Jun 19, 2018

ഗോൾ ഗോൾ ...ഓലെ ഓലെ

മലബാറിന്റെ സംസ്കൃതിയിൽ ഫുടബോളിനു തീർച്ചയായും പങ്കുണ്ട്. ഊഷ്മളമായ ഇടപഴകലുകളുടെ, സ്നേഹസമ്പൂർണ്ണമായ വ്യക്തി ബന്ധങ്ങളുടെ, സാമൂഹികമായ ഒരുമയുടെ എല്ലാം മധ്യാനുവർത്തിയായി നിലകൊണ്ട ഒരു കളിയാണ് ഫുട്ബോൾ. സാങ്കേതികജ്ഞാനം ഇത്രയൊന്നും മുന്നോട്ട് വന്നിട്ടില്ലാത്ത ഒരു കാലഘട്ടത്തിൽ ഗ്രാമങ്ങളുടെ ഉത്സവങ്ങളിൽ പ്രധാനപ്പെട്ട ഒന്നായി അത് നില കൊള്ളുകയും, ഓരോ ചെറുസമൂഹങ്ങളെയും ഭിന്നിപ്പുകളിൽ നിന്ന് ഒന്നിപ്പിക്കാനും അതിനു ഒരു പരിധി വരെ സാധിച്ചിട്ടുമുണ്ട്. ശാരീരികവും മാനസികവുമായ ആരോഗ്യവും തികഞ്ഞ ഉല്ലാസവും നൽകുന്ന ഇക്കളി മറ്റേതൊന്നും പോലെ ഇന്ത്യക്കാർക്ക് 1863 നു ശേഷം ബ്രിട്ടീഷുകാരന്റെ സംഭാവനയാണ്. നല്ലതിനെ സ്വീകരിക്കുകയും, ആവശ്യമില്ലാത്തതിനെ പുറത്താക്കുകയും ചെയ്ത പൂർവ്വീകരായ ആളുകൾ ഫുടബോൾ എന്ന കളിയിലെ നന്മ കാണുകയും അത് അംഗീകരിക്കുകയും ചെയ്തു. എന്നാൽ വളരെയധികം കായികക്ഷമതയും ശാരീരിക വഴക്കവും ജന്മ നൈപുണ്യവും വേണ്ട ഇക്കളി ഇന്ത്യ പോലെ ഉള്ള ദരിദ്ര രാജ്യങ്ങളിൽ വേണ്ട വിധം വികസിച്ചു വന്നില്ല. മുകളിൽ നിന്ന് താഴോട്ടാണ് അതിന്റെ ഗ്രാഫ് എങ്കിലും ആവേശം വിട്ടു പോകാതെ ആരോഗ്യപരമായി അതിനെ ഉൾക്കൊള്ളാൻ തയ്യാറാവുക കൂടി ചെയ്തു.
