുത്ത് അവൾ  ആഞ്ഞു വീശി. പിന്നെ അലറി വിളിച്ചു കൊണ്ട് അതിവേഗം കുന്നിറങ്ങി ഓടി. മലയുടെ താഴ്വാരങ്ങളിൽ ഏതെങ്കിലും മനുഷ്യരുണ്ടാവുമെന്ന തോന്നലിൽ മുന്നോട്ടും ഇടയ്ക്കു പുറകോട്ടും നിനോക്കിക്കൊണ്ടു ഓടവെ എപ്പോഴോ ഒരു കല്ലിൽ തട്ടി കുന്നിൻ മുകളിലെ ഉരുളൻ പാറകൾക്കിടയിലൂടെ അവൾ താഴേക്ക് പോയി.

ആശുപത്രിയുടെ സംരക്ഷണ ഭിത്തികൾക്കുള്ളിലാണ് താനെന്നു ബോധ്യം വന്നപ്പോൾ തനിക്കു ചുറ്റും എന്താണ് നടക്കുന്നത് എന്നറിയാൻ അവളാഗ്രഹിച്ചു കൊണ്ടിരുന്നു. സാരമായ പരിക്കുകളൊന്നും പറ്റിയിട്ടില്ല എന്ന് അറിയാൻ കഴിഞ്ഞു. കൂട്ടിലേക്ക് പാറിയടുക്കുകയും വിട്ടു പോവുകയും ചെയ്യുന്ന തേനീച്ചകളെപ്പോലെ ചുറ്റും നിന്നു മൂളുന്നവർ അല്പം അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. ചില പ്രാദേശിക ചാനലിൽ കണ്ട വാർത്ത അറിഞ്ഞാണ് അമ്മയും മറ്റു ബന്ധുക്കളും ആശുപത്രിയിൽ എത്തിയിട്ടുള്ളത്. അതറിഞ്ഞപ്പോൾ മുതൽ എന്തൊക്കെയോ എവിടെയൊക്കെയോ മുറിഞ്ഞകന്ന പോലെ അവൾക്കു വേദനിക്കാൻ തുടങ്ങി.

തലഭാഗത്തായി അമ്മയിരിപ്പുണ്ട്. 'അമ്മ പറയാൻ പോവുന്നതെന്തെന്നു ധാരണയുള്ളതു കൊണ്ട് അവൾ കണ്ണുകളടച്ചു തന്നെ കിടന്നു. പറഞ്ഞതും, പറയിച്ചതും പറയാൻ വല്ലതും മറന്നു പോയിട്ടുണ്ടെങ്കിൽ അതും കൂടി ചേർത്തൊരു മാലപ്പടക്കത്തിന് തിരി കൊളുത്തുന്നത് കാതോർത്ത് കിടന്നു. കേൾവി നഷ്ടപ്പെടുന്നത് നല്ലതാണ് എന്നു വരെ ആഗ്രഹിച്ചു. ഓരോ വാക്കുകൾക്കും ഓരോ ഭാവങ്ങൾ. താനിപ്പോൾ അപരാധിയാണോ? നിരപരാധിയാണോ? അതായിരുന്നു അവളുടെ ചിന്ത. എല്ലാവരിൽ നിന്നും രക്ഷപ്പെടാനെന്നോണം കണ്ണുകൾ ഇറുക്കിയടച്ചു.

തലയ്ക്കു പുറകിൽ ഓർമ്മയടയാളം ബാക്കി വെച്ച്ഉണ്ണിക്കുണ്ടായ മുറിവ് ഉണങ്ങിക്കഴിഞ്ഞിരുന്നു. അന്നത്തെ ആകസ്മിക സംഭവത്തിനു ശേഷം അസുഖം ഭേദപ്പെട്ടിട്ടും വനജ വീട്ടു തടങ്കലിലായി. അവളുടെ പഠനം നിർത്തി. കല്യാണ ആലോചനകൾ തകൃതിയിൽ നടക്കുകയും ചെയ്തു. അവളോ ആരുമായും ബന്ധം പുലർത്താനും മുതിർന്നില്ല.. പഴയതു പോലെ കൂട്ടുകാരൊത്തു നടക്കാനോ കളിക്കാനോ ഒന്നും അവൾക്കു മേൽ പ്രയോഗിക്കപ്പെട്ട നിയമങ്ങൾ അവളെ അനുവദിച്ചില്ലെന്ന് വേണം പറയാൻ. സമൂഹത്തിന്റെ ഫ്രയിമിലേക്കു അവരെല്ലാവരും ഒരു നിയോഗം പോലെ വീണു പോവുകയും അവർക്കിടയിൽ രണ്ടു കരകൾ സൃഷ്ടിച്ചു കൊണ്ട് വേർതിരിവിന്റെ ഒരു തടാകം രൂപപ്പെടുകയും ചെയ്തു തുടങ്ങിയ ദിന രാത്രങ്ങളിലൊന്നിൽ നിനച്ചിരിക്കാതെ ഒരു ടെലഫോൺ കാൾ ഉണ്ണിയെ അത്ഭുതപ്പെടുത്തുകയുണ്ടായി.

"ഹലോ ... ഞാനാണ് വനജ"

ഉണ്ണി ഒന്ന് കുലുങ്ങി. വാച്ചെടുത്തു സമയം ഒന്ന് കൂടി തിട്ടപ്പെടുത്തി. പുലർച്ചെ അഞ്ചുമണി ആവുന്നതേയുള്ളു. എന്ത് പറയണമെന്ന് സ്തബ്ധനായ ഉണ്ണിയെ ഞെട്ടിച്ചു കൊണ്ട് അവൾ വീണ്ടും പറഞ്ഞു.
"ഉണ്ണി നീ കേൾക്കുന്നുണ്ടോ? ഞാൻ വനജയാണ്. നിന്റെ വീടിനു മുന്നിലെ ഗെയിറ്റിനടുത്ത് ഞാനുണ്ട്. നീയൊന്നു പെട്ടെന്ന്പുറത്തേക്കു വരണം"
ദൃഢമായ ശബ്ദം! അപേക്ഷയും ആജ്ഞയുമല്ലാത്ത വാചകത്തിനു മറുപടിയായി ഉണ്ണി  "ഹാ " എന്ന് പറയുകയും മറ്റാരുടെയോ ഇച്ഛയ്ക്കടിമപ്പെട്ട പോലെ ആരെയുമുണർത്താതെ ഒരു പെരുച്ചാഴിയെപ്പോലെ പതുങ്ങിപ്പതുങ്ങി ഗെയിറ്റിനടുത്തെത്തുകയും ചെയ്തു.

വെളിയിൽ രാവെട്ടം അവസാനിച്ചിട്ടില്ല, എന്നാലോ രണ്ടു പേർക്ക് കഷ്ടിച്ച് പരസ്പരം കാണാവുന്ന തരത്തിലാണുതാനും. പുറത്ത് അമർന്നു കിടന്ന ലതർബാഗിന്റെ ഭാരം മുഴുവൻ ചുമലിൽ താങ്ങി വനജ ഗെയിറ്റിനടുത്തു നിന്നു. ആദ്യമായി കാണുന്ന പോലെ ഉണ്ണി വനജയെ ശ്രദ്ധിച്ചു. ജീൻസും ഷർട്ടുമിട്ടു അതിനു മുകളിൽ ഒരു ഓവർകോട്ടു ധരിച്ചിട്ടുണ്ട്. മുടി പറ്റെ താഴ്ത്തിവെട്ടി അതിനു മുകളിൽ തൊപ്പി വെച്ചിട്ടുണ്ട്. നെഞ്ചൊരു പെണ്കുട്ടിയുടേതിൽ വ്യത്യസ്തമാണെന്ന് ഒന്നിലധികം തവണ ശ്രദ്ധിച്ചു. പരിഭ്രമമില്ലാത്ത നോട്ടം. ഒരാൺകുട്ടിയല്ല മുന്നിൽ നിൽക്കുന്നത് എന്ന് കണ്ടെത്തുക പ്രയാസം. പുലർകാല ശീതത്തിലും അവനു വിയർപ്പു പൊടിയാൻ തുടങ്ങി, അധികം ശബ്ദമൊന്നുമില്ലാതെ 'സ്സ് സ് സ് ..എന്ന് പത്രക്കാരൻ അബ്ദുവിന്റെ സൈക്കിൾ അവരെ ശ്രദ്ധിക്കാതെ കടന്നു പോയി. ഉണ്ണി പരുങ്ങി. ഒരു വേള നെഞ്ചിടിപ്പിന്റെ താളം വനജ കേട്ടെങ്കിലോ എന്ന് പോലും ഭയപ്പെട്ടു.

"നീയെന്താണിന്നേരത്ത്? എന്ത് പറ്റി?
"ഞാൻ വീട് വിട്ടു. പോവുന്നതിനു മുന്നേ നിന്നെ കാണണം എന്ന് ഉറപ്പിച്ചു തന്നെ വന്നതാണ്. കാണുമോ എന്ന് സംശയമുണ്ടായിരുന്നു"
കൃത്യമായി ആലോചിച്ചു വെച്ച പോലെയാണ് വനജ മറുപടി പറഞ്ഞത്. അപ്പോൾ ദൂരെ കാക്കകൾ കരഞ്ഞു. ഉണ്ണി വെറുതെ ചുറ്റും നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. അവളെന്താണ് പറയാൻ പോകുന്നത് എന്നൊരു ശങ്കയുണ്ടായി. അവളോ വല്ലാത്തൊരു ഭാവത്തോടെ അവനെത്തന്നെ നോക്കിക്കൊണ്ടിരിക്കുകയാണ്. പിന്നിലേക്ക് മറച്ചു പിടിച്ചിരിക്കുന്ന അവളുടെ ഇടം കൈയിൽ ആയുധങ്ങളൊന്നും ഒളിപ്പിച്ചു വെച്ചിട്ടുണ്ടാവില്ല എന്ന് അവൻ സമാധാനപ്പെട്ടു.
"നിനക്കെന്നെ കൂടെ കൂട്ടാമോ?"
വളരെയധികം പതറിപ്പോയ ചോദ്യമായിരുന്നു അത്. അതിനു മറുപടി പറയുന്നതിന് മുന്നേ മനസ്സിൽ അവനൊരോരോ കാരണങ്ങൾ കണ്ടെത്താൻ തുടങ്ങി. ജോലിയില്ലാത്ത യുവാവ്. പഠനം തന്നെ മുഴുമിച്ചു വരുന്നതേയുള്ളൂ. ഒരുപാട് ചോദ്യങ്ങളുമായി വരുന്ന സമൂഹം. വീട്ടുകാർ!

"ഉണ്ണി.........."

ഇപ്പ്രാവശ്യം വനജയുടെ വാക്കുകൾ നേർത്തതായിരുന്നു. അവൻ ആലോചനയിൽ നിന്നു പെട്ടെന്ന് പുറം ചാടി.

"ഞാനോ?" എന്ന ആത്മവിശ്വാസം ലവലേശമില്ലാത്ത മറുചോദ്യമാണ് വനജയിലേക്കു തിരിച്ചു പോയത്. "ഹാ അതെ. നീ തന്നെ. നിനക്കാണല്ലോ മറ്റാരേക്കാളും എന്നെ മനസ്സിലാക്കാൻ കഴിയുന്നത്!"

ഉണ്ണി ധ്യാനപൂർണ്ണനായൊരു സന്യാസിയെപ്പോലെ ചുറ്റും നടക്കുന്നത് അറിയുന്നില്ലെന്നു നടിച്ചു. അവർക്കു മുകളിൽ വീണു കൊണ്ടിരുന്ന മഞ്ഞിനും കനം കുറഞ്ഞു തുടങ്ങിയിരുന്നു. അൽപനേരം അവർക്ക് കൂട്ടായി നിശ്ശബ്ദത വന്നു.  എല്ലാമുണ്ടായിട്ടും ഒന്നും അനുഭവിക്കാനാവാത്ത ഒരവസ്ഥയിലേക്ക് അവൻ തള്ളപ്പെട്ടു കൊണ്ടിരുന്നു. വനജ പിന്നീടൊന്നും ചോദിക്കുകയുണ്ടായില്ല. തല കുമ്പിട്ടു നിൽക്കുന്ന ഉണ്ണിയെ അവിടെയുപേക്ഷിച്ചു വനജ നടക്കാൻ തുടങ്ങി. എങ്ങോട്ടാണ് അവൾ പോവുന്നത് എന്ന് ചോദിക്കാൻ അവൻ രണ്ടു മൂന്നാവർത്തി തുനിഞ്ഞു. ഇനിയൊരിക്കലും കണ്ടില്ലെങ്കിലോ? അവർക്കും ചരാചരങ്ങൾക്കും മുകളിൽ കുഴഞ്ഞുവീണു കൊണ്ടിരിക്കുന്ന മഞ്ഞിന്റെ പുകമറകളിലൂടെ വനജ നടന്നു പോയി.

x

5 comments:

 1. എല്ലാമുണ്ടായിട്ടും ഒന്നും അനുഭവിക്കാനാവാത്ത
  ഒരവസ്ഥാവിശേഷത്തിലേക്ക് എത്തിപ്പെടുന്ന സംഗതികളുടെ
  രൂപങ്ങളാണിത് കേട്ടോ ഭായ്

  ReplyDelete
  Replies
  1. bhai ningale njan sammathichu -- valiya manassaanu ... aarum vaayikkanam ennu njan karuthiyilla

   Delete

 2. بسم الله الرحمن الرحيم نحن فى شركة الكمال تقوم بافضل انواع التنظيف العام وتنظيف الفلل بافضل

  انواع العالميه التى تحافظ على السيراميك
  شركة تنظيف منازل بحائل
  شركة تنظيف بالطائف
  شركة تنظيف بجازان
  شركة تنظيف بحائل
  شركة تنظيف مجالس وكنب بحائل
  ونحن فى خدماتكم اربعه وعشرون ساعه وكل هذا بافضل الاسعار واقل التكلفة

  ReplyDelete

വായന അടയാളപ്പെടുത്താം