Jun 19, 2018

മറവി

രണ്ടു വൃദ്ധ ദമ്പതിമാരാണ് ആ വീട്ടിൽ താമസിച്ചിരുന്നത്. തൊണ്ണൂറിനു മുകളിൽ പ്രായമുള്ളവർ. മറവിരോഗം ബാധിച്ചു തുടങ്ങിയിരുന്നു രണ്ടു പേർക്കും. അത് കൊണ്ടാണ് ചെയ്യാനുദ്ദേശിക്കുന്ന ദൈനം ദിന കാര്യങ്ങൾ വരെ ഒരു ചെറു പേപ്പറിൽ എഴുതി കയ്യിൽ വെക്കാൻ അവരുടെ ഡോക്ടർ അവരോടു നിഷ്കർഷിച്ചത്. ഒരു വൈകുന്നേരം രണ്ടു പേരും ടി വി കണ്ടു കൊണ്ടിരിക്കെ വൃദ്ധൻ സോഫയിൽ നിന്ന് എഴുന്നേറ്റു.
"എന്തെ എഴുന്നേറ്റത്. എങ്ങോട്ട് പോണു?" വൃദ്ധ ചോദിച്ചു.
"അടുക്കളയിലേക്ക്" വൃദ്ധൻ മറുപടി പറഞ്ഞു.
"എങ്കിൽ ഫ്രിഡ്ജിൽ നിന്ന് എനിക്കൊരു നാരങ്ങാ കൂടി എടുത്ത് കൊണ്ട് വരാമോ?"
"ശരി"
"ഒരു പേപ്പറിൽ എഴുതിത്തരാം. അല്ലെങ്കിൽ നിങ്ങളത് മറക്കും"
"ഇത്രയും ചെറിയ കാര്യമോ. നീയെന്താ കളിയാക്കുന്നോ?" വൃദ്ധൻ ഗൗരവത്തിലായി. ഭാര്യ തുടർന്നു.
"അല്ല നിങ്ങളത് മറന്നു പോയേക്കാം. ഞാനെഴുതിത്തരാം"
"നിനക്ക് ഫ്രിഡ്ജിൽ നിന്നൊരു നാരങ്ങാ വേണം. അത്രയല്ലേ ഉള്ളൂ?" വൃദ്ധൻ ദേഷ്യപ്പെടാൻ തുടങ്ങി.
"നിങ്ങളത് ഓർക്കില്ല"
"ഞാനും ഒരു നാരങ്ങാ എടുക്കാനാണ് പോവുന്നത്. മനസ്സിലായോ?" അയാൾ അടുക്കളയിലേക്ക് നടന്നു. അൽപ സമയത്തിനു ശേഷം കയ്യിൽ ഗുളികകളും ഒരു ഗ്ലാസ് വെള്ളവുമായി അയാൾ തിരികെ വന്നു.
"ഇതാ നീ പറഞ്ഞ ഗുളിക". അയാളത് ഭാര്യക്ക് നേരെ നീട്ടി.
"ഹ. ഗുളികയോ ഞാൻ ബ്രഡും ടോസ്റ്റും എടുക്കാനല്ലേ പറഞ്ഞത്. എനിക്കറിയാമായിരുന്നു നിങ്ങൾ മറക്കുമെന്ന്. അത് കൊണ്ടാണ് ഒരു തുണ്ടു പേപ്പറിൽ അതെഴുതാൻ ഞാൻ പറഞ്ഞത്.
"പറഞ്ഞതെന്തെന്നു നീയാണ് മറന്നത്"
"അല്ല നിങ്ങൾ മറന്നു"
"അല്ല നീയാണ് .."
"നിങ്ങളാണ്..."
അവർ രണ്ടു പേരും തർക്കം തുടരുകയും തർക്കിച്ചു കൊണ്ടിരിക്കുകയാണെന്നത് പരസ്പരം മറക്കുകയും ചെയ്തു.

1 comment:

വായന അടയാളപ്പെടുത്താം