ഇത്രയുമൊക്കെ പറഞ്ഞു വന്നത് നമ്മുടെ സമൂഹത്തിന് സോക്കറിനെ കുറിച്ച് അറിയാത്തത് കൊണ്ടല്ല. 1930 ൽ ആരംഭിച്ചു 211 രാജ്യങ്ങളിൽ നിന്ന് 32 ഫൈനൽ റൌണ്ട് ടീമുകളെ സെലക്ട് ചെയ്ത് 88 വർഷത്തിനിപ്പുറം വീണ്ടും ലോക ഫുട്‍ബോൾ വരികയും ലോകം അത് ഏറ്റെടുക്കുകയും ചെയ്യുമ്പോൾ ഇത്രയും കാലഘട്ടത്തിനു ശേഷം കേരളം പ്രത്യേകിച്ച് മലബാർ എത്തി നിൽക്കുന്നത് പഴയ അടിമ വ്യവസ്ഥയുടെ നൂൽച്ചരടുകളിൽ തന്നെയാണ് എന്നത് ഖേദകരമായ വസ്തുതയാണ്. കായിക മനോഭാവത്തിൽ എടുക്കേണ്ട ഒരു കളിയെ മറ്റേതൊന്നും പോലെ വെറുമൊരു കളിയെ അതൊരു ആത്മീയമായ അവസ്ഥയിലേക്ക് ഏറ്റെടുക്കുകയും അതിനോട് അനുകൂലിക്കാത്തവരെ നിരന്തരമായി ആക്ഷേപിക്കുകയും ചെയ്യുന്ന ഒരവസ്ഥ നാം തിരിച്ചറിയപ്പെടാത്ത ഒരു വൈകല്യം തന്നെയാണ്. അത് കൊണ്ടാണ് ബ്രിട്ടീഷുകാർ ഒഴിഞ്ഞു തന്നിട്ടും ഒഴിഞ്ഞു പോകാത്ത അടിമത്തഭാവം എന്ന് പ്രയോഗിക്കേണ്ടി വരുന്നത്. ഇക്കാലമത്രയും ആയിട്ട് ഒരു ലോകനിലവാമുള്ള ഒരൊറ്റ കളിക്കാരനെ പോലും സംഭാവന ചെയ്യാൻ നമ്മുടെ രാജ്യത്തിനു കഴിയാതെ വന്നതും ഇതൊരു കായികമനോഭാവം അല്ലാതെ ഭ്രാന്ത് എന്ന രീതിയിൽ കൊണ്ട് നടക്കുമ്പോഴാണ്. ഒരു കളിയെ ആർഗ്യപരമായ രീതിയിൽ സമീപിക്കാതെ അതിനെ മറ്റൊരു തരത്തിലേക്ക് എത്തിക്കുന്നത് വളരെ പരിതാപകരം തന്നെ.
മലബാറിൽ ജനിച്ചു വളർന്നത് കൊണ്ട് ഫുട്‍ബോൾ ഞങ്ങളുടെയൊക്കെ ജീവിതത്തിന്റെ ഭാഗമായിരുന്നു. പഠന കാര്യങ്ങളിലോ ജോലിക്കാര്യങ്ങളിലോ ശ്രദ്ധിക്കുന്നതിനേക്കാൾ കൂടുതൽ കളിക്ക് വേണ്ടി സമയം ചെലവഴിക്കുന്ന ഒരു പാട് പേരെ കണ്ടു വളരുകയും കണ്ടു കൊണ്ടിരിക്കുകയും ചെയ്യുന്നു. അടിസ്ഥാന പരമായി ചിന്തിച്ചാൽ ഒരു സമൂഹത്തിനെ പിന്നോട്ട് വലിക്കുന്ന ഒരു ഘടകമായി ഫുട്‍ബോൾ എന്ന ഒരു കായിക വിനോദം മാറിക്കൊണ്ടിരിക്കുകയാണെന്നു പറയാം. ഞാൻ കണ്ട ഒരു ഫുട് ബോള് കളിക്കാരും ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം നേടാൻ കഴിയാതെ ശരാശരിയിൽ ഒതുങ്ങി ജീവിതം തള്ളിക്കൊണ്ട് പോകുന്നവരാണ്. കൊയ്ത്തൊഴിഞ്ഞ പാടങ്ങളിലോ വിള പിടിക്കാത്ത സമതല ഭൂമികയോ ഒക്കെ കളിക്കുവേണ്ടി ഉപയോഗപ്പെടുത്തി അവിടെത്തന്നെ ഒതുങ്ങി വീഴുന്നവർ. സാമാന്യ വിദ്യാഭ്യാസത്തിനു പോലും വേണ്ട വിധം പ്രാധാന്യം കൊടുക്കാതെ ഫുടബോളിൽ ജീവിതം കണ്ടു സ്വപ്നം കണ്ടു നടക്കുന്നതിനോളം മഠയത്തരം മറ്റെന്തുണ്ട്? അത് അവിടെ നിന്നും മാറി പരസ്യ കമ്പനികളുടെ വലയിൽ പെട്ട് കോര്പ്പറേറ്റുകൾക്ക് അടിമകൾ കൂടിയായി മാറിവരുന്ന കാഴ്ച ഖേദകരം തന്നെ. പരസ്യമാണല്ലോ കോർപ്പറേറ്റ് വിജയത്തിന്റെ അടിത്തറ. ഞാൻ ഇന്നത് ആണെങ്കിൽ ഞാൻ മറ്റാരേക്കാളും കേമനാണ് എന്ന് നമ്മെ കെട്ടിക്കുന്ന വിഡ്ഢിവേഷത്തിൽ വീഴാതെ നോക്കാൻ പലപ്പോഴും ഈ സമൂഹത്തിന് കഴിയുന്നില്ല എന്ന വസ്തുത നാം വിസ്മരിച്ചു കൂടാ. വാർത്ത ശരിയാണെങ്കിൽ ഏകദേശം 600 കോടിയുടെ വിറ്റു വരവാണ് ഈ ഒരൊറ്റ ഫുട്‍ബോൾ കൊണ്ട് കോര്പ്പറേറ്റുകൾ നേടുന്നത് എന്നറിയുമ്പോഴാണ് നാം അറിയാതെ എത്രത്തോളം അവരെ സഹായിക്കുന്നു എന്നറിയുന്നത്. ഒരിക്കൽ നമ്മളായി ആട്ടിയോടിച്ചു വിട്ട നമ്മെ നിരന്തരമായി ചൂഷണം ചെയ്തു നിത്യ ദാരിദ്ര്യത്തിലേക്കും പരസ്പര വൈരങ്ങളിലേക്കും തള്ളി വിട്ടു നിരന്തരം അതിനു വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ പോലും പതാകകൾ നമ്മുടെ സാഹോദര്യത്തിനു മേൽ പാറിക്കളിക്കാൻ നമ്മൾ അനുവദിക്കുന്നു എന്നത് അത്യന്തം വിരോധാഭാസം തന്നെ. അതിനു വേണ്ടി ചെലവഴിക്കുന്ന അദ്ധ്വാനം പോലും ഉപയോഗ ശൂന്യമാകുന്നു. പാരിസ്ഥിതിക മലിനീകരണവും, സാമൂഹിക അരാജകത്വവും ഉണ്ടാക്കുന്ന ഇത്തരം ആരാധനകളെ കൈയൊഴിഞ്ഞു വിടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ഫുട്‍ബോൾ എന്ന വിനോദം കൊണ്ട് ലഭിക്കുന്ന ആരോഗ്യം മാനസിക ധൈര്യം എന്നതൊക്കെ അത് കളിക്കുന്നവർക്ക് ഉള്ളതാണ്. കാണുന്നവന് മാനസിക ഉല്ലാസം ഉണ്ടാവും. മനസ്സൊന്നു ഉലർത്തിയെടുക്കാൻ നല്ലതു തന്നെ. അതിനു അതിന്റേതായ രീതികളും ഉണ്ടായിരിക്കെയാണ് നാം അതിരു കടക്കുന്നത് എന്നോർക്കണം. ഏറ്റവും കൂടുതൽ ഫുട്‍ബോൾ ആരാധകർ ഉള്ള രാജ്യം യൂ എ ഇ ആണെന്ന് അടുത്തിടെ കണ്ടു. ഇവിടെ നല്ല രീതിയിൽ ആഘോഷങ്ങൾ നടക്കുന്നുണ്ട്. അതൊന്നും അതിനോട് സമരസപ്പെടാത്ത ഒരാളെ പോലും ബുദ്ധിമുട്ടിച്ചു കൊണ്ടല്ല. പരിസ്ഥിയെ തകർക്കുന്ന ഫ്ലെക്സുകളിൽ അല്ല. സാമ്പത്തികമായി അത്യന്തം ഉയർന്നു നിൽക്കുന്ന ഒരു രാജ്യം കൂടിയാണ് എന്നോർക്കണം. ഫുട്‍ബോളിന്റെ ഇഷ്ടക്കാരൻ ആയിക്കൊണ്ട് തന്നെ ഇത്രയെങ്കിലും നിങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്. ചെറിയ ഗുണം മാത്രം കിട്ടുന്ന വലിയ ബുദ്ധിശൂന്യതയിലേക്കു നിങ്ങൾ മാത്രമല്ല നിങ്ങളെ തുടർന്ന് വരുന്ന ഒരു വലിയ പരമ്പരയെ കൂടി വഴി തെറ്റിക്കുന്ന ഒന്നായി നിങ്ങൾ നില കൊള്ളരുത്. സ്വീകരിച്ചാലും ഇല്ലങ്കിലും നമുക്ക് മുന്നിൽ നടന്നു കഴിയുന്നതിനെ നമ്മൾ സത്യം എന്ന് പറയുന്നു. പരസ്പരം പരിഹസിക്കുവർ ഒന്നോർക്കുക അത് പരാജിതന്റെ ആയുധം ആണ്. ആരോഗ്യകരമായ തർക്കങ്ങളിലേക്കും അറിവുകളിക്കും ലോകത്തെ കുറിച്ചുള്ള സാംസ്കാരികമായ ഔന്നത്യത്തിലേക്കും വഴി തെളിക്കുന്ന വിളക്കായി നിലകൊള്ളാൻ സാധിക്കുന്നില്ലെകിൽ ഇവയൊക്കെ വെറും അർത്ഥ ശൂന്യമാണ്. നമ്മുടെ രാഷ്ട്ര പിതാവ് നമ്മെ അഭിസംബോധന ചെയ്ത അതെ പേരിൽ എന്നും നിലനിൽക്കും എന്നല്ലാതെ മറ്റൊന്നും ഇത് കൊണ്ട് സാധ്യവുമല്ല.
"ഫുട്‍ബോൾ വെറും ഒരു കളിയാണെങ്കിൽ, സംഗീതം എന്നത് മരക്കട്ടയും കമ്പിച്ചിരുളും ആണെന്ന് മഹാനായ റിൽകെ പറഞ്ഞത് നമ്മൾ മനസ്സിലാക്കിയ അർത്ഥത്തിൽ അല്ല. അതിന്റെ ഏകോപനവും പരസ്പര ബഹുമാനവും സ്നേഹമസൃണതയും കൂടി കണ്ടു കൊണ്ടാണ്. ഫൈനൽ വിസിൽ വരെ ഞാനും ഒരു നല്ല കാഴ്ചക്കാരന് ആയിരിക്കും.

1 comment:

 1. "ഫുട്‍ബോൾ വെറും ഒരു കളിയാണെങ്കിൽ,
  സംഗീതം എന്നത് മരക്കട്ടയും കമ്പിച്ചിരുളും ആണെന്ന്
  മഹാനായ റിൽകെ പറഞ്ഞത്
  നമ്മൾ മനസ്സിലാക്കിയ അർത്ഥത്തിൽ അല്ല. അതിന്റെ ഏകോപനവും
  പരസ്പര ബഹുമാനവും സ്നേഹമസൃണതയും കൂടി കണ്ടു കൊണ്ടാണ്. ഫൈനൽ വിസിൽ
  വരെ ഞാനും ഒരു നല്ല കാഴ്ചക്കാരന് ആയിരിക്കും.ഫുട്‍ബോൾ എന്ന വിനോദം കൊണ്ട് ലഭിക്കുന്ന
  ആരോഗ്യം മാനസിക ധൈര്യം എന്നതൊക്കെ അത് കളിക്കുന്നവർക്ക് ഉള്ളതാണ്.
  കാണുന്നവന് മാനസിക ഉല്ലാസം ഉണ്ടാവും. മനസ്സൊന്നു ഉലർത്തിയെടുക്കാൻ നല്ലതു തന്നെ.
  അതിനു അതിന്റേതായ രീതികളും ഉണ്ടായിരിക്കെയാണ് നാം അതിരു കടക്കുന്നത് എന്നോർക്കണം.

  ReplyDelete

വായന അടയാളപ്പെടുത്താം